Friday, January 29, 2010

സത്യന്‍ സാറിന്റെ സങ്കടകരമായ വേര്‍പാട്‌

മരണം നഷ്‌ടപ്പെടുത്തുകയേ ഉള്ളൂ എന്ന്‌ ലോഹിതദാസിന്റെ ഒരു കഥാപാത്രം പറയുന്നുണ്ട്‌. അടുത്ത നാളുകളില്‍ മലയാള പത്രപ്രവര്‍ത്തന രംഗത്ത്‌ കനത്ത ആഘാതമായ ഒരുമരണമായിരുന്നു എന്‍.എന്‍.സത്യവ്രതന്റേത്‌. പത്രപ്രവര്‍ത്തനം ആധുനിക വല്‍ക്കരണത്തിന്റെ അകം-പുറം- മോടികളില്‍ മുഴുകുന്നതിന്‌ മുമ്പ്‌ സൈക്കിളില്‍ യാത്ര ചെയ്‌തും നടന്നും എഴുതിയും വിപ്ലവകരമായ നിരവധി റിപ്പോര്‍ട്ടുകളുണ്ടാക്കിയ സത്യവ്രതന്‍ എന്ന വ്യക്തിയുടെ ഓര്‍മ ഒരു പത്രപ്രവര്‍ത്തകന്‍ എന്നതിലുപരി അധ്യാപകന്‍ എന്ന നിലയില്‍ മനസ്സില്‍ വല്ലാത്തൊരു അസ്വസ്ഥതയാണുണ്ടാക്കിയത്‌.
അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട പത്രപ്രവര്‍ത്തകരുടെ ന്യായമായ അവകാശത്തിനും ക്ഷേമത്തിനും വേണ്ടി പോരാടിയ ഒരു മനുഷ്യന്‍ കൂടിയായിരുന്നു അദ്ദേഹം. ട്രേഡ്‌ യൂണിയന്‍ നേതാവ്‌ തൊഴില്‍ മേഖലയിലും ശോഭിക്കുന്ന അപൂര്‍വ്വമായ കാഴ്‌ചയാണ്‌ ആ വ്യക്തിത്വത്തില്‍ ഉണ്ടായിരുന്നത്‌. 53 വര്‍ഷം മുമ്പ്‌ 40 രൂപ ശമ്പളത്തിന്‌ ദീനബന്ധുവില്‍ പത്രപ്രവര്‍ത്തനം തുടങ്ങിയ സത്യന്‍ സാറിന്റെ ജീവിതം തന്നെ ഈ മേഖലയിലെ നേതൃപാടവത്തിനും അര്‍പണമനോഭാവത്തിനും ദൃഷ്‌ടാന്തമാണ്‌.

സത്യന്‍ സാറിന്റെയും പ്രസ്‌ അക്കാഡമിയുടെയും ഓര്‍മകളില്‍ ഒരിക്കല്‍ കൂടി അല്‌പം സങ്കടത്തോടെ മുഴുകിപ്പോയ ദിവസങ്ങള്‍...

കാക്കനാട്ടുള്ള പ്രസ്‌ അക്കാദമിയുടെ ക്ലാസ്‌ മുറിയില്‍ ഭാവിയെ കുറിച്ചുള്ള സകല ആവലാതികളോടും ഇരിക്കുമ്പോള്‍ പരിശീലനത്തിന്റെ സൈദ്ധാന്തിക വിവരണങ്ങളില്‍ ശ്രദ്ധയുണ്ടാകാറേയില്ല. വേണുഗോപാലക്കുറുപ്പും പി.രാജനും സെബാസ്റ്റ്യന്‍ പോളും കെ.ജി. ജ്യോതിര്‍ഘോഷും അടക്കമുള്ള പ്രഗല്‍ഭരുടെ ക്ലാസുകളില്‍ പോലും പലപ്പോഴും വ്യക്തിത്വവുമായി ബന്ധപ്പെട്ട ആത്മസംഘര്‍ഷങ്ങളാണ്‌ എന്നെ നയിച്ചിരുന്നത്‌. തലേന്നാള്‍ വരെ പത്രവിതരണം നടത്തിയിരുന്ന ഒരു പയ്യന്‌ പത്രപ്രവര്‍ത്തനം പഠിക്കാന്‍ അര്‍ഹതയുണ്ടോ എന്ന വിചാരം പോലും വല്ലാത്ത ആശങ്കയുണ്ടാക്കിയിരുന്നു. അതൊക്കെ സ്വാഭാവികമായ പൊരുത്തപ്പെടലിന്റെ പ്രശ്‌നങ്ങളാണെന്ന്‌ അന്ന്‌ അറിയാന്‍ കഴിഞ്ഞിരുന്നില്ല. ബാഹ്യലോകത്തെ കുറിച്ചുള്ള അറിവിന്റെ അഭാവം, കാലത്തിന്റെ മാറ്റം ഉണ്ടാക്കിയ പുതുസാധ്യകളെക്കുറിച്ചുള്ള അജ്ഞത, പത്രപ്രവര്‍ത്തനം എന്ന ലോകത്ത്‌ എനിക്കെന്താകാന്‍ കഴിയുമെന്ന സ്ഥിരമായ ആശങ്ക... അങ്ങനെ പലതും തുടര്‍ച്ചയായി എന്നെ അലോസരപ്പെടുത്തിക്കൊണ്ടിരുന്നു. ക്യാമ്പസിലും ക്ലാസിലും ഹോസ്റ്റലിലും ഒക്കെ. എന്നാല്‍ എല്ലാത്തിനും ഒരു പരിഹാരമെന്ന പോലെയായിരുന്നു സത്യന്‍ സാറിന്റെ ക്ലാസ്‌. പാട്ടുപാടുന്നവനോടും കഥയെഴുതുന്നവനോടും കലാകാരന്മാരോടും അദ്ദേഹം പറയുമായിരുന്നു. ഇതല്ല, ജേര്‍ണലിസം എന്ന്‌.

ഇന്റര്‍വ്യൂവിന്‌ എത്തിയപ്പോഴാണ്‌ ആദ്യമായി അദ്ദേഹത്തെ കാണുന്നത്‌. കുറേ വിദ്യാര്‍ത്ഥികളുടെ കൂടെ ആശങ്കയോടെയാണ്‌ അന്ന്‌ അക്കാദമിയുടെ മുറ്റത്ത്‌ എത്തിയത്‌. കൂട്ടുകാരന്‍ സുരേശനാണ്‌ നാട്ടില്‍ നിന്ന്‌ കൂടെയുണ്ടായിരുന്നത്‌. അടയക്കേണ്ട ഫീസും കെട്ടും ഭാണ്ഡവും എല്ലാമായി കാസര്‍കോട്ടെ ക്ലായിക്കോട്‌ ഗ്രാമത്തില്‍ നിന്ന്‌ വൈകുന്നേരം മലബാര്‍ എക്‌സ്‌പ്രസിന്‌ പുറപ്പെടുമ്പോള്‍ മനസ്സ്‌ നിറയെ സങ്കടമായിരുന്നു. അമ്മയെയും അച്ഛനെയും അനിയത്തിയെയും നാടിനെയും വിട്ട്‌ പഠനത്തിനാണെങ്കിലും, പ്രായവും പക്വതയും എത്താത്തതിനാലാകും, ഒരുവല്ലാത്ത സങ്കടം, മനസ്സില്‍.

പിന്നീട്‌ കൊച്ചിയിലെത്തിയപ്പോള്‍ വിശാലമായ ലോകത്ത്‌ തനിച്ചായതുപോലെ. സുരേശന്‍ സമാധാനിപ്പിച്ചു. ഉണ്ടാകാനിടയില്ലാത്ത ഒരു ലോകത്തെകുറിച്ച്‌ സ്വപ്‌നം കാണാന്‍ അവന്‍ നിര്‍ബന്ധിച്ചുകൊണ്ടേയിരുന്നു. അങ്ങനെ ഇന്റര്‍വ്യൂ ബോര്‍ഡിന്‌ മുന്നിലേക്ക്‌ അവന്‍ തള്ളിവിടുകയായിരുന്നു. മനസ്സില്‍ അഡ്‌മിഷന്‍ കിട്ടേണ്ടെന്ന ആഗ്രഹം ഇടയ്‌ക്ക്‌ വച്ച്‌ കടുന്നുകൂടി. അങ്ങനെയാണെങ്കില്‍ നാട്ടിലേക്ക്‌ തിരിച്ചുപോകാമല്ലോ.

ഇന്റര്‍വ്യൂ സമയത്താണ്‌ എന്‍.എന്‍.സത്യവ്രവതനെ നേരിട്ട്‌ കാണുന്നത്‌. പത്രപ്രവര്‍ത്തകന്‍ പി.രാജനെയും എനിക്കന്ന്‌ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നു. പണ്ടൊരിക്കല്‍ ഒളിവ്‌ജീവിതകാലത്ത്‌ നക്‌സല്‍ വേണുവിനെ ഇന്റര്‍വ്യൂ ചെയ്‌ത, അടിയന്തിരാവസ്ഥക്കാലത്ത്‌ അറസ്റ്റിലായ പത്രപ്രവര്‍ത്തകന്‍... അങ്ങനെ ആവേശമുണര്‍ത്തുന്ന ചില ഓര്‍മകള്‍ എവിടെയോ വായിച്ച, കേട്ട ഓര്‍മകള്‍. അതില്‍കൂടുതലൊന്നും ഉണ്ടായിരുന്നില്ല. കൂടെയുണ്ടായിരുന്നത്‌ മറ്റാരൊക്കെയാണെന്ന്‌ അറിയില്ല.

സത്യന്‍ സാറാണ്‌ ആദ്യം ആ ചോദ്യം ചോദിച്ചത്‌.

"സ്ഥലം എവിടെയാണ്‌?" മുഖത്ത്‌ ഒളിപ്പിച്ച്‌ വച്ച ഒരുചിരിയോടെയുള്ള ചോദ്യം

ഇന്‍ഫീരിയോറിറ്റി കോംപ്ലക്‌സുകളുടെ ഹിമാലയത്തില്‍ നില്‍ക്കുന്ന കാലമാണല്ലോ, ഞാന്‍. എന്റെ പ്രതികരണം ഇഷ്‌ടപ്പെടുമോ എന്ന ആശങ്കയോടെ മറുപടി

-"കാസര്‍കോട്‌ ജില്ലയിലാണ്‌, ക്ലായിക്കോട്‌ എന്നാണ്‌ സ്ഥലത്തിന്റെ പേര്‌, കയ്യൂര്‍ ഗ്രാമത്തിലെ..."

"എന്താടോ കയ്യൂര്‍ എന്ന്‌ പറഞ്ഞാ പോരേ?"-പി.രാജന്‍

ശരിയായിരുന്നു. പലപ്പോഴും എന്റെ ഗ്രാമത്തിന്റെ പേര്‌ പറയുന്നതിന്‌ മുന്നേ ഈ വിശദീകരണങ്ങള്‍ എനിക്ക്‌ പതിവാണ്‌. ചെലപ്പോള്‍ ആളുകള്‍ക്ക്‌ അറിയണമെന്നില്ലല്ലോ. അവര്‍ ഞാന്‍ അഹങ്കാരിയാണെന്ന്‌ കരുതിയാലോ. അതുകൊണ്ട്‌ ഒന്നുമല്ലാത്ത ഒരുഗ്രാമത്തില്‍ നിന്ന്‌ വരികയാണെന്ന്‌ വരുത്തിത്തീര്‍ക്കാന്‍ മനസ്സിന്റെ ഒരുക്കമാകും എന്നൊക്കെ പീന്നീട്‌ മനശാസ്‌ത്രജ്ഞന്‍മാരുടെ പുസ്‌തകങ്ങളില്‍ നിന്ന്‌ ഇതൊക്കെ മനസ്സിലാക്കിയിട്ടുണ്ട്‌.

മറുപടിയായി ഞാന്‍ ചിരിച്ചു.

"ഊം... അവിടെയല്ലേ ആ പോലീസുകാരനെ കല്ലെറിഞ്ഞ്‌ കൊന്നത്‌."-പി.രാജന്‍.

എന്തോ എന്നെ ദേഷ്യം പിടിപ്പിക്കാനോ പരീക്ഷിക്കാനോ എന്തിനായിരുന്നു ആ ചോദ്യം എന്ന്‌ അപ്പോള്‍ മനസ്സിലായിരുന്നില്ല. എന്റെ രക്തം തിളച്ചു.

"സര്‍...."

അദ്ദേഹം എന്നെയൊന്ന്‌ നോക്കി. സത്യന്‍ സാര്‍ അരികിലിരുന്ന്‌ ചിരിക്കുന്നത്‌ എനിക്ക്‌ നന്നായി ഓര്‍മയുണ്ട്‌

-"സര്‍ ഇന്ത്യയിലാദ്യമായി കര്‍ഷകര്‍ സംഘടിച്ചത്‌ കയ്യൂരിലായിരുന്നു. അതിന്റെ തുടര്‍ച്ചയായി ഫ്യൂഡല്‍ പ്രഭുക്കന്മാരും ബ്രിട്ടീഷുകാരും കൂടി നാട്ടുകാരെ ദ്രോഹിച്ചിരുന്നു. അവിടെ തൊഴിലാളികള്‍ സംഘടിക്കുകയും സമരത്തിലേര്‍പ്പെടുകയും ചെയ്‌തിരുന്നു. അതിന്റെ തുടര്‍ച്ചയായുണ്ടായ സംഘര്‍ഷത്തിനിടെയാണ്‌ സുബ്ബരായന്‍ എന്ന പോലീസുകാരന്‍ പുഴയില്‍ ചാടുകയും നീന്താനറിയാത്തിനാല്‍ മുങ്ങിമരിക്കുകയും ചെയ്‌തത്‌. പിന്നീടാണ്‌ പോലീസുകാര്‍ കയ്യൂരും ക്ലായിക്കോടും ചെറിയാക്കരയിലും അഴിഞ്ഞാടിയത്‌. അഞ്ച്‌ പേരെ തൂക്കിക്കൊന്നത്‌..... അന്ന്‌ ഒളിവിലുണ്ടായിരുന്ന നിരവധി പേര്‍ ക്ലായിക്കോട്ടും കയ്യൂരും ചെറിയാക്കരയിലും ഒക്കെ ആയിരുന്നു ജീവിച്ചത്‌. ആ ക്ലായിക്കോടാണ്‌ സാര്‍ എന്റെ വീട്‌."

എന്തൊക്കെയോ ഞാന്‍ പറഞ്ഞു.

"ശരി, ശരി ഇനി ബേക്കല്‍ കോട്ടയെക്കുറിച്ച്‌ എന്തറിയാം?"-സത്യന്‍ സാര്‍ ഇടപെട്ടു.

"സര്‍, അത്‌ ഇക്കേരി നായ്‌ക്കന്മാര്‍ പണ്ട്‌ ഉണ്ടാക്കിയ കോട്ടയാണ്‌."

"ടിപ്പുസുല്‍ത്താനല്ലേ ഉണ്ടാക്കിയത്‌?"-പിരാജന്‌

"അല്ല, സര്‍ ടിപ്പു അവരില്‍ നിന്ന്‌ പിടിച്ചെടുക്കുകയായിരുന്നു."

അവര്‍ തമ്മില്‍ നോക്കി. എന്തോ ആശയം കൈമാറിയെന്ന്‌ തോന്നി.

"ശരി. എന്നാ പിന്നെ ആയ്‌ക്കോട്ടെ.."-സത്യന്‍ സാറിന്റെ ചിരിയില്‍ എന്തൊക്കെയോ ഉണ്ടായിരുന്നു.

അങ്ങനെയാണ്‌ അന്ന്‌ പിരിഞ്ഞത്‌.

ആദ്യക്ലാസില്‍ പതിവ്‌ പോലെ ഒളിപ്പിച്ച്‌ വച്ച ചിരിയുമായി കയറി വന്നപ്പോള്‍ ഇന്റര്‍വ്യൂ ദിവസത്തെ സംഭവങ്ങള്‍ മുഴുവനും ഓര്‍ത്തു. പിന്നീട്‌ പലപ്പോഴും ക്ലാസെടുക്കാന്‍ ആളില്ലാത്ത ഇടവേളകളില്‍ അനുഭവങ്ങള്‍ പങ്കുവയ്‌ക്കാനും പരിചയമില്ലാത്തവര്‍ ക്ലാസെടുക്കാന്‍ വരുമ്പോള്‍ പരിചയപ്പെടുത്താനും സത്യന്‍ സര്‍ വരാറുണ്ടായിരുന്നു. ഒരു കോഴ്‌സ്‌ ഡയരക്‌ടര്‍ എന്നതില്‍ കവിഞ്ഞ സ്വാതന്ത്ര്യം കുട്ടികള്‍ എടുക്കുന്നത്‌ കാണുമ്പോള്‍ മാറിനില്‍ക്കുന്ന എന്നെപോലുള്ള ചിലര്‍ക്ക്‌ ചെറിയ സങ്കടം തോന്നും.

പഠനകാലത്താണ്‌ അദ്ദേഹത്തിന്റെ പത്രപ്രവര്‍ത്തനജീവിതത്തെക്കുറിച്ച്‌ കൂടുതലായി അറിയായനിടയായത്‌. അത്‌ ബഹുസ്വരമായ ഒരു കാലഘട്ടത്തിന്റെ നേരടയാളമായിരുന്നു. എപ്പോഴും ക്ലാസില്‍ ഒരകലത്തില്‍ ഇരുന്നതിനാലാവണം അദ്ദേഹവുമായി മറ്റ്‌ പലര്‍ക്കും ഉള്ളതുപോലെ വ്യക്തിബന്ധം ഉണ്ടായിരുന്നില്ല. അതുകൊണ്ട്‌ തന്നെയാകണം പ്രധാന ആനുകാലികങ്ങളില്‍ എന്റെ ഫീച്ചറുകള്‍ വരുമ്പോള്‍ സഹപാഠികള്‍ അഭിനന്ദിക്കുമ്പോഴൊന്നും അദ്ദേഹം ഒന്നും അറിയാതെ ഇരിക്കുമായിരുന്നു. ചിലപ്പോഴൊക്കെ ആഗ്രഹിച്ചിരുന്നു, ഒന്ന്‌ അഭിനന്ദിക്കുമായിരിക്കും എന്ന്‌. അന്ന്‌ പക്ഷേ ചെറിയ മനസ്സിന്റെ അത്യാഗ്രഹങ്ങള്‍ ആണെന്ന്‌ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല.

കുറച്ചേ സംസാരിക്കുകയുള്ളൂവെങ്കിലും രസകരമായ പ്രയോഗങ്ങളും മറ്റും ഞങ്ങളുടെയിടയില്‍ പ്രസിദ്ധമാണ്‌. പെണ്‍കുട്ടികളെയടക്കം മിസ്റ്റര്‍ ചെര്‍ത്ത്‌ വിളിക്കുന്നത്‌ കേള്‍ക്കുമ്പോള്‍ ക്ലാസ്‌ മുഴുന്‍ ചിരിയില്‍ മുഴുകും. ഒരിക്കല്‍ അനിയത്തിയുടെ കല്യാണനിശ്ചയത്തിന്‌ അക്കാഡമിയില്‍ എല്ലാവരെയും ഞാന്‍ ക്ഷണിച്ചിരുന്നു. യാദൃച്ഛികമായി നിശ്ചയം മാറ്റിവയ്‌ക്കേണ്ടിവന്നു. ഒരാഴ്‌ചത്തെ അവധി കഴിഞ്ഞ്‌ തിരിച്ചെത്തിയപ്പോള്‍ അദ്ദേഹം എന്നെ വിളിപ്പിച്ചു. എന്നിട്ട്‌ ചോദിച്ചത്‌ രസകരമായ ഒരു ചോദ്യമാണ്‌.

"എല്ലാവരും നിശ്ചയത്തിന്‌ വരാനിരുന്നതാണ്‌. താനെന്താടോ അവിടത്തെ രാജാവാണോ?"

അന്ന്‌ തോന്നിയത്‌ സങ്കടവും ദേഷ്യവും ഒക്കെയായിരുന്നു. പിന്നീട്‌ അദ്ദേഹത്തിന്‌ പ്രൊഫഷനോടുളള താല്‍പര്യം മനസ്സിലാക്കിയപ്പോഴാണ്‌ വ്യത്യസ്‌തമായ ആ കാഴ്‌ചപ്പാട്‌ മനസ്സിലായത്‌. കൊച്ചി 2000 എന്ന കൊച്ചിന്‍ കോര്‍പറേഷന്റെ മെഗാ പ്രൊജക്‌ടിലേക്ക്‌ ഞങ്ങളെ പറഞ്ഞയക്കുമ്പോഴാണ്‌ വിദ്യാര്‍ത്ഥികളെ തിരിച്ചറിയുന്നതില്‍ അദ്ദേഹത്തിനുള്ള കൂര്‍മബുദ്ധി വ്യക്തമായത്‌. എഴുതേണ്ടവരെയും ഓരോരുത്തര്‍ക്കും എഴുതാനുള്ള മേഖലയും തിരിച്ചറിഞ്ഞ്‌ വ്യക്തമായ ഉദ്ദേശത്തോടെയാണ്‌ ഞങ്ങളെ കോര്‍പറേഷന്‍ വര്‍ക്കിനായി പറഞ്ഞയച്ചത്‌. മാതൃഭൂമിയിലും കേരളകൗമുദിയിലും 35 വര്‍ഷം നീണ്ട പത്രപ്രവര്‍ത്തനം കൃത്യമായ ലക്ഷ്യബോധമുള്ളതായിരുന്നു, അദ്ദേഹത്തിന്‌. പിന്നീട്‌ പത്രപ്രവര്‍ത്തകവിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കുന്ന കേരള പ്രസ്‌ അക്കാഡമിയുടെ കോഴ്‌സ്‌ ഡയരക്‌ടറായപ്പോഴും തന്റെ ലക്ഷ്യബോധം അദ്ദേഹം മറന്നില്ല.

എന്തുകൊണ്ടോ പഠനത്തിന്റെ അവസാനകാലത്തും ഞങ്ങള്‍ കുറച്ച്‌ വിദ്യാര്‍ത്ഥികള്‍ക്ക്‌ അദ്ദേഹത്തോട്‌ അടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ഞാനും അസീം മുസ്‌തഫയും പ്രദീപ്‌ ജോസഫുമൊക്കെ ആ സങ്കടം പങ്കിടാറുമുണ്ടായിരുന്നു. കോഴ്‌സ്‌ കഴിഞ്ഞിറങ്ങിയതിന്‌ ശേഷം പിന്നീടൊരിക്കലും അദ്ദേഹത്തെ കണ്ടിട്ടില്ല. പലപ്പോഴും എന്റെ ചെറിയ ലോകത്ത്‌ അങ്ങനെയൊരു ഇടപെടലിന്റെ സാഹചര്യവും വന്നിരുന്നില്ല.

അടുത്ത കാലത്ത്‌ ഒന്ന്‌ കാണാന്‍ പോകണമെന്ന ആഗ്രഹം ഉണ്ടായിരുന്നു. ഒ.വിസുരേഷിനോടും സിജി ഉലഹന്നാനോടും ജുവിനോടും ഒക്കെ സംസാരിച്ച്‌ പോകാന്‍ പദ്ധതിയിട്ടതുമാണ്‌. അദ്ദേഹത്തിന്റെ അടുത്തെത്തി വീണ്ടും പഴയ കാലം ഓര്‍മിപ്പിക്കാനുള്ള ഒരാഗ്രഹം. ഭൂതകാലം ഇല്ലാതെ ഒരു മനുഷ്യനും നിലനില്‍ക്കുന്നില്ലല്ലോ, അത്‌ സന്തോഷിപ്പിക്കുന്നതായാലും ദു:ഖിപ്പിക്കുന്നതായാലും. അദ്ദേഹത്തെ കാണുക എന്ന ആഗ്രഹം ഇനി നടക്കില്ലല്ലോ എന്ന അറിവ്‌ വല്ലാതെ അലോസരപ്പെടുത്തുന്നുണ്ട്‌. ഇപ്പോള്‍ ആ യാഥാര്‍ത്ഥ്യം ഉണ്ടാക്കുന്ന സങ്കടം വെറുമൊരു വിദ്യാര്‍ത്ഥിയുടേതല്ല, നഷ്‌ടപ്പെട്ട്‌ പോയ ഒരു കാലത്തെക്കുറിച്ച്‌ ഉള്ളതാണ്‌. തിരിച്ചുപിടിക്കാന്‍ കഴിയാത്ത ഒരു കാലത്തെക്കുറിച്ചുള്ള നിസ്സഹായനായ സാധാരണ മനുഷ്യന്റെ സങ്കടം...

Read more...

Saturday, January 9, 2010

പുല്ല്‌ മേഞ്ഞ വീട്ടില്‍ നിന്ന്‌ ഖലീഫാ ടവറിലേക്കുള്ള ദൂരം

"എന്നാലും അമ്മാമാ, ഈ ബുര്‍ജ്‌ വിമാനത്തില്‌ മുട്ട്വോ?"

പതിവ്‌ പോലെ ആയിരുന്നില്ല. മരുമകന്‍ ജ്യോതിര്‍ഘോഷിന്റെ ചോദ്യം. ബുര്‍ജ്‌ ദുബായ്‌ എന്ന ഖലീഫാടവറിനെ കുറിച്ചുള്ള അവന്റെ ആകാംക്ഷ അവസാനിക്കുന്നേയില്ല.

"അത്രയ്‌ക്കൊന്നും ഉയരമുണ്ടാകില്ല."- ഞാന്‍.

ബുര്‍ജ്‌ ദുബായുടെ പശ്ചാത്തലത്തില്‍ കൗമുദിയിലെ ടി. അരുണ്‍കുമാര്‍ എഴുതാന്‍ ആലോചിക്കുന്ന നോവലിന്റെ ആശയത്തെക്കുറിച്ച്‌ രാംദാസാണ്‌ ഇന്നലെ സംസാരിച്ചത്‌. ഞങ്ങള്‍ അതിന്റെ ഉയരത്തില്‍ നിന്ന്‌ താഴോട്ട്‌ നോക്കി ആശയക്കുഴപ്പത്തിലായി. എനിക്കിപ്പോഴും ആ കെട്ടിടത്തെക്കുറിച്ചുള്ള അതിശയം അവസാനിച്ചിട്ടില്ല. അടിത്തട്ടിലെ ഏതെങ്കിലും നിലയില്‍ പണിയെടുക്കുമ്പോള്‍ ഏതെങ്കിലും തൊഴിലാളികള്‍ക്ക്‌ വല്ല തെറ്റും സംഭവിച്ചിട്ടുണ്ടെങ്കിലോ എന്ന ആധി എന്നെ കുറേ നേരമായി അലോസരപ്പെടുത്തുന്നുണ്ട്‌. ഒരു മഹാദുരന്തത്തെക്കുറിച്ചുള്ള പേടി... എന്നാലും ഈ ആശയത്തിന്‌ പിന്നില്‍ ആരാകും. അരുണും രാംദാസും ഞാനും മാത്രമല്ല, ഞങ്ങളെ പോലേ ഒരുപാട്‌ പേര്‍ ഒരേ സമയത്ത്‌ ഈ ദാര്‍ശനിക പ്രതിസന്ധിയെന്നൊക്കെ വിളിക്കാവുന്ന ആലോചനയില്‍ പെട്ട്‌ കുഴപ്പത്തിലായിട്ടുണ്ടാകും. ഇടയ്‌ക്ക്‌ കാണാതായ ജ്യോതി ഓടി അമ്മയെയും കൂട്ടി ഓടി വന്നു എന്റടുത്തേക്ക്‌.

"അമ്മാമാ ഈ കല്യാണി സമ്മതിക്കുന്നില്ല." (അവന്‍ ചിലപ്പോള്‍ അമ്മയെ പേരാണ്‌ വിളിക്കുക. ഇപ്പോള്‍ മാറ്റിത്തുടങ്ങി. ചിലപ്പോള്‍ പേര്‌, ചിലപ്പോള്‍ അമ്മമ്മ...)"സത്യായിട്ടും. അമ്മമ്മ ഈ ചിത്രം നോക്ക്‌ ഇത്‌ 169 നിലയാ."

അവന്റെ അല്‍ഭുതം അമ്മയിലേക്ക്‌ പകരാനുള്ള ശ്രമം. ശരിക്കും അമ്മയ്‌ക്കത്‌ വിശ്വാസമാകുന്നില്ല. ഉള്ളില്‍ തട്ടുന്നുപോലുമില്ല. ജ്യോതിയെ സമാധാനിപ്പിക്കാന്‍ എന്ന മട്ടില്‍ സമ്മതം മൂളിയെന്ന്‌ എനിക്കും മനസ്സിലായി. ജ്യോതിക്കതാണ്‌ ദേഷ്യം. അവന്‍ അതിശയം പ്രകടിപ്പിക്കുന്ന മറ്റൊരാളെയാണ്‌ പ്രതീക്ഷിക്കുന്നത്‌. അമ്മയാണെങ്കില്‍ അതിശയിക്കുന്നുമില്ല.

"നീ പോടാട്‌ന്ന്‌"-അമ്മ

"അമ്മമ്മേ ഇതില്‍ വീടുണ്ട്‌, കുളമുണ്ട്‌, കളിക്കാന്‍ ഗ്രൗണ്ടുണ്ട്‌, പീടികയുണ്ട്‌.. മഴ വരുന്നതറിയാനുള്ള യന്ത്രം പോലുമുണ്ട്‌."(കാലാവസ്ഥാനിരീക്ഷണകേന്ദ്രം)

"ഓ..."

"നമ്മളെ വീടൊന്നും അതിനെടേല്‌ ഒന്ന്വല്ല, സത്യായിട്ടും."

അല്ലെങ്കിലും ഒന്നുമല്ലാത്ത എന്റെ വീട്‌ ജ്യോതിയുടെ മാതൃകയാണ്‌. എന്റെ പുസ്‌തക ശേഖരം മുഴുന്‍ അവന്‍ വലിയ ആളായതിന്‌ ശേഷം വായിച്ചുതീര്‍ക്കാനിരിക്കുകയാണല്ലോ.അമ്മാമന്റെ പുസ്‌തകത്തിന്റെ ഒക്കെ ഇരട്ടി അവിടന്ന്‌ വാങ്ങാന്‍ കിട്ടും.

അമ്മ മിണ്ടാത്തത്‌ കൊണ്ട്‌ അവന്‌ ദേഷ്യം ഇരട്ടിക്കുന്നുണ്ട്‌.

"വിമാനത്തിന്റത്രയും ഉയരത്തിലാണ്‌ അമ്മമ്മേ..."

"അതേയോ?"

വിമാനത്തെക്കുറിച്ച്‌ പറയുമ്പോള്‍ ഞാനും അവന്‌ ശിഷ്യപ്പെടേണ്ടി വരും. അതിന്‌ കാരണമുണ്ട്‌. ഞാനും അമ്മയും ഒന്നും വിമാനത്തില്‍ കയറിയിട്ടില്ല. അവന്‍ കയറിയിട്ടുണ്ട്‌. അവന്‍ നാഗാലാന്റിലേക്കും ത്രിപുരയിലേക്കും അവന്റെ അച്ഛന്റെയും അമ്മയുടെയും കൂടെ യാത്ര ചെയ്‌തിട്ടുണ്ട്‌. വിമാനത്തെക്കുറിച്ച്‌ പറയുമ്പോള്‍ നമ്മളെല്ലാം കേട്ടിരിക്കണം. ഇല്ലെങ്കില്‍ അവന്‌ ദേഷ്യം വരും.

അപ്പോഴാണ്‌ അമ്മ പറഞ്ഞത്‌. -"ഇതിന്റെടേല്‌ നമുക്ക്‌ പണ്ടുണ്ടായിരുന്ന പുല്ല്‌ മേഞ്ഞ വീടൊക്കെ ഇവന്‌ പറഞ്ഞാ മനസ്സിലാവ്വേ?"

"പുല്ലിട്ട വീടാ? ഈ അമ്മമ്മയ്‌ക്ക്‌ പ്രാന്തന്നെ.."

ഞാനിടപെട്ടു. "അതേടാ. ഒരു കാലത്ത്‌ ഇവിടെയെല്ലാം പുല്ല്‌ മേഞ്ഞ വീടായിരുന്നു."

"അമ്മാമന്‍ കളവ്‌ പറയുന്നു"

നേരത്തെ അമ്മ പ്രകടിപ്പിച്ച അതേ അതിശയമില്ലായ്‌മ അവന്റെ മുഖത്തും. ഖലീഫാ ടവര്‍ സത്യമാണെന്നത്‌ അമ്മയ്‌ക്ക്‌ വിശ്വസിക്കാന്‍ പ്രയാസമുള്ളതുപോലെ തന്നെ പുല്ലിട്ട വീട്‌ അവനും വിശ്വസിക്കാന്‍ പ്രയാസമാണ്‌. അവര്‍ക്കിടയില്‍ എന്തൊരു അന്തരം. പക്ഷേ ഇത്‌ രണ്ടും എനിക്ക്‌ വിശ്വസിച്ചേ പറ്റു. രണ്ടും ഞാന്‍ അനുഭവിക്കുന്നതും അനുഭവിച്ചതും ആണല്ലോ.

പണ്ട്‌ ക്ലായിക്കോട്‌ മുഴുവന്‍ പുല്ല്‌ മേഞ്ഞ വീടായിരുന്നു. പണ്ട്‌ എന്നത്‌ അത്ര അകലെയല്ലാത്ത പണ്ടാണ്‌. 1987ന്‌ മുമ്പ്‌. ഏറ്റവും ഒടുവില്‍ പുല്ലിട്ട വീട്‌ മാറ്റുന്നത്‌ എന്റെ വീടാണ്‌. അവിടെ കുടിയിരിക്കുന്നത്‌ 1987ല്‍. ആവര്‍ഷം ഞാന്‍ വെള്ളാട്ട്‌ എല്‍.പിസ്‌കൂളില്‍ നാലാം ക്ലാസില്‍. ആ വര്‍ഷമാണ്‌ എന്റെ അമ്മയുടെ അച്ഛന്‍ മരിക്കുന്നത്‌. ആ വര്‍ഷമാണ്‌ സുരേശന്റെ വീട്ടില്‍ റേഡിയോ വാങ്ങുന്നത്‌, ആ വര്‍ഷമാണ്‌ ഞങ്ങളുടെ നാട്ടില്‍ ഒരു കൊലപാതകം നടക്കുന്നത്‌... അങ്ങനെയങ്ങനെ. അതൊക്കെ പിന്നീട്‌ ഒരിക്കല്‍ വിശദീകരിക്കാവുന്ന കാര്യങ്ങള്‍.

ഞങ്ങളുടെ വീട്‌ ഏറ്റവും ഒടുവില്‍ ഓടിടാന്‍ ഒരു കാരണവുമുണ്ട്‌. വീട്ടിന്‌ പുല്ല്‌ മേയുന്നതില്‍ വിദഗ്‌ദനായ തൊഴിലാളിയായിരുന്നു അച്ഛന്‍. അച്ഛനെ കഴിഞ്ഞേ നാട്ടില്‍ അതിനാളുള്ളൂ. അതുകൊണ്ട്‌ ഞങ്ങളുടെ പ്രതാപകാലവും അസ്‌തമിക്കുകയായിരുന്നു. നാട്ടിലെ ഏറ്റവും ഉയര്‍ന്ന കൂലി ലഭിക്കുന്ന ജോലിയായിരുന്നു അത്‌. ഞാന്‍ മൂന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ നാട്ടിലാകെ വീടുകള്‍ ഓടിട്ട വീടുകളായി തുടങ്ങിയിരുന്നു. എല്ലാം വളരെ പെട്ടെന്നായിരുന്നു. അപ്പോഴെക്കും തിരക്ക്‌ കാരണം ഞങ്ങള്‍ക്ക്‌ കാണാന്‍ കൂടി ലഭിക്കാത്ത അച്ഛനെ ഞങ്ങള്‍ക്ക്‌ സ്ഥിരമായി കാണാന്‍ കിട്ടിത്തുടങ്ങി. നമ്മുടെ വീടും ഓടിടണ്ടേ അച്ഛാ എന്ന്‌ വളരെ നിഷ്‌കളങ്കമായി ഞാനും അനിയത്തിയും ചോദിച്ചിരുന്നു.
എന്നാല്‍ അച്ഛന്റെ അസ്ഥിത്വത്തെ ചോദ്യം ചെയ്യുന്ന, നിലനില്‍പിനെ തന്നെ ബാധിക്കുന്ന ഒരു കാര്യത്തെ കുറിച്ചാണ്‌ ചോദിക്കുന്നതെന്ന്‌ അന്ന്‌ അറിയുമായിരുന്നില്ലല്ലോ. ഒടുവില്‍ നാലാം ക്ലാസില്‍ പഠിക്കുമ്പോഴാണ്‌ ഞങ്ങളും വീടുമാറുന്നത്‌.

"അപ്പോ പുല്ല്‌ മേഞ്ഞ വീടിന്‌ ചോര്‍ച്ചയുണ്ടാകില്ലേ അമ്മമ്മേ."

ഇടയ്‌ക്ക്‌ എന്റെ ആലോചനയെ ജ്യോതിയുടെ ഒരു ചോദ്യമാണ്‌ ഉണര്‍ത്തിയത്‌.

"ഇല്ല മോനേ അവിടെ വല്ലാത്തൊരു സുരക്ഷിതത്വമുണ്ടായിരുന്നു. ആദ്യം വീടിന്‌ ഓലകൊണ്ട്‌ സുരക്ഷിതമായി കവചം തീര്‍ക്കും. അതിന്‌ മുകളിലാണ്‌ നല്ല തേന്‍പുല്ലുകൊണ്ട്‌ പുതയ്‌ക്കുന്നത്‌."

പുരപുതയ്‌ക്കുക എന്നാണ്‌ പറയുന്നത്‌. മഴ വന്ന്‌ വീട്‌ ചോര്‍ന്നൊലിക്കുമ്പോള്‍ ആളുകള്‍ എന്റെ വീട്ടില്‍ ക്യൂ നില്‍ക്കുമായിരുന്നു. പുരപുതക്കാരനായ അച്ഛന്‌ വേണ്ടി. രാവും പകലുമില്ലാതെ അച്ഛന്‍ അവരുടെ വീട്‌ പുതക്കാന്‍ പോകും. മഴ എത്ര പെയ്‌താലും നാട്ടുകാരുടെ വീടുകള്‍ക്ക്‌ ശേഷമേ ഞങ്ങളുടെ വീട്‌ അച്ഛന്‍ പുതയ്‌ക്കുകയുള്ളൂ. മഴയടുക്കുമ്പോള്‍, ഏതെങ്കിലും പാതിരായ്‌ക്ക്‌ അച്ഛന്‍ വന്ന്‌ കിടന്നുറങ്ങുമ്പോള്‍ ആ ദിവസം ആരുടെയോ പുര പുതച്ച്‌ തീര്‍ന്നതിന്റെ ആശ്വാസം അച്ഛനുണ്ടാകും. ക്ലായിക്കോട്ടെ ഇരിങ്കത്തൊട്ടി പാറപ്പരപ്പില്‍ പൂക്കുന്ന നല്ല തേന്‍ പുല്ലാണ്‌ വീടിന്‌ പുതയ്‌ക്കാന്‍ ഉപയോഗിക്കുക. സ്‌തീകള്‍ ഓരോ വീട്ടുകാര്‍ക്കും വേണ്ടി പുല്ല്‌ പറിക്കാന്‍ കൂട്ടമായി പാറമ്മലേക്ക്‌ പോകും. കൈയില്‍ തൂക്കുപാത്രത്തില്‍ കഞ്ഞിവെള്ളവും കഴിക്കാന്‍ എന്തെങ്കിലും പലഹാരവുമായി. പുല്ലരിഞ്ഞ്‌ തിരിച്ചെത്തുമ്പോള്‍ സന്ധ്യയാകും.

ജ്യോതിക്ക്‌ അതൊന്നും വിശ്വസിക്കാന്‍ കഴിയില്ല. കാരണം അവനെയും കൊണ്ട്‌ ചില വൈകുന്നേരങ്ങളില്‍ നടക്കാന്‍ പോകാറുള്ളതാണ്‌, അസ്‌തമയം കാണാന്‍ പോകാറുള്ളതാണ്‌ നീണ്ടുകിടക്കുന്ന കുന്നിന്‍ മുകളിലെ പാറപ്പരപ്പിലേക്ക്‌. അപ്പോഴൊന്നും അത്തരം സാധ്യതകള്‍ അവന്‍ ഊഹിച്ചതേയില്ല.

അതൊക്കെ അടുത്തകാലത്തായിരുന്നു എന്ന്‌ പറഞ്ഞാല്‍ അവന്‌ വിശ്വാസമാകില്ല. അന്നൊരിക്കല്‍ മൂന്നാം ക്ലാസിലെ വേനലവധിക്കാണ്‌ ഞങ്ങളുടെ വീടും മാറ്റിയത്‌. തല്‍ക്കാലത്തേക്ക്‌ തറയും കെട്ടി, നാലും ചുമരും കെട്ടി, കുറച്ച്‌ താഴെയായി ഓടിട്ട വീട്ടിലേക്ക്‌ പിന്നീട്‌ മാറുമ്പോള്‍ മഴ വന്നുതുടങ്ങിയിരുന്നു. നിലത്ത്‌ വിരിച്ച്‌ അച്ഛനും അമ്മയ്‌ക്കും ഒപ്പം കിടക്കുമ്പോള്‍ ഓടിട്ട വീടിനെക്കുറിച്ച്‌ സ്വപ്‌നം കണ്ടിരുന്ന എന്റെ ഉള്ളില്‍ പുല്ല്‌ മേഞ്ഞ ആ വീടിനോട്‌ വല്ലാത്തൊരു ഇഷ്‌ടം ഉണ്ടായിരുന്നു. കനത്ത കാറ്റടിച്ച്‌, തേജസ്വിനി പുഴയില്‍ വെള്ളം നിറഞ്ഞ്‌ കവിഞ്ഞ ആ രാത്രിയില്‍ ഉറങ്ങിയേയില്ല. അടിച്ച്‌ കയറ്റിയ മാഴച്ചാറ്റലിനിടെ പണിതീരാത്ത വീട്ടില്‍ സുരക്ഷിതത്വമൊരുക്കാന്‍ അമ്മ പാടുപെടുകയായിരുന്നു. പിറ്റേന്നുണര്‍ന്ന ഉടനെ ഞാന്‍ മുകളില്‍ വീടിരുന്ന ഇടത്തേക്ക്‌ പോയിനോക്കി. പ്രധാന ഭാഗങ്ങളെല്ലാം പുതിയ വീടിന്‌ വേണ്ടി പൊളിച്ചെടുത്തിരുന്നു. ആ വീടിന്റെ മേല്‍ക്കൂര കാറ്റില്‍ തകര്‍ന്ന്‌ വീണിരിക്കുന്നു. ഞാന്‍ പിറന്ന്‌ വീണ വീട്‌, എന്റെ കുഞ്ഞുസ്‌നേഹവും കണ്ണീരും സന്തോഷവും എല്ലാം അറിഞ്ഞ വീട്‌.... അതിലൂടെ പുതുതായി വരുന്ന റോഡിന്‌ വഴി തീര്‍ക്കാന്‍ എന്നതുപോലെ സ്വയം തകര്‍ന്ന്‌ ഒഴിഞ്ഞുകൊടുത്തതായി തോന്നി എനിക്ക്‌.

പിന്നീട്‌ ക്ലായിക്കോടിന്റെ ഞരമ്പ്‌ കണക്കെ ആറോഡ്‌ സുരക്ഷിതമായി നാടിനെ ചുറ്റി നിന്നു. വീട്‌ തകര്‍ന്നപ്പോള്‍ അന്ന്‌ തോന്നിയ കുഞ്ഞുസങ്കടത്തിന്‌ വലിയ ആയുസ്സായിരുന്നു. പിന്നീട്‌ മുറികള്‍ മാറി മാറിതാമസിക്കുമ്പോഴും സ്വന്തമായി ഒരുമുറിയുണ്ടാക്കിയപ്പോഴും ഒക്കെ ഉള്ളില്‍ ആ വീടും സങ്കടവുമുണ്ടായിരുന്നു....

എന്തുകൊണ്ടോ എനിക്കാ വീടിനോട്‌ വല്ലാത്ത ഇഷ്‌ടമായിരുന്നു. ചാണകം മേഞ്ഞ നിലത്ത്‌ കളം വരച്ച്‌ കളിച്ചതും, എല്ലാ മാസവും സംക്രമത്തിന്‌ അമ്മ ചാണകം മെഴുകുന്നതും, പൂരക്കാലത്ത്‌ പൂവിട്ടതും, കൂട്ടുകാരോട്‌ ചേര്‍ന്ന്‌ നെല്ലൊഴിഞ്ഞ പത്തായത്തില്‍ ഒളിച്ചുകളിക്കുമ്പോള്‍ അമ്മ ചീത്ത പറയാറുള്ളതും.... എല്ലാം ഒരു സെമിപൈങ്കിളി - എം.ടിയന്‍ ഹാംഗോവര്‍ പോലെ ഉള്ളിലുണ്ട്‌. മറ്റ്‌ പലതും പോലെ സ്വകാര്യമായ ആനന്ദം...

എനിക്ക്‌ ഊഹിക്കാം. അമ്മയുടെ ഓര്‍മയില്‍ അതെല്ലാം തിരതള്ളി വരുന്നുണ്ടാകണം.

"ബുര്‍ജ്‌ ദുബായില്‍ പുല്ലുണ്ടാകില്ല, ചാണകമുണ്ടാകില്ല, തുളസിത്തറയുണ്ടാകില്ല, അവിടെ ഋതുമതിയാകാത്ത പെണ്‍കുട്ടികള്‍ക്കായി പൂരവും ഉണ്ടാകില്ല, ജ്യോതീ..."

"ഒന്നൂണ്ടാവൂല്ലേ.. തെയ്യമുണ്ടാക്വോ അമ്മാമാ..."

"ഇല്ലെടാ തെയ്യം നമ്മുടെ നാട്ടിലേ ഉള്ളൂ എന്ന്‌ ഞാന്‍ പറഞ്ഞിട്ടില്ലേ.."

"ശര്യെന്നെ.."

തെയ്യം അവന്റെ ഫേവറിറ്റാണ്‌. മിക്ക തെയ്യങ്ങളുടെ കഥകളും ആട്ടത്തിന്റെ സ്റ്റെപ്പുകള്‍ പോലും അവന്‌ കാണാപ്പാഠമാണ്‌. അമ്മയ്‌ക്കും ഇപ്പോള്‍ ഖലീഫാ ടവര്‍ ഒരു സത്യമാണെന്ന്‌ തോന്നിത്തുടങ്ങി. അമ്മയിലും അതിശയഭാവം വന്നുതുടങ്ങി.

"അത്രേം നിലയുണ്ടാവില്ല. നീ കളവ്‌ പറയണ്ട.."-അമ്മ

ജ്യോതിയെ സപ്പോര്‍ട്ട്‌ ചെയ്യാന്‍ ഞാന്‍ തന്നെ ഇടപെട്ടു.

"ഉണ്ടമ്മേ. അവിടെയുള്ള ആളുകള്‍ ചിലപ്പോള്‍ ജീവിതത്തിലൊരിക്കലും ഭൂമി തൊടാതെ കഴിച്ചേക്കും."

എന്തായാലും ഖലീഫാ ടവര്‍ ഉണ്ടാക്കിയ ദാര്‍ശനിക പ്രശ്‌നം തെല്ലൊന്നുമല്ല. അരുണ്‍ എഴുതുന്ന നോവലിന്റെ ആശയം ആലോചിച്ചുനോക്കിയപ്പോള്‍ മനസ്സ്‌ കൂടുതല്‍ കുഴപ്പത്തിലായി. ജ്യോതിയും അമ്മയും ഉന്നയിച്ച പ്രശ്‌നം മനസ്സിലങ്ങനെ നില്‍ക്കുകയാണ്‌. ഖലീഫാ ടവറിനെ വിശ്വസിക്കാന്‍ അമ്മയ്‌ക്കും പുല്ലിട്ട വീട്‌ വിശ്വസിക്കാന്‍ ജ്യോതിക്കും കഴിയുന്നില്ല. എന്നാല്‍ രണ്ടും വിശ്വസിക്കേണ്ടി വരുന്ന എന്റെ സ്ഥിതിയെന്താണ്‌. ഈ ദാര്‍ശനികപ്രശ്‌നത്തിന്റെ തുറമുഖത്ത്‌, രണ്ട്‌ തലമുറയുടെ അകലം ഉണ്ടാക്കിയ അഗാധമായ പ്രതിസന്ധിയില്‍ ഞാന്‍ ഏകനാകുന്നു.

കൂട്ടിച്ചേര്‍ത്തത്‌
വര്‍ഷങ്ങള്‍ക്ക്‌ ശേഷം ഖലീഫാ ടവറിലെ
ഒരു കുടുംബത്തിലെ സംസാരം
മകന്‍ : അച്ഛാ നമുക്ക്‌ ആകാശത്തേക്ക്‌ പോയാലോ
മകള്‍:വേണ്ടച്ഛാ നമുക്ക്‌ ഭൂമിയിലേക്ക്‌ പോകാം.

Read more...

Friday, January 1, 2010

ആത്മഹത്യയ്‌ക്കും കൊലയ്‌ക്കും ഇടയിലൂടെ 2010

ആത്മഹത്യക്ക്‌ കൈയും കാലും വച്ചാലോ?
അകാരണമായി രൂപപ്പെട്ട ഒരു ആത്മഹത്യാ കഥയാണ്‌ പുതുവര്‍ഷത്തിലേക്ക്‌ നയിച്ചത്‌. എന്നെ മാത്രമല്ല, കുറേ സുഹൃത്തുക്കളെയും. ഒരുവര്‍ഷവും മൂന്നുമാസവും നീണ്ട പാലക്കാട്ട്‌ വാസത്തിന്‌ ശേഷം ക്ലായിക്കോട്ടേക്കുള്ള മടക്കം ഡിസംബറിന്റെ അവസാനമായിരുന്നു. പുതിയ ലോകവുമായി പൊരുത്തപ്പെടാനുള്ള തത്രപ്പാടിനിടെയാണ്‌ പുതുവര്‍ഷം കടന്നുവന്നത്‌. സമയം ഏകദേശം അര്‍ദ്ധരാത്രിയായി. പുതുവല്‍സരത്തെ വരവേല്‍ക്കുന്നതിന്റെ ഭാഗമായി ദൂരെ എവിടെയോ നിന്ന്‌ പടക്കം പൊട്ടുന്ന ശബ്‌ദം. പുതുവല്‍സരത്തിന്റെ എല്ലാ ആഘോഷങ്ങളിലും പങ്കാളികളാകാന്‍ ആളുകള്‍ വേവലാതി കൊള്ളുന്നതിനിടെയാണ്‌ മംഗളത്തിന്റെ കോട്ടയം ഡസ്‌കിലെ എന്‍.എം ഉണ്ണികൃഷന്റെ വിളി വന്നത്‌.

"ഉണ്ണീ പറയടാ" -പുതുവല്‍സരാശംസകള്‍ പ്രവഹിക്കുന്നതിനിടെ അര്‍ദ്ധരാത്രി അവന്റെ കോള്‍ സ്വാഭാവികമായും പ്രതീക്ഷിച്ചിരിക്കുകയായിരുന്നു.

"നമ്മുടെ ജിനേഷിനെ അടിയന്തിരമായി വിളിക്കണം"

"എന്തേ..?"

ഞാന്‍ ആകാംക്ഷയിലായി. പാലക്കാട്‌ ബ്യൂറോയിലാണ്‌ അവന്‍. എന്ത്‌ സംഭവിച്ചു.

"അത്‌ അവന്‍ ആത്മഹത്യ ചെയ്യുന്നുവെന്ന്‌ വയനാട്ടിലെ അവന്റെ അടുത്ത സുഹൃത്തിന്‌ എസ്‌.എം.എസ്‌ അയച്ചു."

ഞാനാകെ ഞെട്ടി. അത്യാവശ്യം നന്നായി പത്രപ്രവര്‍ത്തനം നടത്തുന്ന യുവാവാണ്‌ അവന്‍. വാര്‍ത്തയ്‌ക്ക്‌ വേണ്ടി സാഹസികമായ യാത്രകള്‍ നടത്തിയതിന്റെ നിരവധി കഥകള്‍ അവന്‍ പറഞ്ഞിട്ടും അല്ലാതെയും എനിക്കറിയാം ആത്മഹത്യ ചെയ്യേണ്ട സാഹചര്യമൊന്നും എന്റെ അറിവില്‍ എതായാലും കണ്ടെത്താന്‍ കഴിഞ്ഞില്ല. എം.മുകുന്ദന്‍ എസ്‌.എം.എസിലൂടെ എംഎ ബേബിക്ക്‌ രാജി സമര്‍പ്പിച്ചിട്ടുണ്ട്. ഷാജി എന്‍. കരുണ്‍ എസ്‌.എം.എസിലൂടെ എം.എ ബേബിക്ക്‌ പരാതി അയച്ചിട്ടുണ്ട്‌. എന്നാലും എസ്‌.എം.എസിലൂടെ ആത്മഹത്യക്കുറിപ്പ്‌ അയക്കുന്നത്‌ ആദ്യമായിട്ടാകും എന്ന കാര്യവും എന്നെ അലോസരപ്പെടുത്തി. അത്‌ ഏതായാലും എം.എബേബിക്കല്ലല്ലോ. എന്തൊക്കെയാണെങ്കിലും പുതിയ തലമുറയുടെ ആകുലതകള്‍, ആകാംക്ഷകള്‍, മരവിപ്പുകള്‍, മടുപ്പുകള്‍... എപ്പോഴാണ്‌ ജീവന്‍ കവര്‍ന്നെടുക്കുകയെന്നറിയില്ല.

ആദ്യം അവന്റെ മൊബൈല്‍ ഫോണില്‍ വിളിച്ചു. നിങ്ങള്‍ വിളിക്കുന്ന നമ്പര്‍ ഇപ്പോള്‍ സ്വിച്ച്‌ഡ്‌ ഓഫ്‌ ചെയ്‌തിരിക്കുകയാണ്‌.

പേടി ചെറുതായി കൂടി വന്നു. പിന്നെ വിളിച്ചത്‌ അവന്റെ ഓഫീസ്‌ നമ്പറിലേക്ക്‌-

'നിങ്ങള്‍ വിളിക്കുന്ന നമ്പര്‍ ടെമ്പററിലി ഔട്ട്‌ ഓഫ്‌ സര്‍വ്വീസ്‌..'

എന്തോ കുഴപ്പമുണ്ടെന്ന്‌ എനിക്കുറപ്പായി.

"മധുചേട്ടാ ആരെയെങ്കിലും വിളിച്ച്‌ പറയാമോ പാലക്കാട്ട്‌ മറ്റേതെങ്കിലും പത്രക്കാരെയാരെയെങ്കിലും....." - തൃശൂരില്‍ നിന്ന്‌ ദീപു.

ഉടന്‍ ചന്ദ്രനെ വിളിച്ചു. രക്ഷയില്ല. നിങ്ങള്‍ വിളിക്കുന്ന ഫോണ്‍ ഇപ്പോള്‍ കോളുകളൊന്നും സ്വീകരിക്കുന്നില്ല.

സി.കെ.വിജയന്റെ ഫോണിലേക്ക്‌-

ഔട്ട്‌ ഓഫ്‌ റേഞ്ച്‌ !!

എന്റെ റെയ്‌ഞ്ചും പോയിത്തുടങ്ങിയിരുന്നു. എങ്ങനെ പരിഹരിക്കും. ഞാന്‍ താമസിച്ച ലോഡ്‌ജില്‍ അവന്‍ മുറി കണ്ടുവച്ചിരുന്നു. അവിടെ താമസം തുടങ്ങിക്കാണുമോ. വെറുതേ പാലക്കാട്‌ മലാങ്‌ ലോഡ്‌ജിലേക്ക്‌ വിളിച്ചു. വേവലാതിയുടെ അത്യുന്നതങ്ങളിലേക്ക്‌ എന്നെ പോലെ കേരളത്തിന്റെ പലഭാഗങ്ങളിലുള്ള ചില സുഹൃത്തുക്കളും മലകയറി. എല്ലാവരും എന്നിലാണ്‌ പ്രതീക്ഷ അര്‍പ്പിച്ചിരിക്കുന്നത്‌. മലാങ്‌ ലോഡ്‌ജിലെ മാനേജര്‍ ഫോണെടുത്തു.

"ഞാന്‍ കഴിഞ്ഞ ദിവസം അവിടെ നിന്ന്‌ പോന്ന..."

"ഓ.. ഹാപ്പി ന്യൂ ഇയര്‍ സര്‍.."

ഞാന്‍ ഹാപ്പി ന്യൂ ഇയര്‍ പറയാനാണ്‌ വിളിച്ചതെന്ന്‌ അദ്ദേഹം കരുതി. നിരാശപ്പെടുത്തരുതല്ലോ. ഒരു സെയിം ടു യു അടിച്ചു. പിന്നെയും അദ്ദേഹം ന്യൂ ഇയറിനെ കുറിച്ചുള്ള വര്‍ത്തമാനങ്ങളിലേക്ക്‌ പോകാനുള്ള പരിപാടിയാണ്‌. അത്‌ വകവയ്‌ക്കാതെ ഞാന്‍ നേരേ കാര്യത്തിലേക്ക്‌ കടന്നു.

"ആ ജിനേഷ്‌ അവിടെ മുറിയെടുത്തിട്ടില്ലേ"

"ഉണ്ടല്ലോ സര്‍"

"അവനെ ഒന്ന്‌ വിളിക്കാമോ. അത്യാവശ്യമായിരുന്നു"

"ഓ വിളിക്കാമല്ലോ. കട്ട്‌ ചെയ്‌ത്‌ വിളിക്കാമോ സര്‍"

"ഒ.കെ."

നിമിഷങ്ങള്‍ക്ക്‌ ആയുസ്സിന്റെ വലിപ്പം. വീണ്ടും വിളിച്ചു.

"സര്‍ അദ്ദേഹം വിളക്കണച്ച്‌ ഉറങ്ങി. വിളിച്ചിട്ട്‌ ഉണരുന്നില്ല. രാവിലെ വിളിച്ചാല്‍ മതിയോ സര്‍."

"പോരായിരുന്നു. അവന്‌ തീരെ സുഖമില്ല. ഒന്നു നിര്‍ബന്ധമായി വിളിക്കാമോ, ഉണരുന്നതുവരെ. "

"ഒ.കെ.സര്‍"

പ്രതീക്ഷ പിന്നെയും നശിക്കുകയായിരുന്നു. പിന്നെയും 2010 കടന്നുവന്നിരുന്നു. പടക്കത്തിന്റെ ശബ്‌ദങ്ങള്‍ എങ്ങും.. ചെറുതായി കേള്‍ക്കാമായിരുന്നു.

വീണ്ടും റി ഡയല്‍.

"സര്‍ അദ്ദേഹം. ഉണര്‍ന്നു സര്‍. രാവിലെ തിരിച്ചുവിളിക്കാമെന്ന്‌ പറഞ്ഞു."

താങ്ക്‌ യു, താങ്ക്‌ യു... വെരിമച്ച്‌. സാധാരണ പറയാറില്ലാത്ത ഇംഗ്ലീഷൊക്കെ വന്നു.

വേഗം എല്ലാവരെയും വിളിച്ചു വിവരം പറഞ്ഞു. എനിക്ക്‌ ജിനേഷിനോട്‌ കലിയടങ്ങിയില്ല. പുലര്‍ന്ന ഉടനെ എല്ലാവരോടും അവനെ ചീത്ത പറയാന്‍ ഏല്‍പിച്ചു. അവനെ കൊല്ലാനുള്ള ദേഷ്യം എനിക്കുണ്ടായിരുന്നു. ആത്മഹത്യ ചെയ്യുന്നുവെന്ന്‌ പറഞ്ഞ്‌ ആളെ പറ്റിച്ചതിന്‌ അവനെ കൊല്ലുക തന്നെ വേണ്ടേ? എനിക്കത്രയ്‌ക്ക്‌ അങ്ങ്‌ ചീത്ത പറയാന്‍ കഴിയാത്തതിനാലാണ്‌. അത്‌. ഒന്നാംതീയതി രാവിലെ തന്നെ ഞാന്‍ അവനെ വിളിച്ചു.

അവന്‍ എന്തെങ്കിലും പറയുന്നതിന്‌ മുന്നേ തെറികളെല്ലാം വലിച്ചറിഞ്ഞു. വെറുതെ ആളെ കളിപ്പിക്കല്ലേ കേട്ടാ. നിന്റെ തമാശ വീട്ടില്‍ വെച്ചാ മതി മുതലായ ചെറുകിട തെറികള്‍ പറയുമ്പോള്‍ തന്നെ അവന്‍ കയറി ഇടപെട്ടു.

"എന്താ പ്രശ്‌നം ???"

"എന്താന്നോ ഒന്നും അറിയില്ല.?"

"ഇല്ല !!"

"പ്രേതമേ, നീ ആത്മഹത്യ ചെയ്‌തില്ലേ ഇന്നലെ.?"

"അയ്യോ മധുവേട്ടാ അത്‌ അത്ര വലിയ പ്രശ്‌നമായോ. ഞാന്‍.."

വിശദമായി ഞാന്‍ സംഭവങ്ങള്‍ വിവരിച്ചു. അപ്പോഴാണ്‌ അവന്‌ അതിന്റെ ഗൗരവം മനസ്സിലായത്‌. അവന്‍ കാര്യം വിശദമായി പറഞ്ഞു.

"എസ്‌.എം.എസ്‌. അയച്ചു എന്നത്‌ ശരി തന്നെ. പക്ഷേ അതിങ്ങനെയായിരുന്നു.
ഞാന്‍ വിടവാങ്ങുകയാണ്‌. നിങ്ങള്‍ക്ക്‌ കഴിഞ്ഞുപോകുന്ന ഓരോ നിമിഷവും എന്നെ നഷ്‌ടപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. ഈ രാത്രി കൂടി കഴിയുന്നതോടെ, ഇനി തമ്മില്‍ കാണാന്‍ കഴിയില്ല. വേദനയോടെ ഞാന്‍ വിടവാങ്ങട്ടെ... സ്വന്തം 2009 !!!!!!!!!"

പുതുവല്‍സരാശംസയുടെ മുന്നോടിയായി അയച്ചതാണ്‌ അവന്‍ പലര്‍ക്കും അയക്കുന്ന കൂട്ടത്തില്‍ വയനാട്ടിലെ സുഹൃത്തിനും അയച്ചുവത്രെ. അയാള്‍ വേവലാതിയില്‍ എസ്‌.എം.എസ്‌ മുഴുവന്‍ വായിച്ചില്ല.

ഞാന്‍ ഉടനെ എല്ലാവരെയും വിളിച്ചു പറഞ്ഞു. ചിലര്‍ പറഞ്ഞു എന്താ കഥ എന്ന്‌ മറ്റ്‌ ചിലര്‍ പറഞ്ഞു. ഓ അത്‌ അവന്‍ എനിക്കും അയച്ചിരുന്നല്ലോ. എന്നാലും ഇത്രയും ആളുകളെ മുള്‍ മുനയില്‍ നിര്‍ത്തിയ ഒരു സംഭവം. നല്ല, ഒരു പുതുവര്‍ഷാരംഭം. ആത്മഹത്യയക്കും കൊലയ്‌ക്കുമിടയിലൂടെ ആര്‍ത്തനാദം പോലെ പാഞ്ഞുപോയ നിമിഷങ്ങള്‍....

ഗുണപാഠം : എസ്‌.എം.എസ്‌ തിരക്കിനിടയില്‍ മുഴുവന്‍ വായിക്കാതിരിക്കരുത്‌.

Read more...
Related Posts with Thumbnails

  © K.V.MADHU 2009 Blogger Theme by Ourblogtemplates.com 2008

Back to TOP