Sunday, May 23, 2010

ഹാഷ്‌മി പൂഞ്ച്‌ മഴമേഘങ്ങള്‍ക്കൊപ്പം മരണത്തിലേക്ക്‌ പോയി


കണ്ടുനില്‍ക്കെ പൊലിഞ്ഞുപോകുന്ന പുഷ്‌പങ്ങള്‍ ഏത്‌ നിറമാണ്‌ മനസ്സില്‍ അവശേഷിപ്പിക്കുക? ആ പുഷ്‌പങ്ങളുടെ സ്‌നേഹത്തിന്‌ ഏത്‌ ഗന്ധമായിരിക്കും ഉണ്ടാകുക? മരണത്തിന്റെ രൂപവും ഭാവവും നമ്മെ ഭയപ്പെടുത്തുക ഏത്‌ നിലയിലാണ്‌?

പിംഗള കേശിനിയായ മരണത്തിന്റെ കടന്നുവരവിനെ കുറിച്ച്‌ പറയുമ്പോള്‍ ആരോഗ്യ നികേതനത്തിന്റെ എഴുത്തുകാരന്‍ താരാശങ്കര്‍ ബാനര്‍ജി ബന്ദ്യോപാധ്യായ കരുതിയിരിക്കുമോ പിടികിട്ടാത്ത ചോദ്യമായി തനിക്ക്‌ പിമ്പേ വരുന്നവരും ഈ ആശങ്കയില്‍ പെട്ട്‌ ഉഴലേണ്ടി വരുമെന്ന്‌?മംഗലാപുരത്ത്‌ എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനം കത്തിയമരുമ്പോള്‍ സ്വീകരിക്കാനെത്തിയ യാത്രക്കാരുടെ ബന്ധുക്കളെ നോക്കി നില്‍ക്കേ പൊലിഞ്ഞുപോയവരുടെ ഓര്‍മകള്‍ ഇപ്പോഴും വേട്ടയാടുന്നുണ്ടാകണം. അതൊരു വിമാനത്തിന്റെ രൂപത്തിലാകും, അല്ലെങ്കില്‍ തീയുടെ രൂപത്തിലാകും, അതുമല്ലെങ്കില്‍ ബജ്‌പെ വിമാനത്താവളത്തിനരികില്‍ മരണത്തിന്റെ ഗുഹാമുഖം തുറന്ന്‌ കാത്തിരുന്ന കാടിന്റെ രൂപത്തിലാകും....



എന്നാല്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ വേദനിപ്പിക്കുന്നത്‌ ട്വിറ്ററില്‍ മെസേജുകള്‍ അപ്പപ്പോള്‍ നല്‍കി നോക്കിനില്‍ക്കെ ആ വിമാനത്തില്‍ പൊലിഞ്ഞുപോയ ഹാഷ്‌മി പൂഞ്ച എന്ന പതിനേഴുകാരിയുടെ പ്രസന്നവും അരൂപവുമായ ആ മുഖമാണ്‌. ആ കുട്ടി കാട്ടില്‍ പൊലിഞ്ഞുപോയ തന്റെ ജീവന്‍ ബാക്കിയാക്കിയ, കല്യാണത്തിന്റെ ഓര്‍മകളില്‍ അദൃശ്യസാന്നിധ്യമായി എത്തുമോ? ട്വിറ്ററിലെ പ്രസന്നമായ സൗഹൃദഭാവവുമായി വളരെ കുറച്ച്‌ മാത്രമുള്ള സുഹൃത്തുക്കളെ അഭിസംബോധന ചെയ്യുന്ന ഒരു കമ്യൂണിക്കേഷന്‍ വിദ്യാര്‍ത്ഥിയായിരുന്നു ഹാഷ്‌മി പൂഞ്ച.



കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‌ പുറത്തുള്ള മില്‍മയില്‍ ചായ കുടിച്ചുകൊണ്ടിരിക്കുമ്പോഴാണ്‌ ഫോട്ടോഗ്രാഫര്‍ ഷെമീര്‍ അബ്‌ദുള്ള ആകുലതകള്‍ പങ്കുവച്ചത്‌. പത്രത്തിന്‌ വേണ്ടി ഫോട്ടോയെടുക്കന്‍ പോയ ഷെമീറിന്‌ ചായ കുടിക്കാന്‍ കഴിഞ്ഞില്ല. അവന്‍ കത്തിക്കരിഞ്ഞ മരണത്തിന്റെ മണം ചായയില്‍ കണ്ടു.


ഷെമീറിനോട്‌ പറഞ്ഞു അക്കൂട്ടത്തില്‍ ഒരു ട്വിറ്റര്‍ സുഹൃത്തുണ്ടായിരുന്നു. കവിത പോലെ ആ വിമാനത്തില്‍ പൊലിഞ്ഞുപോയ ഹാഷ്‌മി പൂഞ്ച്‌.അപ്പോഴാണ്‌ അവിടെക്ക്‌ കയറി വന്ന മറ്റൊരാള്‍ പറഞ്ഞത്‌ ഞാനിന്നലെ വൈകീട്ടാണ്‌ നാട്ടിലെത്തിയത്‌. ഇന്നലെ എനിക്ക്‌ ഫ്‌ളൈറ്റിന്‌ ടിക്കറ്റ്‌ കിട്ടില്ലെന്നുറപ്പിച്ചതാണ്‌. ഇന്ന്‌ ഈ തകര്‍ന്നടിഞ്ഞ വിമാനത്തില്‍ വരാനായിരുന്നു തീരുമാനിച്ചത്‌.


തികച്ചും യാജൃച്ഛികമായാണ്‌ എനിക്ക്‌ രണ്ടാമത്‌ ടിക്കറ്റ്‌ ആദ്യവിമാനത്തില്‍ തന്നെ ശരിയായത്‌. അല്ലെങ്കില്‍ ഇപ്പോള്‍....അയാളും ചായ മുഴുവന്‍ കുടിച്ചില്ല. അര്‍ദ്ധരാത്രി ഉണര്‍ത്തി വിട്ട ആകുലതയിലായിരുന്നു അയാള്‍ പെട്ടെന്ന്‌ ചായക്കാശും കൊടുത്ത്‌ അയാള്‍ കാറെടുത്ത്‌ പോയി. വേഗം വീട്ടിലേക്ക്‌....ഞങ്ങള്‍ അപ്പോഴും ദുരന്തത്തെകുറിച്ച്‌ തന്നെ സംസാരിക്കുകയായിരുന്നു. യഥാര്‍ത്ഥത്തില്‍ എന്താണ്‌ സംഭവിച്ചിട്ടുണ്ടാകുക. വിമാനത്തില്‍ കയറിയിട്ടില്ലാത്തതിനാല്‍ അതിനകത്തെ ആശങ്കകള്‍ ഊഹിക്കുക മാത്രമേ നിവൃത്തിയുണ്ടായുള്ളൂ. ജീവന്‍ നഷ്‌ടപ്പെട്ട 159 പേരുടെയും ബന്ധുക്കള്‍ അവര്‍ ആകാശത്തുനിന്ന്‌ പറന്നിറങ്ങുന്നത്‌ കണ്ടുകൊണ്ടിരിക്കുകയായിരുന്നില്ലേ.. പ്രിയപ്പെട്ട വര്‍ കാണെ കാണെ ഇല്ലാതാകുകയായിരുന്നു അവര്‍...


ഷെമീര്‍, ഞാന്‍ ആലോചിക്കുകയായിരുന്നു ഹാഷ്‌മി പൂഞ്ചിനെ കുറിച്ച്‌. ആ കുട്ടി കഴിഞ്ഞ ദിവസം കൂടി ട്വീറ്റ്‌ ചെയ്‌തതിനെ കുറിച്ച്‌..വിമാനത്താവളത്തില്‍ ഇരിക്കുമ്പോള്‍ മഴമേഘം മൂടിയ ആകാശം മാത്രം കാണാന്‍ കഴിയുന്നുള്ളൂ എന്ന ആവളുടെ സന്ദേശം ഇപ്പോഴും കണ്ണ്‌ നിറയ്‌ക്കുകയാണ്‌. മരണത്തില്‍ അലിഞ്ഞുപോയ ആ കുട്ടിയെ കുറിച്ച്‌ എഴുതിയ സ്റ്റോറിയെ കുറിച്ച്‌... അത്‌ വെറും വാര്‍ത്തയായിരുന്നെങ്കിലും ഓര്‍മയില്‍ വല്ലാത്തൊരു വേദന ബാക്കികിടപ്പുണ്ടായിരുന്നു.



ദിവസങ്ങളായി ട്വിറ്ററില്‍ കാണുന്ന ചെറിയ സന്ദേശങ്ങളില്‍ മംഗലാപുരത്തെ ബന്ധുവിന്റെ കല്യാണത്തിന്‌ പോകേണ്ടതിന്റെ വേവലാതികളാണ്‌ ഹാഷ്‌മി പങ്കുവച്ചിരുന്നത്‌. അവളുടെ സുഹൃത്തുക്കളുടെ രസകരമായ പ്രതികരണങ്ങളും നന്നായി അവള്‍ ആസ്വദിച്ചിരുന്നു. ഏറ്റവും ഒടുവില്‍ കല്യാണത്തിന്‌ പോകാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ആ യാത്ര അവസാനത്തെ യാത്രയുമായിരുന്നു. ഒരു ട്വിറ്റര്‍ സുഹൃത്താണ്‌ ഹാഷ്‌മി അപകടത്തില്‍ പെട്ടത്‌ ആദ്യം തിരിച്ചറിഞ്ഞത്‌.


ഏറ്റവും ഒടുവില്‍ വൈറ്റ്‌ ക്രയോണ്‍ എന്ന ഹാഷ്‌മിയുടെ സുഹൃത്ത്‌ ഞെട്ടലോടെ പറഞ്ഞു. `അതെ അത്‌ അവള്‍ തന്നെ. അവള്‍ക്ക്‌ ആ ദുരന്തത്തെ തരണം ചെയ്യാനായില്ല.' പിന്നീട്‌ ഹാഷ്‌മിയുടെ അമ്മജോലി ചെയ്യുന്ന ഗള്‍ഫ്‌ ന്യൂസ്‌ എന്ന മാധ്യമ സ്ഥാപനവും മരണവാര്‍ത്ത സ്ഥിരീകരിച്ചു. ബന്ധുവിന്റെ കല്യാണത്തില്‍ പങ്കെടുക്കാന്‍ പോയ തങ്ങളുടെ ജീവനക്കാരി മണിരേഖാ പൂഞ്ചയും 17 വയസ്സ്‌ പ്രായമായ മകളും ഭര്‍ത്താവും വിമാനാപകടത്തില്‍ മരിച്ചതായി ഗള്‍ഫ്‌ ന്യൂസിന്റെ വെബ്‌ സൈറ്റ്‌ സ്ഥിരീകരിച്ചതോടെ ഉറപ്പായി. പിന്നീട്‌ വിമാനാപകടത്തില്‍ മരിച്ചവരുടെ ലിസ്റ്റ്‌ പ്രസിദ്ധീകരിച്ചപ്പോള്‍ അതില്‍ ആദ്യത്തെ പേരായി ഹാഷ്‌മി പൂഞ്ചയുടെ പേരുണ്ടായിരുന്നു.



ഗള്‍ഫ്‌ ന്യൂസില്‍ ഫിനാന്‍സ്‌ വിഭാഗത്തില്‍ ജോലി ചെയ്‌തിരുന്ന മണിരേഖയും കുടുംബവും കല്യാണത്തില്‍ പങ്കെടുക്കാന്‍ വേണ്ടി ചുരുങ്ങിയ ദിവസത്തേക്ക്‌ അവധിയെടുത്താണ്‌ നാട്ടിലേക്ക്‌ പുറപ്പെട്ടതെന്നും ഗള്‍ഫ്‌ ന്യൂസ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തു. എന്നാല്‍ ഹാഷ്‌മി പൂഞ്ച്‌ യാത്രയായത്‌ വിവാഹച്ചടങ്ങിലേക്കല്ല. അതിദാരുണമായ ഒരു അപകടത്തിന്റെ കൈപിടിച്ച്‌ മരണത്തിന്റെ ഗുഹാമുഖത്തേക്കാണ്‌. നെയ്‌റ്റിസെന്റു എന്ന പേരില്‍ ട്വീറ്ററില്‍ അക്കൗണ്ടുള്ള ഹാഷ്‌മിയുടെ കൂട്ടുകാരുടെ തേങ്ങള്‍ അവരുടെ ട്വറ്റര്‍ അക്കൈണ്ടുകളില്‍ നിന്ന്‌ കേള്‍ക്കാം.


ഇപ്പോഴും ഹാഷ്‌മിയുടെ ഏറ്റവും ഒടുവിലത്തെ ട്വീറ്റ്‌ സുഹൃത്തുക്കളെ നോക്കി പ്രസന്നതയോടെ ചിരിക്കുകയാണ്‌. `ഞാന്‍ എയര്‍പോര്‍ട്ടിലാണ്‌. മുന്നില്‍ ഒന്ന്‌ മാത്രമാണ്‌ കാണുന്നത്‌. അത്‌ മഴയാണ്‌.' അതെ ഒടുവില്‍ മരണം മഴയുടെ രൂപത്തില്‍ അച്ഛനമ്മമാരോടൊപ്പം ഹാഷ്‌മിയെയും സഹയാത്രികരെയും കൊണ്ടുപോയി. മില്‍മയില്‍ ചായ കുടിക്കുമ്പോള്‍ കണ്ട ചേട്ടനെ പോലെ മരണത്തിന്റെ തുറമുഖത്ത്‌ നിന്ന്‌ ടിക്കറ്റ്‌ കിട്ടാതെ രക്ഷപ്പെട്ടവര്‍ ആശ്വസിക്കുന്നത്‌ കാണാം. അതേസമയം മരണത്തിലേക്ക്‌ കവിത പോലെ എഴുതിയൊഴുകിയ ഹാഷ്‌മി പൂഞ്ചിന്റെ ചിരിയും കേള്‍ക്കുന്നു. ആരുടെ കൂടെയാണ്‌ നാം ചേരുക... ?

Read more...

Friday, May 14, 2010

സ്‌നേഹം നിറച്ച ഇന്‍സ്‌ട്രുമെന്റ്‌ ബോക്‌സ്‌

ഒരാള്‍ കള്ളനാകുന്നതെപ്പോഴാണ്‌.

സാഹചര്യമാണ്‌ കള്ളനാക്കിയത്‌, ജീവിക്കാന്‍ വേണ്ടി കള്ളനായി... എന്നൊക്കെയുള്ള നിരവധി വ്യാഖ്യാനങ്ങള്‍ കേട്ടിട്ടുണ്ട്‌. പക്ഷേ, ഒരു പാവം സ്‌കൂള്‍ വിദ്യാര്‍ത്ഥി രണ്ടുദിവസത്തേക്ക്‌ കള്ളനായ കഥ ഓര്‍ത്തപ്പോള്‍ പതിവിന്‌ വിപരീതമായി കഴിഞ്ഞ ദിവസം മുമ്പില്ലാത്ത സങ്കടം വന്നു. എപ്പോഴും രസത്തോടെ മാത്രം ഓര്‍ക്കാറുള്ള കഥ എന്തിനാണ്‌ വികാരാധീനനാക്കിയത്‌ എന്നറിയില്ല.

അധ്യാപകരാണ്‌ ജീവിതത്തില്‍ വഴിവിളക്കുകളാകുകയെന്നത്‌ പലപ്പോഴും ഒരു സാധാരണ വാചകമായി പലരും പറയാറുണ്ട്‌. അന്നൊരിക്കല്‍ ഒരു ഇന്‍സ്‌ട്രുമെന്റ്‌ ബോക്‌സ്‌ മോഷണക്കുറ്റത്തിന്‌ ഹെഡ്‌മാസ്റ്ററുടെ കൈയില്‍ നിന്ന്‌ അടിവാങ്ങിയ, സ്‌കൂള്‍ മുഴുവന്‍ കളിയാക്കല്‍ ഏറ്റുവാങ്ങിയ വിദ്യാര്‍ത്ഥിയുടെ കഥയാണ്‌ അത്‌.

അത്‌ ഞാനായിരുന്നു. പതിവ്‌ പോലെ അന്നും ഞങ്ങള്‍ ക്ലായിക്കോട്ട്‌ നിന്ന്‌ മുഴക്കോത്ത്‌ സ്‌കൂളിലേക്ക്‌ യാത്ര തുടര്‍ന്നു. രാവിലെ 8.21ന്‌ റേഡിയോവില്‍ ഇംഗ്ലീഷ്‌ വാര്‍ത്ത കഴിയുമ്പോള്‍ ഞങ്ങള്‍ വീടുകളില്‍ നിന്നിറങ്ങും. ഞാന്‍ സുരേശന്‍, രജനി എന്നിവരാണ്‌ മുഴക്കോത്ത്‌ സ്‌കൂളിലേക്ക്‌ യാത്രയാകുക. ഞങ്ങള്‍ തമ്മില്‍ ഉടക്കാത്ത ദിവസങ്ങളുണ്ടാകാറില്ല. പലപ്പോഴും ദിവസങ്ങളോളം മിണ്ടാതിരിക്കാറുപോലുമുണ്ട്‌. അപ്പോഴും പരസ്‌പരം സ്‌നേഹമായിരുന്നു.
അത്‌ ആറാംക്ലാസില്‍ വച്ചാണെന്നാണ്‌ ഓര്‍മ. പതിവ്‌ പോലെ തന്നെ പഠനത്തില്‍ ആരുടെയും ഇഷ്‌ടക്കേട്‌ നേടാത്ത വിദ്യാര്‍ത്ഥികളായിരുന്നു ഞാനും സുരേശനുമൊക്കെ. എപ്പോഴും ശരാശരിക്ക്‌ മുകളില്‍ പ്രകടനം നടത്തുമ്പോഴും ഒന്നാമന്മാരായാരുന്നില്ല. ഞങ്ങളെ ഇഷ്‌ടപ്പെട്ടിരുന്ന അധ്യാപകര്‍ അധികം ഉണ്ടായിരുന്നില്ല. കൂലിപ്പണിക്കാരുടെ മക്കളായതുകൊണ്ടോ അധ്യാപകരുടെ വീട്ടില്‍ തന്നെ പണിക്ക്‌ പോകുന്ന രക്ഷിതാക്കളോടുള്ള മനോഭാവം കൊണ്ടോ എന്നൊക്കെ ബാലസഹജമായ കോംപ്ലക്‌സുകള്‍ ഉള്ളില്‍ തിരുകി ഞങ്ങള്‍ പരസ്‌പരം പറഞ്ഞ്‌ സമാധാനിപ്പിച്ചിരുന്നു. അര്‍ഹിക്കുന്നതാണ്‌ നേടിക്കൊണ്ടിരിക്കുന്നത്‌ എന്നായിരുന്നു സ്വയം വിശ്വസിപ്പിച്ചിരുന്നത്‌.

സുരേശന്‍ പഠിക്കാന്‍ എന്നെക്കാള്‍ മിടുക്കനായിരുന്നു. പക്ഷേ എന്നിട്ടും അവനെപോലും ഏതെങ്കിലും മാഷ്‌ പേരെടുത്ത്‌ വിളിക്കുന്നത്‌ പോലും കേട്ടിരുന്നില്ല. അപ്പോ പിന്നെ എന്റെ കാര്യം പറയാനില്ലല്ലോ എന്നു ഞാന്‍ സമാധാനിക്കും. എസ്‌.എസ്‌.എല്‍സിക്ക്‌ ഫസ്റ്റ്‌ ക്ലാസ്‌ വാങ്ങിയപ്പോള്‍ മറ്റ്‌ ചിലരെ താരതമ്യപ്പെടുത്തി മില്ല്‌ നടത്തുന്ന ഭാസ്‌കരേട്ടന്‍ എന്നെയും സുരേശനെയും പറ്റി പറഞ്ഞ ആ അഭിപ്രായമാണ്‌ എന്നത്തെയും വലിയ അഭിനന്ദനമായി മനസ്സില്‍ സൂക്ഷിക്കുന്നുണ്ട്‌ ഇപ്പോഴും.

`നിങ്ങള്‌ വെറുതെ പട്ട്‌ണി പാക്കും (പരിഷത്തുകാര്‍ എടുക്കുന്ന ബാഗാണ്‌ അന്നുണ്ടായിരന്നത്‌. അതിനെ പട്ട്‌ണി പാക്ക്‌ എന്നാണ്‌ നാട്ടില്‍ വിളിച്ചിരുന്നത്‌.) ചുമലിലിട്ട്‌ പോകുന്നത്‌ കണ്ട്‌ ഇത്രക്കങ്ങ്‌ വിചാരിച്ചില്ല ട്ടാ. ഉഷാറാക്കി മക്കളേ. അങ്ങന്നെ വേണം... '

ചെലപ്പോ പിന്നീട്‌ തോന്നിയിട്ടുണ്ട്‌ ആ അഭിനന്ദനത്തിന്‌ വേണ്ടിയാകും ഇത്രയും കാലം കാത്തിരുത്തിയതെന്ന്‌. പറഞ്ഞ്‌ വന്നത്‌ ഒരു മോഷണക്കഥയാണ്‌.

ഉച്ചയ്‌ക്ക്‌സ്‌കൂളിലെ കഞ്ഞിയും പയറും കഴിച്ച്‌ ബാക്കിയുള്ള സമയത്ത്‌ വെറുതെ മറ്റ്‌ ക്ലാസുകളുടെ മുറ്റത്തുകൂടി നടക്കുക എന്ന ചടങ്ങുണ്ടായിരുന്നു. അന്ന്‌ അഞ്ചാംക്ലാസിനുള്ളില്‍ ഞങ്ങള്‍ കയറി. കുറേ പേരുണ്ടായിരുന്നു. ചരിത്രത്തിലാദ്യമായി എസ്‌.എഫ്‌.ഐയുടെ മെമ്പര്‍ഷിപ്പ്‌ മുറിക്കാന്‍.. മുഴക്കോത്ത്‌ യു.പി.സ്‌കൂളാണെങ്കിലും എസ്‌.എഫ്‌.ഐ ഉണ്ടായിരുന്നു.

എസ്‌.എഫ്‌.ഐക്കാര്‍ മെമ്പര്‍ഷിപ്പ്‌ മുറിച്ചു. ഞാനും മറ്റ്‌ ചിലരും പതിവ്‌ പോലെ അവിടെ വെറുതെ ഇരുന്ന്‌ തിരിച്ചുവന്നു.
പിന്നീട്‌ ഉച്ചയ്‌ക്ക്‌ ശേഷമുള്ള ക്ലാസ്‌ തുടങ്ങി. ഉച്ചഭക്ഷണത്തിന്റെ ആലസ്യത്തില്‍ ഉറക്കത്തിലും ക്ഷീണത്തിലും ക്ലാസ്‌ വിരസമായി മുന്നോട്ട്‌ പോകുമ്പോഴാണ്‌ പ്യൂണ്‍ വന്ന്‌ മാഷിനെ വിളിപ്പിച്ചത്‌. കുറച്ച്‌ ആശ്വാസമാണെന്ന്‌ കരുതിയിരിക്കവേ മാഷ്‌ തിരിച്ചുവന്നു. പിന്നീട്‌ പറഞ്ഞു. അപ്പുറത്തെ ക്ലാസിലെ ഒരുകുട്ടിയുടെ ഇന്‍സ്‌ടുമെന്റ്‌ ബോക്‌സ്‌ കാണുന്നില്ല. അത്‌ കേട്ടപ്പോള്‍ ഒന്നും തോന്നിയില്ല. കുറച്ച്‌ കഴിഞ്ഞ്‌ പ്യൂണ്‍ വീണ്ടും വന്നു. മാഷിനോട്‌ എന്തോ സംസാരിച്ചു. മാഷിന്റെ മുഖം മാറുന്നത്‌ ഞാന്‍ കണ്ടു. കുറച്ച്‌ നേരം ക്ലാസില്‍ വെറുതെ നിന്ന്‌ ചെറിയ വിഷമത്തോടെ മാഷ്‌ പറഞ്ഞു. മധുവിനെ റൂമിലേക്ക്‌ വിളിക്കുന്നു.

ലോകത്തിലെ ഏറ്റവും അരക്ഷിതമായ ഭൂപ്രദേശം ഏതെന്ന്‌ ചോദിച്ചാല്‍ അന്ന്‌ ഉത്തരം പറയുക സ്റ്റാഫ്‌ റൂം എന്നാണ്‌ എന്തോ അവിടെ നില്‍ക്കുമ്പോള്‍ വല്ലാത്തൊരുഭയമായിരുന്നു. അകാരണമായി അങ്ങോട്ട്‌ പോകേണ്ടി വന്ന എന്റെ ഭീതി വര്‍ണിച്ചാല്‍ തീരുന്നതായിരുന്നില്ല. സ്റ്റാഫ്‌ റൂമില്‍ ചില അധ്യാപകര്‍ എന്റെ അടുത്തെത്തി.

"മധു ആ കുട്ടിയുടെ ഇന്‍സ്‌ടുമെന്റ്‌സ്‌ ബോക്‌സ്‌ എടുത്തോ.?"

"ഇല്ല മാഷെ.. ഭയം നെഞ്ചിടിപ്പും കടന്ന്‌ ഉള്ളില്‍ നിര്‍ജലീകരണം ഉണ്ടാക്കുന്ന അവസ്ഥയിലെത്തിച്ചു."

"പിന്നെ....?"

"എനിക്കറിയില്ല മാഷെ."

"സത്യം പറഞ്ഞോ. ഇപ്പോ പറഞ്ഞാ രക്ഷപ്പെടാം."

"ഇല്ല മാഷേ.. പിന്നെ പിന്നെ എനിക്ക്‌ ഉത്തരം മുഴുമിപ്പിക്കാന്‍ കഴിയാത്ത വിധമായിപ്പോയി."

മാഷ്‌ പിന്നെ പറഞ്ഞു. "ഒരു കാര്യം ചെയ്യൂ. വരൂ.."

മാഷ്‌ എന്നെയും കൂട്ടി ഹെഡ്‌മാസ്റ്ററായ ഉണിത്തിരമാഷിന്റെ മുറിയിലേക്ക്‌ പോയി. മരണത്തിനപ്പുറം വലിയ ഭീതി ഇല്ലെന്നാണ്‌ അന്ന്‌ വരെ കരുതിയിരുന്നത്‌. എന്നാല്‍ അതിനപ്പുറം പേടിപ്പിക്കുന്ന ലോകം ഉണ്ടെന്ന്‌ എനിക്ക്‌ മനസ്സിലായി. ഉണിത്തിരിമാഷിനെ എല്ലാവര്‍ക്കും പേടിയായിരുന്നു. വല്ലാതെ ശാരീരികമായി ഉപദ്രവിക്കുന്ന ഉണിത്തിരമാഷ്‌ ഹെഡ്‌മാസ്റ്ററായി മുഴക്കോത്ത്‌ സ്‌കൂളിലേക്ക്‌ വന്നപ്പോള്‍ തന്നെ ഞങ്ങള്‍ക്ക്‌ ഭയമായിരുന്നു. ഉണിത്തിരി മാഷ്‌ നുള്ളി വേദനിപ്പിക്കുമായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ നുള്ളല്‍ വേദന ഉണിത്തിരമാഷിന്റെതായിരുന്നു.
മാഷ്‌ എന്നെയൊന്ന്‌ നോക്കി.

"എന്താ മധുവേ..?"

ഇല്ല പേടിക്കാനില്ല. മാഷിനോട്‌ പറഞ്ഞാ വിശ്വസിക്കുമായിരിക്കും എന്ന്‌ എന്തിനോ പ്രത്യാശിച്ചു.

"നീ ആകുട്ടിയുടെ ബോക്‌സെടുത്തോ.?"

"ഇല്ല മാഷേ.."

"സത്യം പറയേടാ നീ എടുത്തില്ലേ.."

"ഇല്ല മാഷേഞാനെടുത്തില്ല.."

"നീ ഉച്ചക്ക്‌ അഞ്ചാം ക്ലാസില്‍ പോയില്ലേ.."

ശരിയായിരുന്നു. ഞങ്ങള്‍ അവിടെ പോയിരുന്നു. കൂടെയുള്ള ചിലര്‍ മെമ്പര്‍ഷിപ്പ്‌ മുറിക്കുന്ന സമയത്ത്‌ ഞാനും സുരേശനും ഡസ്‌കിലുണ്ടായിരുന്ന ആധുനിക തരത്തിലുള്ള ഒരുബാഗ്‌ എടുത്തുനോക്കിയതോര്‍മയുണ്ട്‌. ഞങ്ങളുടെ പട്ട്‌ണിപാക്കിനെ കുറിച്ച്‌ ഓര്‍ത്തതും സുരേശനോട്‌ എന്ത്‌ നല്ല ബാഗാണെന്ന്‌ പറഞ്ഞതും ഒക്കെ ഓര്‍മയുണ്ട്‌. പക്ഷേ..

"അഞ്ചാംക്ലാസില്‍ പോയിരുന്നു മാഷേ.."

ഉണിത്തിരിമാഷ്‌ അടുത്തേക്ക്‌ വരാന്‍ പറഞ്ഞു.

"എന്തിനാ പോയത്‌.?"

"എല്ലാരുടെയും കൂടെ"

"എന്നിട്ട്‌?"

"എന്നിട്ട്‌ തിരിച്ചുവന്നു."

മുറിയിലുണ്ടായിരുന്ന മാഷിനോട്‌ ഉണിത്തിരി മാഷ്‌ പറഞ്ഞു.

"അഞ്ചാംക്ലാസിലെ ആ കുട്ടികളെ കൂട്ടിക്കൊണ്ട്‌ വാ"

മാഷ്‌ പോയി മൂന്ന്‌ നാല്‌ കുട്ടികളെ കൂട്ടിക്കൊണ്ട്‌ വന്നു. എന്നിട്ട്‌ ഉണിത്തിരിമാഷ്‌ ചോദിച്ചു.
"ഇവന്‍ ബാഗ്‌ തുറക്കുന്നത്‌ നിങ്ങള്‍ കണ്ടോ?"

"കണ്ടുമാഷേ!!!!"

അവരുടെ മറുപടി എന്നെ ശരിക്കും തളര്‍ത്തി. കാലുകള്‍ ഉറക്കാത്തപോലെ. കൈകള്‍ വിറയ്‌ക്കന്ന പോലെ..
എന്നിട്ട്‌ മാഷെന്നെ നോക്കി.

"മാഷേ ഞാന്‍ ബാഗ്‌ നോക്കിയതേ ഉള്ളൂ. അതില്‍ നിന്ന്‌ ഒന്നും എടുത്തിരുന്നില്ല."

"പിന്നെന്തിനാടാ ബാഗ്‌ തുറക്കുന്നത്‌.?"

ഉടനെ കൈകൊണ്ട്‌ ചെവി പിടിച്ച്‌ തിരക്കുകയായിരുന്നു. ലോകത്തില്‍ ഒരുകുട്ടിയും അനുഭവിച്ചുണ്ടാവില്ല. അത്രയും വേദന. മാനസികമായും ശാരീരികമായും.

ഞാന്‍ കരയുകയായിരുന്നു. ഒച്ചയില്ലാതെ 'ഇല്ല മാഷേ ഞാനെടുത്തിട്ടില്ല. മാഷേ..'

പിന്നെ അവര്‍ എന്റെ ബാഗ്‌ പരിശോധിച്ചു. അതില്‍ കുറേ പൊട്ടിയ പ്രൊട്ടാക്‌ടറുകള്‍, പെന്‍സില്‍, നീളമില്ലാത്ത സ്‌കെയിലുകള്‍...

മാഷ്‌ കുറേ അടിച്ചതോര്‍മയുണ്ട്‌. പിന്നെ വല്ലാത്തൊരു അബോധാവസ്ഥ എന്നെ പൊതിഞ്ഞു. കുറെ കരഞ്ഞു. എല്ലാ കുട്ടികളെയും മാഷ്‌ പറഞ്ഞയച്ചു. എന്നെ പുറത്തുനിര്‍ത്തി. സത്യം പറയാതെ നിന്നെ വിടില്ല എന്ന്‌ പറഞ്ഞ്‌ ഉണിത്തിരിമാഷും പോയി. ആരോട്‌ പറയാന്‍... അവര്‍ ആവശ്യപ്പെട്ടത്‌ സത്യം പറയാനല്ല. ഞാന്‍ ബോക്‌സെടുത്തു. എന്ന്‌ പറയാനാണ്‌. പക്ഷേ..

വൈകുന്നേരം ജനഗണമന ചൊല്ലി, ക്ലാസ്‌വിട്ടു. എല്ലാവരും എന്നെ പ്രദര്‍ശന വസ്‌തുപോലെ നോക്കിനിന്നു. ഞാന്‍ വെറുതെവറ്റിയില്ലാതായ കണ്ണീരുമായി കരഞ്ഞുകൊണ്ടിരുന്നു. ഒടുവില്‍ കുറേ കഴിഞ്ഞ്‌ എന്നെയും വിട്ടു. സുരേശനും രജനിയുഎ ന്നെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. നാളെ സത്യം സമ്മതിച്ചിട്ട്‌ ക്ലാസില്‍ കയറിയാല്‍ മതിയെന്ന്‌ ഉത്തരവിട്ട്‌ അധ്യാപകരും പിരിഞ്ഞ്‌ പോയി.

രാത്രി ആരും കാണാതെ കരഞ്ഞു. വീട്ടില്‍ അധികം സംസാരിക്കാതെ വേഗം ഉറങ്ങി. നാളത്തെ ദിനം അന്ത്യദിനമാകുമെന്നുറപ്പുണ്ടായിരുന്നു. ബോക്‌സ്‌ ഞാന്‍ കട്ടതാണ്‌ എന്ന്‌ സമ്മതിക്കുന്നതനെ കുറിച്ചാണ്‌ ആലോചിച്ചത്‌. പക്ഷേ എന്ത്‌ പകരം കൊടുക്കും. എന്റെ ബോക്‌സ്‌ മതിയാകുമോ? ഉത്തരം കിട്ടാത്ത അലച്ചിലിനിടക്കെപ്പോഴോ ഉറങ്ങി. രാവ്‌ മറയും മുമ്പേ ഉറക്കമുണര്‍ന്നു. പിന്നെ എങ്ങനെയോ നേരം പുലര്‍ത്തി. രാവിലെ സ്‌കൂളിലെത്തി. ക്ലാസില്‍ കയറാതെ പുറത്തുനിന്നു. ഉണിത്തിരിമാഷ്‌ വരുന്നതുവരെ കാഴ്‌ചവസ്‌തുവായി. പിന്നെ മാഷ്‌ മുറിയിലേക്ക്‌ വിളിപ്പിച്ചു. പതിവ്‌ പോലെ അടികുറേ അടിച്ചു. ഞാന്‍ കരഞ്ഞു. എടുത്തിട്ടില്ലമാഷേ ഞാന്‌ എന്ന ഇന്നലത്തെ പല്ലവി ആവര്‍ത്തിച്ചില്ല. അടിമൗനമായി കൊള്ളുക മാത്രം ചെയ്‌തു.

കുറേ കഴിഞ്ഞപ്പോള്‍ ഒരു ടീച്ചര്‍ കടന്നുവന്നു. അവര്‍ ഞാന്‍ പഠിച്ച വെള്ളാട്ട്‌ എല്‍.പി.സ്‌കൂളില്‍ അവര്‍ പുതിയതായി വന്നിരുന്നതാണ്‌. എന്നെ പഠിപ്പിച്ചില്ല. പക്ഷേ എന്നോട്‌ വല്ലാത്ത സ്‌നേഹമായിരുന്നു. ഉണിത്തിരിമാഷ്‌ ടീച്ചറിനോട്‌ കയറിയിരിക്കാന്‍ പറഞ്ഞു.

എന്നെ കണ്ട ഉടനെ ടീച്ചര്‍ ചോദിച്ചു.

"മധുവെന്താ ഇവിടെ?"

"അവനാണ്‌ പ്രതി..."

ടീച്ചറിന്റെ മകന്റെയാണ്‌ ബോക്‌സ്‌ കാണാതായത്‌. ടീച്ചറിന്റെ മകള്‍ ഏഴാംക്ലാസില്‍ എന്റെ സീനിയറായി അതേ സ്‌കൂളിലുണ്ടത്രെ. അവള്‍ ടീച്ചറോട്‌ പറഞ്ഞുകാണും.

"മോള്‌ പറഞ്ഞിട്ടാണ്‌ ഞാന്‍ അറിഞ്ഞത്‌. എവിടെ അവന്‍ എവനെ വിളിക്ക്‌..."

ഉണിത്തിരിമാഷ്‌ മോനെ വിളിപ്പിച്ചു.

അവന്‍ എന്തിനോ കുറ്റവാളിയെ പോലെ നില്‍ക്കുന്നു.

ഉണിത്തിരിമാഷ്‌ പറഞ്ഞു. "ഇവനെ കൊണ്ട്‌ സത്യം പറയിക്കാതെ ഇനി ക്ലാസില്‍ ഞാന്‍ കയറ്റില്ല. ഇവനെ പണ്ടേ എനിക്കിഷ്‌ടമല്ല."

ടീച്ചര്‍ എന്നെ നോക്കിക്കൊണ്ട്‌ പറഞ്ഞു. "അല്ല മാഷേ മധു നല്ല കുട്ടിയാണ്‌ എനിക്കറിയാം. ഇവന്‍ ഒരിക്കലും അങ്ങനൊന്നും ചെയ്യില്ല. മാത്രമല്ല, എന്റെ മോന്റെ ഇന്‍സ്‌ട്രുമെന്റ്‌ ബോക്‌സ്‌ കാണാതായിട്ടില്ല. അത്‌ എന്റെ വീട്ടിലണ്ടായിരന്നു. ഇവന്‍ ഇന്നലെ എടുക്കാന്‍ മറന്നതാണ്‌."

എന്നിട്ട്‌ ടീച്ചര്‍ മകനെക്കൊണ്ട്‌ ബാഗ്‌ തുറന്ന്‌ ബോക്‌സ്‌ എടുപ്പിച്ചു. പിന്നെയാണ്‌ ഞാന്‍ ശരിക്കും ഞെട്ടിയത്‌. ടീച്ചര്‍ വലതുകൈകൊണ്ട്‌ മകന്റെ മുഖത്ത്‌ ഒരറ്റ അടി.

ഞാന്‍ ശരിക്കും ഞെട്ടിപ്പോയി. അയ്യോ ടീച്ചറെ അവനെ തല്ലണ്ടെന്ന്‌ ഹെഡ്‌ മാസ്റ്റര്‍.

ഉണിത്തിരിമാഷ്‌ മുഖത്തെ ജാള്യത മറക്കാന്‍ ഉടനെ എന്നോട്‌ ക്ലാസില്‍ പോകാന്‍ പറഞ്ഞു. പോകുന്നതിന്‌ മുമ്പേ ടീച്ചര്‍ എന്റെ കൈയില്‍ ഒന്നുതൊട്ടത്‌ എനിക്കോര്‍മയുണ്ട്‌. നിര്‍വികാരനായി ക്ലാസിലെത്തിയ എന്നോട്‌ ആരും ഒന്നും ചോദിച്ചിരുന്നില്ല. ഉച്ചയൊക്കെ ആയപ്പോഴാണ്‌ എല്ലാവരും സത്യം അറിഞ്ഞത്‌.

ഉച്ചയ്‌ക്ക്‌ കഞ്ഞികുടിച്ച്‌ പാത്രം കഴുകി ക്ലാസിലേക്ക്‌ തിരിച്ചുനടക്കുമ്പോള്‍ ഉണിത്തിരിമാഷ്‌ പറയന്നത്‌ കേട്ടു. മധുവിന്‌ കുറേ തല്ലുകൊണ്ടത്‌ ബാക്കി. അതുവരെയില്ലാതിരുന്ന ഒരു കരച്ചില്‍ എന്റെയുള്ളില്‍. തേങ്ങിവന്നു. ആരുംകാണാതെ ക്ലാസിന്‌ പുറത്ത്‌ ചുമരിന്റെ മറവില്‍ കരഞ്ഞുതീര്‍ത്തതോര്‍മയുണ്ട്‌.

ആ ടീച്ചര്‍ ഇപ്പോള്‍ എവിടെയാണെന്ന്‌ എനിക്കറിയില്ല. അവരുടെ പേര്‌ പോലും എനിക്കിപ്പോള്‍ അറിയില്ല. അവരുടെ മകനും മകളും ഏത്‌ അവസ്ഥയിലാണെന്നും അറിയില്ല. എന്തായാലും അവര്‍ അന്ന്‌ എന്റെയും ഉണിത്തിരമാഷിന്റെയും മുമ്പില്‍ തുറന്നുകാണിച്ചത്‌ സ്‌നേഹം നിറച്ച ഒരു ഇന്‍സ്‌ട്രുമെന്റ്‌ ബോക്‌സായിരുന്നു. അതിനകത്ത്‌ പ്രൊട്ടാക്‌ടറും സ്‌കെയിലും ഒന്നും ഉണ്ടായിരുന്നില്ല. ഓര്‍മയില്‍ സ്‌നഹത്തിന്റെ നിറം നല്‍കിയാണ്‌ അവരുടെ മുഖം പ്രതിഷ്‌ഠിച്ചിട്ടുള്ളത്‌.
എല്ലാവരും എല്ലാം മറന്നു. മുഴക്കോത്ത്‌ സ്‌കൂള്‍ ഒരുപാട്‌മാറി. എല്ലാവരും മാറി. എന്നാലും ഇപ്പോഴും ചില നേരങ്ങളില്‍ ഉള്ളില്‍ ആ വേദന രസകരമായ നോവായി കയറിവരും.

Read more...
Related Posts with Thumbnails

  © K.V.MADHU 2009 Blogger Theme by Ourblogtemplates.com 2008

Back to TOP