Saturday, January 8, 2011

ഇന്ത്യാവിഷനും കെ.യു.മോഹന്‍കുമാറിനും അറിയാമോ, ശോഭാടാക്കീസിന്റെ സ്ഥാനത്ത്‌ ഇന്നൊരു ബാറാണെന്ന്‌?

യ്യന്നൂരിലെ പുല്ലുമേഞ്ഞ ശോഭാടാക്കീസില്‍ ഏറ്റവും പുതിയ സിനിമകള്‍ കണ്ട ബാല്യവും കൗമാരവും യൗവനവും പ്രശസ്‌ത ബോളിവുഡ്‌ ക്യമറാമാന്‍ കെ.യു.മോഹനന്‍ പറയുന്നത്‌ കേട്ടപ്പോള്‍ നമ്മുടെ നാട്ടിലെ പാവം ടാക്കീസുകളെ കുറിച്ചാണ്‌ ഓര്‍മ വന്നത്‌. സിനിമാ ടാക്കീസിന്‌ വ്യക്തിയുടെ ജീവിതത്തില്‍ എന്ത്‌ മാത്രം സ്വാധീനമുണ്ട്‌ എന്നാണ്‌ മോഹനനെ കുറിച്ച്‌ ഇന്ത്യാവിഷനിലെ ഗ്രേറ്റ്‌ ഇന്ത്യന്‍ സര്‍ക്കസിലെ സ്റ്റോറി കണ്ടപ്പോള്‍ ആലോചിച്ചുപോയത്‌.

ആത്മ നിഷ്‌ഠമായി മാത്രം കാര്യങ്ങള്‍ കാണരുതെന്ന ചില പ്രിയപ്പെട്ട കൂട്ടുകാരുടെ ശകാരം ഓര്‍മയില്‍ വച്ച്‌ കൊണ്ട്‌ തന്നെ തികച്ചും `സ്വകാര്യ'മായ കാര്യങ്ങള്‍ കുറേ നേരം ആലോചിച്ചുപോയി. കാരണം മദ്യത്തിനും മയക്കുമരുന്നിനും പുകയിലയ്‌ക്കുമൊക്കെ ലഹരി നല്‍കാന്‍ കഴിയുമെങ്കിലും എന്തുകൊണ്ടോ പ്രശ്‌ന കലുഷിഷതമെന്ന്‌ അനുഭവപ്പെടുന്ന നിമിഷങ്ങളിലൊക്കെ ഏതെങ്കിലും തിയേറ്ററില്‍ പോയി ഒരു സിനിമ കാണുക എന്നത്‌ കാലങ്ങളായി ഉള്ള ശീലമായിരിക്കുന്നു. അതുകൊണ്ട്‌ തന്നെയാകും ടാക്കീസ്‌, തിയേറ്റര്‍, സിനിമ തുടങ്ങിയ വാക്കുകളൊക്കെ വല്ലാത്തൊരു ആനന്ദം നല്‍കാറുണ്ട്‌.

ആദ്യം കണ്ട സിനിമയായി ഓര്‍മയിലുള്ളത്‌ മകന്‍ എന്റെ മകന്‍ എന്ന ചിത്രമായിരുന്നു. അതുകണ്ടത്‌ പയ്യന്നൂര്‍ ശോഭാടാക്കീസില്‍ വച്ചായിരുന്നു. സ്‌കൂളില്‍ ചേരുന്നതിനും മുമ്പുള്ള കാലവുമായിരുന്നു. കഥ പോലും നേരാംവണ്ണം ഓര്‍മയില്ലെങ്കിലും കണ്ണഞ്ചുന്ന വെളിച്ചത്തില്‍ രസകരമായ സംഗീതത്തിന്റെ അകമ്പടിയോടെ കര്‍ട്ടണ്‍ ഉയരുന്നത്‌ കൃത്യമായി ഓര്‍മയുണ്ട്‌. ശോഭാടാക്കീസില്‍ കര്‍ട്ടനുണ്ടായിരുന്നു.

ദു:ഖവും ആഹ്ലാദവും ചിരിയും കണ്ണീരും തിയേറ്ററിനകത്തെ മായിക ലോകത്ത്‌ ജീവിതത്തിന്റെ മുഖം വരച്ചിട്ടു. മനസ്സ്‌ അലസായിരിക്കുമ്പോഴും ആ വിഹ്വലതകളില്‍ നിന്ന്‌ സിനിമയിലെ ദു:ഖവും ചിരിയും ഒരുപോലെ രക്ഷിച്ചു. സിനിമയിലെ ചിരിയിലലിയുമ്പോള്‍ മറ്റൊരു മായിക ലോകത്ത്‌ എല്ലാം മറന്ന്‌ കൊണ്ട്‌ അലയാന്‍കഴിയുമെന്നത്‌ ഒരു സത്യമാണ്‌.

മാതൃഭൂമിയിലെ സിനിമാപരസ്യം
വീട്ടില്‍ അച്ഛന്‌ സിനിമ എന്ന്‌ മിണ്ടിയാല്‍ തന്നെ ദേഷ്യം വരുമെന്നത്‌ കാരണം അത്തരം സംസാരമേ ഉണ്ടാകില്ലെങ്കിലും വെള്ളിയാഴ്‌ചകളില്‍ പത്രം വായിക്കാന്‍ എന്ന്‌ പറഞ്ഞ്‌ വായനശാലയിലേക്ക്‌ പോകുന്നത്‌ പത്രത്തിലെ സിനിമാ പരസ്യങ്ങള്‍ നോക്കാനായിരുന്നു. വ്യാഴാഴ്‌ചകളിലും വെള്ളിയാഴ്‌ചകളിലും സ്‌കൂള്‍ വിട്ട്‌ വന്ന ഉടനെ എല്ലാവരും കളിക്കാന്‍ പോയാലും മെല്ലെ വായനശാലയുടെ ഉള്ളില്‍ കയറി പത്രം വായിക്കാന്‍ ശ്രമിക്കുമ്പോള്‍ ചിലര്‍ കളിയാക്കിയിരുന്നു. `ഓ ഇവന്‍ പത്രം വായിക്കാനൊക്കെ ആയോ' എന്ന മുതിര്‍ന്നവരുടെ വിമര്‍ശനങ്ങളൊന്നും വകവെക്കാതെ ഓരോരുത്തരും മാറ്റിവയ്‌ക്കുന്ന പേജുകള്‍ മാറിമാറി വായിക്കും.

മാതൃഭൂമിയിലായിരുന്നു ഏറ്റവും കൂടുതല്‍ സിനിമാ പരസ്യങ്ങള്‍ വരിക. മനോരമയെന്ന ഒരു പത്രം ഉണ്ടെന്ന്‌ തന്നെ അന്നൊന്നുമറിയില്ല. ഞങ്ങളുടെ കമ്യൂണിസ്റ്റ്‌ ഗ്രാമത്തില്‍ മനോരമ വരുമായിരുന്നില്ല. (ഇന്നും ആ വിപ്ലവകാലത്തിന്റെ ഹാംഗോവറിലോ എന്തോ കയ്യൂരിന്റെ അയല്‍ഗ്രാമമായിട്ടും കാലമേറെ കഴിഞ്ഞിട്ടും ഇന്നും ഞങ്ങളുടെ നാട്ടില്‍ മനോരമയക്ക്‌ ഏജന്‍സിയെടുക്കാന്‍ ആളില്ല. പത്രവിതരണം നടത്തിയിരുന്ന കാലത്ത്‌ അതേകുറിച്ച്‌ ഏറെ ആലോചിച്ചിരുന്നെങ്കിലും എന്ത്‌ കൊണ്ടാണ്‌ എനിക്കും അക്കാര്യത്തില്‍ മാറ്റം വരുത്താന്‍ കഴിയാതിരുന്നതെന്ന്‌ ആലോചിച്ചിട്ടുണ്ട്‌ പലപ്പോഴും)

ദേശാഭിമാനിയും കേരളകൗമുദിയും ചെറിയതോതിലാണെങ്കിലും ചില സിനിമകളുടെ പരസ്യം വെളളിയാഴ്‌ചകളില്‍ പ്രസിദ്ധീകരിക്കാറുണ്ട്‌. മാതൃഭൂമിയില്‍ വരുന്ന പരസ്യങ്ങള്‍ വിശദമായി പരിശോധിക്കുകയെന്നതാണ്‌ പ്രധാന പരിപാടി. നടീനടന്മാരുടെ ചിത്രം കാണുകയെന്നതിലുപരി പരസ്യത്തില്‍ താഴെ ഉള്ള മറ്റ്‌ പേരുകള്‍ കണ്ടെത്താനുള്ള ശ്രമം. തിരക്കഥ, സംവിധാനം, സംഗീതം, ഗാനരചന, പരസ്യകല, ഛായാഗ്രഹണം.... അങ്ങനെ മനപ്പാഠമാക്കി വച്ച എത്രയെത്ര പേരുകള്‍... എന്നിട്ടും സംഗീത സംവിധാനം എന്നാല്‍ എന്താണെന്ന്‌ മനസ്സിലാക്കാന്‍ കുറേകാലം കഴിയേണ്ടി വന്നു.

പ്രകാശം പരത്തുന്ന പ്രൊജക്‌ടര്‍
തിയേറ്ററുകളില്‍ പോയി സിനിമ കാണുകയെന്നത്‌ അപൂര്‍വ്വമായി മാത്രം കിട്ടുന്ന സൗഭാഗ്യമായിരുന്നു. അക്കാലത്താണ്‌ ടെലിവിഷന്‍ വ്യാപകമായി വരുന്നത്‌. അങ്ങനെയിരിക്കെ നാട്ടിലെ ചിലവീടുകളിലും ടെലിവിഷന്‍ വന്നെങ്കിലും മഹാഭാരതം മാത്രമാണ്‌ അതില്‍ കണ്ടിരുന്നത്‌. പിന്നീട്‌ മുഴക്കോത്ത്‌ സ്‌കൂളില്‍ ടിക്കറ്റ്‌ വച്ച്‌ വി.സി.ആറില്‍ സിനിമ കാണിക്കുന്ന സംവിധാനം തുടങ്ങി. പലപ്പോഴും പി.ടി.എയും മറ്റും ഫണ്ട്‌ സ്വരൂപിക്കാന്‍ വേണ്ടിയാണ്‌ അത്‌ ചെയ്‌തിരുന്നതെങ്കിലും നിറഞ്ഞ സദസ്സില്‍ ഭരത്‌ ഗോപിയുടെ ഉല്‍സവപ്പിറ്റേന്ന്‌ അടക്കമുള്ള ചിത്രങ്ങള്‍ കണ്ടു.

അക്കാലത്ത്‌ പ്രൊജക്‌ടര്‍ വച്ച്‌ സ്‌ക്രീനില്‍ തന്നെ പഴയ സിനിമകള്‍ കാണിക്കുന്ന സംവിധാനവും ആരോ പരിചയപ്പെടുത്തി. അതോടെ നാട്ടിലെ പല ക്ലബ്ബുകളും അതിനായി മുന്നിട്ടിറങ്ങി. വെള്ളാട്ട്‌ സ്‌കൂളില്‍ വച്ച്‌ മീനമാസത്തിലെ സൂര്യന്‍ വിപ്ലവത്തിന്റെ വഴികള്‍ എത്ര ദുര്‍ഘടമാണെന്ന്‌ പറഞ്ഞുതന്നു. മുഴക്കോത്ത്‌ സ്‌കൂളില്‍ വച്ച്‌ പഞ്ചാഗ്നിയും കുഞ്ഞാറ്റക്കിളികളും മനസ്സിനെ ആവേശത്തോടൊപ്പം ഈറനണിക്കുകയും ചെയ്‌തു. രാമഞ്ചിറ പാലത്തിന്റെ കരയില്‍ നിലാവത്ത്‌ പുഴയിലെ കാറ്റേറ്റ്‌ കൊണ്ട്‌ `താളം തെറ്റിയ താരാട്ട്‌' പ്രണയം എത്ര കഠിനവും ആര്‍ദ്രവുമാണെന്ന്‌ പറഞ്ഞുതന്നു. കണ്ട സിനിമകള്‍ തന്നെ വീണ്ടും വീണ്ടും കണ്ടു. രാവിലെയും ഉച്ചയ്‌ക്കും നുഴഞ്ഞുകയറി ഒരേസിനിമകള്‍ തന്നെ പലതവണ കണ്ടപ്പോള്‍ പലപ്പോഴും പിടിക്കപ്പെട്ടു. എന്നിട്ടും അതൊന്നും കാര്യമാക്കാതെ ആവേശം തണുക്കാതെ സിനിമ കണ്ടുകൊണ്ടേയിരുന്നു.

ഒളിച്ചുകണ്ട സിനിമ
ആറാംക്ലാസില്‍ പഠിക്കുമ്പോഴാണ്‌ ആദ്യമായി വീട്ടില്‍ പറയാതെ തിയേറ്ററില്‍ പോയി സിനിമ കണ്ടത്‌. ഒരു ഓണക്കാലത്ത്‌. ഉത്രാടം നാളില്‍ നാട്ടില്‍ സംഘടിപ്പിക്കുന്ന കലാപരിപാടിക്കിടെ ഉച്ചയ്‌ക്ക്‌ ഒരുമുങ്ങല്‍.. ചെറുവത്തൂര്‍ പാക്കനാറില്‍ പോയി അമരം കണ്ടത്‌ അങ്ങനെയാണ്‌. തിരിച്ചെത്തിയപ്പോള്‍ വീട്ടില്‍ അച്ഛനും അമ്മയും അനിയത്തിയും എന്നെ നോക്കിയിരിക്കുന്നു. നക്‌സല്‍ വര്‍ഗീസ്‌ പുലിക്കോടന്‍ നാരായണന്റെ അടുത്തെത്തിയതുപോലെ ഞാന്‍ അച്ഛന്റെ മുന്നില്‍ നിസ്സഹായനായി നിന്നു.
അതുകഴിഞ്ഞ്‌ പിന്നെ ഹൈസ്‌കൂളിലെത്തിയപ്പോള്‍ റാംജിറാവ്‌ സ്‌പീക്കിംഗ്‌, സൂര്യന്‍.... കള്ളം പറഞ്ഞ്‌ സിനിമയ്‌ക്ക്‌ പോയത്‌ വൈറ്റ്‌ഹൗസ്‌ കവര്‍ച്ച ചെയ്യുന്ന കുറ്റബോധത്തോടെയാണെങ്കിലും ഓര്‍മകളില്‍ വെള്ളിത്തിരയിലെ ആ നിമിഷങ്ങള്‍ തെളിയുമ്പോള്‍ എല്ലാം മറക്കും.


കുഞ്ഞമ്മാമനും ജയന്റെ സിനിമകളും
സിനിമ കാണാന്‍ പിന്നെയുള്ള ഒരു വഴി വെള്ളൂരില്‍ അമ്മയുടെ വീട്ടില്‍ പോകുകയാണ്‌. ശനിയാഴ്‌ച ഇടയ്‌ക്കിടയ്‌ക്ക്‌ അമ്മയുടെ വീട്ടില്‍ പോകും. അവിടെ നിന്ന്‌ പയ്യന്നൂരില്‍ പോയി അമ്മാമന്റെ കൂടെ സിനിമ കാണും. ആക്ഷന്‍ ചിത്രങ്ങളുടെയും ജയന്റെയും കടുത്ത ആരാധകനായ കുഞ്ഞമ്മാമന്റെ കൂടെ സൈക്കിളില്‍ നടത്തിയ യാത്രകള്‍. കിലോമീറ്ററുകള്‍ താണ്ടി ജയന്‍ചിത്രങ്ങള്‍ കാണാന്‍ തിയേറ്ററുകള്‍ തേടിപ്പോയ കാലം...
പിലാത്തറ സംഗം മുതല്‍ കരിവെളളൂര്‍ ലീനയും കാങ്കോല്‍ ന്യൂസ്റ്റാറും തേടിപ്പോയ അമ്മാമനും മരുമകനും. മീനും മൂര്‍ഖനും സര്‍പ്പവും ലൗവ്‌ ഇന്‍സിംഗപ്പൂരും സീസണും ഒക്കെ കണ്ട ആവേശഭരിതമായ ദിവസങ്ങള്‍...


സിനിമയേ കുറിച്ച്‌ എന്റെ മുന്നില്‍ ഏറ്റവും അറിവുള്ള ആളായി കുഞ്ഞമ്മാമന്‍ പ്രത്യക്ഷപ്പെട്ട നാളുകള്‍. ഒരു മാതൃകയെ തിരഞ്ഞ്‌ നടന്ന കാലത്ത്‌ ഒരു കൗമാരക്കാന്‌ കുഞ്ഞമ്മാമന്‍ എന്തുകൊണ്ടും മികച്ചൊരു റോള്‍ മോഡലായിരുന്നു. ജയന്റെ ആരാധകന്‍, സൈക്കിള്‍ സ്വപ്‌നമായിരുന്ന കാലത്ത്‌ സൈക്കിള്‍ സ്വന്തമായുണ്ടായിരുന്ന യുവാവ്‌. അമ്മാമന്‍ ജോലി കഴിഞ്ഞ്‌ തിരിച്ചെത്തുന്നതുവരെ ഒരു കാത്തിരിപ്പുണ്ട്‌. ഏതെങ്കിലും തിയേറ്ററില്‍ ഫസ്റ്റ്‌ ഷോയ്‌ക്കോ സെക്കന്റ്‌ ഷോയ്‌ക്കോ പോകാനുള്ള കാത്തിരിപ്പ്‌.


ടെലിവിഷനിലെ സിനിമ
ഇപ്പോള്‍ തിയേറ്ററില്‍ പോകാനും ടെലിവിഷനില്‍ സിനിമകള്‍ കാണാനും ഉള്ള സ്വാതന്ത്ര്യം ലഭിച്ചിപ്പോഴും സിനിമ മടുപ്പിച്ചില്ല. കാണാന്‍ കൊള്ളാത്ത സിനിമകള്‍ വീണ്ടും വീണ്ടും കാണേണ്ടി വരുമ്പോഴും അടുത്തതിന്‌ ഏറെ പ്രതീക്ഷയോടെ ടിക്കറ്റെടുത്തു. പക്ഷേ ഇപ്പോഴും ടെലിവിഷനില്‍ സിനിമകള്‍ വരുമ്പോള്‍ ആകാംക്ഷ നശിക്കാതെ നോക്കിയിരിക്കാനുള്ള മനസ്സുണ്ട്‌ എന്നത്‌ എന്തൊരു ഭാഗ്യമാണെന്നോര്‍ത്തിട്ടുണ്ടും. ഒന്നും രണ്ടും തവണയല്ല. എത്രയോ തവണ കണ്ടചിത്രങ്ങളിലെ തന്നെ ചില പ്രത്യേക നിമിഷങ്ങള്‍ കണ്ടുകൊണ്ടിരിക്കും.

നാട്ടില്‍ ആദ്യമായി ഉണിത്തിരി മാഷിന്റെ വീട്ടില്‍ വച്ച്‌ മഹാഭാരതം കാണുന്നതിലൂടെയാണ്‌ ടെലിവിഷന്‍ കാഴ്‌ചകള്‍ ആരംഭിക്കുന്നത്‌. പിന്നീട്‌ പഞ്ചായത്ത്‌ ലൈബ്രറി വന്നപ്പോള്‍ അവിടെയും ക്ലായിക്കോട്ട്‌ പ്രഭാകരന്‍ മാഷിന്റെ വീട്ടിലും വച്ച്‌ ടെലിവിഷനില്‍ സിനിമകള്‍ കണ്ടു. പഞ്ചായത്ത്‌ ലൈബ്രറിയില്‍ നിന്ന്‌ ആറ്‌ മണിക്ക്‌ ആദ്യമായി നന്മ നിറഞ്ഞവന്‍ ശ്രീനിവാസന്‍ എന്ന ചിത്രം ബ്ലാക്ക്‌ ആന്റ്‌ വൈറ്റില്‍ കണ്ടത്‌ സുരേശനൊപ്പമിരുന്നാണ്‌. അധികം വൈകാതെ നാട്ടിലും വീട്ടിലുമെല്ലാം ടെലിവിഷനായി.

ജോലി ചെയ്‌ത്‌ തുടങ്ങിയപ്പോള്‍ സ്വന്തമായി വാങ്ങിയ ടിവിയില്‍ വീട്ടില്‍ രാജകീയമായി ഇരുന്ന്‌ കണ്ട ആദ്യസിനിമ മനസ്സിനക്കരെയാണെന്ന്‌ പറയുമ്പോള്‍ വായിക്കുന്നവര്‍ക്ക്‌ ഞാന്‍ ഏറെ പിന്നിലാണെന്ന്‌ തോന്നുന്നുണ്ടാകും അല്ലേ. എന്നാല്‍ ഇപ്പോഴും തിയേറ്ററുകളിലെ ഇരുട്ടില്‍ ഏതേലും സിനിമ കാണാന്‍ ഇരിക്കുമ്പോള്‍ എനിക്ക്‌ തോന്നാറുണ്ട്‌.

സിനിമ ഇല്ലെങ്കില്‍ ഞാന്‍ എന്ത്‌ ചെയ്യുമെന്ന്‌. ഒറ്റപ്പെടലിന്റെ ഗ്രീഷ്‌മമേഖലകളില്‍ നിന്ന്‌ ഓടിയൊളിക്കാനും ആഹ്ലാദത്തിന്റെ തണലുകള്‍ തേടിഓടിപ്പോകാനും പ്രതീക്ഷകളുടെ വാതിലുകള്‍ തുറന്ന്‌ സിനിമാടാക്കീസിന്റെ മുന്നില്‍ ആ കൗണ്ടര്‍ തുറന്നിരിപ്പുണ്ട്‌. എവിടെ വച്ചാണ്‌ ഞാന്‍ അത്‌ ആദ്യം കണ്ടത്‌. പറഞ്ഞാലും പറഞ്ഞാലും തീരാത്ത കഥ വീണ്ടും മകന്‍ എന്റെ മകനില്‍ തുടങ്ങേണ്ടി വരും.

പണ്ടത്തെ സ്വപ്‌നങ്ങളില്‍ ഏറ്റവും പ്രധാനമായിരുന്നു കേരളത്തിലെ ഏല്ലാ തിയേറ്ററുകളിലും പോയി സിനിമ കാണുക എന്നത്‌. പിന്നീടെപ്പോഴോ അറിയാത്ത നഗരങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും പോകുമ്പോള്‍ അതിനായി ശ്രമിച്ചിട്ടുണ്ട്‌. എന്നാല്‍ ടിക്കറ്റെടുത്ത്‌ അകത്ത്‌ കയറുമ്പോള്‍ കൂടെയുണ്ടാകുന്ന കൂട്ടുകാരന്‍ പൂട്ടിപ്പോയ ടാക്കീസുകളുടെ കഥകള്‍ പറഞ്ഞ്‌ നിരാശപ്പെടുത്തി.

പിന്നീട്‌ ആലോചിച്ചുനോക്കിയപ്പോള്‍ പ്രധാന നഗരങ്ങളിലെ തിയേറ്ററുകളില്‍ നിന്ന്‌ സിനിമ കണ്ട്‌ കഴിഞ്ഞു എന്ന വിജയത്തിന്റെ അഹങ്കാരത്തില്‍ ഇരിക്കുമ്പോള്‍ പൂട്ടിപ്പോകുന്ന ടാക്കീസുകളുടെ കഥ മനസ്സിനെ ആകുലപ്പെടുത്തി. നീലേശ്വരം വിജയലക്ഷ്‌മിയും നിത്യാനന്ദയും കാലിക്കടവ്‌ കാര്‍ത്തികയും കരിവെളളൂര്‍ ലീനയും ഒക്കെ മുന്നില്‍ വന്നുനില്‍ക്കും....

ആ അസ്വസ്ഥകള്‍ക്കിടയിലും ചെറുവത്തൂര്‍ പാക്കനാറിലേക്കോ പയ്യന്നൂരിലെ ഏതെങ്കിലും തിയേറ്ററിലേക്കോ അവസാന നിമിഷം ടിക്കറ്റിനായി ഓടുമ്പോള്‍ വീണ്ടും ആഹ്ലാദത്തിന്റെ ആകാശത്തേക്ക്‌ താല്‍ക്കാലികമായെങ്കിലും എത്തിപ്പെടും എന്തായാലും ഒരു കാര്യം മാത്രം അറിയാം ഓരോ സിനിമാടാക്കീസും ഓരോ സ്വര്‍ഗമായിരുന്നു.

കൗണ്ടര്‍ ഫോയില്‍
കെ.യു.മോഹനന്‍ ഇന്ത്യയറിയപ്പെടുന്ന ഛായാഗ്രാഹകനായി വളര്‍ന്നിട്ടും പുല്ലമേഞ്ഞ പയ്യന്നൂര്‍ ശോഭാടാക്കീസ്‌ മറന്നിട്ടില്ല. അദ്ദേഹം ഇന്ത്യാവിഷനില്‍ പരിപാടി കണ്ടുകൊണ്ടിരുന്നപ്പോള്‍ അമ്മയുടെ കൈപിടിച്ച്‌ ശോഭയുടെ ഗേറ്റ്‌ കടക്കുന്ന ആ നിമിഷങ്ങള്‍ ഓര്‍ത്തുപോയി. ശോഭടാക്കീസിന്റെ സ്ഥാനത്ത്‌ ഇപ്പോള്‍ കെ.കെ.ബാര്‍ ആണ്‌. കൂട്ടുകാരന്‍ സുരേഷ്‌ പറയാറുള്ളതുപോലെ കണ്ടാകുടിക്കാന്‍ തോന്നുന്ന ബാര്‍. അന്ന്‌ സിനിമ എന്ന ലഹരി. ഇന്ന്‌ അവിടെ മദ്യത്തിന്റെ ലഹരി. എത്തുന്നവര്‍ക്ക്‌ മാത്രം വ്യത്യാസം.


8 comments:

harish.u January 9, 2011 at 12:01 PM  

sobha talkeesile A padangal marannu...
ormakal undayirikkanam.........

faisu madeena January 9, 2011 at 1:05 PM  

നല്ലൊരു ലേഖനം ..

Unknown January 10, 2011 at 11:38 AM  

very very touchig. ente kochugramathilum 4 cinema kottakakal Adachupooti. athilonninte sthanathum ethupoloru bar. annu cinema. innu madya lahari. enthunnavarkkum mathram vyathyasam

A. C. Sreehari January 11, 2011 at 12:56 PM  

very nostalgic.....
also it's an auto- bhayo-graphy...

Unknown January 11, 2011 at 4:30 PM  

nostalgic..I myself can relate...stiil remember those pillars inside shobha talkies...

K V Madhu January 11, 2011 at 5:51 PM  

അതെ, പ്രിയദര്‍ശന്‍....ശോഭ ടാക്കീസില്‍ മാത്രമല്ല, കാഞ്ഞങ്ങാട്‌ കൈലാസിലും നീലേശ്വരം ശേഖറിലും മറ്റും ചില പ്രത്യേക സ്ഥലത്തിരുന്നാല്‍ തൂണുതടസ്സമാകാറുണ്ട്‌.... വായിച്ച എല്ലാവര്‍ക്കും നന്ദി....

Muyyam Rajan January 13, 2011 at 7:54 PM  

പ്രിയ മധു,

മധുവിന്റെ ലേഖനം ഒരു പാട് ഗൃഹാതുരതകള്‍ സമ്മാനിച്ചു.. പണ്ട് പത്രം കിട്ടിയാല്‍ ആദ്യം നോക്കുക സിനിമാക്കോളം ആയിരുന്നു. കണ്ണൂര്‍ എന്‍.എസ്... പയ്യന്നൂര്‍ : ശോഭ.....തളിപ്പറമ്പ് : ഹരിഹര്‍/അലങ്കാര്‍... ശോഭയെപ്പോലെ, തളിപ്പറമ്പ് കോര്‍ട്ട് റോഡിലെ അലങ്കാര്‍ ടാക്കീസും ഓര്‍മ്മയായിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. ആ സ്ഥലത്തിപ്പം കാനറ ബാങ്ക് നിലകൊള്ളുന്നു... ആ ടാക്കീസിനുള്ളല്‍ വച്ചാണ്‌ സമുന്നതനായ ഇ.എം.എസിനെ ആദ്യമായി പ്രസംഗിക്കുന്നതും നേരിട്ട് കാണാന്‍ സൌഭാഗ്യവുമുണ്ടായതും. ബുദ്ധിയുറക്കാത്ത അന്ന് "എ ഗേള്‍ സീക്സ് ഹേര്‍ ഫാദര്‍" എന്ന ഇംഗ്ലീഷ് പടം കണ്ടതും അവിടെ നിന്നു തന്നെ...ഞാന്‍ മറുനാട്ടിലേക്ക് ചേക്കേറുന്നതിനു മുമ്പായി (മൈനറായ ഞാന്‍) "അവളുടെ രാവുകള്‍" എന്ന പടത്തിന്റെ ടിക്കറ്റ് കിട്ടാതെ നിരാശനായി മടങ്ങിയതും ഈ ടാക്കീസില്‍ നിന്നാണ്‌...തൃച്ചംബരം ഉത്സവവേളയില്‍ ടിക്കറ്റില്‍ ഇളവ് ലഭിക്കാന്‍, പത്ത് വയസ്സിലധികം പ്രായമുള്ള അമ്മ എന്നെ ഉക്കലില്‍ എടുത്തതും...

ഓര്‍മകള്‍ ഒരിക്കലും മരിക്കുന്നില്ല മധൂ..

- മുയ്യം രാജന്‍, സിംഗറോളി,. മദ്ധ്യപ്രദേശ്.

Muyyam Rajan January 13, 2011 at 8:01 PM  

പ്രിയ മധു,

മധുവിന്റെ ലേഖനം ഒരു പാട് ഗൃഹാതുരതകള്‍ സമ്മാനിച്ചു.. പണ്ട് പത്രം കിട്ടിയാല്‍ ആദ്യം നോക്കുക സിനിമാക്കോളം ആയിരുന്നു. കണ്ണൂര്‍ എന്‍.എസ്... പയ്യന്നൂര്‍ : ശോഭ.....തളിപ്പറമ്പ് : ഹരിഹര്‍/അലങ്കാര്‍... ശോഭയെപ്പോലെ, തളിപ്പറമ്പ് കോര്‍ട്ട് റോഡിലെ അലങ്കാര്‍ ടാക്കീസും ഓര്‍മ്മയായിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. ആ സ്ഥലത്തിപ്പം കാനറ ബാങ്ക് നിലകൊള്ളുന്നു... ആ ടാക്കീസില്‍ വച്ചാണ്‌ സമുന്നതനായ ഇ.എം.എസ്. ആദ്യമായി പ്രസംഗിക്കുന്നതു കണ്ടത് നേരിട്ട് കാണാന്‍ സൌഭാഗ്യമുണ്ടായത്. ബുദ്ധിയുറക്കാത്ത അന്ന് "എ ഗേള്‍ സീക്സ് ഹേര്‍ ഫാദര്‍" എന്ന ഇംഗ്ലീഷ് പടം കണ്ടതും അവിടെ നിന്നു തന്നെ...ഞാന്‍ മറുനാട്ടിലേക്ക് ചേക്കേറുന്നതിനു മുമ്പായി (മൈനറായ ഞാന്‍) "അവളുടെ രാവുകള്‍" എന്ന പടത്തിന്റെ ടിക്കറ്റ് കിട്ടാതെ നിരാശനായി മടങ്ങിയതും ഈ ടാക്കീസില്‍ നിന്നാണ്‌...തൃച്ചംബരം ഉത്സവവേളയില്‍ ടിക്കറ്റില്‍ ഇളവ് ലഭിക്കാന്‍, പത്ത് വയസ്സിലധികം പ്രായമുള്ള എന്നെ അമ്മ ഉക്കലില്‍ എടുത്തതും...

ഓര്‍മകള്‍ ഒരിക്കലും മരിക്കുന്നില്ല മധൂ..

- മുയ്യം രാജന്‍, സിംഗറോളി,. മദ്ധ്യപ്രദേശ്.

Related Posts with Thumbnails

  © K.V.MADHU 2009 Blogger Theme by Ourblogtemplates.com 2008

Back to TOP