Friday, August 8, 2014

കൈലാസ്‌ നീയെനിക്കെത്ര സ്വര്‍ഗ്ഗങ്ങള്‍ തീര്‍ത്തു!!!

കാഞ്ഞങ്ങാട്‌ കൈലാസ്‌. എത്ര സിനിമകള്‍ കണ്ട ടാക്കീസാണ്‌.ഇന്നലെ അവസാന ഷോ കഴിഞ്ഞ്‌ ഇറങ്ങിപ്പോയവരുടെ കൂട്ടത്തില്‍ ഞാനുണ്ടായില്ലല്ലോ എന്ന സങ്കടം ഇപ്പോഴും ഉള്ളില്‍.
എപ്പോഴാണ്‌ ആദ്യം അവിടെ വച്ച്‌ സിനിമ കണ്ടതെന്ന്‌ എനിക്കോര്‍മയില്ല.
അന്നൊരിക്കില്‍ എസ്‌എസ്‌എല്‍സി പരീക്ഷാഫലം വന്നപ്പോള്‍ തമ്പാനേട്ടന്റെ കൂടെ നീലേശ്വരത്തേക്ക്‌ നടത്തിയ യാത്രയ്‌ക്കിടെ ബസ്സ്‌സ്റ്റാന്റിലെ ബി ക്ലാസ്‌ ടാക്കീസായ വിജയലക്ഷ്‌മി ടാക്കീസിന്റെ പുറത്ത്‌ കൈലാസില്‍ കളിക്കുന്ന സിനിമയുടെ പോസ്‌റ്റര്‍ കണ്ടതാണ്‌ ആദ്യത്തെ ഓര്‍മ.


കൈലാസിലൊന്നും പോയി നമുക്ക്‌ സിനിമ കാണാന്‍ ഈ ജന്മത്തില്‍ പറ്റില്ലായിരിക്കും എന്ന ഒരു നിരാശയും ഉള്ളിലുയര്‍ന്നു. എന്നാല്‍ പ്രീഡിഗ്രിക്ക്‌ പടന്നക്കാട്‌ നെഹ്‌റു കോളേജില്‍ ചേര്‍ന്നപ്പോഴാണ്‌ സിനിമയുടെ എ ക്ലാസ്‌ ലോകം തുറന്നുകിട്ടിയത്‌. ആദ്യ പിരീഡ്‌ കഴിഞ്ഞ ഉടനെ കാഞ്ഞങ്ങാട്ടേക്ക ബസ്‌ കയറും. വിനായക, ന്യൂവിനായക, ശ്രീവിനായക എന്നിവയുള്‍പ്പെടുന്ന വിനായക ക്ലോംപ്ലക്‌സാണ്‌ ഒരു സ്വര്‍ഗ്ഗം. രണ്ട്‌ ബസ്റ്റോപ്പ്‌ കൂടി അകലെ പോയാല്‍ കൈലാസ്‌, അതുംകഴിഞ്ഞ്‌ റെയില്‍വേ സ്‌റ്റേഷന്റെ ഭാഗത്തേക്ക്‌ പോയാല്‍ ദീപ്‌തി.

തച്ചോളി വര്‍ഗ്ഗീസ്‌ ചേകവര്‍, കിന്നരിപ്പുഴയോരം എന്നിങ്ങനെ പ്രീഡിഗ്രിക്കാലത്ത്‌ തുടങ്ങിയ സിനിമ കാണല്‍ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ വരെ തുടര്‍ന്നു. ബാല്‍ക്കണിയുള്ള ടാക്കീസാണെങ്കിലും ഞങ്ങളുടെ സീറ്റ്‌ എന്നും മുന്നിലാണല്ലോ. അഞ്ച്‌ രൂപയുടെ ആ ടിക്കറ്റാണ്‌ നമ്മുടെ സ്വര്‍ഗ്ഗം രൂപീകരിക്കുന്നത്‌.
താഴെ ഏറ്റവും പിന്നിലെ സര്‍ക്കിളിലെ തൂണാണ്‌ കൂടിയ തുകയ്‌ക്ക്‌ ടിക്കറ്റെടുക്കുന്നവരുടെ പ്രതിസന്ധി. ഈ സര്‍ക്കിളില്‍ ഒരിക്കില്‍ ഒരാള്‍ നിലവിളിച്ചു. പാമ്പ്‌, പാമ്പ്‌, എന്നു പറഞ്ഞ്‌...
ഇരുട്ടല്ലേ, ആര്‍ക്ക്‌ എങ്ങനെ കണ്ടെത്താന്‍ കഴിയും. . . ടാക്കീസധികൃതരും ഒടുവില്‍ കൈയൊഴിഞ്ഞു. പലരും ഇറങ്ങിപ്പോയി. പാമ്പിനെ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ ഉള്ളിലെവിടെയോ ഉണ്ടെന്ന ഭീതി ബാക്കിയായി. സിനിമയോട്‌ അത്രയ്‌ക്കും ആര്‍ത്തിയുള്ള എന്നെപ്പോലുള്ളവര്‍ മുഴുവന്‍ സമയവും കാല്‌ സീറ്റിന്‌ മുകളില്‍ കയറ്റി വച്ച്‌, കുത്തിയിരുന്ന്‌ സിനിമ കണ്ടുതീര്‍ത്തു...


കൈലാസ്‌ ഒരു സ്വര്‍ഗ്ഗമായിരുന്നു. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും പടത്തിന്‌ രാവിലെ എട്ട്‌ മണിക്കെത്തിയാലേ ടിക്കറ്റ്‌ കിട്ടൂ...
പുലര്‍ച്ചെ മറ്റൊരാളുടെ വളപ്പില്‍ വെള്ളമൊഴിക്കുന്ന ജോലിയുണ്ടായിരുന്നതുകൊണ്ട്‌ (അതെന്റെ വരുമാനമാര്‍ഗ്ഗമായിരുന്നു)ഞാന്‍ അതിരാവിലെയെഴുന്നേറ്റ്‌ കൈലാസില്‍ ഹാജരാകും. തച്ചോളിവര്‍ഗ്ഗീസ്‌ ചേകവരും സുരേഷ്‌ഗോപിയുടെ ചുക്കാനുമൊക്കെ അങ്ങനെ 8.45 ന്‌ മോണിംഗ്‌ ഷോ കണ്ടയാളാണ്‌ ഞാന്‍...


അവസാന മണിക്കൂറിലെ വിടവാങ്ങലിന്റെ നിമിഷങ്ങളില്‍ കൈലാസിന്റെ ഓര്‍മകളില്‍ ഞാന്‍ മുങ്ങിത്താഴുന്നു.   

1 comments:

ajith August 8, 2014 at 8:53 PM  

കൈവെള്ളയില്‍ ഒതുങ്ങുന്ന സ്മാര്‍ട്ട് ഫോണുകളില്‍ സിനിമകളോടുന്ന ഇക്കാലത്ത് കൈലാസ് പോലുള്ള തിയറ്ററുകളെപ്പറ്റി ഓര്‍മ്മിക്കാന്‍ ഒരു നൊസ്റ്റാള്‍ജിക് സുഖം ഉണ്ട്

Related Posts with Thumbnails

  © K.V.MADHU 2009 Blogger Theme by Ourblogtemplates.com 2008

Back to TOP