Monday, May 2, 2016

അത്രമേല്‍ സ്‌നേഹിച്ചുപോയീ ...

                                                (അനീഷും അനിയന്‍ രാജേഷും)

ചെമ്പകപ്പൂപോലെ ചിരിക്കുന്നുണ്ടായിരുന്നു. കാക്കകരച്ചില്‍ പോലെ ആഹ്ലാദ ചിലമ്പൊലികളുണ്ടായിരുന്നു. തേജസ്വിനിപ്പുഴയിലെ സന്ധ്യ പോലെ ശാന്തവുമായിരുന്നു. ചുരുക്കത്തില്‍ താളിലയിലെ വെള്ളംപോലെ നിഷ്‌കളങ്കമായിരുന്നു ആ കാലം. അന്ന്് ചുമലില്‍ കൈവച്ച് സ്‌നേഹിക്കുകയും ആഹ്ലാദിപ്പിക്കുകയും ഒരുമിച്ച് കളിച്ചു നടക്കുകയും ചെയ്ത കൂട്ടുകാരന്‍, കാണ്‍കെ കാണ്‍കെ ഒരുനാള്‍ നടന്നുപോയത് സ്‌കൂള്‍ വളപ്പിലെ വഴിയിലൂടെ അവന്റെ വീട്ടിലേക്ക് പോലുമായിരുന്നില്ല. ഞാന്‍ പോലുമില്ലാത്ത ലോകത്തേക്കായിരുന്നു.

കളിച്ച് തിമിര്‍ത്ത് നടന്ന് ആസ്വദിച്ച് കാലം കളിയിടമാക്കി അതില്‍ അലിഞ്ഞുചേരുമ്പോഴാണ്, എന്നും ഇങ്ങനെ ചെലവഴിക്കാന്‍ കഴിയില്ലെന്ന ബോധ്യം വന്നുചേരുന്നത്. അച്ഛനും അമ്മയും പറഞ്ഞു സ്‌കൂളില്‍ പോയ്‌ക്കോളാന്‍. ചേര്‍ക്കുന്നതിന് മുമ്പത്തെ കൊല്ലം വെറുതെ സ്‌കൂളില്‍ പോകുന്ന ഒരുഏര്‍പ്പാടുണ്ട്. ഒരുകുട്ടിയുടെ ജീവിതത്തില്‍, പിന്നീടാ കാലം ബാലവാടിയിലേക്കും അംഗനവാടിയിലേക്കും നഴ്‌സറിയിലേക്കും ഇന്ന് എല്‍കെജിയിലേക്കും രൂപാന്തരീകരണപ്പെട്ടുകഴിഞ്ഞു. എന്നാല്‍ വെറുതെയുള്ള സ്‌കൂളില്‍ പോക്കിന് ഒന്നോ രണ്ടോ ദിവസത്തെ ആയുസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ഒടുവില്‍ സ്‌കൂളില്‍ ചേര്‍ക്കപ്പെടുന്ന വര്‍ഷം വന്നെത്തി. അങ്ങനെ വെള്ളാട്ട് എല്‍പി സ്‌കൂളില്‍ ഒന്നാം ക്ലാസില്‍ പോകാന്‍ ചാറ്റല്‍ മഴയുള്ള ആദ്യ ദിനം അമ്മ കൂട്ടിന് വന്നു. വീട്ടില്‍ നിന്ന് മണിക്കൂറുകള്‍ ഒറ്റയ്ക്ക് മാറിനിന്നുകൊണ്ടുള്ള ആദ്യത്തെ ഉദ്യമമല്ലേ. അമ്മ എന്നെ ക്ലാസില്‍ കയറ്റിയിട്ട് തിരിച്ചുനടക്കുമ്പോള്‍ എനിക്ക് കരച്ചില്‍ വന്നു. പലരെയും സമാധാനിപ്പിക്കുന്ന കൂട്ടത്തില്‍ ടീച്ചര്‍ എന്നെയും സമാധാനിപ്പിച്ചെങ്കിലും ഞാന്‍ ശബ്ദമുണ്ടാക്കാതെ കരഞ്ഞുകൊണ്ടിരുന്നു. ക്ലാസിന് പുറത്തുവരാന്തയില്‍ മാറി നിന്ന് അമ്മയും കരയുന്നത് എനിക്ക് കാണാമായിരുന്നു. ഒടുവില്‍ ആദ്യ ദിവസമല്ലേ ഹാജര്‍ വിളിച്ച് വീട്ടിലേക്ക് വിട്ടു. അമ്മയ്‌ക്കൊപ്പം സന്തോഷത്തോടെ മടങ്ങി.
' ' ഇന്ന് ഞാന്‍ വന്നു, എനി ഞാന്‍ വരൂല ട്ടാ.''
തെങ്ങുകളും കവുങ്ങുകളും നിറഞ്ഞുതണല്‍ വിരിച്ച ആറ്റീപ്പിലൂടെ നടന്ന് പോകുമ്പോ അമ്മ തറപ്പിച്ചുപറഞ്ഞു. പുഴയിലൂടെ മീന്‍തോണികളില്‍ നിന്ന് മീന്‍കാരന്‍ കൂവുന്നതു ശ്രദ്ധിച്ച്് ഞാനും നടന്നു.

'' എനക്ക് എടങ്ങേറാവൂലേ അമ്മേ''
നാളത്തെ ഏകാന്തതയെ കുറിച്ചോര്‍ത്ത് എനിക്ക് ഒരുപൊറുതിയും കിട്ടിയില്ല.

'' നിനിക്ക് മാത്രം എന്തീത്ര എടങ്ങേറ്, എത്ര പ്ള്ളറ് ഉസ്‌കൂളില് പോക്ന്ന്ണ്ട്. ആ ആറ്റീപ്പിലെ ചെറിയേട്ടീന്റെ മോന്‍ അനീഷിനെല്ലം കണ്ട് പഠിക്ക്. നിന്റെ പ്രായല്ലേ ഓനും. ഓന്‍ ക്ലാസില് ഇരിക്ക്ന്ന കണ്ടിനാ നീ, നല്ല കുഞ്ഞ്യായിറ്റ് ? ''
അമ്മ എന്നെ നല്ലവനാക്കാന്‍ ഒരു മാതൃക മുന്നിലേക്കിട്ടു.

പിന്നെ വീട്ടിലേക്ക് നടക്കുമ്പോള്‍ ഉള്ളില്‍ നിറയെ അനീഷായിരുന്നു. പണ്ടേ അറിയാമായിരുന്നു. ചിലപ്പോഴൊക്കെ കണ്ടിട്ടുണ്ട്. ആറ്റീപ്പുകാര്‍ ലോണെടുക്കാനോ അടക്കാനോ ക്ലായിക്കോട് സഹകരണ ബാങ്കിലോ റേഷന്‍ഷോപ്പിലോ കയ്യൂര്‍ ആശുപത്രീലോ ഒക്കെ പോകണമെങ്കില്‍ എന്റെ വീടിനരികിലെ വഴിയിലൂടെയാണ് പോവുക. പുല്ലുമേഞ്ഞ ഞങ്ങളുടെ വീടിന് മുന്നില്‍ നിന്നാല്‍ ക്ലായിക്കോടാകെ നിറഞ്ഞ് കിടക്കുന്ന വയലും തേജസ്വിനി പുഴയും എല്ലാം കാണുകയും ചെയ്യും. അതുംകഴിഞ്ഞ് കാര്യങ്കോട് പാലത്തിലേക്ക് തേജസ്വിനി ഒഴുകിയകലും. പിന്നെ തോണിയില്‍ അക്കരെ കടന്നുപോയാല്‍ ബസ് കയറാതെ ചായ്യോത്തും നീലേശ്വരവും ഒക്കെയെത്താം. പുഴക്കരയില്‍ നിന്ന് വയല്‍വരമ്പിലൂടെ അനീഷിന്റെ അമ്മ അനീഷിനെയും കൂട്ടി എത്രയോ തവണ എന്റെ വീട് കടന്ന് പോയിരിക്കുന്നു. ചിലപ്പോഴൊക്കെ ഷര്‍ട്ടിടാതെ പാളത്തൊപ്പിയും വച്ച് പോകുന്ന അനീഷിന്റെ അച്ഛന്‍ പൊക്കേട്ടനൊപ്പവും അനീഷിനെ കാണാറുള്ളത് ഞാന്‍ ഓര്‍ത്തു. എന്നാല്‍ അനീഷിന്റെ വീട് പുഴക്കരയിലും എന്റെ വീട് കുന്നില്‍ കരയിലും എന്ന അകലമുണ്ടായിരുന്നതിനാല്‍ ഇതുവരെ ഒരു അടുപ്പം രൂപപ്പെട്ടിട്ടില്ല. അതുകൊണ്ട് അനീഷുമായുള്ള പുതിയ കൂട്ട് എങ്ങനെയായിരിക്കുമെന്ന ആലോചനയില്‍ ഞാന്‍ ആഹ്ലാദം കണ്ടെത്തി.

പിറ്റേന്നാള്‍ നേരം പുലര്‍ന്ന ഉടനെ സ്‌കൂളിലേക്ക് പോകാനുള്ള ഒരുക്കങ്ങളായി. അനിയത്തിയെയും കൊണ്ട് അമ്മ അടുക്കള പണികളൊരുക്കി. എന്നെ നാലാംക്ലാസില്‍ പഠിക്കുന്ന സുരേശന്റെ കൂടെയാണ് ഇന്നുമുതല്‍ സ്‌കൂളിലേക്ക് വിടുന്നത്. (നാലാംക്ലാസില്‍ നിന്ന് മുഴക്കോം യുപിസ്‌കൂളിലേക്ക് മാറിപ്പോകുംവരെ അതായത് എന്റെ ഒന്നാംക്ലാസ് കാലഘട്ടം മുഴുവന്‍ സുരേശന്‍ എനിക്കൊരു രക്ഷിതാവായിരുന്നു. കൂട്ടിക്കൊണ്ടുപോകലും തിരിച്ചെത്തിക്കലും മാത്രമല്ല, ഒരുദിവസം 11.10ന് ഇന്റര്‍വെല്ലിന് വിട്ടപ്പോള്‍ തൂറാന്‍ മുട്ടിയ എന്നെ സ്‌കൂള്‍ ഗ്രൗണ്ടിലെ കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയി കാര്യം നടത്തിക്കുക വരെ ചെയ്തിട്ടുണ്ട്.)

ഞാന്‍ എവിടന്നോ കിട്ടിയ പഴയൊരു പാന്റും കൈയില്ലാത്ത ബനിയനും ഇട്ട് തയാറായി നിന്നു. സ്ലേറ്റും സ്ലേറ്റുപെന്‍സിലും പൊട്ടിക്കാതെ കൊണ്ടുവരണമെന്ന അച്ഛന്റെ ഉത്തരവ് മാത്രം കൃത്യമായി പാലിക്കുക. ആ ഒരേയൊരു ലക്ഷ്യമേ എന്റെ മുന്നില്‍ ഉണ്ടായിരുന്നുള്ളൂ. അങ്ങനെ സ്ലേറ്റും പെന്‍സിലും എടുത്ത് തയാറായി നില്‍ക്കവേ സുരേശന്‍ വന്നു. പിന്നെ സുരേശന്റെ കൂടെ സ്‌കൂളിലേക്ക് പുറപ്പെട്ടു. സ്‌കൂളിലെത്തി ഒരു രക്ഷിതാവിനെ പോലെ സുരേശന്‍ എന്നെ എന്റെ ക്ലാസില്‍ കൊണ്ടുചെന്നാക്കി.

രണ്ടാംദിവസം ഞാന്‍ അനീഷിനെ തപ്പുകയായിരുന്നു. അനീഷിന്റെ അടുത്ത് തന്നെ ഇരിക്കാന്‍ ശ്രമിച്ചു. എല്ലാവരെക്കാളും പക്വതയോടെ അനീഷ് എന്നോട് ചിരിച്ചു. ഞാനും ചിരിച്ചു. പണ്ട് എപ്പോഴോ ക്ലായിക്കോട് വായനശാലയില്‍ അച്ഛനറിയാതെ കളിക്കാന്‍ പോയപ്പോള്‍ മുതിര്‍ന്നവരുടെ വോളിബോള്‍ കളിക്കിടെ ബോളെടുത്തുകൊടുക്കുന്നത് കണ്ടിരുന്ന കഥ ഞാന്‍ പറഞ്ഞു. ഒടുവില്‍ അപരിചിതനായ മാഷ് ക്ലാസിലെത്തി, കുട്ടികളുടെ സീറ്റുകള്‍ മാറ്റി നിശ്ചയിച്ചപ്പോള്‍ ഞങ്ങള്‍ രണ്ടുപേരും വീണ്ടും രണ്ടിടത്തായി. ഇന്റര്‍വെല്ലിന് ഞങ്ങള്‍ ഒരുമിച്ച് മാത്രം നടന്നു. ഉച്ചഭക്ഷണം കഴിച്ചതിന് ശേഷം ഞങ്ങള്‍ അടുത്തടുത്തിരുന്ന് വര്‍ത്തമാനം പറഞ്ഞു. അവന്റെ വീട് പുഴക്കരയിലായതിന്റെ ആനുകൂല്യത്തില്‍ അവന് ലഭിക്കുന്ന സൗഭാഗ്യങ്ങളെ കുറിച്ച് പറഞ്ഞു. അമ്മ തുണിയലക്കുമ്പോള്‍ പുഴയിലിറങ്ങി കുളിക്കുന്നതിനെ കുറിച്ച് പറഞ്ഞു. പുഴയിലൂടെ മീന്‍ തോണി പോകുമ്പോള്‍ അലയടിച്ചെത്തുന്ന മീന്‍കാരന്റെ കൂവലിനെ കുറിച്ച് പറഞ്ഞു. അക്കരെയുള്ള പെണ്ണുങ്ങള്‍ തുണിയലക്കുമ്പോള്‍ ഉണ്ടാകുന്ന ശബ്ദപ്രതിഭാസത്തെ കുറിച്ച് പറഞ്ഞു, കല്ലില്‍ തുണിയടിച്ച് കുറേ വൈകി മാത്രം ശബ്ദം കേള്‍ക്കുന്നതിലെ കൗതുകം എന്നിലേക്ക് പകര്‍ന്നുതന്നു. അങ്ങനെ എന്തൊക്കെ...

എനിക്കറിയാത്ത അക്ഷരങ്ങള്‍ അവന്‍ എന്നെ എഴുതാന്‍ പഠിപ്പിച്ചുതന്നു. എനിക്കറിയാത്ത കളികളെ കുറിച്ച് അവന്‍ പറഞ്ഞുതന്നു. ചുരുക്കത്തില്‍ സ്‌കൂളില്‍ പോകുന്നത് തന്നെ നീഷിനൊപ്പം സമയം ചലവഴിക്കാനായിരുന്നു. പിന്നെയും മാസങ്ങള്‍ കഴിഞ്ഞപ്പോഴാണ് മറ്റൊരുകാര്യം കൂടി മനസ്സിലായത്. അനീഷിന്റെ അമ്മചെറിയേട്ടിയും എന്റെ അമ്മയും തമ്മില്‍ ഞങ്ങളുടെ സൗഹൃദത്തെ കുറിച്ച് സംസാരിക്കാറുണ്ട് എന്ന്. ഒരിക്കല്‍ അമ്മ വീട്ടില്‍ വന്ന് അച്ഛനോട് പറയുന്നത് കേട്ടു. '' ആ അനീഷ്് എത്ര നല്ലചെക്കനാ''ന്ന്. പിന്നെ പിന്നെ സുരേശനൊപ്പം സ്‌കൂളില്‍ പോകുമ്പോള്‍ ആറ്റീപ്പില്‍ നിന്ന് അനീഷും അവന്റെ വീട്ടിനടുത്തുള്ള സുഹൃത്തുക്കളും നടക്കാനും കൂട്ടിന് കിട്ടി.

വരിവരിയായി സ്‌കൂളിലേക്കും തിരിച്ച് വീട്ടിലേക്കും പോകുമ്പോള്‍ നടപ്പാതയില്‍ ഒരാളെ കടന്ന് മറ്റൊരാള്‍ പോയാല്‍ അത് അപരാധമാകും. ഒരാള്‍ മറ്റൊരാളുടെ മുമ്പിലേക്ക് തെറ്റിപ്പോകുന്നത് വമ്പന്‍ കുറ്റമാണ്. അനീഷിനും എനിക്കും മാത്രം ആ തര്‍ക്കങ്ങളുണ്ടാകാറില്ല. ഞങ്ങള്‍ മുന്നിലും പിന്നിലുമായി നടക്കാനേ ഇഷ്ടപ്പെട്ടില്ല. ഒരുമിച്ച് നടക്കാനാണ് ഇഷ്ടപ്പെട്ടത്. പിന്നെ രണ്ടാംക്ലാസിലെത്തി. അപ്പോഴേക്കും ഞങ്ങള്‍ കുറേ കൂടി പക്വമതികളായി. ഞങ്ങള്‍ക്ക് താഴെ ഒരു ഒന്നാംക്ലാസ് രൂപപ്പെട്ടല്ലോ എന്ന അഹങ്കാരം. രണ്ടാംക്ലാസിലേക്കെത്തിയതിന് ശേഷമുള്ള ആദ്യ അധ്യയനദിവസം ഞാനും അനീഷും കൂടി ഒന്നാംക്ലാസിലേക്ക് ഒന്ന് കയറി നോക്കുകയും പുത്തന്‍ ബാഗുകളും കരയുന്ന കുട്ടികളെയും കണ്ട് പരസ്പരം ചിരിക്കുകയും ചെയ്തിട്ടുണ്ട്. രണ്ടാംക്ലാസിലെത്തുമ്പോഴേക്കും അധ്യാപകരോടും സ്‌നേഹവും ദേഷ്യവുമൊക്കെ തോന്നിത്തുടങ്ങിയിരുന്നു. പ്രിയപ്പെട്ട ടീച്ചറായി ശ്യാമളടീച്ചറും പേടിപ്പിക്കുന്ന മാഷായി ഹമീദ് മാഷും ക്ലാസില്‍ മാറി മാറി അവതരിച്ചു. അറിയാത്ത ഉത്തരങ്ങള്‍ രക്ഷപ്പെടാനായി ഞാനും അനീഷും പരസ്പരം പങ്കുവച്ചു.

പരീക്ഷയൊക്കെ കഴിഞ്ഞ് മീനമാസത്തില്‍ പൂരോല്‍സവത്തിന് ഒരുമിച്ച് പൂപറിക്കാന്‍ പോകാമെന്ന പുതിയ സ്വപ്‌നവും ഞങ്ങള്‍ കണ്ടു. വടക്കേ മലബാറില്‍ മീനമാസത്തില്‍ ഋതുമതിയാകാത്ത പെണ്‍കുട്ടികള്‍ക്കുള്ള ആഘോഷമാണ് പൂരം. വീട്ടില്‍ ഒമ്പത് ദിവസം പൂവിട്ട് കാമദേവനെ പൂജിക്കുന്ന ആഘോഷം. പൂരം നാളില്‍ കാമദേവനെയും പൂകൊണ്ട് തീര്‍ത്ത് പൂരങ്കുളിയാഘോഷിക്കും. പെണ്‍കുട്ടികളില്ലാത്ത വീടുകളില്‍ നഷ്ടബോധത്തിന്റെ കാലം. കാരണം അവര്‍ക്ക് പൂരോല്‍സവമില്ലല്ലോ. അനീഷിന് ഒരനിയന്‍ മാത്രമേയുള്ളൂ. പെങ്ങളില്ലാത്തതിനാല്‍ എന്റെ പെങ്ങളുടെ പൂരത്തിന് കൂടാമെന്ന് തീരുമാനിച്ച് പൂപറിക്കാന്‍ പോകുന്നതിനെ കുറിച്ചും മുച്ചിലോട്ടിനടുത്തുള്ള ചെമ്പകമരത്തില്‍ കയറി ചെമ്പകപ്പൂ തോട്ടികെട്ടി പറിക്കുന്നതിനെ കുറിച്ചും ആവര്‍ത്തിച്ച് സ്വപ്‌നങ്ങള്‍ കണ്ടു. ഇടയ്ക്കിടയ്ക്ക വീട്ടില്‍ വച്ച് അമ്മയോടും ഞാന്‍ പറഞ്ഞുതുടങ്ങി ഈ പൂരത്തിന് പൂപറിക്കാന്‍ അനീഷും വരും അമ്മേന്ന്. അങ്ങനെ നാളുകള്‍ നീങ്ങുമ്പോഴാണ് പൂരത്തിന് മുമ്പേ  അനീഷിന് ആ പനി വന്നത്.

ഒരു ദിവസം വൈകീട്ട് വീട്ടിലേക്ക് പോകുമ്പോള്‍ അനീഷിന പനിയുണ്ടായിരുന്നു. പിറ്റേന്നാള്‍ അവന്‍ വന്നില്ല. അതിന്റെ പിറ്റേന്നാളും വന്നില്ല. പിന്നെയും വരാതായപ്പോള്‍ ഞാന്‍ അമ്മയോട് ചോദിച്ചു.
''അനീഷെന്തമ്മേ വരാത്ത്, പനി പോയിറ്റേ?
ഇല്ല, പനി കൂടീറ്റ് ഓനെ അസ്പത്രീല് അഡ്മിറ്റാക്കി''

പിന്നെയും ദിവസങ്ങള്‍ കഴിഞ്ഞു. അങ്ങനെയാണ് ഒരുദിവസം വൈകുന്നേരം അമ്മ അച്ഛനോട് പറയുന്നത് കേട്ടത്.
ആ ചെറിയേട്ടീന്റെ മോന്‍ പോയീ ല്ലേ
ഏട, പോയിനി അമ്മേ, അനീഷേട പോയിനി?
ഓന്‍ മരിച്ചുപോയി
എന്തായിറ്റ്
പനി തലയോട്ട് കേറീറ്റ്..
ഇനി അനീഷെന്റെ കൂടെ ഉണ്ടാകില്ല എന്ന് മാത്രം എനിക്ക് മനസ്സിലായി. മരണവാര്‍ത്ത കേട്ട് കരച്ചില്‍ വരുന്ന പ്രായമല്ലല്ലോ. അപ്പോ ഇനി ക്ലാസില്‍ വര്‍ത്തമാനം പറയാന്‍, പൂരത്തിന് പൂപറിക്കാന്‍, സ്‌കൂള്‍ വിട്ട് വരുമ്പോള്‍ ഓടിച്ചാടി കളിക്കാന്‍ ഒന്നും അനീഷുണ്ടാകില്ലേ അമ്മേ...
ഒടുവില്‍ അമ്മ ഒക്കത്ത് അനിയത്തീനെം എടുത്തും ഒരുകൈകൊണ്ട് എന്റെ കൈപിടിച്ചും ആറ്റീപ്പിലെ ആനീഷിന്റെ വീട്ടിലേക്ക് നടന്നു. നാട്ടുകാര്‍ മുഴുവനും കൂടിനില്‍ക്കുന്നതുമാത്രം കണ്‍നിറച്ചുകാണാം. തേജസ്വിനീ പുഴ നിസ്സംഗമായി ഒഴുകുന്നു. നിശ്ശബ്ദമായി അടിക്കുന്ന ആ അലകളില്‍ ദുഖമായിരുന്നിരിക്കുമോ. അകന്നകന്നുപോകുന്ന പുഴയുടെ ഉള്ളില്‍ കണ്ണീരായിരിക്കുമോ. ക്ലായിക്കോട്ടെ ആഹ്ലാദങ്ങള്‍ക്ക് മാത്രമല്ല എല്ലാ ദുരന്തങ്ങള്‍ക്കും കൂടി സാക്ഷിയായി തേജസ്വിനിക്ക് ഒഴുകിയല്ലേ പറ്റൂ. നാട്ടുകാരുടെ ഒഴുക്ക് പക്ഷേ അനീഷിന്റെ വീട്ടുമുറ്റത്ത് തളം കെട്ടിനിന്നു.
ചാണകം മെഴുകിയ തറയില്‍ പായില്‍ വെള്ളത്തുണിവിരിച്ച് എന്റെ അനീഷിനെ കിടത്തിയിരിക്കുന്നു. ചെറിയേട്ടിയും പൊക്കേട്ടനും നിശ്ശബ്ദമായി നിലവിളിക്കുന്നു. ദുഖമടക്കാനാകാതെ നാട്ടുകാരെല്ലാവരും ആറ്റീപ്പിലെ വഴിയരികുകളില്‍ അന്തിച്ചുനിന്നു. ക്ലായിക്കോടൊന്നാകെ ഹൃദയം പിളര്‍ന്ന് കരഞ്ഞു.

അനീഷിന്റെ വീട്ടില്‍ ഓടിക്കൂടിയവരും സങ്കടം പങ്കുവച്ചവരുമെല്ലാം പിരിഞ്ഞുപോയി. അനീഷിന്റെ ശരീരം എന്തുചെയ്തിട്ടുണ്ടാകുമെന്ന ആശങ്ക എന്റെ ഉള്ളം ഉലച്ചുകൊണ്ടിരുന്നു. പ്രായമായി മരിച്ചവരെ പോലെയല്ല, കുട്ടികള്‍ മരിച്ചാല്‍ എന്ന് അമ്മയും അച്ഛനും വീട്ടില്‍ നിന്ന് സംസാരിക്കുന്നതില്‍ നിന്ന മനസ്സിലായി. പ്രായപൂര്‍ത്തിയായി മരിച്ചവരുടെ മൃതദേഹം വിറകുകള്‍ കൂട്ടിയിട്ട് ശ്മശാനത്തില്‍ കത്തിക്കുകയാണ് ചെയ്യുക. എന്നാല്‍ കുട്ടികളുടെ മൃതദേഹം മണ്ണില്‍ അടക്കം ചെയ്യുകയാണത്രെ. അനീഷിനെ എവിടെയാണ് അടക്കം ചെയ്തതെന്ന് മാത്രം അമ്മ പറഞ്ഞുതന്നില്ല. പിന്നീട് അനീഷിന്റെ അസാന്നിധ്യം സങ്കടമുണ്ടാക്കിയപ്പോഴെല്ലാം അനീഷിനെ അടക്കം ചെയ്ത ആ ഇടം, അത് എന്നെങ്കിലും കാണാമല്ലോ, അവിടെയെത്തി ഒറ്റയ്ക്ക് വര്‍ത്തമാനം പറയാമല്ലോ എന്നൊക്കെയുള്ള പ്രതീക്ഷള്‍, മനസ്സില്‍ തിരതള്ളി വന്ന് ആശ്വാസമേകി.

മരണദിവസമുണ്ടായ നിസ്സംഗത പക്ഷേ ഏറെ നാളുകള്‍ നിലനിന്നില്ല. വീണ്ടും സ്‌കൂളില്‍ പോകാന്‍ തുടങ്ങിയപ്പോഴും കൂട്ടുകാരനില്ലാതെ ക്ലാസില്‍ ഒറ്റയ്ക്കിരുന്ന നാളുകളിലും  മാഷ് പഠിപ്പിക്കുമ്പോള്‍ പോലും അനീഷിന്റെ ഓര്‍മ, തിരതള്ളി വരാന്‍ തുടങ്ങി. ഇനി മുതല്‍ എന്റെ കൂട്ടുകാരന്‍ എനിക്കൊപ്പമുണ്ടാകില്ല. അടുത്ത പൂരത്തിന് പൂപറിക്കാന്‍ പോകുമ്പോള്‍ അവനുണ്ടാകില്ല. പൂവിട്ടതിന് ശേഷം കാമനെ കൂവിവിളിക്കാന്‍ അവന്‍ വരില്ല. ക്ലാസില്‍ പോകുമ്പോള്‍ വഴിയരികിലെ കമ്യൂണിസറ്റുപച്ചകള്‍ പറിച്ച് കൈക്രിയ കാട്ടാനും അവനുണ്ടാകില്ല. പുഴയിലേക്ക് ചാഞ്ഞുനില്‍ക്കുന്ന തെങ്ങുകളിലേക്ക് നടന്നുകയറാനും ഭാവിയില്‍ സൈക്കിള്‍ വാടകയ്‌ക്കെടുത്ത് ഓടിക്കാന്‍ പഠിക്കാനും അവനുണ്ടാകില്ല.

പിന്നെ ആദ്യമാദ്യം നിശ്ശബ്ദമായും പിന്നീട് വീണ്ടും സജീവമായും സ്‌കൂള്‍ ദിനങ്ങള്‍ കടന്നുപോയി. നാലാംക്ലാസ് കഴിഞ്ഞപ്പോള്‍ ഞാന്‍ മുഴക്കോത്ത് സ്‌കൂളിലേക്കും. എട്ടാംക്ലാസിലേക്കായപ്പോള്‍ കുട്ടമത്ത് സ്‌കൂളിലേക്കും പിന്നെ നെഹ്‌റുകോളേജിലേക്കും മറ്റുപഠനത്തിനായി നാടുവിട്ടും പിന്നെ വിവിധ ജോലികള്‍ ചെയ്യാനും ഒക്കെ പോയി. ഇന്നിപ്പോള്‍ വാര്‍ത്തകളുടെ പ്രളയക്കെടുതിയില്‍ ഇരിക്കുമ്പോള്‍, ഫെയ്‌സ്ബുക്കിന്റെയും വാട്‌സ് ആപ്പിന്റെയും കാലത്തിരിക്കുമ്പോള്‍ അനീഷേ, നിയില്ലല്ലോയെന്ന് ഞാന്‍ ഓര്‍ത്തുപോകുന്നു. സ്‌നേഹത്തിന്റെ പുതിയ നേരുകള്‍ പഠിപ്പിച്ച മറ്റുപലരെയും അനന്തരകാലത്തിലും മരണം കവര്‍ന്നെടുത്തു. അപ്പോഴും മരണത്തെ കുറിച്ച് കേള്‍ക്കുമ്പോള്‍ ആദ്യം മനസ്സിലോടിയെത്തുന്ന ഓര്‍മകളില്‍ അനീഷിന്റെ ആ പനിയാണ് മുന്നില്‍ നിന്നിരുന്നത്. ബാല്യത്തിലെ ആത്മസുഹൃത്തിനെ കവര്‍ന്നെടുത്ത ക്രൗര്യം നിറഞ്ഞ പനിയുടെ അമൂര്‍ത്തരൂപമായിരുന്നു പിന്നീടെനിക്ക് മരണം. 

Read more...
Related Posts with Thumbnails

  © K.V.MADHU 2009 Blogger Theme by Ourblogtemplates.com 2008

Back to TOP