Thursday, December 17, 2009

ട്രെയിനില്‍ കയറുമ്പോള്‍ ബോര്‍ഡ്‌ വായിക്കണം


തീവണ്ടിയോര്‍മകള്‍ പലപ്പോഴും രസകരമായിരുന്നു. ജീവിതത്തെ മാറ്റിമറിച്ച സംഭവങ്ങള്‍, സൗഹൃദത്തിന്റെ ഊഷ്‌മളനിമിഷങ്ങള്‍, പ്രണയത്തിന്റെ ആര്‍ദ്രമാം സന്ധ്യകള്‍...

സാധാരണ ട്രെയിന്‍ യാത്രകളില്‍ നിന്ന്‌ വ്യത്യസ്‌തമായി നിത്യജീവിതത്തിലെ തീവണ്ടിയുടെ ഇടപെടല്‍ രസകരവും ദാര്‍ശനികവും താത്വികവും വേദനാജനകവും എന്നൊക്കെ ഒരു ബുദ്ധിജീവിമട്ടില്‍ പറയാവുന്നതാണ്‌. കണ്ണൂര്‍ ജീവിതകാലം. ചെറുവത്തൂരില്‍ നിന്ന്‌ കണ്ണൂരിലേക്കും അവിടെ നിന്ന്‌ തിരിച്ചുമുള്ള യാത്രകള്‍. ട്രെയിനില്‍ ആസ്വദിച്ചു തീര്‍ത്ത പ്രഭാതവും സന്ധ്യകളും നട്ടുച്ചകളും...

അത്‌ വൈശാഖന്റെ കഥകളിലോ, പഥേര്‍പാഞ്ചാലിയിലോ നീലക്കുയിലിലോ ഒന്നും കണ്ടിട്ടില്ല. ചെറുവത്തൂര്‍-കണ്ണൂര്‍ യാത്രയ്‌ക്കിടയില്‍ മാത്രം അറിഞ്ഞ വേദനകള്‍, ആഹ്ലാദങ്ങള്‍, ചിരിക്കിലുക്കങ്ങള്‍...

യാദൃച്ഛികമായി കടന്നുവന്ന ഒരു യുവാവിന്റെ ആകുലതകളാണ്‌ ചെറിയ ഒരു സങ്കടത്തോടെ ഓര്‍മയിലെത്തുന്നത്‌.
രണ്ട്‌ വര്‍ഷം മുമ്പ്‌ വരെ ചെറുവത്തൂര്‍-കണ്ണൂര്‍ പാസഞ്ചറിലെ സ്ഥിരം യാത്രക്കാരനായിരുന്നു ഈ ഞാന്‍.കണ്ണൂരില്‍ പത്രപ്രവര്‍ത്തകനായി ജീവിതം സൗഹൃദത്തിന്റെ എല്ലാ പൊലിമയോടെയും ജീവിച്ചുതീര്‍ക്കുന്ന കാലം. ഒരു ശനിയാഴ്‌ച വൈകുന്നേരമാണ്‌. ഏഴുമണിയായി. ഡ്യൂട്ടി കഴിഞ്ഞ്‌ വീട്ടിലേക്ക്‌ നേരത്തെയെത്തണം. പിറ്റേന്നാള്‍ പൂരാഘോഷമാണ്‌. വടക്കേ മലബാറില്‍ പൂരം വലിയ ആഘോഷമാണ്‌. മീനമാസത്തിലെ പെണ്‍കുട്ടികളുടെ പൂരം. കാമദേവനെ തപസ്സിരിക്കുന്ന ഋതുമതിയാകാത്ത പെണ്‍കുട്ടികളുടെ ആഘോഷം. പൂരത്തിന്‌ തലേന്നാളാണ്‌ വീട്ടില്‍ ആഘോഷത്തിന്റെ കാര്യങ്ങളെല്ലാം ചെയ്യേണ്ടത്‌. നേരം വൈകിയ വേവലാതിയില്‍ കണ്ണൂര്‍ റെയില്‍വേസ്റ്റേഷനില്‍ എത്തുമ്പോള്‍ പതിവ്‌ പോലെ മംഗലാപുരത്തേക്കുള്ള ട്രെയിന്‍ മെല്ലെ നിങ്ങിത്തുടങ്ങിയിരുന്നു. ലിങ്ക്‌ എക്‌സ്‌പ്രസല്ലാതെ വേറെ വണ്ടിയൊന്നും ആ സമയത്തില്ല. അത്‌ ലിങ്ക്‌ ആണെന്ന്‌ ഉറപ്പിച്ചുകൊണ്ട്‌ ചാടിക്കയറി. കയറിയപ്പോള്‍ തന്നെ വണ്ടി നല്ല വേഗത്തിലായി. പതിവിന്‌ വിപരീതമായി ഇരിക്കാന്‍ ഒരു പാട്‌ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നു. യാത്രക്കാരൊക്കെ ഏതോ ദീര്‍ഘയാത്രയ്‌ക്കൊരുങ്ങിയ പോലെ, അപരിചിതമായ ഒരു ചുറ്റുപാടിലെത്തിയപോലെ.

അടുത്തിരിക്കുന്ന ഒരാളോട്‌ ചോദിച്ചു. അയാളുടെ മറുപടി എന്റെ നാഡികള്‍ പോലും തളര്‍ത്തി.
"ഇത്‌ ലിങ്ക്‌ എക്‌സ്‌പ്രസല്ല മോനേ, സമ്പര്‍ക്കക്രാന്തിയാണ്‌. ഇന്ന്‌ ശനിയാഴ്‌ചയല്ലേ എല്ലാ ശനിയാഴ്‌ചയും കൊച്ചുവേളിയില്‍ നിന്ന്‌ സമ്പര്‍ക്രാന്തിയിലേക്ക്‌ ആ ട്രെയിന്‍ മലയാളികളെയും കൊണ്ട്‌ പോകുന്നുണ്ടല്ലോ!!!"

സമ്പര്‍ക്കക്രാന്തിയുടെ അടുത്ത സ്റ്റോപ്പ്‌ മംഗലാപുരത്ത്‌ പോലുമല്ല, കങ്കനാടിയിലാണ്‌. അവിടെയെത്തി തിരിച്ചുപോരുമ്പോള്‍ നാളെ ഉച്ചയെങ്കിലുമാകും. പൂരം വെള്ളത്തിലായി. വീട്ടില്‍ മരുമകനും അനിയത്തിയും അമ്മയും അച്ഛനും എല്ലാം കാത്തിരിക്കുകയാണ്‌. ഒരുപാട്‌ സാധനങ്ങള്‍ വാങ്ങാന്‍ ഏറ്റിരിക്കുന്ന അവിവാഹിതനായ ഒരു പാതി കുടുംബനാഥന്റെ വേവലാതി ലാലുപ്രസാദ്‌ യാദവിനറിയില്ലല്ലോ. അന്ന്‌ അദ്ദേഹമാണ്‌ റെയില്‍ മന്ത്രി.
ആരെയെങ്കിലും വിളിക്കാന്‍ മൊബൈലിലാണെങ്കില്‍ ചാര്‍ജ്ജുമില്ല. ബാറ്റി ലോ എന്ന മുന്നറിയിപ്പാണ്‌ ഡയല്‍ ചെയ്യുമ്പോള്‍ വരുന്നത്‌. ഞാനും ലോ ആയി ഒരു സീറ്റിലിരുന്നു.

അങ്ങനെ വേവലാതിയെ തിരിച്ചും മറിച്ചും എങ്ങനെ മറികടക്കാം എന്നാലോചിക്കുമ്പോഴാണ്‌ ഒരു യുവാവ്‌ വിയര്‍ത്ത്‌ കൊണ്ട്‌ അടുത്തേക്കുവന്നത്‌. അവന്റെ മുഖത്ത്‌ ആധുനികലോകത്തിന്റെ എല്ലാ സങ്കടവുമുണ്ടായിരുന്നു. ഒരു എക്‌സിക്യൂട്ടീവ്‌... ബാഗുമായി ഊരിപ്പിടിച്ച ടൈയുമായി അവന്‍ എന്നോട്‌ ചോദിച്ചു.

"ചേട്ടാ ഇത്‌ ലിങ്ക്‌ എക്‌സ്‌പ്രസ്സല്ലേ?"

"അല്ലല്ലോ?"
എന്റെ മറുപടി കേട്ടപ്പോള്‍ തന്നെ അവന്റെ എല്ലാ നിരാശകളും കണ്ണില്‍ കടല്‍ പോലെ ഇരച്ചുവന്നത്‌ കണ്ടു.

"അയ്യോ ഞാന്‍ ലിങ്കാണെന്ന്‌ വിചാരിച്ചാണ്‌ ചാടിക്കയറിയത്‌."

അപ്പോഴാണ്‌ എനിക്ക്‌ കൂട്ടായല്ലോ എന്ന സമാധാനമായത്‌. "ഞാനുമങ്ങനെ തന്നെ ഹതഭാഗ്യവാനായ യുവാവേ.."

"ചേട്ടനെവിടെയാ ഇറങ്ങണ്ടേ?"

"ചെറുവത്തൂര്‍, നിങ്ങള്‍ക്കോ?"

"എനിക്ക്‌ കണ്ണപുരത്തായിരുന്നു" (കണ്ണൂരില്‍ നിന്ന്‌ ബസിന്‌ 5 രൂപയ്‌ക്ക്‌ കണ്ണപുരത്തെത്താം. അക്ഷരാര്‍ത്ഥത്തില്‍ ഹതഭാഗ്യവാന്‍.) "നാളെ പൂരത്തിന്‌ മാടായിക്കാവില്‍ പോണം എന്ന്‌ വിചാരിച്ചതാ രാവിലെ തന്നെ.. നടക്കില്ലല്ലോ. അച്ഛന്‍ ഇല്ലത്താണ്‌. വീട്ടിലെന്തൊക്കെയോ വാങ്ങാന്‍ പറഞ്ഞിരുന്നു. എന്റെ കൈയിലാണെങ്കില്‍ ടൈറ്റാ. ഈ പണിയൊന്നും ശരിയാകുന്നില്ലാന്ന്‌."

അവന്‍ വേവലാതികള്‍ കെട്ടഴിക്കുമ്പോള്‍ എന്റെ ചിന്തയും മാറിത്തുടങ്ങി. അല്‌പം അയവുവന്നു.

"എന്താ ജോലി?"

"ഒരു കാര്‍ കമ്പനിയിലാണ്‌. സെയില്‍സ്‌ എക്‌സിക്യൂട്ടീവ്‌. കണ്ണൂരില്‍ തന്നെ. ആരെങ്കിലും കാര്‍ വാങ്ങണ്ടേ. അതിനും മാത്രം ബന്ധങ്ങളൊന്നും എനിക്കില്ല ചേട്ടാ. ചേട്ടനെന്താ ജോലി."

"ഞാന്‍ ഒരു പത്രത്തിലാ."

"അപ്പോ എന്തായാലും ചേട്ടന്‍ ഒരു കാര്‍ വാങ്ങാതിരിക്കില്ല.!!!"

ഞാന്‍ വെറുതെ ചിരിച്ചു. അവന്റെ നിഷ്‌കളങ്കമായി പൊടിഞ്ഞുതിരുന്ന വാക്കുകളില്‍ എന്തോ സങ്കടങ്ങള്‍ ഒളിച്ചിരിപ്പുണ്ടായിരുന്നു.

"ഇനിയിപ്പോ വീട്ടിലേക്ക്‌ സാധനങ്ങള്‍ വാങ്ങലൊന്നും നടക്കില്ലല്ലോ."

"അതേ നമുക്കിനി കങ്കനാടിയൊക്കെ കണ്ടിട്ട്‌ വരാം. എന്നാലും നിങ്ങള്‍ക്കെങ്ങനെ ഈ അബദ്ധം പറ്റി."

"വണ്ടി മൂവ്‌ ചെയ്‌തപ്പോള്‍ ഞാന്‍ ഓടി വരികയായിരുന്നു. അപ്പോള്‍ ഒരാള്‍ പറഞ്ഞതാ ലിങ്കിനാണെങ്കില്‍ ഓടേണ്ടെന്ന്‌. ഓടിയിട്ട്‌ കാര്യമില്ല, കിട്ടില്ലാ എന്നാണ്‌ അയാള്‍ ഉദ്ദേശിച്ചതെന്ന ധാരണയില്‍ അഭിമാനപ്രശ്‌നമായെടുത്ത്‌ അതിവേഗം ഓടിപ്പിടിക്കുകയായിരുന്നു ഞാന്‍. ഹൊ, അയാള്‍ പറഞ്ഞത്‌ കേട്ടാമതിയായിരുന്നു."

നന്നായി എല്ലാത്തിനും ഒരു വാശി നല്ലതാ. എന്നാലും ഇത്‌ കടന്ന വാശിയായിപ്പോയി മോനേ.. ചങ്ങല വലിച്ച്‌ നിര്‍ത്തുന്നത്‌ നിയമലംഘനമാണ്‌. ട്രെയിന്‍ വേഗം കുറയ്‌ക്കുമ്പോള്‍ ചാടിയിറങ്ങുന്നത്‌ അപകടമാണ്‌. ആകുലതകളോടെ ട്രെയിനില്‍ അങ്ങോട്ടുമിങ്ങോട്ടും നടന്നു. ഇടയ്‌ക്ക്‌ അവന്റെ ജീവിതത്തെക്കുറിച്ചുള്ള നിഷ്‌കളങ്കമായ ആവലാതികള്‍ക്ക്‌ ചെവികൊടുത്തു. കണ്ണപുരം, പയ്യന്നൂര്‍, ചെറുവത്തൂര്‍, കാഞ്ഞങ്ങാട്‌...വണ്ടിയിങ്ങനെ പോയിക്കൊണ്ടേയിരുന്നു.
കങ്കനാടിക്ക്‌ ഇനിയും എത്ര പോണം. പിന്നെ അവിടെ നിന്ന്‌ തിരിച്ചും...

വ്യര്‍ത്ഥമാകാന്‍ പോകുന്ന യാത്ര....

ബ്രഹ്മാനന്ദന്റെ സിനിമാപാട്ടാണോര്‍മ വന്നത്‌. ക്ഷേത്രമേതെന്നറിയാത്ര തീര്‍ത്ഥയാത്ര എന്നുതുടങ്ങുന്ന പാട്ട്‌ ശോകമൂകമായി ഇപ്പോഴാണ്‌ കേള്‍ക്കേണ്ടത്‌.

കാസര്‍കോടെത്തിയപ്പോള്‍ ഭാഗ്യം ഞങ്ങളോടൊപ്പമായി. വണ്ടി എന്തിനോ നിര്‍ത്തി. ചാടിയിറങ്ങി. ഹൊ!!!! അവനും ഞാനും ആസ്വാസ നിശ്വാസം ഉതിര്‍ത്തു. ഒരു തെറ്റായ യാത്രയെ ക്യാന്‍സല്‍ ചെയ്യാനായല്ലോ. സമയം രാത്രി പത്ത്‌ മണിയാകാറായി. ഇനി കണ്ണൂര്‍ ഭാഗത്തേക്ക്‌ കാസര്‍കോട്ട്‌ നിന്ന്‌ ബസുണ്ടാകില്ല. ട്രെയിന്‍ വല്ലതുമുണ്ടോ എന്നന്വേഷിച്ചു. ഒരു വെസ്റ്റ്‌ കോസ്റ്റുണ്ട്‌. സമാധാനം. പുലര്‍ച്ചെ വീട്ടിലെത്താം. പക്ഷേ ഒരു പ്രശ്‌നം, കണ്ണപുരത്ത്‌ വെസ്റ്റ്‌കോസ്റ്റിന്‌ സ്റ്റോപ്പില്ല. എന്തുചെയ്യും.

"ചേട്ടന്‍ പോയ്‌ക്കോ. കണ്ണൂരിലിറങ്ങിയാല്‍ എനിക്ക്‌ രാവിലെയെ പോകാന്‍ കഴിയൂ എന്റെ നാട്ടിലേക്ക്‌ ബസൊന്നും കിട്ടില്ല. രാവിലെ പരശുറാം എക്‌സ്‌പ്രസിന്‌ പോകാം. രാത്രി സ്റ്റേഷനില്‍ കിടന്നോളാം."

"എന്നാലും വെറുതെ"

"അത്‌ സാരമില്ലെന്നേ"

"നീയെന്റെ വീട്ടിലേക്ക്‌ വാ. നാളെ രാവിലെ ഞാന്‍ ചെറുവത്തൂര്‍ സ്റ്റേഷനില്‍ കൊണ്ടുവിടാം."

"വേണ്ട ചേട്ടാ. രാവിലെയാകാന്‍ അത്രയൊന്നും നേരമില്ലല്ലോ."

"ഞാന്‍ വിളിക്കാം."

"ചേട്ടന്‍ ഒരു കാര്‍ വാങ്ങണം.ആ ഫോണ്‍ നമ്പര്‍ തരുമോ?"

ഞാന്‍ കൊടുത്തു. അവന്റെ പേര്‌ ചോദിച്ചു. പറഞ്ഞു. പക്ഷേ മറന്നുപോയി. അവനെ പോലെ ഒരുപാട്‌ മുഖങ്ങളില്‍ ആ പേരിന്‌ പ്രസക്തിയില്ലാത്തതുപോലെയെന്ന്‌ കുറച്ച്‌ ദാര്‍ശനിക കാഴ്‌ചപ്പാടോടെ വേണമെങ്കില്‍ വിശദീകരിക്കാം.
ചെറിയൊരു വിഷമത്തോടെ ഞാന്‍ വെസ്റ്റ്‌ കോസ്റ്റില്‍ കയറി അര്‍ദ്ധരാത്രിയോടെ വീട്ടിലെത്തി. വീട്ടില്‍ പൂരത്തിന്റെ ഒരുക്കങ്ങളില്‍ രാവിലെ ഞാനും സജീവമായി. അപ്പോഴും ഓര്‍മയില്‍ അവനായിരുന്നു. അവന്റെ പൂരം എങ്ങനെയായിരുന്നിരിക്കും. പിന്നീട്‌ പലദിവസവും ഞാന്‍ അവനെ പ്രതീക്ഷിച്ചു. കണ്ടില്ല. ഒരിക്കല്‍ എന്നെ കാറ്‌ വാങ്ങാന്‍ നിര്‍ബന്ധിച്ചുകൊണ്ട്‌ അവന്‍ വരുമായിരിക്കും എന്ന്‌ ഞാന്‍ പ്രതീക്ഷിച്ചു. പള്ളിക്കുന്നിലെ ദീപിക പത്രത്തിന്റെ ഓഫീസില്‍ റിസപ്‌ഷനിലെ കുട്ടിയോട്‌ ഞാന്‍ പറഞ്ഞിരുന്നു, അങ്ങനെയൊരാള്‍ വന്നാല്‍ എന്നെ വിളിക്കണമെന്ന്‌.

തീവണ്ടിയിലെ പാഠം: ബോര്‍ഡ്‌ വായിക്കാതെ ട്രെയിനില്‍ കയറരുത്‌....

Read more...

Wednesday, December 9, 2009

മേലേരിപ്പിലെ കടന്നല്‍ കൂടും കോപ്പന്‍ഹേഗന്‍ ഉച്ചകോടിയും


"ആരിവിടെ കൂരിരുളില്‍
മടകള്‍ തീര്‍ത്തു
ആരിവിടെ
തേന്‍കടന്നല്‍ കൂടുതകര്‍ത്തു
"

വരികള്‍ നല്ലതാണോ അല്ലയോ എന്ന്‌ ഇളയരാജയും മലയാളചലചിത്രപ്രേമികളും തര്‍ക്കം കനക്കുമ്പോള്‍ എന്റെ ഓര്‍മ നിറയെ ക്ലായിക്കോട്‌ ഗ്രാമമാണ്‌. കടന്നല്‍ കൂടിളകി ക്ലായിക്കോട്‌ എന്ന കുഞ്ഞുഗ്രാമത്തെ മുഴുവന്‍ പേടിപ്പിച്ച ആ ദിനം.


കഥയിങ്ങനെ-

ഡിസംബര്‍ മാസത്തെ കുളിര്‍ വന്നുതുടങ്ങിയിരുന്നു. ആളുകള്‍ മേലേരിപ്പമ്പലത്തിലേക്ക്‌ രാവിലെ മുതല്‍ തന്നെ എത്തിയിരുന്നു. കാസര്‍കോട്‌ ജില്ലയിലെ ചെറുവത്തൂരിനടുത്തുള്ള ക്ലായിക്കോട്‌ ഗ്രാമത്തിലെ മേലേരിപ്പ്‌ വീരഭദ്രക്ഷേത്രത്തില്‍ ദേവപ്രശ്‌നമായിരുന്നു. നാട്ടുകാര്‍ പലരും രാവിലെ തന്നെ എത്തിയിരുന്നു. കവടി നിരയത്തിയപ്പോള്‍ പ്രശ്‌നമൊന്നുമുണ്ടായിരുന്നില്ല. `പ്രശ്‌നം' വച്ചുതുടങ്ങി ഏറെ വൈകും മുമ്പ്‌ പ്രശ്‌നമുണ്ടായി.

ക്ഷേത്രത്തിന്‌ താഴെയുള്ള നൂറ്റാണ്ട്‌ പഴക്കമുള്ള അരയാലില്‍ ദിവസങ്ങളായി കിടക്കുന്ന കടന്നല്‍ കൂടിളകി. കടന്നലുകള്‍ പരക്കം പാഞ്ഞു. കിട്ടിയവരെയൊക്കെ കുത്തിപരിക്കേല്‍പ്പിച്ചു. പ്രശ്‌നം പറയുന്നതുകേട്ടുകൊണ്ടിരിക്കുകയായിരുന്ന നാട്ടുകാരും പരക്കം പാഞ്ഞു. കണ്ണേട്ടനും അമ്പാടിയേട്ടനും അമ്പുവേട്ടനും ചെറിയേട്ടിയും(ചേച്ചി വടക്കേ മലബാറില്‍ ഏട്ടിയാണ്‌) അടക്കം സ്‌ത്രീകളും പുരുഷന്മാരും പ്രായവ്യത്യാസമില്ലാതെ ഓടിയൊളിക്കാന്‍ ശ്രമിച്ചു. പ്രശ്‌നക്കാരനും പ്രശ്‌നത്തിന്‌ മേല്‍നോട്ടത്തിനെത്തിയ ദേവസ്വം ഓഫീസറും സ്ഥലമറിയില്ലെങ്കിലും അറിയുന്ന വഴിയിലൂടെയെല്ലാം ഓടിപ്പോയി.ചിലര്‍ അടുത്തുള്ള നാരായണന്റെ കടമുറിയില്‍ കയറി ഷട്ടര്‍ താഴ്‌ത്തിയിട്ടു, ചിലര്‍ മേലേരിപ്പ്‌ ദേവസ്വം കുളത്തില്‍ ചാടി. ചില നീന്താനറിയുന്നവരും അറിയാത്തവരുമെല്ലാം അടുത്തുള്ള തേജസ്വിനി പുഴയില്‍ എടുത്തുചാടി. ചരിത്രമുറങ്ങുന്ന തേജസ്വിനി തന്റെ അടുത്തുവന്നവരെയെല്ലാം കടന്നലില്‍ നിന്ന്‌ രക്ഷിച്ചു.

ആകെ 15 പേര്‍ ആശുപത്രിയിലായി.

സാമുവല്‍ ബക്കറ്റ്‌ പറഞ്ഞതുപോലെ അന്യന്റെ ദുരന്തം തമാശയായി അനുഭവപ്പെടുന്ന നിമിഷങ്ങളാണവ. അനുഭവിച്ചവരും പിന്നീട്‌ ഓര്‍ക്കുമ്പോള്‍ ചിരിക്കാന്‍ വക നല്‍കുന്ന സംഭവം.

ദിവസങ്ങള്‍ കഴിഞ്ഞിട്ടാണ്‌ ഞാന്‍ അവിടെയെത്തിയത്‌. ബാല്യവും കൗമാരവുമെല്ലാം ചിലവഴിച്ച ക്ഷേത്രപരിസരം. ഓര്‍മ നിറയെ പഴയ കാലമായിരുന്നു. ബാലസംഘത്തിന്റെ കലാജാഥയ്‌ക്ക്‌ വേണ്ടി

പട്ടിണിയായ മനുഷ്യാ നീ
പുസ്‌തകം കൈയിലെടുത്തോളൂ,
പുത്തനൊരായുധമാണു നിനക്കതു
പുസ്‌തകം കൈയിലെടുത്തോളൂ...


ബ്രഹ്‌തിന്റെ വരികള്‍ ചൊല്ലി നാടകം കളിച്ചത്‌ തെക്കേ പഠിപ്പുരയിലും ചേര്‍ന്ന്‌ കിടക്കുന്ന സ്വാമിമഠത്തിലുമാണ്‌. അച്ഛനറിയാതെ നീന്തിക്കുളിക്കാന്‍ എത്തിയിരുന്നത്‌ ക്ഷേത്രത്തില്‍ നിന്ന്‌ ശബരിമലയേക്കാള്‍ എണ്ണക്കൂടുതലുള്ള പടികളിറങ്ങി ഈ കുളത്തിലേക്കാണ്‌. അന്നും ഇന്നും ദരിദ്രമാണ്‌ മേലേരിപ്പ്‌ ക്ഷേത്രം. എങ്കിലും എന്തൊക്കേയോ നന്മകള്‍ അവിടത്തെ പ്രകൃതിയില്‍ ഖനീഭവിച്ച്‌ കിടപ്പുണ്ടായിരുന്നു. വിശ്വാസിയല്ലാതിരുന്നിട്ടും വൈകുന്നേരങ്ങളില്‍ സുരേശനോടൊപ്പം ക്ഷേത്രത്തിന്റെ പഠിപ്പുരയിലിരുന്ന്‌ ലോകകാര്യങ്ങള്‍ പറയുമ്പോള്‍ സംഘര്‍ഷങ്ങള്‍ക്കിടയിലും ഒരു ആശ്വാസമുണ്ടായിരുന്നു. പിന്നീട്‌ കൃത്രിമസൗന്ദര്യങ്ങളുടെ മുഖ്യധാരാലോകത്ത്‌ എവിടെയും അതൊന്നും മറന്നുവച്ചിട്ടില്ല.

എന്നാലും ആ കടന്നലുകള്‍.

യഥാര്‍ത്ഥത്തില്‍ എന്താണ്‌ സംഭവിച്ചത്‌.? രാവും പകലും യാത്രയിലും നടത്തത്തിലും എത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ല. എന്നാലും കടന്നലുകള്‍ വന്നവഴികള്‍ പിന്നോട്ട്‌ നടന്നുനോക്കുകയായിരുന്നു, ഞാന്‍. അത്‌ ക്ഷേത്രക്കാവിലേക്കും കോപ്പന്‍ഹേഗനിലേക്കും നീളുന്ന വഴികളായിരുന്നു.

ക്ഷേത്രങ്ങളിലും കാവുകളിലും പുനരുദ്ധാരണത്തിന്റെ പേരില്‍ നടക്കുന്ന ദേവപ്രശ്‌നങ്ങള്‍ക്കും ഉദ്ധാരണങ്ങള്‍ക്കും ശേഷം നശിപ്പിക്കപ്പെടുന്ന ചെറുതാണെങ്കിലും വര്‍ഷങ്ങള്‍ പഴക്കമുള്ള കാവുകളില്‍ നിന്ന്‌ പാമ്പുകള്‍ ഇഴഞ്ഞുവരുന്നത്‌ കണ്ടു. കിളികള്‍ കൂടുണ്ടാക്കാന്‍ വഴിയില്ലാതെ അലയുന്നത്‌ കണ്ടു. അമ്പലക്കുളത്തിലെ വെള്ളം വറ്റുന്നത്‌ കണ്ടു. ക്ലായിക്കോട്‌ മുച്ചിലോട്ട്‌ കാവിലെ മരങ്ങള്‍ മുറിച്ച്‌ ചുറ്റും മതില്‍ കെട്ടി നാഗവിഗ്രഹം മാത്രം അവശേഷിക്കുന്നത്‌ കണ്ടു. നാഗം എന്ന്‌ വിളിക്കപ്പെടുന്ന കാവുകളില്‍ ഇപ്പോള്‍ മരങ്ങളില്ലാതാകുന്നു. വെറും നാഗവിഗ്രങ്ങള്‍ മാത്രം. ദൈവത്തിന്റെ പരിശുദ്ധിയുണ്ടെന്ന്‌ കരുതുന്ന ക്ഷേത്രക്കുളങ്ങളില്‍ വെള്ളമില്ലാത്തതെന്ത്‌ കൊണ്ടാണ്‌? വടക്കേ മലബാറിലെ മിക്ക ക്ഷേത്രങ്ങളിലും പുന:പ്രതിഷ്‌ഠാ ബ്രഹ്മകലശ മഹോല്‍സവങ്ങള്‍ പൊടിപൊടിക്കുന്നതാണ്‌ കഴിഞ്ഞ വര്‍ഷങ്ങളില്‍ കണ്ടത്‌. മിക്ക പുനപ്രതിഷ്‌ഠകള്‍ക്കും ശേഷം കാവുകള്‍ വെട്ടി നാഗപ്രതിഷ്‌ഠയും നടത്തും. യഥാര്‍ത്ഥ നാഗങ്ങള്‍ക്ക്‌ അലയുന്ന അത്മാവുകളായി.

വീണ്ടും ഞാന്‍ എത്തുന്നത്‌ ക്ലായിക്കോട്ടേക്കും മേലേരിപ്പിലേക്കും തന്നെ. മലബാറിലെ അത്യാവശ്യം വലിപ്പമുള്ളൊരു വനമായിരുന്നു നക്രാവനം. അത്‌ ക്ലായിക്കോടിന്റെ ഒരുഭാഗത്താണ്‌. എന്നാല്‍ ഇന്നത്‌ ചുരുങ്ങിച്ചുരുങ്ങി വന്നിരിക്കുന്നു. നക്രാവനം ചെറുപ്പത്തില്‍ തന്നെ എന്നോട്‌ പറഞ്ഞത്‌ ലോകത്തിന്റെ ആകെ കഥയാണ്‌. അത്‌ പിന്നീടൊരിക്കല്‍ വിശദമായി പറയേണ്ടിയിരിക്കുന്നു. മേലേരിപ്പിനോട്‌ ചേര്‍ന്ന്‌ കിടക്കുന്ന നക്രാവനം കാവിന്റെ സ്ഥിതിയും വ്യത്യസ്‌തമല്ല. അതിനകത്ത്‌ വടക്കോട്ട്‌ അഭിമുഖമായുള്ള കാളിപ്രതിഷ്‌ഠ പ്രസിദ്ധമാണ്‌. കേരളത്തില്‍ വടക്കോട്ട്‌ അഭിമുഖമായി നില്‍ക്കുന്ന കാളിപ്രതിഷ്‌ഠയുള്ളത്‌ അവിടെയും പിലിക്കോടും കൊടുങ്ങല്ലൂരിലും മാത്രമാണ്‌ എന്ന്‌ കേട്ടിട്ടുണ്ട്‌. കാവിനെയും ദൈവത്തെയും കുറിച്ചുള്ള ചിന്തകള്‍ എന്നെ എത്തിച്ചത്‌ കോപ്പന്‍ ഹേഗിലേക്കാണ്‌. കോപ്പന്‍ഹേഗനും മേലേരിപ്പ്‌ ക്ഷേത്രവും തമ്മിലെന്ത്‌ ബന്ധം. കോപ്പന്‍ ഹേഗനില്‍ ഉച്ചകോടി നടക്കുന്നത്‌ കാലാവസ്ഥാവ്യതിയാനത്തിന്റെ കാരണങ്ങളും പരിഹാരങ്ങളും തേടിയാണ്‌. ഒരുതാരതമ്യം നടത്തിയാലോ.

കോപ്പന്‍ഹേഗന്‍

1.കോപ്പന്‍ ഹേഗന്‍ ഉച്ചകോടി കാലാവസ്ഥാവ്യതിയാനത്തിന്റെ കാരണങ്ങളും പരിഹാരങ്ങളും ചര്‍ച്ച ചെയ്യാനാണ്‌.

2. വികസിത രാജ്യങ്ങളാകെ പണ്ട്‌ ജപ്പാനിലെ ക്യോട്ടോയില്‍ വച്ച്‌ ഒപ്പിട്ട ഉടമ്പടി(ക്യോട്ടോ പ്രോട്ടോക്കോള്‍) ലംഘിക്കുന്നതിന്റെ ഫലമായി പ്രകൃതി മലീമസമാകുകയും കാലാവസ്ഥ പ്രവചനാതീതമാകുകയും ചെയ്‌തു.

3. മനുഷ്യന്റെ ജീവന്‌ തന്നെ ഭീഷണിയായേക്കാം പുതിയ മാലിന്യങ്ങളും പ്രകൃതിയോടുള്ള ആക്രമണവും.

മേലേരിപ്പ്‌ വീരഭദ്രക്ഷേത്രം

1. ക്ഷേത്രങ്ങളില്‍ ദേവപ്രശ്‌നങ്ങള്‍ കഴിയുമ്പോള്‍ ഉടനെ നാഗപ്രതിഷ്‌ഠകള്‍ക്കടക്കം തന്ത്രിമാരെ തേടുക പതിവാണ്‌. ഇത്‌ പ്രകൃതിയിലെ ജീവികള്‍ക്കെല്ലാം അറിയാം.

2.കാവുകളും ക്ഷേത്രങ്ങളും ആവാസവ്യവസ്ഥ നിലനിര്‍ത്താന്‍ കൂടിയുണ്ടാക്കിയതാണ്‌. എഴുതപ്പെടാത്ത ഒരു പ്രകൃതി നിയമം അന്നുണ്ടായിരുന്നു. ആ പ്രോട്ടോക്കോള്‍ വ്യാപകമായി ലംഘിക്കപ്പെടുന്നു.

3. മനുഷ്യന്‌ മാത്രമല്ല, ജീവികള്‍ക്ക്‌ എല്ലാം ഭീഷണിയായേക്കാവുന്ന വിധത്തിലുള്ള വികസനപ്രവര്‍ത്തനങ്ങളാണ്‌ ക്ഷേത്രങ്ങളിലടക്കം നടക്കുന്നത്‌.

സ്വാഭാവികമായും കടന്നലുകള്‍ പേടിക്കുകയും കൂടിളക്കി പുറത്തുവരികയും ചെയ്‌തു. കണ്ണില്‍ കണ്ടതിനെയെല്ലാം കുത്തിപ്പരിക്കേല്‍പ്പിച്ചു. എവിടെയോ ദൈവം ഇതെല്ലാം കണ്ട്‌ നിസ്സഹായമായി കണ്ണീര്‍ വാര്‍ത്തു. അപ്പോള്‍ എല്ലാ കാഴ്‌ചകള്‍ക്കും അര്‍ത്ഥമുണ്ടെന്നാരാണ്‌ പറഞ്ഞത്‌ എന്നതിന്റെ ഉത്തരം തേടുകയായിരുന്നു ഞാന്‍.

വാല്‍ക്കഷ്‌ണം: കടന്നലിനെ പേടിച്ച്‌ കടന്നല്‍ കൂട്‌ തകര്‍ക്കരുത്‌.

Read more...

Sunday, December 6, 2009

എന്നാലും എന്റെ രാധാകൃഷ്‌ണാ


സഹായിക്കാന്‍ പോയി പറ്റിക്കപ്പെടുക എന്നത്‌ ചിലരുടെ സ്ഥിരം പരിപാടിയാണ്‌. പലപ്പോഴും അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കിലും അടുത്തകാലത്ത്‌ കോഴിക്കോട്‌ റെയില്‍വേസ്റ്റേഷനില്‍ ഒരാള്‍ പറ്റിക്കപ്പെട്ടു.

പാലക്കാട്ട്‌ നിന്ന്‌ രാത്രി പന്ത്രണ്ടിന്റെ കോഴിക്കോട്‌ കെ.എസ്‌.ആര്‍.ടി.സി ബസിന്‌ പുറപ്പെട്ടതാണ്‌ നായകന്‍.രാത്രിയില്‍ വാര്‍ത്തകളുടെ ലോകത്ത്‌ നിന്ന്‌ രക്ഷപ്പെട്ട്‌ നാട്ടിലെ ശുദ്ധവായു ശ്വസിക്കാനും കൂട്ടുകാരെ കാണാനും പറ്റിയാല്‍ ചെറുവത്തൂര്‍ പാക്കനാറില്‍ നിന്ന്‌ ഒരു സിനിമ കാണാനുമുള്ള ആഗ്രഹം ഉള്ളിലുണ്ടെങ്കിലും ഒറ്റദിവസം കൊണ്ട്‌ വീട്ടിലെ കാര്യങ്ങളെല്ലാം തീര്‍ത്ത്‌ ഇത്രയും 'സ്വ'കാര്യങ്ങള്‍ നടക്കുമോ എന്ന സംശയത്തിന്റെ ആവലാതിയില്‍ ബസില്‍ ചാടിക്കയറി. ഒരു നല്ലപാതിയുറക്കം കഴിയുമ്പോഴേക്കും കോഴിക്കോട്ടെത്തി. കോഴിക്കോട്‌ റെയില്‍വേ സ്റ്റേഷനില്‍ നിന്ന്‌ മംഗലാപുരത്തേക്കുള്ള മലബാര്‍ എക്‌സ്‌പ്രസ്‌ പിടിക്കാനുള്ള തത്രപ്പാട്‌. ബസ്‌ സ്റ്റാന്റില്‍ നിന്ന്‌ റെയില്‍വേസ്റ്റേഷനില്‍ എത്തി ടിക്കറ്റെടുത്ത്‌ പ്ലാറ്റ്‌ ഫോമിലൂടെ നടക്കുമ്പോവാണ്‌ ഉറക്കെയുള്ള ആ വിളി വന്നത്‌.

മധൂ...


തിരിഞ്ഞുനോക്കിയപ്പോള്‍ അനിയേട്ടനാ ണ്‌(എ.വി.അനില്‍കുമാര്‍) കൊച്ചിയില്‍ ദേശാഭിമാനിയിലാണല്ലോ ഇപ്പോള്‍ അനിയേട്ടന്‍. അദ്ദേഹവും എന്നെപ്പോലെ ഏതോ ബസ്സില്‍ കൊച്ചിയില്‍ നിന്ന്‌ കോഴിക്കോട്ടെത്തിയതാണ്‌. മലബാറില്‍ പയ്യന്നൂരിലേക്ക്‌ ടിക്കറ്റെടുത്ത്‌ നില്‍ക്കുമ്പോഴാണ്‌ എന്നെ കണ്ടത്‌. ഞാന്‍ അടുത്തെത്തി. കുറേ കാര്യങ്ങള്‍ സംസാരിക്കാം എന്നുള്ള ആഗ്രഹത്തോടെ ഞാന്‍ ലോഹ്യം പറഞ്ഞുതുടങ്ങിയപ്പോഴാണ്‌ ഒരാള്‍ അടുത്തേക്ക്‌ വന്നത്‌. ഒരു താടിക്കാരന്‍. നേരെ നില്‍ക്കാന്‍ കഴിയാത്തത്രയും ലഹരി അകത്തുണ്ട്‌. മധുവേട്ടാ എന്നൊരു അഴകൊഴമ്പന്‍ അഭിസംബോധന. പിന്നെ അതിദയനീയമായി ഒരു ചോദ്യം.

"എന്നെ അറിയില്ലേ..."

ഓര്‍മയില്‍ എല്ലായിടത്തും തപ്പിനോക്കി.
കാണുന്നില്ല.

പെട്ടെന്ന്‌ ഓര്‍മയില്‍ വന്നു, ഒരു മുഖം.രാധാകൃഷ്‌ണന്‍... കവി, കഥാകൃത്ത്‌... നിര്‍മാണത്തൊഴിലാളി.
ആ നിമിഷത്തില്‍ കയറിയിറങ്ങിയ നിരവധി ഓര്‍മകള്‍ക്ക്‌ ആദ്രമായ ഒരു കാലത്തിന്റെ തുടിപ്പുണ്ടായിരുന്നു. പള്ളിക്കുന്നില്‍ അന്ന്‌ ഞാന്‍ ജോലി ചെയ്യുന്ന പത്രത്തിന്റെ ഓഫീസിലേക്ക്‌ കയറിവരുമായിരുന്നു, അയാള്‍. ആപ്പോഴും നഷ്‌ടപ്പെട്ട ജീവിതത്തിന്റെ വഴികളില്‍ ഖേദപൂര്‍വ്വം അയാള്‍ സഞ്ചരിച്ചിരുന്നു. കെട്ടിടത്തിന്റെ മുകളില്‍ ഓരോ കല്ല്‌ വച്ച്‌ സിമന്റിലുറപ്പിക്കുമ്പോഴും മനസ്സുനിറയെ കാവ്യാത്മക ഭാഷ.... പതിവുപോലെ ചെറിയ കാര്യങ്ങള്‍ക്ക്‌ വേണ്ടി വാദിക്കുന്ന എനിക്ക്‌ ഒന്നും ചെയ്യാന്‍ കഴിയുന്നില്ലല്ലോ എന്ന നിസ്സഹായത. എനിക്ക്‌ കഴിയാവുന്നത്‌ ഒരു മാധ്യമകവറേജ്‌... ഏറ്റവും വേഗത്തില്‍ ഒരു ഫീച്ചര്‍ എഴുതി. തൊട്ടടുത്ത ഞായറാഴ്‌ച തന്നെ പ്രസിദ്ധീകരിച്ചു. എല്ലാവരും സെലിബ്രിറ്റികളുടെ പിന്നാലെ പോകുമ്പോള്‍ ഉപകാരമുണ്ടാകാവുന്നവര്‍ക്ക്‌ വേണ്ടി എന്തെങ്കിലും എഴുതുക എന്നുള്ളത്‌ പണ്ടേ ഉള്ള കാഴ്‌ചപ്പാടാണ്‌.
ഞാന്‍ പറഞ്ഞു. "ഉയരങ്ങളില്‍ തന്നെ എത്തും. എഴുത്തില്‍ ജീവിതമുണ്ട്‌."
ഒരാളെ സഹായിച്ചുവെന്ന ഏതോധാരണയുടെ തൃപ്‌തിയില്‍ ഒരിക്കല്‍ കൂടി ഇരിക്കവേ രാധാകൃഷ്‌ണന്‍ എന്നോട്‌ പറഞ്ഞു.
"ഈ ഉപകാരം ഒരിക്കലും മറക്കില്ല." സ്‌നേഹത്തോടെ എന്നിട്ട്‌ ആദ്യത്തെ കവിതാ സമാഹാരം ഉപഹാരമായി തന്നു. അപ്പോള്‍ ആദ്യമായി അയാളുടെ കണ്ണുകളില്‍ പ്രതീക്ഷയുടെ നാളങ്ങള്‍ കാണാന്‍ കഴിഞ്ഞിരുന്നു.

പിന്നീട്‌ വര്‍ഷങ്ങള്‍ കഴിഞ്ഞല്ലോ ആ മുഖം ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ല. എന്നാലും ആ മനുഷ്യന്‍ ഈ നിലയിലാകാന്‍ എന്ത്‌ സാധ്യതയാണുള്ളത്‌. പ്രാരാബ്‌ദങ്ങളുടെ ലോകത്ത്‌ ലഹരിയുടെ വഴികളിലേക്ക്‌ എളുപ്പം ടിക്കറ്റ്‌ കിട്ടുമെന്ന അറിവുള്ളതിനാല്‍ അക്കാര്യത്തില്‍ അതിശയം തോന്നിയില്ല. ഓര്‍ത്തെടുക്കാന്‍ ശ്രമം തുടരവേ വീണ്ടും അയാള്‍ വിളിച്ചു-

"മധുവേട്ടാ ഒരു അഞ്ചുരൂപ കിട്ടിയാല്‍ എന്തെങ്കിലും കഴിക്കാമായിരുന്നു."

"രാധാകൃഷ്‌ണനാണോ.. ?"

ഞാന്‍ ചോദിക്കേണ്ട താമസം. "അതേയതേ." ഉത്തരമായി.

"പ്രസാദ്‌ മാഷിന്റെ സുഹൃത്ത്‌ ?"

"അതേ, അതേ എനിക്ക്‌ വണ്ടിക്ക്‌ പോകാന്‍ പൈസയില്ല. പോകുന്നത്‌ കള്ളവണ്ടികയറിയായിക്കോളാം. പക്ഷേ വിശക്കുന്നു."

അടുത്ത്‌ അനിയേട്ടനെന്ന ഒരു ജീവചരിത്രകാരന്‍ നില്‍ക്കുന്നു. അക്കാദമി അവാര്‍ഡ്‌ കിട്ടിയ ഇ.എം.എസിന്റെ ജീവചരിത്രത്തിലെവിടെയോ(ചരിത്രത്തിനൊപ്പം നടന്ന ഒരാള്‍) അനിയേട്ടന്‍ എഴുതിയിട്ടുമുണ്ട്‌, അന്യനെ സഹായിക്കലാണ്‌ കമ്യൂണിസം എന്ന്‌. ഉടനെ എന്നിലെ ഉദാരമനസ്‌കന്‍ ഉണര്‍ന്നു. ഏതായാലും ഭക്ഷണം മാത്രമാക്കണ്ട. വണ്ടിക്ക്‌ ടിക്കറ്റും എടുത്തോളൂ. നൂറുരൂപ എടുത്തുകൊടുത്തു. ഇത്രയുമാണ്‌ റെയില്‍വേ സ്റ്റേഷനിലെ സംഭവങ്ങള്‍.


പൈസയും വാങ്ങി അയാള്‍ പോയി. അനിയേട്ടനും ഞാനും പിന്നീട്‌ ചാടിക്കയറിയ ഒ.വി.സുരേഷും കൂടി കൃതാര്‍ത്ഥരായി മലബാര്‍ എക്‌സ്‌പ്രസില്‍ കയറി. വല്ലാത്തൊരു തൃപ്‌തിയോടെ അധപ്പതിച്ച ലോകകാര്യങ്ങളെക്കുറിച്ചുള്ള സംഭാഷങ്ങളുമായി ഞങ്ങള്‍ മലബാറില്‍ യാത്രതുടര്‍ന്നു.പിന്നീടാണ്‌ മണ്ടത്തരം മനസ്സിലായത്‌. പിറ്റേന്ന്‌ പയ്യന്നൂരില്‍ അമ്മയ്‌ക്ക്‌ മരുന്നു വാങ്ങാന്‍ എത്തിയതാണ്‌. യാദൃച്ഛികമായി പ്രസാദ്‌ മാഷെ കണ്ടു. എന്റെ ഉദാരമനസ്‌കതയെ അവന്‍ വാഴ്‌ത്തുമെന്ന പ്രതീക്ഷയില്‍ കഥ പറഞ്ഞു. രാധാകൃഷ്‌ണന്‍ എന്ന കവി അങ്ങനെ ഒരിടത്ത്‌ ഉണ്ടാകാനിടയില്ലെന്ന്‌ ഉറപ്പിച്ചു പറയുക മാത്രമല്ല. അയാളെ വിളിച്ച്‌ ഉറപ്പുവരുത്തുകയും ചെയ്‌തു. അപ്പോ പിന്നെ അയാള്‍ എന്നെ പേരേടുത്തു വിളിച്ചതോ... സംശയം തീരുന്നേയില്ല. സംഭവം ഒന്നുകൂടി ഓര്‍ത്തെടുത്ത്‌ അവനോട്‌ പറഞ്ഞു. ചിരിച്ചുകൊണ്ട്‌ അവന്‍ നമ്പറിട്ട്‌ കാര്യങ്ങള്‍ വ്യക്തമാക്കി.

1. ഞാന്‍ റെയില്‍വേ സ്റ്റേഷനില്‍ കടന്നുകയറുമ്പോള്‍ അനിയേട്ടന്‍ ഉറക്കെ വിളിച്ചത്‌ പലരും കേട്ടതാണ്‌.

2. എങ്ങനെ രണ്ടെണ്ണം അടിക്കാന്‍ പൈസയുണ്ടാക്കാം എന്ന്‌ ആലോചിച്ച്‌ അപ്പോള്‍ ഒരാള്‍ പ്ലാറ്റ്‌ഫോമിലെവിടെയോ നില്‍ക്കുന്നുണ്ടായിരുന്നു.

3. അയാള്‍ക്ക്‌ അപ്പോഴാണ്‌ എന്റെ പേര്‌ മനസിലായത്‌.

4. പേര്‌ വിളിച്ച്‌ ഒരു അപരിചിതന്‍ ആവശ്യവുമായി സമീപിച്ചാല്‍ പരിചയമില്ലെന്ന്‌ ആരും പറയില്ല.

5. രാധാകൃഷ്‌ണനല്ലേ എന്ന്‌ അയാളോട്‌ ഞാന്‍ അങ്ങോട്ട്‌ ചോദിക്കുകയായിരുന്നു.

6.കിട്ടിയ അവസരം അയാള്‍ മുതലെടുത്തു.

എന്തായാലും പ്രസാദ്‌ പറഞ്ഞത്‌ ശരിയോ തെറ്റോ ആയിക്കോട്ടെ. എനിക്ക്‌ അമളി പറ്റിയതായിക്കോട്ടെ. ചിലപ്പോള്‍ കുടിയനാണെങ്കിലും അയാള്‍ യഥാര്‍ത്ഥ ആവശ്യക്കാരനാണെങ്കിലോ... എന്ന വിചാരം എന്നെ ശാന്തനാക്കി.ഗുണപാഠംഉറക്കെ പേര്‌ ചൊല്ലി വിളിക്കുന്നത്‌ കേട്ടാല്‍ മിണ്ടാതിരിക്കുക. പ്രത്യേകിച്ച്‌ കോഴിക്കോട്‌ റെയില്‍വേ സ്റ്റേഷനില്‍ നിന്ന്‌. !!

Read more...
Related Posts with Thumbnails

  © K.V.MADHU 2009 Blogger Theme by Ourblogtemplates.com 2008

Back to TOP