Sunday, March 28, 2010

ഇനിയത്തെ കൊല്ലോം വരണേ കാമാ...

വടക്കേ മലബാറില്‍ നാളെ പൂരങ്കുളിയാണ്‌. മീനമാസത്തിലെ പൂരോല്‍സവത്തിന്റെ അവസാനദിനം.

"ഇനിയത്തെ കൊല്ലോം വരണേ കാമാ,
കുഞ്ഞിമംഗലത്താറാട്ടിന്‌ പോലേ കാമാ..."

കാമദേവനെ യാത്രയാക്കുമ്പോല്‍ അമ്മയുടെ പാട്ട്‌ കേട്ട്‌ എത്ര കരഞ്ഞിരിക്കുന്നു. അമ്മ ഇപ്പോഴും അത്‌ ഓര്‍മിപ്പിച്ച്‌ കളിയാക്കാറുണ്ട്‌. ചെറുപ്പകാലത്ത്‌ ആഹ്ലാദങ്ങളുടെ കാലമായിരുന്നു പൂരോല്‍സവകാലം.

ഓ ഞാന്‍ മറന്നു. ഇത്‌ വായിക്കുന്ന എല്ലാവര്‍ക്കും പൂരോല്‍സത്തെ കുറിച്ച്‌ ധാരണയുണ്ടാവില്ലല്ലോ. അതെ ഒരിക്കല്‍ സുകുമാര്‍ അഴീക്കോട്‌ ലേഖനമെഴുതിയ ആ പൂരം തന്നെ. ലോകം മുഴുവന്‍ വാലന്റൈന്‍സ്‌ ഡേ ആഘോഷിക്കുന്നത്‌ അതിന്റെ ആദ്യരൂപം മലബാറിലെ പൂരമാണെന്നറിയാതെയാണ്‌ എന്ന്‌ പറഞ്ഞില്ലേ. അഴീക്കോട്‌ വാലന്റൈന്‍സ്‌ ഡേയോട്‌ ഉപമിച്ച ആപൂരം തന്നെ. നല്ല ഭാവി ലഭിക്കുന്നതിന്‌ വേണ്ടി ഋതുമതിയാകാത്ത കുട്ടികള്‍ക്കായി കാലം കണ്ടുപിടിച്ച ഉല്‍സവം.

പൂരം ഞങ്ങള്‍, വടക്കേ മലബാറുകാരുടെ ദേശീയോല്‍സവമാണ്‌. മീനമാസത്തിലെ കാര്‍ത്തിക നാള്‍ മുതല്‍ പൂരം നാള്‍വരെ ആഘോഷിക്കുന്ന ഉല്‍സവമാണ്‌ പൂരം.അത്‌ രസകരമായൊരു ഉല്‍സവമാണ്‌. ഋതുമതിയാകാത്ത പെണ്‍കുട്ടികളുടെ ഉള്‍സവമാണ്‌. അവരാണ്‌ കഥാപാത്രം. കാര്‍ത്തികനാളിന്‌ തലേദിനവസം തന്നെ അമ്മ എല്ലായിടത്തും ചാണകം മെഴുകി വൃത്തിയാക്കും. മുറ്റവും ചുറ്റുപാടും എല്ലാം ശുദ്ധിയാക്കും. ചെമ്പകപ്പൂവിന്റെയും നരയന്‍ പൂവിന്റെയും ഉല്‍സവത്തിന്‌ കാര്‍ത്തികനാള്‍ മുതല്‍വീട്ടില്‍ പൂവിടും.

എനിക്ക്‌ എന്റെ അനിയത്തിയുണ്ടായിരുന്നു. പെണ്‍കുട്ടികളില്ലാത്ത വീട്ടുകാര്‍ക്ക്‌ ഒരര്‍ത്ഥത്തില്‍ നഷ്‌ടബോധത്തിന്റെ നാളുകളാണ്‌. പത്ത്‌ ദിവസം ഋതുമതിയാകാത്ത പെണ്‍കുട്ടികള്‍ കാമദേവനെ പൂജിക്കുമ്പോള്‍ അവരുടെ വീടുകളില്‍ ആഘോഷത്തിന്റെ ആരവമുണ്ടാകില്ല. വീടുകളില്‍ രാവിലെയും വൈകീട്ടും പെണ്‍കുട്ടികള്‍ പൂവിടും. രണ്ടിടത്താണ്‌ പൂവിടേണ്ടത്‌. പടിഞ്ഞാറ്റിനിയില്‍ വിളക്കിന്‌ താഴെ. പിന്നെ വീട്ടിനടുത്ത്‌ കിണറ്റിന്‍കരയില്‍. ഓലകൊണ്ട്‌ മടഞ്ഞുണ്ടാക്കിയ പൂക്കൂടയില്‍ നിറയെ വീട്ടിലെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും പെണ്‍കുട്ടികളില്ലാത്ത വീട്ടിലെ കൂട്ടുകാരും എല്ലാം ചേര്‍ന്ന്‌ പൂ ഇറുത്ത്‌ കൊണ്ടുവരും. കൂട്ട നിറയ ചെമ്പകപ്പൂക്കള്‍. രാവിലെ സ്‌കൂളില്‍ പോകുന്നതിന്‌ മുമ്പായി ഞങ്ങള്‍ ആര്‍ഭാടത്തോടെ പൂ പറിക്കാന്‍ പോകും.

വീട്ടിന്‌ മുന്നിലെ മുച്ചിലോട്ട്‌ നടയില്‍ ഒരു ചെമ്പക മരമുണ്ടായിരുന്നു അന്ന്‌. അതില്‍ കയറി കൊമ്പ്‌ കുലുക്കി ചെമ്പകപൂക്കള്‍ താഴെയിടും. കൂട്ട നിറയുന്നതുവരെ. സ്‌കൂളില്‍ മാഷ്‌ ക്ലാസെടുക്കുമ്പോളൊക്കെ മനസ്സുനിറയെ ആഹ്ലാദമാകും. വൈകുന്നേരമാകാന്‍. വീട്ടിലെത്തിയിട്ട്‌ വൈകുന്നേരം പൂവിന്‌ വെള്ളം കൊടുക്കണം. വെള്ളം കൊടുക്കുമ്പോ ഉറക്കെ കൂവണം. അതിനായി അടുത്ത വീട്ടിലെ കുട്ടികളെല്ലാം വരും. മുതിര്‍ന്ന പെണ്‍കുട്ടികളുളള വീടുകളിലെ ആണ്‍കുട്ടികള്‍(അവിടെ പൂവിടില്ല.), പെണ്‍കുട്ടികളില്ലാത്ത വീടുകളിലെ ആണ്‍കുട്ടികള്‍ ഒക്കെ വരും. മഠത്തിലെ സന്തോഷും ദിവാകരനും ഗോപാലകൃഷ്‌ണും മിക്കവാറും വീട്ടിലുണ്ടാകും. അവരുടെ വീട്ടില്‍ ആറ്‌ ആണുങ്ങളാണ്‌. സന്തോഷ്‌ പലതവണ പൂരക്കാലത്ത്‌ പറഞ്ഞിട്ടുണ്ട്‌. നീ ഭാഗ്യവാനാടാ നിനക്ക്‌ അനിയത്തിയില്ലേ, എനിക്കില്ലല്ലോ... എന്ന്‌. അന്നൊക്കെ എന്നെക്കാള്‍ സ്ഥാനം വീട്ടില്‍ അവനായിരുന്നു. അവരൊക്കെ രാവിലെ വന്ന്‌ പൂ പറിച്ചുതരും.

ഞങ്ങളുടെ നാട്ടിലെ എല്ലാ അമ്പലങ്ങളിലും രാവിലെ പൂവിടും. വൈകീട്ട്‌ പൂവിന്‌ വെള്ളം കൊടുക്കും. അന്നൊരിക്കല്‍ പൂ പറിക്കാന്‍ പോയപ്പോള്‍ ചെമ്പകത്തില്‍ നിന്ന്‌ വീണ്‌ കൈയൊടിഞ്ഞതിന്‌ ശേഷം അച്ഛന്റെ കര്‍ക്കശമായ നിബന്ധനയുണ്ടായിരുന്നു പൂ പറിക്കാന്‍ മരത്തില്‍ കയറരുതെന്ന്‌. തേജസ്വിനി പുഴയുടെ അക്കരെ ചാത്തമത്ത്‌ അമ്പലത്തില്‍ നിന്ന്‌ ചെണ്ടയും പൂരക്കളിയുടെ ബഹളവും ഒക്കെയുണ്ടാകും. ഞങ്ങളുടെ ദരിദ്രമായ മുച്ചിലോടായതുകാരണം അന്ന്‌ വെറുതെ പൂവിടലും രാത്രി കോമരങ്ങള്‍ അരങ്ങില്‍ ഇറങ്ങലും മാത്രമേ ഉണ്ടായിരുന്നുള്ളൂ.. ചില വര്‍ഷം ഒമ്പതു പൂവായിരിക്കും. ചില വര്‍ഷം പത്ത്‌.. ഈ വര്‍ഷം പത്ത്‌ പൂവായിരിക്കണേ എന്നാണ്‌ ഞങ്ങളുടെ എന്നത്തേയും പ്രാര്‍ത്ഥന. എന്നാല്‍ പത്ത്‌ ദിവസവും ആഘോഷമാണ്‌. പത്ത്‌ രാത്രികളും വീട്ടില്‍ വെളിച്ചവും ഒച്ചയും ബഹളവുമായി കഴിയാം. പൂരക്കാലത്തേക്ക്‌ വേണ്ടി ഒരു പെട്രോമാക്‌സ്‌ വാങ്ങിവയ്‌ക്കും. കരണ്ട്‌ കിട്ടിയിരുന്നില്ല അന്നൊന്നും. പിന്നെയും വര്‍ഷങ്ങള്‍ കഴിഞ്ഞാണ്‌ ക്ലായിക്കോട്ടേക്ക്‌ വൈദ്യുതിയെത്തുന്നത്‌.

മാസങ്ങള്‍ക്ക്‌ മുമ്പേ ഞങ്ങള്‍ കലണ്ടറില്‍ കാര്‍ത്തിക അടയാളപ്പെടുത്തി കൗണ്ട്‌ ഡൗണ്‍ തുടങ്ങും. പത്താം നാള്‍ പൂരങ്കുളി. പൂരങ്കുളിയുടെ തലേ രാത്രിയാണ്‌ ശരിക്കും ആസ്വദിക്കുക. അന്ന്‌ എല്ലാ വീട്ടിലും കാമദേവനെയുണ്ടാക്കും. നരയന്‍ പൂവ്‌ പറിച്ചുകൊണ്ട്‌ വന്ന്‌ കൂട്ടി വയ്‌ക്കും. കാമദേവനെയുണ്ടാക്കി ഏറ്റവും നല്ലത്‌ ആരുടെ വീട്ടിലേതാണ്‌ എന്ന്‌ പിറ്റേന്നാള്‍ കാണാന്‍ പോകും. ആദ്യം ചേടിമണ്ണ്‌ കൊണ്ട്‌ ചിത്രം വരയ്‌ക്കും. പിന്നെ അതിന്‌ കണക്കായി കാമനെയുണ്ടാക്കും. അതില്‍ കൈയും കാലും കണ്ണും മൂക്കും ഒക്കെ പൂവുകൊണ്ട്‌ നിറയ്‌ക്കും. കാമനെയുണ്ടാക്കുന്നതില്‍ വിദഗ്‌ദരായ ചിലരൊക്കെയുണ്ടായിരുന്നു. പൂരങ്കുളിക്ക്‌ പുലര്‍ച്ചെ എല്ലാ അമ്പലങ്ങളിലും വിഗ്രഹങ്ങളെ പൂരങ്കുളിപ്പിക്കും. അമ്പലങ്ങളിലെ എല്ലാഉപകരണങ്ങളും ദൈവത്തിന്റെ കുളത്തില്‍ കൊണ്ടുപോയി മുക്കിയെടുത്ത്‌ കുടയും ചൂടി വിളക്കെടുത്ത്‌ അന്തിത്തിരിയന്റെ അകമ്പടിയോടെ തിരിച്ച്‌ കൊണ്ടുവയ്‌ക്കും. അന്ന്‌ അമ്പലത്തിനകത്തെ എല്ലാ വിഗ്രഹങ്ങളും വാളും പരിചയുമൊക്കെ കൈ കൊണ്ട്‌ തൊടാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. വാളൊക്കെ കഴുകിയെടുക്കുമ്പോള്‍ ഉണ്ടാകുന്ന ചിലമ്പല്‍ ഞങ്ങള്‍ ശരിക്കും ആസ്വദിക്കുമായിരുന്നു.

എന്റെ മുച്ചിലോട്ട്‌ ക്ഷേത്രത്തില്‍ അധികമാളുകളില്ലാത്തതു കൊണ്ട്‌ തന്നെ ഞാനും സുരേശനും സന്തോഷും ഒക്കെ മാത്രമേ ഉണ്ടാകൂ കുളിപ്പിക്കാന്‍. ഞങ്ങള്‍ വാളൊക്കെയെടുത്ത്‌ ചെറുതായി വിറപ്പിക്കുമ്പോള്‍ കോമരവും അന്തിത്തിരിയനും ഒക്കെ ചീത്ത പറയും. എന്നാലും ഞങ്ങള്‍ ആഗ്രഹങ്ങളെല്ലാം നിവൃത്തിക്കും. പിന്നീട്‌ മറ്റ്‌ ആഘോഷസമയങ്ങളില്‍ പുറത്ത്‌ നിന്ന്‌ പലരും തൊഴുത്‌ നില്‍ക്കുമ്പോള്‍ ഞങ്ങള്‍ അഹങ്കാരത്തോടെ ഓര്‍ക്കാറുണ്ട്‌ പള്ളിയറയിലെ ആ വിഗ്രഹവും വാളുമെല്ലാം ഞങ്ങള്‍ കഴുകി വച്ചതല്ലേ എന്ന്‌. പൂരങ്കുളിപ്പിച്ചുകഴിഞ്ഞാല്‍ കോമരങ്ങള്‍ അരങ്ങിലിറങ്ങും. അവരും പൂരങ്കുളിച്ച്‌ എല്ലാ വിഗ്രഹങ്ങളും വാളും പരിചയുമെല്ലാം പുണ്യാഹം തളിച്ച്‌ ശുദ്ധീകരിക്കും. ഉച്ചയോടെ പകുതി ഉല്‍സവം കഴിയും.

പിന്നെ ഞങ്ങള്‍ മറ്റിടങ്ങളില്‍ വൈകുന്നേരത്തെ പൂരങ്കുളി കാണാന്‍ യാത്രയാകും. മാടായി പാറയില്‍ വടുകുന്ദശിവക്ഷേത്രത്തിലും മറ്റും വലിയ ജനങ്ങള്‍ കൂടുന്ന പൂരങ്കുളിയാണ്‌. നീലേശ്വരത്തും പിലിക്കോടും ശാല്യപൊറാട്ടുണ്ട്‌. തെറിവിളിയുടെ കേന്ദ്രമാണ്‌. പൊറാട്ട്‌ കാണാനും ആളുകള്‍ കൂടും. ചാത്തമത്തും ചാലക്കാട്ടും പൂരക്കളിയുണ്ടാകും. മറത്തുകളിയുടെ ലഹരി അറിയുന്നത്‌ പൂരക്കാലത്താണ്‌. പൂരപ്പറമ്പില്‍ ഐസും കഴിച്ച്‌ മണല്‍ പുരണ്ട്‌ തിരിച്ച്‌ വീട്ടിലെത്തുമ്പോള്‍ രാത്രിയാകും. അച്ഛന്റെ ചീത്തയും വാങ്ങിയതിന്‌ ശേഷം പിന്നെ വീട്ടിലെ പരിപാടിയായി. രാത്രി ക്ഷേത്രങ്ങളിലും വീടുകളിലും കാമനെ യാത്രയാക്കലാണ്‌.

കാമനെയുണ്ടാക്കിയ പൂവകള്‍ കാമനെ വേദനിപ്പിക്കാതെ വാരിയെടുത്ത്‌ കൂട്ടയിലിട്ട്‌ യാത്രയാക്കുന്ന നേരം. ഇനി അടുത്ത വര്‍ഷം മാത്രം തിരിച്ചുകിട്ടുന്ന ആഹ്ലാദത്തിന്റെ പൂരക്കാലം തിരിച്ചുപിടിക്കാനാകില്ലല്ലോ എന്ന സങ്കടം. കൊഞ്ഞാറ്‌ എന്ന്‌ ഞങ്ങള്‍ പറയും. കാമനെ യാത്രയാക്കുമ്പോള്‍ അമ്മ സങ്കടത്തോടെ പാട്ട്‌ പാടും.

"ഇനിയത്തെ കൊല്ലോം വരണേ കാമാ,
കുഞ്ഞിമംഗലത്താറാട്ടിന്‌ പോലേ കാമാ,,.."

പൂരങ്കുളി കഴിഞ്ഞുള്ള ദിവസങ്ങളിലൊന്നാണ്‌ കണ്ണൂര്‍ ജില്ലയിലെ കുഞ്ഞിമംഗലം എന്ന സ്ഥലത്തുള്ള ഒരു അമ്പലത്തില്‍ ആറാട്ട്‌. അവിടെ കാമദേവന്റെ ശത്രുക്കളാണ്‌. അവര്‍ കാമനെ കല്ലെറിയും. കാമന്‍ തിരിച്ചുപോകുമ്പോള്‍ അതുവഴി പോകരുതേ എന്നാണ്‌ പാട്ട്‌. ഞങ്ങളുടെ മനസ്സില്‍ സങ്കടത്തിന്റെ തിരകള്‍ തള്ളിക്കയറും. അതുവഴിയെങ്ങാനും കാമന്‍ പോകുമോ, കല്ലേറ്‌ കൊള്ളുമോ തുടങ്ങിയ ബാല്യസഹജമായ ആശങ്കകള്‍... പലപ്പോഴും സങ്കടം കൊണ്ട്‌ കരഞ്ഞുപോയ നിമിഷങ്ങള്‍, ഇപ്പോള്‍ തമാശയോടെയാണ്‌ ഓര്‍മയില്‍ വരുന്നത്‌. രാത്രി വീട്ടിലെ കാമനെ വാരി കൂട്ടയിലിട്ട്‌ വിളക്കിന്റെ അകമ്പടിയോടെ വീട്ടുമുറ്റത്തെ പ്ലാവിന്റെ ചുവട്ടില്‍ കൊണ്ടിടുമ്പോള്‍ അടുത്ത വര്‍ഷത്തെ പൂരം വേഗം വന്നിരുന്നെങ്കില്‍ എന്ന അത്യാഗ്രമാകും മനസ്സുനിറയെ. ഒടുവില്‍ കാമന്‌ നല്‍കിയ അപ്പം പൂക്കള്‍ക്കിടയില്‍ നിന്നെടുത്തുകഴിക്കുമ്പോള്‍ എന്തൊരു സന്തോഷമായിരുന്നു. ഉപ്പില്ലാത്ത ആ അപ്പത്തിന്‌ സ്‌നേഹത്തിന്റെ രുചിയായിരുന്നു.
ഇന്ന്‌ എന്റെ മരുമകള്‍ നിരഞ്‌ജനയുടെ രണ്ടാമത്തെ പൂരമാണ്‌. കൈയില്‍ ചെമ്പകപ്പൂക്കള്‍ അനുഗ്രവുമായി കടന്നെത്തുമ്പോള്‍ അവളുടെ ഏട്ടന്‍ ജ്യോതിര്‍ഘോഷിന്‌ അറിയില്ല, അവന്റെ അമ്മയ്‌ക്ക്‌ വേണ്ടി ഇതുപോലെ പൂവിടാനും പൂവിന്‌ വെള്ളം കൊടുക്കാനും കാമന്‌ വേണ്ടി പാട്ടുപാടി കരയാനും മറ്റൊരുകുട്ടി അതേ വീട്ടില്‍ പണ്ട്‌ ഉണ്ടായിരുന്നുവെന്ന്‌.
ഇന്നിപ്പോ ജീവിതം പൂരോല്‍സവം പോലെ, കാമനെ പോലെ ഒന്നും തരാതെ മോഹിപ്പിക്കുമ്പോള്‍, ആഹ്ലാദങ്ങള്‍ വരും എന്ന്‌ പറഞ്ഞ്‌ മോഹിപ്പിക്കുമ്പോള്‍ അമ്മ പാടിയ ആപാട്ടാണ്‌ ഓര്‍മയില്‍ വരിക.

ഇനിയത്തെ കൊല്ലോം വരണേ കാമാ.....

Read more...

Saturday, March 20, 2010

ലാല്‍ ജോസിന്റെ ചായക്കടയില്‍ നിന്ന്‌ ചായച്ചേട്ടനിലേക്ക്‌


ഒരു ചായക്കടക്കാരന്‌ ജീവിതത്തില്‍ എന്തുസ്വാധീനം ചെലുത്താനാണ്‌ കഴിയുക. പലപ്പോഴും ആലോചിച്ചിട്ടുള്ളതാണ്‌ ഇക്കാര്യം. സുഹൃദ്‌ സംഭാഷണങ്ങളില്‍ ഇക്കാര്യം ചര്‍ച്ച ചെയ്‌തിട്ടുമുണ്ട്‌. എംടിയുടെ കഥകളിലോ ലാല്‍ജോസിന്റെ സിനിമകളിലോ കാണുന്ന ചായക്കടകള്‍ വളരെ രസകരമായിരുന്നു. ലാല്‍ ജോസിന്റെ സിനിമകളിലെ ചായക്കടകളെ കുറിച്ച്‌ എഴുതി പൂര്‍ത്തിയാക്കാത്ത ഒരു ലേഖനം ഇപ്പോഴും കൈയിലുണ്ട്‌. ലാല്‍ ജോസിന്റെ ചലചിത്രം കാണുമ്പോള്‍ ഒരിക്കലെങ്കിലും ക്ലായിക്കോട്ടെ ചായക്കടയെ കുറിച്ച്‌ ഓര്‍മവരാറുണ്ട്‌. അപ്പോഴൊക്കെ തോന്നിയിട്ടുണ്ട്‌ ചായക്കടക്കാരന്റെ ജീവിതം എന്തുമാത്രം അനുഭവസമ്പന്നമാണ്‌ എന്ന്‌.

ഒരിക്കലെങ്കിലും ചായക്കടയില്‍ കയറാത്ത മലയാളികള്‍ ഉണ്ടാകില്ല. ചായക്കടകള്‍ ആധുനിക സൗകര്യങ്ങളുള്ള ഹോട്ടലുകളില്‍ നിന്ന്‌ സംസ്‌കാരത്തിലും രീതിയിലും വ്യത്യസ്‌തമാകുന്നത്‌, ചായക്കടകളില്‍ ജീവിക്കുന്ന മനുഷ്യരുടെ പ്രത്യേകതകള്‍കൊണ്ടാണ്‌.

എന്റെ ക്ലായിക്കോട്‌ ഗ്രാമത്തില്‍ ചായക്കട തുടങ്ങിയവരൊക്കെ ഉടന്‍ തന്നെ പൂട്ടിപ്പോകുകയാണ്‌ പതിവ്‌. ആവശ്യത്തിന്‌ കച്ചവടം നടക്കില്ല എന്നതുകൊണ്ട്‌ തന്നെ. ഒരു ചായക്കടയില്‍ നിന്ന്‌ ചായ കുടിക്കുന്ന സംസ്‌കാരം ആദ്യകാലത്തൊന്നും ക്ലായിക്കോട്ടുകാര്‍ക്ക്‌ ഉണ്ടായിരുന്നില്ല. ചെറുപ്പത്തിന്റെ ഓര്‍മയിലുള്ളത്‌, തേജസ്വിനി പുഴക്കരയില്‍ രാമഞ്ചിറ അതിര്‍ത്തിയില്‍ സുന്ദരേട്ടന്‍ തുടങ്ങിയ ചായക്കടയാണ്‌. അച്ഛനറിയാതെ കശുവണ്ടി പൊതിഞ്ഞ്‌ സുന്ദരേട്ടന്റെ ചായക്കടയില്‍ കൊണ്ട്‌ കൊടുത്താണ്‌ ജീവിതത്തില്‍ ആദ്യമായി പൊറോട്ട കഴിച്ചിരുന്നത്‌. ഞായറാഴ്‌ച അവിടെ ബീഫും കിട്ടും. ചില ഞായറാഴ്‌ചകളില്‍ ഉണിത്തിരി മാഷിന്റെ വീട്ടില്‍ ദൂരദര്‍ശനില്‍ രാമായണം കാണാന്‍ പോയി തിരിച്ചുവരുമ്പോള്‍ പൊറോട്ടയും ബീഫും കഴിച്ചിരുന്നു. ഒരിക്കല്‍ കാര്യമറിഞ്ഞ്‌ അച്ഛന്റെ വായില്‍ നിന്ന്‌ ചീത്തവാങ്ങിക്കൂട്ടിയത്‌ ഇപ്പോഴും മറന്നിട്ടില്ല.

പിന്നീട്‌ മുഴക്കോത്ത്‌ യുപിസ്‌കൂളില്‍ പഠിക്കുമ്പോള്‍ പടച്ചോന്‍ കുഞ്ഞമ്പുവേട്ടന്റെ കടയാണ്‌ ഒരു നല്ല ഓര്‍മ. കുഞ്ഞമ്പുവേട്ടനെ എന്തുകൊണ്ടോ ആളുകള്‍ പടച്ചോന്‍ എന്ന കുറ്റപ്പേര്‌(ഇരട്ടപ്പേര്‌) ഇട്ടാണ്‌ വിളിക്കുക. ആ പേര്‌ വിളിച്ച്‌ തെറികേട്ടവരുടെ കഥയും നിരവധിയുണ്ട്‌. ഒരിക്കല്‍ കുഞ്ഞമ്പുവേട്ടന്റെ വീട്‌ തപ്പി എങ്ങുനിന്നോ വന്ന ഒരാളോട്‌ ഏതോ കുരുത്തംകെട്ട യുവാവ്‌ പറഞ്ഞുകൊടുത്തു. ആ കടയില്‍ പോയി പടച്ചോന്റെ വീട്‌ അന്വേഷിച്ചാല്‍ മതിയെന്ന്‌. കുഞ്ഞമ്പുവേട്ടനോട്‌ പടച്ചോന്റെ വീട്‌ ഏതാണ്‌ എന്ന്‌ ചോദിച്ച ഹതഭാഗ്യവാന്റെ അനുഭവം പറഞ്ഞ്‌ കേട്ടിട്ടുണ്ട്‌. പടച്ചോന്‍ കുഞ്ഞമ്പുവേട്ടന്‍ ഞങ്ങളുടെ ഓര്‍മയില്‍ വരുന്നത്‌ മറ്റൊരു രൂപത്തിലാണ്‌. ഒരിക്കല്‍ ആറാംക്ലാസില്‍ പഠിക്കുമ്പോള്‍ 11 മണിക്ക്‌ ഇന്റര്‍വെല്ലിന്‌ സ്‌കൂള്‍ വിട്ടതാണ്‌. വെള്ളം കുടിക്കാന്‍ കടയില്‍ പോയതാണ്‌ ഞങ്ങള്‍. ഞാനും മനുവും സുരേശനും സുരേഷ്‌ബാബുവും....

കുഞ്ഞമ്പുവേട്ടന്റെ കട തന്നെയാണ്‌ വീടും. അവിടെ ഒരു വലിയ കിണറുണ്ട്‌. ആഴം കാണാന്‍ പറ്റാത്തത്ര വലിയ കിണര്‍ എന്നാണ്‌ പറയാറ്‌. വെള്ളം കുടിച്ചിട്ട്‌ കിണറ്റിലേക്ക്‌ നോക്കിയ മനു ആഴം കണ്ട്‌ പറഞ്ഞു. എന്റെ പടച്ചോനേ എന്ന്‌. ആര്‍ക്കോ തൂക്കിക്കൊടുക്കുകയായിരുന്ന ചായപ്പോടിപാക്കറ്റും വലിച്ചെറിഞ്ഞ്‌ പടച്ചോന്‍കുഞ്ഞമ്പുവേട്ടന്‍ ഞങ്ങളുടെ നേരെ അലറിക്കൊണ്ട്‌ ഓടിയെത്തി. ഞങ്ങള്‍ നാലുപേരും ഓടിയ വഴി തന്നെ ഓര്‍മകിട്ടുന്നില്ല. പിന്നെ മാസങ്ങളോളം അതുവഴി പോകാന്‍ തന്നെ പേടിയായിരുന്നു. കുഞ്ഞമ്പുവേട്ടന്‍ ഞങ്ങളുടെ എല്ലാവരുടെയും വീട്ടുകാരോട്‌ കാര്യം പറഞ്ഞ്‌ ചീത്ത വാങ്ങിത്തന്നിരുന്നു.

പിന്നീട്‌ കുട്ടമത്ത്‌ ഹൈസ്‌കൂളിലെത്തിയപ്പോള്‍ അവിടെയും ഒരു ചായക്കടയുണ്ടായിരുന്നു. പാറക്ക്‌ മുകളില്‍ സ്‌കൂളിനടുത്ത്‌ ഒരേയൊരു ചായക്കടയാണ്‌ ഉള്ളത്‌. പിന്നെ പൊന്മാലത്തേക്ക്‌ പോണം. അമ്മിഞ്ഞിക്കോട്ടേക്ക്‌ പോകുന്ന റോട്ടില്‍ ഒരു ചായക്കടയുണ്ടായിരുന്നു. അവിടെയാണ്‌ വണ്‍ മാന്‍ ചായക്കട. അയാളുടെ ചായകൊടുക്കല്‍ രസകരമായിരുന്നു. ആവശ്യക്കാരനോട്‌ എന്താണ്‌ വേണ്ടത്‌ എന്ന്‌ മര്യാദയോടെ അന്വേഷിക്കും. ചായ, കടി.. ഇത്‌ അയാള്‍ ഉറക്കെ അടുക്കള നോക്കി വിളിച്ചുപറയും. കേള്‍ക്കുന്ന ആള്‍ വിചാരിക്കും അകത്താരോ ഉണ്ടെന്ന്‌. എന്നാല്‍ ഇതേ ആള്‍ തന്നെ അകത്ത്‌ പോയി ചായയും കൂട്ടി എടുത്ത്‌ വരും. അതാണ്‌ പതിവ്‌. അക്കാര്യം ചോദിച്ചാല്‍ അയാള്‍ പറയുക ഒരു പ്രൊഫഷണലിസമൊക്കെ വേണ്ടേ എന്നാണ്‌.

പിന്നീട്‌ ചായക്കടയും ഹോട്ടലുകളും കടന്ന്‌ ജീവിതം രസകരവും അല്ലാത്തതുമായ വഴികളിലൂടെ പോയപ്പോള്‍ നാട്ടിന്‍ പുറങ്ങളില്‍ എവിടെയെത്തിയാലും ഒരു ചായകുടിക്കുക എന്നഒരു ആഗ്രഹം നടപ്പാക്കാറുണ്ട്‌. വെറുതെ ഒരു ചായയും പഴം പൊരിയും അത്‌ ഒരു വീക്ക്‌നെസ്സാണ്‌.

അങ്ങനെയൊരു ചായക്കടയില്‍ അടുത്ത കാലത്താണ്‌ പോയത്‌. കണ്ണൂരിലാണ്‌. ബോയിംഗ്‌ ബോയിംഗ്‌ എന്ന ചിത്രത്തിലെ ജഗതിയെ പോലെ ചിരിക്കുന്ന ചായച്ചേട്ടന്‍. എന്ത്‌ ചോദിച്ചാലും ആധികാരികമായി മറുപടി പറയുന്ന ഒരാള്‍. ഒരിക്കല്‍ ചായകുടിക്കുകയായിരുന്നു.

നാലഞ്ച്‌ പേര്‍ വന്നു. എന്താണ്‌ വേണ്ടത്‌ ചായച്ചേട്ടന്റെ ചോദ്യം. ഓരോരുത്തരും സ്വന്തംലേഖകന്‍ സിനിമയില്‍ ജഗതിയോട്‌ പറഞ്ഞത്‌ പോലെ വിശദീകരിച്ചു. ഒരു പൊടിച്ചായ, ഒരു സ്‌ട്രോങ്ങ്‌, ഒരു മീഡിയം, ഒരു അടിക്കാത്തത്‌.....

എന്തെങ്കിലും ഒന്ന്‌ പറയടോ..ചായച്ചേട്ടന്‍ ചൂടായിത്തുടങ്ങി. അവര്‍ മാറ്റാന്‍ തയാറായില്ല. എന്നാശരിയെന്ന്‌ പറഞ്ഞ്‌ അടുക്കളയില്‍ പോയി അടുപ്പില്‍ വെള്ളമൊഴിച്ച്‌ തിരിച്ച്‌ വന്ന്‌ ചായച്ചേട്ടന്റെ ഡയലോഗ്‌

ഇവിടെ ചായയില്ല

എല്ലാവരും തുറിച്ചുനോക്കി

ഇവിടെ ചായയില്ല. ദാറ്റീസ്‌ മലയാളം. വേറെ ഹോട്ടലില്‍ പോയ്‌ക്കോ.

അപ്പോഴാണ്‌ കൂടെയുള്ള ജിജോ ചേട്ടന്‍(ജിജോ കദളിക്കാട്‌) പറഞ്ഞത്‌. മൂന്നില്‍ കൂടുതല്‍ ആളുകള്‍ വന്നാല്‍ ഉടന്‍ അടുപ്പില്‍ വെള്ളമൊഴിക്കുന്ന ചായച്ചേട്ടനെ കുറിച്ച്‌. മൂന്നില്‍ കൂടുതല്‍ ആളുകള്‍ വന്നാല്‍ ചായച്ചേട്ടന്‌ ഭ്രാന്ത്‌ പിടിച്ചപോലെയാകുമത്രെ. ആകെ കണ്‍ഫ്യൂഷന്‍ ഉടന്‍ ചായച്ചേട്ടന്‍ ചെയ്യുക അടുപ്പില്‍ വെള്ളമൊഴിക്കല്‍ എന്ന കര്‍ത്തവ്യമാണ്‌. എന്നിട്ട്‌ ഒരു ഡയലോഗ്‌, ഇവിടെ ചായയില്ല. എന്തായാലും ഓര്‍മയില്‍ സൂക്ഷിക്കേണ്ട ഒരു കഥാപാത്രം. അത്രമതി കച്ചോടം എന്നാണ്‌ അയാള്‍ ഭാര്യയോടെ പറയുക.

എന്തായാലും ലാല്‍ ജോസിന്റെ ചായക്കടകളെ സ്‌നേഹിക്കുന്ന മലയാളികള്‍ക്കോരുരുത്തര്‍ക്കും ചായക്കട ഒരു നൊസ്റ്റാള്‍ജിയയാണ്‌. അതുപോലെ എനിക്കും.

Read more...
Related Posts with Thumbnails

  © K.V.MADHU 2009 Blogger Theme by Ourblogtemplates.com 2008

Back to TOP