Saturday, January 8, 2011

ഇന്ത്യാവിഷനും കെ.യു.മോഹന്‍കുമാറിനും അറിയാമോ, ശോഭാടാക്കീസിന്റെ സ്ഥാനത്ത്‌ ഇന്നൊരു ബാറാണെന്ന്‌?

യ്യന്നൂരിലെ പുല്ലുമേഞ്ഞ ശോഭാടാക്കീസില്‍ ഏറ്റവും പുതിയ സിനിമകള്‍ കണ്ട ബാല്യവും കൗമാരവും യൗവനവും പ്രശസ്‌ത ബോളിവുഡ്‌ ക്യമറാമാന്‍ കെ.യു.മോഹനന്‍ പറയുന്നത്‌ കേട്ടപ്പോള്‍ നമ്മുടെ നാട്ടിലെ പാവം ടാക്കീസുകളെ കുറിച്ചാണ്‌ ഓര്‍മ വന്നത്‌. സിനിമാ ടാക്കീസിന്‌ വ്യക്തിയുടെ ജീവിതത്തില്‍ എന്ത്‌ മാത്രം സ്വാധീനമുണ്ട്‌ എന്നാണ്‌ മോഹനനെ കുറിച്ച്‌ ഇന്ത്യാവിഷനിലെ ഗ്രേറ്റ്‌ ഇന്ത്യന്‍ സര്‍ക്കസിലെ സ്റ്റോറി കണ്ടപ്പോള്‍ ആലോചിച്ചുപോയത്‌.

ആത്മ നിഷ്‌ഠമായി മാത്രം കാര്യങ്ങള്‍ കാണരുതെന്ന ചില പ്രിയപ്പെട്ട കൂട്ടുകാരുടെ ശകാരം ഓര്‍മയില്‍ വച്ച്‌ കൊണ്ട്‌ തന്നെ തികച്ചും `സ്വകാര്യ'മായ കാര്യങ്ങള്‍ കുറേ നേരം ആലോചിച്ചുപോയി. കാരണം മദ്യത്തിനും മയക്കുമരുന്നിനും പുകയിലയ്‌ക്കുമൊക്കെ ലഹരി നല്‍കാന്‍ കഴിയുമെങ്കിലും എന്തുകൊണ്ടോ പ്രശ്‌ന കലുഷിഷതമെന്ന്‌ അനുഭവപ്പെടുന്ന നിമിഷങ്ങളിലൊക്കെ ഏതെങ്കിലും തിയേറ്ററില്‍ പോയി ഒരു സിനിമ കാണുക എന്നത്‌ കാലങ്ങളായി ഉള്ള ശീലമായിരിക്കുന്നു. അതുകൊണ്ട്‌ തന്നെയാകും ടാക്കീസ്‌, തിയേറ്റര്‍, സിനിമ തുടങ്ങിയ വാക്കുകളൊക്കെ വല്ലാത്തൊരു ആനന്ദം നല്‍കാറുണ്ട്‌.

ആദ്യം കണ്ട സിനിമയായി ഓര്‍മയിലുള്ളത്‌ മകന്‍ എന്റെ മകന്‍ എന്ന ചിത്രമായിരുന്നു. അതുകണ്ടത്‌ പയ്യന്നൂര്‍ ശോഭാടാക്കീസില്‍ വച്ചായിരുന്നു. സ്‌കൂളില്‍ ചേരുന്നതിനും മുമ്പുള്ള കാലവുമായിരുന്നു. കഥ പോലും നേരാംവണ്ണം ഓര്‍മയില്ലെങ്കിലും കണ്ണഞ്ചുന്ന വെളിച്ചത്തില്‍ രസകരമായ സംഗീതത്തിന്റെ അകമ്പടിയോടെ കര്‍ട്ടണ്‍ ഉയരുന്നത്‌ കൃത്യമായി ഓര്‍മയുണ്ട്‌. ശോഭാടാക്കീസില്‍ കര്‍ട്ടനുണ്ടായിരുന്നു.

ദു:ഖവും ആഹ്ലാദവും ചിരിയും കണ്ണീരും തിയേറ്ററിനകത്തെ മായിക ലോകത്ത്‌ ജീവിതത്തിന്റെ മുഖം വരച്ചിട്ടു. മനസ്സ്‌ അലസായിരിക്കുമ്പോഴും ആ വിഹ്വലതകളില്‍ നിന്ന്‌ സിനിമയിലെ ദു:ഖവും ചിരിയും ഒരുപോലെ രക്ഷിച്ചു. സിനിമയിലെ ചിരിയിലലിയുമ്പോള്‍ മറ്റൊരു മായിക ലോകത്ത്‌ എല്ലാം മറന്ന്‌ കൊണ്ട്‌ അലയാന്‍കഴിയുമെന്നത്‌ ഒരു സത്യമാണ്‌.

മാതൃഭൂമിയിലെ സിനിമാപരസ്യം
വീട്ടില്‍ അച്ഛന്‌ സിനിമ എന്ന്‌ മിണ്ടിയാല്‍ തന്നെ ദേഷ്യം വരുമെന്നത്‌ കാരണം അത്തരം സംസാരമേ ഉണ്ടാകില്ലെങ്കിലും വെള്ളിയാഴ്‌ചകളില്‍ പത്രം വായിക്കാന്‍ എന്ന്‌ പറഞ്ഞ്‌ വായനശാലയിലേക്ക്‌ പോകുന്നത്‌ പത്രത്തിലെ സിനിമാ പരസ്യങ്ങള്‍ നോക്കാനായിരുന്നു. വ്യാഴാഴ്‌ചകളിലും വെള്ളിയാഴ്‌ചകളിലും സ്‌കൂള്‍ വിട്ട്‌ വന്ന ഉടനെ എല്ലാവരും കളിക്കാന്‍ പോയാലും മെല്ലെ വായനശാലയുടെ ഉള്ളില്‍ കയറി പത്രം വായിക്കാന്‍ ശ്രമിക്കുമ്പോള്‍ ചിലര്‍ കളിയാക്കിയിരുന്നു. `ഓ ഇവന്‍ പത്രം വായിക്കാനൊക്കെ ആയോ' എന്ന മുതിര്‍ന്നവരുടെ വിമര്‍ശനങ്ങളൊന്നും വകവെക്കാതെ ഓരോരുത്തരും മാറ്റിവയ്‌ക്കുന്ന പേജുകള്‍ മാറിമാറി വായിക്കും.

മാതൃഭൂമിയിലായിരുന്നു ഏറ്റവും കൂടുതല്‍ സിനിമാ പരസ്യങ്ങള്‍ വരിക. മനോരമയെന്ന ഒരു പത്രം ഉണ്ടെന്ന്‌ തന്നെ അന്നൊന്നുമറിയില്ല. ഞങ്ങളുടെ കമ്യൂണിസ്റ്റ്‌ ഗ്രാമത്തില്‍ മനോരമ വരുമായിരുന്നില്ല. (ഇന്നും ആ വിപ്ലവകാലത്തിന്റെ ഹാംഗോവറിലോ എന്തോ കയ്യൂരിന്റെ അയല്‍ഗ്രാമമായിട്ടും കാലമേറെ കഴിഞ്ഞിട്ടും ഇന്നും ഞങ്ങളുടെ നാട്ടില്‍ മനോരമയക്ക്‌ ഏജന്‍സിയെടുക്കാന്‍ ആളില്ല. പത്രവിതരണം നടത്തിയിരുന്ന കാലത്ത്‌ അതേകുറിച്ച്‌ ഏറെ ആലോചിച്ചിരുന്നെങ്കിലും എന്ത്‌ കൊണ്ടാണ്‌ എനിക്കും അക്കാര്യത്തില്‍ മാറ്റം വരുത്താന്‍ കഴിയാതിരുന്നതെന്ന്‌ ആലോചിച്ചിട്ടുണ്ട്‌ പലപ്പോഴും)

ദേശാഭിമാനിയും കേരളകൗമുദിയും ചെറിയതോതിലാണെങ്കിലും ചില സിനിമകളുടെ പരസ്യം വെളളിയാഴ്‌ചകളില്‍ പ്രസിദ്ധീകരിക്കാറുണ്ട്‌. മാതൃഭൂമിയില്‍ വരുന്ന പരസ്യങ്ങള്‍ വിശദമായി പരിശോധിക്കുകയെന്നതാണ്‌ പ്രധാന പരിപാടി. നടീനടന്മാരുടെ ചിത്രം കാണുകയെന്നതിലുപരി പരസ്യത്തില്‍ താഴെ ഉള്ള മറ്റ്‌ പേരുകള്‍ കണ്ടെത്താനുള്ള ശ്രമം. തിരക്കഥ, സംവിധാനം, സംഗീതം, ഗാനരചന, പരസ്യകല, ഛായാഗ്രഹണം.... അങ്ങനെ മനപ്പാഠമാക്കി വച്ച എത്രയെത്ര പേരുകള്‍... എന്നിട്ടും സംഗീത സംവിധാനം എന്നാല്‍ എന്താണെന്ന്‌ മനസ്സിലാക്കാന്‍ കുറേകാലം കഴിയേണ്ടി വന്നു.

പ്രകാശം പരത്തുന്ന പ്രൊജക്‌ടര്‍
തിയേറ്ററുകളില്‍ പോയി സിനിമ കാണുകയെന്നത്‌ അപൂര്‍വ്വമായി മാത്രം കിട്ടുന്ന സൗഭാഗ്യമായിരുന്നു. അക്കാലത്താണ്‌ ടെലിവിഷന്‍ വ്യാപകമായി വരുന്നത്‌. അങ്ങനെയിരിക്കെ നാട്ടിലെ ചിലവീടുകളിലും ടെലിവിഷന്‍ വന്നെങ്കിലും മഹാഭാരതം മാത്രമാണ്‌ അതില്‍ കണ്ടിരുന്നത്‌. പിന്നീട്‌ മുഴക്കോത്ത്‌ സ്‌കൂളില്‍ ടിക്കറ്റ്‌ വച്ച്‌ വി.സി.ആറില്‍ സിനിമ കാണിക്കുന്ന സംവിധാനം തുടങ്ങി. പലപ്പോഴും പി.ടി.എയും മറ്റും ഫണ്ട്‌ സ്വരൂപിക്കാന്‍ വേണ്ടിയാണ്‌ അത്‌ ചെയ്‌തിരുന്നതെങ്കിലും നിറഞ്ഞ സദസ്സില്‍ ഭരത്‌ ഗോപിയുടെ ഉല്‍സവപ്പിറ്റേന്ന്‌ അടക്കമുള്ള ചിത്രങ്ങള്‍ കണ്ടു.

അക്കാലത്ത്‌ പ്രൊജക്‌ടര്‍ വച്ച്‌ സ്‌ക്രീനില്‍ തന്നെ പഴയ സിനിമകള്‍ കാണിക്കുന്ന സംവിധാനവും ആരോ പരിചയപ്പെടുത്തി. അതോടെ നാട്ടിലെ പല ക്ലബ്ബുകളും അതിനായി മുന്നിട്ടിറങ്ങി. വെള്ളാട്ട്‌ സ്‌കൂളില്‍ വച്ച്‌ മീനമാസത്തിലെ സൂര്യന്‍ വിപ്ലവത്തിന്റെ വഴികള്‍ എത്ര ദുര്‍ഘടമാണെന്ന്‌ പറഞ്ഞുതന്നു. മുഴക്കോത്ത്‌ സ്‌കൂളില്‍ വച്ച്‌ പഞ്ചാഗ്നിയും കുഞ്ഞാറ്റക്കിളികളും മനസ്സിനെ ആവേശത്തോടൊപ്പം ഈറനണിക്കുകയും ചെയ്‌തു. രാമഞ്ചിറ പാലത്തിന്റെ കരയില്‍ നിലാവത്ത്‌ പുഴയിലെ കാറ്റേറ്റ്‌ കൊണ്ട്‌ `താളം തെറ്റിയ താരാട്ട്‌' പ്രണയം എത്ര കഠിനവും ആര്‍ദ്രവുമാണെന്ന്‌ പറഞ്ഞുതന്നു. കണ്ട സിനിമകള്‍ തന്നെ വീണ്ടും വീണ്ടും കണ്ടു. രാവിലെയും ഉച്ചയ്‌ക്കും നുഴഞ്ഞുകയറി ഒരേസിനിമകള്‍ തന്നെ പലതവണ കണ്ടപ്പോള്‍ പലപ്പോഴും പിടിക്കപ്പെട്ടു. എന്നിട്ടും അതൊന്നും കാര്യമാക്കാതെ ആവേശം തണുക്കാതെ സിനിമ കണ്ടുകൊണ്ടേയിരുന്നു.

ഒളിച്ചുകണ്ട സിനിമ
ആറാംക്ലാസില്‍ പഠിക്കുമ്പോഴാണ്‌ ആദ്യമായി വീട്ടില്‍ പറയാതെ തിയേറ്ററില്‍ പോയി സിനിമ കണ്ടത്‌. ഒരു ഓണക്കാലത്ത്‌. ഉത്രാടം നാളില്‍ നാട്ടില്‍ സംഘടിപ്പിക്കുന്ന കലാപരിപാടിക്കിടെ ഉച്ചയ്‌ക്ക്‌ ഒരുമുങ്ങല്‍.. ചെറുവത്തൂര്‍ പാക്കനാറില്‍ പോയി അമരം കണ്ടത്‌ അങ്ങനെയാണ്‌. തിരിച്ചെത്തിയപ്പോള്‍ വീട്ടില്‍ അച്ഛനും അമ്മയും അനിയത്തിയും എന്നെ നോക്കിയിരിക്കുന്നു. നക്‌സല്‍ വര്‍ഗീസ്‌ പുലിക്കോടന്‍ നാരായണന്റെ അടുത്തെത്തിയതുപോലെ ഞാന്‍ അച്ഛന്റെ മുന്നില്‍ നിസ്സഹായനായി നിന്നു.
അതുകഴിഞ്ഞ്‌ പിന്നെ ഹൈസ്‌കൂളിലെത്തിയപ്പോള്‍ റാംജിറാവ്‌ സ്‌പീക്കിംഗ്‌, സൂര്യന്‍.... കള്ളം പറഞ്ഞ്‌ സിനിമയ്‌ക്ക്‌ പോയത്‌ വൈറ്റ്‌ഹൗസ്‌ കവര്‍ച്ച ചെയ്യുന്ന കുറ്റബോധത്തോടെയാണെങ്കിലും ഓര്‍മകളില്‍ വെള്ളിത്തിരയിലെ ആ നിമിഷങ്ങള്‍ തെളിയുമ്പോള്‍ എല്ലാം മറക്കും.


കുഞ്ഞമ്മാമനും ജയന്റെ സിനിമകളും
സിനിമ കാണാന്‍ പിന്നെയുള്ള ഒരു വഴി വെള്ളൂരില്‍ അമ്മയുടെ വീട്ടില്‍ പോകുകയാണ്‌. ശനിയാഴ്‌ച ഇടയ്‌ക്കിടയ്‌ക്ക്‌ അമ്മയുടെ വീട്ടില്‍ പോകും. അവിടെ നിന്ന്‌ പയ്യന്നൂരില്‍ പോയി അമ്മാമന്റെ കൂടെ സിനിമ കാണും. ആക്ഷന്‍ ചിത്രങ്ങളുടെയും ജയന്റെയും കടുത്ത ആരാധകനായ കുഞ്ഞമ്മാമന്റെ കൂടെ സൈക്കിളില്‍ നടത്തിയ യാത്രകള്‍. കിലോമീറ്ററുകള്‍ താണ്ടി ജയന്‍ചിത്രങ്ങള്‍ കാണാന്‍ തിയേറ്ററുകള്‍ തേടിപ്പോയ കാലം...
പിലാത്തറ സംഗം മുതല്‍ കരിവെളളൂര്‍ ലീനയും കാങ്കോല്‍ ന്യൂസ്റ്റാറും തേടിപ്പോയ അമ്മാമനും മരുമകനും. മീനും മൂര്‍ഖനും സര്‍പ്പവും ലൗവ്‌ ഇന്‍സിംഗപ്പൂരും സീസണും ഒക്കെ കണ്ട ആവേശഭരിതമായ ദിവസങ്ങള്‍...


സിനിമയേ കുറിച്ച്‌ എന്റെ മുന്നില്‍ ഏറ്റവും അറിവുള്ള ആളായി കുഞ്ഞമ്മാമന്‍ പ്രത്യക്ഷപ്പെട്ട നാളുകള്‍. ഒരു മാതൃകയെ തിരഞ്ഞ്‌ നടന്ന കാലത്ത്‌ ഒരു കൗമാരക്കാന്‌ കുഞ്ഞമ്മാമന്‍ എന്തുകൊണ്ടും മികച്ചൊരു റോള്‍ മോഡലായിരുന്നു. ജയന്റെ ആരാധകന്‍, സൈക്കിള്‍ സ്വപ്‌നമായിരുന്ന കാലത്ത്‌ സൈക്കിള്‍ സ്വന്തമായുണ്ടായിരുന്ന യുവാവ്‌. അമ്മാമന്‍ ജോലി കഴിഞ്ഞ്‌ തിരിച്ചെത്തുന്നതുവരെ ഒരു കാത്തിരിപ്പുണ്ട്‌. ഏതെങ്കിലും തിയേറ്ററില്‍ ഫസ്റ്റ്‌ ഷോയ്‌ക്കോ സെക്കന്റ്‌ ഷോയ്‌ക്കോ പോകാനുള്ള കാത്തിരിപ്പ്‌.


ടെലിവിഷനിലെ സിനിമ
ഇപ്പോള്‍ തിയേറ്ററില്‍ പോകാനും ടെലിവിഷനില്‍ സിനിമകള്‍ കാണാനും ഉള്ള സ്വാതന്ത്ര്യം ലഭിച്ചിപ്പോഴും സിനിമ മടുപ്പിച്ചില്ല. കാണാന്‍ കൊള്ളാത്ത സിനിമകള്‍ വീണ്ടും വീണ്ടും കാണേണ്ടി വരുമ്പോഴും അടുത്തതിന്‌ ഏറെ പ്രതീക്ഷയോടെ ടിക്കറ്റെടുത്തു. പക്ഷേ ഇപ്പോഴും ടെലിവിഷനില്‍ സിനിമകള്‍ വരുമ്പോള്‍ ആകാംക്ഷ നശിക്കാതെ നോക്കിയിരിക്കാനുള്ള മനസ്സുണ്ട്‌ എന്നത്‌ എന്തൊരു ഭാഗ്യമാണെന്നോര്‍ത്തിട്ടുണ്ടും. ഒന്നും രണ്ടും തവണയല്ല. എത്രയോ തവണ കണ്ടചിത്രങ്ങളിലെ തന്നെ ചില പ്രത്യേക നിമിഷങ്ങള്‍ കണ്ടുകൊണ്ടിരിക്കും.

നാട്ടില്‍ ആദ്യമായി ഉണിത്തിരി മാഷിന്റെ വീട്ടില്‍ വച്ച്‌ മഹാഭാരതം കാണുന്നതിലൂടെയാണ്‌ ടെലിവിഷന്‍ കാഴ്‌ചകള്‍ ആരംഭിക്കുന്നത്‌. പിന്നീട്‌ പഞ്ചായത്ത്‌ ലൈബ്രറി വന്നപ്പോള്‍ അവിടെയും ക്ലായിക്കോട്ട്‌ പ്രഭാകരന്‍ മാഷിന്റെ വീട്ടിലും വച്ച്‌ ടെലിവിഷനില്‍ സിനിമകള്‍ കണ്ടു. പഞ്ചായത്ത്‌ ലൈബ്രറിയില്‍ നിന്ന്‌ ആറ്‌ മണിക്ക്‌ ആദ്യമായി നന്മ നിറഞ്ഞവന്‍ ശ്രീനിവാസന്‍ എന്ന ചിത്രം ബ്ലാക്ക്‌ ആന്റ്‌ വൈറ്റില്‍ കണ്ടത്‌ സുരേശനൊപ്പമിരുന്നാണ്‌. അധികം വൈകാതെ നാട്ടിലും വീട്ടിലുമെല്ലാം ടെലിവിഷനായി.

ജോലി ചെയ്‌ത്‌ തുടങ്ങിയപ്പോള്‍ സ്വന്തമായി വാങ്ങിയ ടിവിയില്‍ വീട്ടില്‍ രാജകീയമായി ഇരുന്ന്‌ കണ്ട ആദ്യസിനിമ മനസ്സിനക്കരെയാണെന്ന്‌ പറയുമ്പോള്‍ വായിക്കുന്നവര്‍ക്ക്‌ ഞാന്‍ ഏറെ പിന്നിലാണെന്ന്‌ തോന്നുന്നുണ്ടാകും അല്ലേ. എന്നാല്‍ ഇപ്പോഴും തിയേറ്ററുകളിലെ ഇരുട്ടില്‍ ഏതേലും സിനിമ കാണാന്‍ ഇരിക്കുമ്പോള്‍ എനിക്ക്‌ തോന്നാറുണ്ട്‌.

സിനിമ ഇല്ലെങ്കില്‍ ഞാന്‍ എന്ത്‌ ചെയ്യുമെന്ന്‌. ഒറ്റപ്പെടലിന്റെ ഗ്രീഷ്‌മമേഖലകളില്‍ നിന്ന്‌ ഓടിയൊളിക്കാനും ആഹ്ലാദത്തിന്റെ തണലുകള്‍ തേടിഓടിപ്പോകാനും പ്രതീക്ഷകളുടെ വാതിലുകള്‍ തുറന്ന്‌ സിനിമാടാക്കീസിന്റെ മുന്നില്‍ ആ കൗണ്ടര്‍ തുറന്നിരിപ്പുണ്ട്‌. എവിടെ വച്ചാണ്‌ ഞാന്‍ അത്‌ ആദ്യം കണ്ടത്‌. പറഞ്ഞാലും പറഞ്ഞാലും തീരാത്ത കഥ വീണ്ടും മകന്‍ എന്റെ മകനില്‍ തുടങ്ങേണ്ടി വരും.

പണ്ടത്തെ സ്വപ്‌നങ്ങളില്‍ ഏറ്റവും പ്രധാനമായിരുന്നു കേരളത്തിലെ ഏല്ലാ തിയേറ്ററുകളിലും പോയി സിനിമ കാണുക എന്നത്‌. പിന്നീടെപ്പോഴോ അറിയാത്ത നഗരങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും പോകുമ്പോള്‍ അതിനായി ശ്രമിച്ചിട്ടുണ്ട്‌. എന്നാല്‍ ടിക്കറ്റെടുത്ത്‌ അകത്ത്‌ കയറുമ്പോള്‍ കൂടെയുണ്ടാകുന്ന കൂട്ടുകാരന്‍ പൂട്ടിപ്പോയ ടാക്കീസുകളുടെ കഥകള്‍ പറഞ്ഞ്‌ നിരാശപ്പെടുത്തി.

പിന്നീട്‌ ആലോചിച്ചുനോക്കിയപ്പോള്‍ പ്രധാന നഗരങ്ങളിലെ തിയേറ്ററുകളില്‍ നിന്ന്‌ സിനിമ കണ്ട്‌ കഴിഞ്ഞു എന്ന വിജയത്തിന്റെ അഹങ്കാരത്തില്‍ ഇരിക്കുമ്പോള്‍ പൂട്ടിപ്പോകുന്ന ടാക്കീസുകളുടെ കഥ മനസ്സിനെ ആകുലപ്പെടുത്തി. നീലേശ്വരം വിജയലക്ഷ്‌മിയും നിത്യാനന്ദയും കാലിക്കടവ്‌ കാര്‍ത്തികയും കരിവെളളൂര്‍ ലീനയും ഒക്കെ മുന്നില്‍ വന്നുനില്‍ക്കും....

ആ അസ്വസ്ഥകള്‍ക്കിടയിലും ചെറുവത്തൂര്‍ പാക്കനാറിലേക്കോ പയ്യന്നൂരിലെ ഏതെങ്കിലും തിയേറ്ററിലേക്കോ അവസാന നിമിഷം ടിക്കറ്റിനായി ഓടുമ്പോള്‍ വീണ്ടും ആഹ്ലാദത്തിന്റെ ആകാശത്തേക്ക്‌ താല്‍ക്കാലികമായെങ്കിലും എത്തിപ്പെടും എന്തായാലും ഒരു കാര്യം മാത്രം അറിയാം ഓരോ സിനിമാടാക്കീസും ഓരോ സ്വര്‍ഗമായിരുന്നു.

കൗണ്ടര്‍ ഫോയില്‍
കെ.യു.മോഹനന്‍ ഇന്ത്യയറിയപ്പെടുന്ന ഛായാഗ്രാഹകനായി വളര്‍ന്നിട്ടും പുല്ലമേഞ്ഞ പയ്യന്നൂര്‍ ശോഭാടാക്കീസ്‌ മറന്നിട്ടില്ല. അദ്ദേഹം ഇന്ത്യാവിഷനില്‍ പരിപാടി കണ്ടുകൊണ്ടിരുന്നപ്പോള്‍ അമ്മയുടെ കൈപിടിച്ച്‌ ശോഭയുടെ ഗേറ്റ്‌ കടക്കുന്ന ആ നിമിഷങ്ങള്‍ ഓര്‍ത്തുപോയി. ശോഭടാക്കീസിന്റെ സ്ഥാനത്ത്‌ ഇപ്പോള്‍ കെ.കെ.ബാര്‍ ആണ്‌. കൂട്ടുകാരന്‍ സുരേഷ്‌ പറയാറുള്ളതുപോലെ കണ്ടാകുടിക്കാന്‍ തോന്നുന്ന ബാര്‍. അന്ന്‌ സിനിമ എന്ന ലഹരി. ഇന്ന്‌ അവിടെ മദ്യത്തിന്റെ ലഹരി. എത്തുന്നവര്‍ക്ക്‌ മാത്രം വ്യത്യാസം.


Read more...

Wednesday, September 15, 2010

യഥാര്‍ത്ഥത്തില്‍ ആരായിരുന്നു കെ.സി.കുഞ്ഞി രാമേട്ടന്‍ ?

റ്റപ്പെടലിന്റെ ശംഖു മുഖത്തി രുന്നാണ്‌ അയാള്‍ ആ പാട്ടുപാടി യതെന്ന്‌ എനിക്ക്‌ തോന്നി. ആത്മാവ്‌ എന്ന വിചിത്ര മായ സാധനത്തെ കുറിച്ചാ യിരുന്നു ആ പാട്ട്‌.

പയ്യന്നൂരില്‍ നിന്ന്‌ കണ്ണൂരിലേക്കുള്ള യാത്രയായിരുന്നു. മംഗലാപുരം-തിരുവനന്തപുരം എക്‌സ്‌പ്രസിന്‌ വൈകുന്നേരം സ്റ്റേഷനില്‍ നിന്ന്‌ കയറുമ്പോള്‍ മനസ്സ്‌ വല്ലാതെ അസ്വസ്ഥമായിരുന്നു. കോറോത്ത്‌ എഞ്ചിനീയറിംഗ്‌ കോളേജിലെ കുട്ടികളെ കൊണ്ട്‌ നിറഞ്ഞ വണ്ടിയിലെ ബഹളങ്ങ ള്‍ക്കിടയിലും മനസ്സ്‌ തനിയെയെന്ന പോലെയായിരുന്നു. ഇടയ്‌ക്ക്‌ ഒരു ബര്‍ത്തിലെ ഒഴിഞ്ഞ സ്ഥലത്ത്‌ കയറിയിരുന്നു. കുറച്ചൊന്ന്‌ കണ്ണടയ്‌ക്കുന്ന സമയമാണ്‌.


കണ്ണൂര്‍ എത്തുന്നതുവരെയുള്ള ഒരുമണിക്കൂര്‍ നേരത്തെ വിശ്രമം. ശരീരത്തിനും മനസ്സിനും നല്ല ക്ഷീണമുണ്ടായിരുന്നു. രാവിലെ മുതല്‍ നാട്ടില്‍ ശ്‌മശാനത്തില്‍ കെ.സി.കുഞ്ഞിരാ മേട്ടന്റെ മൃതദേഹം ദഹിപ്പിക്കുന്നതിനായുള്ള ജോലികളിലായിരുന്നു. നാട്ടുകാരോടൊപ്പം. ഇന്നലെയാണ്‌ കെ.സി കുഞ്ഞിരാമേട്ടന്‍ മരിച്ചത്‌. അറുപത്‌ വയസ്സ്‌ തികയുമ്പോള്‍ ഒരാള്‍ മരിക്കുന്നത്‌ അത്ര പുതുമയുള്ള കാര്യമല്ലെങ്കിലും മനസ്സ്‌ വല്ലാതെ അസ്വസ്ഥമായിരുന്നു. മംഗലാപുരം മെഡിക്കല്‍ കോളേജില്‍ വച്ച്‌ മരിച്ചുവെന്ന കാര്യം വൈകുന്നേരം തന്നെ അറിഞ്ഞിരുന്നു.

എന്നാല്‍ മൃതദേഹം ഇന്നലെയെത്തില്ലെന്നുള്ളതുകൊണ്ടും ഓഫീസില്‍ ആളു കുറവായതുകാരണം ലീവെടുക്കാന്‍ പ്രയാസമുള്ളതുകൊണ്ടും രാത്രി നാട്ടിലേക്ക്‌ പോയില്ല. രാത്രി ചരമപേജിലേക്കുള്ള വാര്‍ത്ത ഞങ്ങളുടെ ചെറുവത്തൂര്‍ ലേഖകന്‍ അയച്ചുതന്നത്‌ വായിച്ചപ്പോള്‍ കുഞ്ഞിരാമേട്ടനെയും ക്ലായിക്കോട്‌ ഗ്രാമത്തെയും കുറിച്ച്‌ അഭിമാനം തോന്നി. ആദ്യകാല വോളിബോള്‍ കളിക്കാരന്‍ കെ.സികുഞ്ഞിരാമന്‍ നിര്യാതനായി എന്നായിരുന്നു വാര്‍ത്തയുടെ തുടക്കം.

രാത്രി വൈകി ട്രെയിന്‍ കയറി വീട്ടിലെത്തി. രണ്ടുമണിക്കൂര്‍ ഉറങ്ങി. രാവിലെ ആറ്‌ മണിക്ക്‌ തന്നെ നാട്ടിലേക്ക്‌ പുറപ്പെട്ടു. രാവിലെ എട്ട്‌ മണിക്കാണ്‌ മൃതദേഹം എത്തുക. ക്ലായിക്കോട്‌ പാര്‍ട്ടി ഓഫീസില്‍ പൊതുദര്‍ശനത്തിന്‌ വയ്‌ക്കും. പിന്നെ കുറച്ച്‌ നേരം വീട്ടില്‍. പയ്യന്നൂരില്‍ നിന്ന്‌ ക്ലായിക്കോട്ടേക്ക്‌ ഒരുമണിക്കൂര്‍ ബൈക്കില്‍ യാത്ര ചെയ്യണം.

നാട്ടിലെത്തി സ്വാമിമഠത്തിന്റെ വരാന്തയില്‍ ബൈക്ക്‌ വച്ച്‌ പാര്‍ട്ടി ഓഫീസിന്റെ മുറ്റത്ത്‌ കാത്ത്‌ നിന്നു, അമ്പതോളം വരുന്ന നാട്ടുകാര്‍ക്കൊപ്പം ഞാനും. അപ്പോള്‍ എല്ലാവരും വിങ്ങുന്ന മുഖത്തോടെയിരിക്കുന്നത്‌ കണ്ടപ്പോള്‍ ഓര്‍മയിലേക്ക്‌ വന്നത്‌ കുഞ്ഞിരാമേട്ടന്‍ ഞങ്ങളുടെ ചെറിയപ്രായത്തില്‍ ഉയര്‍ത്തിയ മല്‍സരബുദ്ധിയായിരുന്നു. വൈകുന്നേരം സ്‌കൂള്‍ വിട്ട്‌ വന്നാല്‍ വായനശാല ഗ്രൗണ്ടില്‍ വോളിബോള്‍ കളിക്കാന്‍ പോകും. കുഞ്ഞിരാമേട്ടനാണ്‌ പരിശീലകന്‍. തീരെ സ്‌പോര്‍ട്‌സ്‌ മാന്‍സ്‌പിരിറ്റില്ലാത്ത എന്നെ പോലുളളവരെ മുന്നില്‍ നിര്‍ത്തി ആവേശം ഉണ്ടാക്കിയെടുക്കാന്‍ കുഞ്ഞിരാമേട്ടന്‌ പ്രത്യേകം കഴിവുണ്ടായിരുന്നു.

അവിടെ നാട്ടിലെ ആദ്യത്തെ പോലീസുകാരന്‍ ആയ വി.കെ.കുഞ്ഞിരാമേട്ടനുമായാണ്‌ കെ.സികുഞ്ഞിരാമേട്ടന്റെ കൂട്ട്‌. അവര്‍ നമ്മുടെ നാട്ടിലെ ഏറ്റവും വലിയ ദോസ്‌തുക്കളായിരുന്നു. രണ്ടാളും നായന്മാരാണ്‌. രണ്ടാളും ഉറക്കെ സംസാരിക്കും. രണ്ടാള്‍ക്കും കുട്ടികളെ സ്‌നേഹമാണ്‌. രണ്ടാള്‍ക്കും സങ്കുചിതമായ വ്യക്തിതാല്‍പര്യങ്ങളില്ല തുടങ്ങിയ കണ്ടെത്തലുകളാണ്‌ അന്ന്‌ ഞങ്ങള്‍ നടത്തിയിരുന്നത്‌. മൃതദേഹം കാത്തുനില്‍ക്കുമ്പോള്‍ വി.കെ. കുഞ്ഞിരാമേട്ടന്റെ മുഖം വിങ്ങിപ്പൊട്ടിനില്‍ക്കുന്നത്‌ കണ്ടു.

കല്യാണ വീടുകളിലും ശ്‌മശാനപ്പറമ്പില്‍ മരിച്ചവരുടെ മൃതദേഹം ദഹിപ്പിക്കുന്ന നേരങ്ങളിലും രംഗം സജീവമാക്കാന്‍ കൂട്ടിന്‌ ഇനി കൂട്ടുകാരനില്ലല്ലോയെന്ന സങ്കടമാകും. സൗഹൃദത്തിന്റെ ആഘോഷങ്ങള്‍ക്കൊടുവില്‍ ഒരാള്‍ പിരിയുമ്പോള്‍ അനുഭവിക്കേണ്ടി വരുന്ന ഒറ്റപ്പെടലിനെ കുറിച്ച്‌ ഏതോ കവി എഴുതിയതാണ്‌ ഓര്‍മ വന്നത്‌. മൃതദേഹം എത്തി. മക്കളായ സുനിലും സനിലും അവരുടെ യുവത്വം മറന്ന്‌ കരയുന്നുണ്ടായിരുന്നു. എന്റെ ഓര്‍മയില്‍ ഇന്നലത്തെ ചരമ വാര്‍ത്തയിലെ വരികളായിരുന്നു.

ഈ മരിച്ചുകിടക്കുന്ന ആദ്യകാല വോളിവോള്‍ താരത്തെ പുതിയ കുട്ടികള്‍ക്കറിയു മായിരിക്കുമോ.. അപ്പോഴാണ്‌ അടുത്തു നിന്ന്‌ രാമചന്ദ്രേട്ടന്‍ പറഞ്ഞത്‌. `എന്ത്‌ പരിപാടിയും ഉഷാറാക്കാന്‍ കുഞ്ഞിരാമേട്ടന്‍ വേണം. ഇനിപ്പോ അതൊരു വല്യ കുറവായിരിക്കും.' ശരിയായിരുന്നു. ഉത്രാടം നാളില്‍ നടക്കാറുള്ള ഓണപ്പരിപാടികള്‍ക്ക്‌ കുഞ്ഞിരാമേട്ടനാണ്‌ എല്ലാകുട്ടികളെയും സ്റ്റേജില്‍ കയറ്റുക. പരിപാടി നടക്കുന്ന സ്ഥലത്ത്‌ രാവിലെ തന്നെ വന്നിരിക്കും. വലിയ മീശ പിരിച്ച്‌ ഒരു കുടയും കൈയിലെടുത്ത്‌ ഒരു കസേരയില്‍ ഇരിക്കും.

പൊതുവേ കോംപ്ലക്‌സുകാരായ ക്ലായിക്കോട്ടെ കുട്ടികള്‍ മൈക്ക്‌ കണ്ടാല്‍ തന്നെ ഓടിയൊളി ക്കുന്നവരാണ്‌. എന്നാല്‍ പരിപാടികള്‍ തുടങ്ങിക്കഴിഞ്ഞാല്‍ വായനശാലയ്‌ക്കുള്ളിലിരിക്കുന്ന ഓരോകുട്ടിയെയും അവരവരുടെ മല്‍സരം വരുമ്പോള്‍ കുഞ്ഞിരാ മേട്ടന്‍ പേടിപ്പിച്ചും സ്‌നേഹിച്ചും സ്റ്റേജിലേക്ക്‌ പറഞ്ഞയക്കും.

എല്ലാ വര്‍ഷവും ഞങ്ങളുടെ തേജസ്വിനി പുഴക്കരയിലെ കുഞ്ഞുഗ്രൗണ്ടില്‍ നടക്കാറുള്ള മല്‍സരങ്ങളില്‍ പ്രോല്‍സാഹനവുമായി കുഞ്ഞിരാമേട്ടനുണ്ടാകും. അതുകൊണ്ട്‌ ഞങ്ങള്‍ സംഘാടകര്‍ക്കും നാണക്കേട്‌ കുറഞ്ഞ്‌ കിട്ടും...അതെ ഇത്രയും നല്ലൊരു സംഘാടനകന്‍ വേറെയാരാണ്‌...

`കല്യാണവീട്ടിലൊക്കെയാണ്‌ ഇനി ബഹളം വയ്‌ക്കാനാളില്ലാതാകും.' ഒരു മൗനത്തിന്‌ ശേഷം രാമചന്ദ്രേട്ടന്റെ വാക്കുകളാണ്‌ ഉണര്‍ത്തിയത്‌.അതെ, കല്യാണ വീടുകളില്‍ തലേന്നാള്‍ രാത്രി പാചകസമയത്ത്‌ ഏറ്റവും ഒടുവില്‍ പപ്പടം വറുക്കുന്നതുവരെ ഒച്ചയും ബഹളവുമായി കുഞ്ഞിരാമേട്ടന്‍ ഇനി ഉണ്ടാകില്ല. അത്തരം ഓര്‍മകളില്‍ മനസ്സ്‌ പാഞ്ഞുപോകുമ്പോള്‍ മൃതദേഹം കിടക്കുന്ന പാര്‍ട്ടി ഓഫീസിന്റെ ഒരൊഴിഞ്ഞ മൂലയില്‍ നില്‍ക്കുന്ന വി.കെ.കുഞ്ഞിരാമേട്ടന്‍ വീണ്ടും കണ്ണില്‍ പെട്ടു.

ആരും കാണാതെ ആരെയും കാണാതെ വി.കെ.കുഞ്ഞിരാമേട്ടന്‍ അവിടെയിരുന്ന്‌ കണ്ണുതുടക്കുകയാണോ...? ഒടുവില്‍ മൃതദേഹം പാര്‍ട്ടി ഓഫീസില്‍ നിന്നെടുത്ത്‌ വീട്ടിലേക്ക്‌ കൊണ്ടുപോയി. ഇനിയിപ്പോ വീട്ടിലേക്ക്‌ പോകണ്ടല്ലോ. ഞങ്ങള്‍ പൊതുശ്‌മശാനത്തിലേക്ക്‌ പോയി. ഞങ്ങളുടെ നാട്ടില്‍ ആര്‌ മരിച്ചാലും (അത്‌ ഏത്‌ ജാതിക്കാര നായാലും) ഈ പൊതുശ്‌മശാനത്തിലാണ്‌ സംസ്‌കരിക്കുക.

ക്ലായിക്കോട്ടേക്ക്‌ പ്രവേശിക്കുമ്പോഴും ക്ലായിക്കോട്ടിന്‌ പുറത്തേക്ക്‌ പോകുമ്പോഴും അതിര്‍ത്തിയില്‍ കിടപ്പാണ്‌, ശ്‌മശാനം... കൂട്ടുകാരന്‍ സുരേശന്‍ പറയുമ്പോലെ രാവിലെ നാട്ടില്‍ നിന്ന്‌ പോകുമ്പോഴും തിരിച്ച്‌ വരുമ്പോഴും ജീവിതത്തിന്റെ വ്യര്‍ത്ഥതകളെ ഓര്‍മിപ്പിക്കാന്‍ ഇവിടെ ഉണ്ട്‌ ഈ ശ്‌മശാനം. അവിടെ ക്ലായിക്കോട്ടെ നിരവധി ആത്മാക്കള്‍ കിടക്കുന്നുറങ്ങുന്നു. വീട്ടിലെത്തിച്ച്‌ മൃതദേഹം ശ്‌മശാനത്തിലേക്ക്‌ കൊണ്ടുവന്നു. ഒടുവില്‍ ചിത കൊളുത്തുമ്പോള്‍ സനിലും സുനിലും വീണ്ടും കരയുന്നതുകണ്ടു.

സൗഹൃദത്തിന്റെ ഊഷ്‌മളമായ അടയാളമായി ഒരുമൂലയില്‍ ഒന്നും മിണ്ടാനാകാതെ വി.കെ.കുഞ്ഞിരാമേട്ടന്‍ നില്‍ക്കുന്നു. ചിത കത്തിയടങ്ങുമ്പോള്‍ ഉച്ചയായി. ഇടയ്‌ക്ക്‌ പെയ്‌ത മഴ തടയാന്‍ ചിതയ്‌ക്ക്‌ മുകളില്‍ കെട്ടിയ പായ അഴിക്കുന്നതിന്‌ മുമ്പേ തന്നെ തിരിച്ചുപോന്നു. പോരുമ്പോള്‍ വി.കെ.കുഞ്ഞിരാമേട്ടന്‍ ചോദിച്ചു. ഇന്ന്‌ ജോലിക്ക്‌ പോണ്ടേടാന്ന്‌. പോണം കുഞ്ഞിരാമേട്ടാ എന്ന്‌ മാത്രം മറുപടി പറഞ്ഞു.

ഓഫീസിലേക്ക്‌ പോണം കുഞ്ഞിരാമേട്ടാ.. ഒറ്റപ്പെടലിന്റെ രാത്രിയിലേക്ക്‌. ആഹ്ലാദവും അപകടവും മരണവും അപകടവും എല്ലാം നിറഞ്ഞ വാര്‍ത്തകളുടെ വിഹ്വലമായ ലോകത്തേക്ക്‌, കണക്കില്ലാത്ത അക്ഷരക്കൂട്ടങ്ങള്‍ പെരുകുന്ന ചരമപ്പേജിലേക്ക്‌... ഇതൊന്നും പക്ഷേ പറയാവുന്ന കാര്യങ്ങളല്ലല്ലോ.കൂട്ടുകാരന്‍ പിരിഞ്ഞുപോയതിന്റെ ഏകാന്തതാബോധം കുഞ്ഞിരാമേട്ടനെ ശല്യപ്പെടുത്തുന്നുണ്ടായിരുന്നു. ഒന്നുതലയാട്ടി ബൈക്കെടുത്തു മടങ്ങി.

കണ്ണൂരെത്തിയെന്ന്‌ പറഞ്ഞ്‌ താഴത്തെ സീറ്റില്‍ ഇരുന്ന ആളാണ്‌ വിളിച്ചത്‌. പാതിയുറക്ക ത്തില്‍ നിന്ന്‌ ഞെട്ടിയെഴുന്നേറ്റ്‌ സ്റ്റേഷനില്‍ ചാടിയിറങ്ങി. മരണം ഒന്നിനും അവസാന വാക്കല്ലെന്ന്‌ ആരെങ്കിലും പറഞ്ഞിട്ടുണ്ടോ എന്ന്‌ എനിക്കറിയില്ല. എന്നാലും അത്‌ അങ്ങനെയാണ്‌.

മരണം സൗഹൃദത്തിനും സ്‌നേഹത്തിനും ഒറ്റപ്പെടലിനും ഇടയില്‍ ചില ചോദ്യങ്ങള്‍ അവശേഷിപ്പിക്കുന്നു...യഥാര്‍ത്ഥത്തില്‍ ഈ മരിച്ചുപോയ കുഞ്ഞിരാമേട്ടന്‍ ആരാണ്‌? ആദ്യകാല വോളിബോള്‍ താരം? കുട്ടികളുടെ പ്രോല്‍സാഹകന്‍? സംഘാടകന്‍? വി.കെ.കുഞ്ഞിരാമേട്ടന്റെ സുഹൃത്ത്‌? യഥാര്‍ത്ഥത്തില്‍ മരിച്ചുപോയതാരാണ്‌?

Read more...

Sunday, May 23, 2010

ഹാഷ്‌മി പൂഞ്ച്‌ മഴമേഘങ്ങള്‍ക്കൊപ്പം മരണത്തിലേക്ക്‌ പോയി


കണ്ടുനില്‍ക്കെ പൊലിഞ്ഞുപോകുന്ന പുഷ്‌പങ്ങള്‍ ഏത്‌ നിറമാണ്‌ മനസ്സില്‍ അവശേഷിപ്പിക്കുക? ആ പുഷ്‌പങ്ങളുടെ സ്‌നേഹത്തിന്‌ ഏത്‌ ഗന്ധമായിരിക്കും ഉണ്ടാകുക? മരണത്തിന്റെ രൂപവും ഭാവവും നമ്മെ ഭയപ്പെടുത്തുക ഏത്‌ നിലയിലാണ്‌?

പിംഗള കേശിനിയായ മരണത്തിന്റെ കടന്നുവരവിനെ കുറിച്ച്‌ പറയുമ്പോള്‍ ആരോഗ്യ നികേതനത്തിന്റെ എഴുത്തുകാരന്‍ താരാശങ്കര്‍ ബാനര്‍ജി ബന്ദ്യോപാധ്യായ കരുതിയിരിക്കുമോ പിടികിട്ടാത്ത ചോദ്യമായി തനിക്ക്‌ പിമ്പേ വരുന്നവരും ഈ ആശങ്കയില്‍ പെട്ട്‌ ഉഴലേണ്ടി വരുമെന്ന്‌?മംഗലാപുരത്ത്‌ എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനം കത്തിയമരുമ്പോള്‍ സ്വീകരിക്കാനെത്തിയ യാത്രക്കാരുടെ ബന്ധുക്കളെ നോക്കി നില്‍ക്കേ പൊലിഞ്ഞുപോയവരുടെ ഓര്‍മകള്‍ ഇപ്പോഴും വേട്ടയാടുന്നുണ്ടാകണം. അതൊരു വിമാനത്തിന്റെ രൂപത്തിലാകും, അല്ലെങ്കില്‍ തീയുടെ രൂപത്തിലാകും, അതുമല്ലെങ്കില്‍ ബജ്‌പെ വിമാനത്താവളത്തിനരികില്‍ മരണത്തിന്റെ ഗുഹാമുഖം തുറന്ന്‌ കാത്തിരുന്ന കാടിന്റെ രൂപത്തിലാകും....



എന്നാല്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ വേദനിപ്പിക്കുന്നത്‌ ട്വിറ്ററില്‍ മെസേജുകള്‍ അപ്പപ്പോള്‍ നല്‍കി നോക്കിനില്‍ക്കെ ആ വിമാനത്തില്‍ പൊലിഞ്ഞുപോയ ഹാഷ്‌മി പൂഞ്ച എന്ന പതിനേഴുകാരിയുടെ പ്രസന്നവും അരൂപവുമായ ആ മുഖമാണ്‌. ആ കുട്ടി കാട്ടില്‍ പൊലിഞ്ഞുപോയ തന്റെ ജീവന്‍ ബാക്കിയാക്കിയ, കല്യാണത്തിന്റെ ഓര്‍മകളില്‍ അദൃശ്യസാന്നിധ്യമായി എത്തുമോ? ട്വിറ്ററിലെ പ്രസന്നമായ സൗഹൃദഭാവവുമായി വളരെ കുറച്ച്‌ മാത്രമുള്ള സുഹൃത്തുക്കളെ അഭിസംബോധന ചെയ്യുന്ന ഒരു കമ്യൂണിക്കേഷന്‍ വിദ്യാര്‍ത്ഥിയായിരുന്നു ഹാഷ്‌മി പൂഞ്ച.



കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‌ പുറത്തുള്ള മില്‍മയില്‍ ചായ കുടിച്ചുകൊണ്ടിരിക്കുമ്പോഴാണ്‌ ഫോട്ടോഗ്രാഫര്‍ ഷെമീര്‍ അബ്‌ദുള്ള ആകുലതകള്‍ പങ്കുവച്ചത്‌. പത്രത്തിന്‌ വേണ്ടി ഫോട്ടോയെടുക്കന്‍ പോയ ഷെമീറിന്‌ ചായ കുടിക്കാന്‍ കഴിഞ്ഞില്ല. അവന്‍ കത്തിക്കരിഞ്ഞ മരണത്തിന്റെ മണം ചായയില്‍ കണ്ടു.


ഷെമീറിനോട്‌ പറഞ്ഞു അക്കൂട്ടത്തില്‍ ഒരു ട്വിറ്റര്‍ സുഹൃത്തുണ്ടായിരുന്നു. കവിത പോലെ ആ വിമാനത്തില്‍ പൊലിഞ്ഞുപോയ ഹാഷ്‌മി പൂഞ്ച്‌.അപ്പോഴാണ്‌ അവിടെക്ക്‌ കയറി വന്ന മറ്റൊരാള്‍ പറഞ്ഞത്‌ ഞാനിന്നലെ വൈകീട്ടാണ്‌ നാട്ടിലെത്തിയത്‌. ഇന്നലെ എനിക്ക്‌ ഫ്‌ളൈറ്റിന്‌ ടിക്കറ്റ്‌ കിട്ടില്ലെന്നുറപ്പിച്ചതാണ്‌. ഇന്ന്‌ ഈ തകര്‍ന്നടിഞ്ഞ വിമാനത്തില്‍ വരാനായിരുന്നു തീരുമാനിച്ചത്‌.


തികച്ചും യാജൃച്ഛികമായാണ്‌ എനിക്ക്‌ രണ്ടാമത്‌ ടിക്കറ്റ്‌ ആദ്യവിമാനത്തില്‍ തന്നെ ശരിയായത്‌. അല്ലെങ്കില്‍ ഇപ്പോള്‍....അയാളും ചായ മുഴുവന്‍ കുടിച്ചില്ല. അര്‍ദ്ധരാത്രി ഉണര്‍ത്തി വിട്ട ആകുലതയിലായിരുന്നു അയാള്‍ പെട്ടെന്ന്‌ ചായക്കാശും കൊടുത്ത്‌ അയാള്‍ കാറെടുത്ത്‌ പോയി. വേഗം വീട്ടിലേക്ക്‌....ഞങ്ങള്‍ അപ്പോഴും ദുരന്തത്തെകുറിച്ച്‌ തന്നെ സംസാരിക്കുകയായിരുന്നു. യഥാര്‍ത്ഥത്തില്‍ എന്താണ്‌ സംഭവിച്ചിട്ടുണ്ടാകുക. വിമാനത്തില്‍ കയറിയിട്ടില്ലാത്തതിനാല്‍ അതിനകത്തെ ആശങ്കകള്‍ ഊഹിക്കുക മാത്രമേ നിവൃത്തിയുണ്ടായുള്ളൂ. ജീവന്‍ നഷ്‌ടപ്പെട്ട 159 പേരുടെയും ബന്ധുക്കള്‍ അവര്‍ ആകാശത്തുനിന്ന്‌ പറന്നിറങ്ങുന്നത്‌ കണ്ടുകൊണ്ടിരിക്കുകയായിരുന്നില്ലേ.. പ്രിയപ്പെട്ട വര്‍ കാണെ കാണെ ഇല്ലാതാകുകയായിരുന്നു അവര്‍...


ഷെമീര്‍, ഞാന്‍ ആലോചിക്കുകയായിരുന്നു ഹാഷ്‌മി പൂഞ്ചിനെ കുറിച്ച്‌. ആ കുട്ടി കഴിഞ്ഞ ദിവസം കൂടി ട്വീറ്റ്‌ ചെയ്‌തതിനെ കുറിച്ച്‌..വിമാനത്താവളത്തില്‍ ഇരിക്കുമ്പോള്‍ മഴമേഘം മൂടിയ ആകാശം മാത്രം കാണാന്‍ കഴിയുന്നുള്ളൂ എന്ന ആവളുടെ സന്ദേശം ഇപ്പോഴും കണ്ണ്‌ നിറയ്‌ക്കുകയാണ്‌. മരണത്തില്‍ അലിഞ്ഞുപോയ ആ കുട്ടിയെ കുറിച്ച്‌ എഴുതിയ സ്റ്റോറിയെ കുറിച്ച്‌... അത്‌ വെറും വാര്‍ത്തയായിരുന്നെങ്കിലും ഓര്‍മയില്‍ വല്ലാത്തൊരു വേദന ബാക്കികിടപ്പുണ്ടായിരുന്നു.



ദിവസങ്ങളായി ട്വിറ്ററില്‍ കാണുന്ന ചെറിയ സന്ദേശങ്ങളില്‍ മംഗലാപുരത്തെ ബന്ധുവിന്റെ കല്യാണത്തിന്‌ പോകേണ്ടതിന്റെ വേവലാതികളാണ്‌ ഹാഷ്‌മി പങ്കുവച്ചിരുന്നത്‌. അവളുടെ സുഹൃത്തുക്കളുടെ രസകരമായ പ്രതികരണങ്ങളും നന്നായി അവള്‍ ആസ്വദിച്ചിരുന്നു. ഏറ്റവും ഒടുവില്‍ കല്യാണത്തിന്‌ പോകാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ആ യാത്ര അവസാനത്തെ യാത്രയുമായിരുന്നു. ഒരു ട്വിറ്റര്‍ സുഹൃത്താണ്‌ ഹാഷ്‌മി അപകടത്തില്‍ പെട്ടത്‌ ആദ്യം തിരിച്ചറിഞ്ഞത്‌.


ഏറ്റവും ഒടുവില്‍ വൈറ്റ്‌ ക്രയോണ്‍ എന്ന ഹാഷ്‌മിയുടെ സുഹൃത്ത്‌ ഞെട്ടലോടെ പറഞ്ഞു. `അതെ അത്‌ അവള്‍ തന്നെ. അവള്‍ക്ക്‌ ആ ദുരന്തത്തെ തരണം ചെയ്യാനായില്ല.' പിന്നീട്‌ ഹാഷ്‌മിയുടെ അമ്മജോലി ചെയ്യുന്ന ഗള്‍ഫ്‌ ന്യൂസ്‌ എന്ന മാധ്യമ സ്ഥാപനവും മരണവാര്‍ത്ത സ്ഥിരീകരിച്ചു. ബന്ധുവിന്റെ കല്യാണത്തില്‍ പങ്കെടുക്കാന്‍ പോയ തങ്ങളുടെ ജീവനക്കാരി മണിരേഖാ പൂഞ്ചയും 17 വയസ്സ്‌ പ്രായമായ മകളും ഭര്‍ത്താവും വിമാനാപകടത്തില്‍ മരിച്ചതായി ഗള്‍ഫ്‌ ന്യൂസിന്റെ വെബ്‌ സൈറ്റ്‌ സ്ഥിരീകരിച്ചതോടെ ഉറപ്പായി. പിന്നീട്‌ വിമാനാപകടത്തില്‍ മരിച്ചവരുടെ ലിസ്റ്റ്‌ പ്രസിദ്ധീകരിച്ചപ്പോള്‍ അതില്‍ ആദ്യത്തെ പേരായി ഹാഷ്‌മി പൂഞ്ചയുടെ പേരുണ്ടായിരുന്നു.



ഗള്‍ഫ്‌ ന്യൂസില്‍ ഫിനാന്‍സ്‌ വിഭാഗത്തില്‍ ജോലി ചെയ്‌തിരുന്ന മണിരേഖയും കുടുംബവും കല്യാണത്തില്‍ പങ്കെടുക്കാന്‍ വേണ്ടി ചുരുങ്ങിയ ദിവസത്തേക്ക്‌ അവധിയെടുത്താണ്‌ നാട്ടിലേക്ക്‌ പുറപ്പെട്ടതെന്നും ഗള്‍ഫ്‌ ന്യൂസ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തു. എന്നാല്‍ ഹാഷ്‌മി പൂഞ്ച്‌ യാത്രയായത്‌ വിവാഹച്ചടങ്ങിലേക്കല്ല. അതിദാരുണമായ ഒരു അപകടത്തിന്റെ കൈപിടിച്ച്‌ മരണത്തിന്റെ ഗുഹാമുഖത്തേക്കാണ്‌. നെയ്‌റ്റിസെന്റു എന്ന പേരില്‍ ട്വീറ്ററില്‍ അക്കൗണ്ടുള്ള ഹാഷ്‌മിയുടെ കൂട്ടുകാരുടെ തേങ്ങള്‍ അവരുടെ ട്വറ്റര്‍ അക്കൈണ്ടുകളില്‍ നിന്ന്‌ കേള്‍ക്കാം.


ഇപ്പോഴും ഹാഷ്‌മിയുടെ ഏറ്റവും ഒടുവിലത്തെ ട്വീറ്റ്‌ സുഹൃത്തുക്കളെ നോക്കി പ്രസന്നതയോടെ ചിരിക്കുകയാണ്‌. `ഞാന്‍ എയര്‍പോര്‍ട്ടിലാണ്‌. മുന്നില്‍ ഒന്ന്‌ മാത്രമാണ്‌ കാണുന്നത്‌. അത്‌ മഴയാണ്‌.' അതെ ഒടുവില്‍ മരണം മഴയുടെ രൂപത്തില്‍ അച്ഛനമ്മമാരോടൊപ്പം ഹാഷ്‌മിയെയും സഹയാത്രികരെയും കൊണ്ടുപോയി. മില്‍മയില്‍ ചായ കുടിക്കുമ്പോള്‍ കണ്ട ചേട്ടനെ പോലെ മരണത്തിന്റെ തുറമുഖത്ത്‌ നിന്ന്‌ ടിക്കറ്റ്‌ കിട്ടാതെ രക്ഷപ്പെട്ടവര്‍ ആശ്വസിക്കുന്നത്‌ കാണാം. അതേസമയം മരണത്തിലേക്ക്‌ കവിത പോലെ എഴുതിയൊഴുകിയ ഹാഷ്‌മി പൂഞ്ചിന്റെ ചിരിയും കേള്‍ക്കുന്നു. ആരുടെ കൂടെയാണ്‌ നാം ചേരുക... ?

Read more...
Related Posts with Thumbnails

  © K.V.MADHU 2009 Blogger Theme by Ourblogtemplates.com 2008

Back to TOP