സത്യന്‍ സാറിന്റെ സങ്കടകരമായ വേര്‍പാട്
മരണം നഷ്‌ടപ്പെടുത്തുകയേ ഉള്ളൂ എന്ന് ലോഹിതദാസിന്റെ ഒരു കഥാപാത്രം പറയുന്നുണ്ട്. അടുത്ത നാളുകളില്‍ മലയാള പത്രപ്രവര്‍ത്തന രംഗത്ത് കനത്ത ആഘാതമായ ഒരുമരണമായിരുന്നു എന്‍.എന്‍.സത്യവ്രതന്റേത്. പത്രപ്രവര്‍ത്തനം ആധുനിക വല്‍ക്കരണത്തിന്റെ അകം-പുറം- മോടികളില്‍ മുഴുകുന്നതിന് മുമ്പ് സൈക്കിളില്‍ യാത്ര ചെയ്‌തും നടന്നും എഴുതിയും വിപ്ലവകരമായ നിരവധി റിപ്പോര്‍ട്ടുകളുണ്ടാക്കിയ സത്യവ്രതന്‍ എന്ന വ്യക്തിയുടെ ഓര്‍മ ഒരു പത്രപ്രവര്‍ത്തകന്‍ എന്നതിലുപരി അധ്യാപകന്‍ എന്ന നിലയില്‍ മനസ്സില്‍ വല്ലാത്തൊരു അസ്വസ്ഥതയാണുണ്ടാക്കിയത്.
അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട പത്രപ്രവര്‍ത്തകരുടെ ന്യായമായ അവകാശത്തിനും ക്ഷേമത്തിനും വേണ്ടി പോരാടിയ ഒരു മനുഷ്യന്‍ കൂടിയായിരുന്നു അദ്ദേഹം. ട്രേഡ് യൂണിയന്‍ നേതാവ് തൊഴില്‍ മേഖലയിലും ശോഭിക്കുന്ന അപൂര്‍വ്വമായ കാഴ്‌ചയാണ് ആ വ്യക്തിത്വത്തില്‍ ഉണ്ടായിരുന്നത്. 53 വര്‍ഷം മുമ്പ് 40 രൂപ ശമ്പളത്തിന് ദീനബന്ധുവില്‍ പത്രപ്രവര്‍ത്തനം തുടങ്ങിയ സത്യന്‍ സാറിന്റെ ജീവിതം തന്നെ ഈ മേഖലയിലെ നേതൃപാടവത്തിനും അര്‍പണമനോഭാവത്തിനും ദൃഷ്‌ടാന്തമാണ്.
സത്യന്‍ സാറിന്റെയും പ്രസ് അക്കാഡമിയുടെയും ഓര്‍മകളില്‍ ഒരിക്കല്‍ കൂടി അല്‌പം സങ്കടത്തോടെ മുഴുകിപ്പോയ ദിവസങ്ങള്‍...
കാക്കനാട്ടുള്ള പ്രസ് അക്കാദമിയുടെ ക്ലാസ് മുറിയില്‍ ഭാവിയെ കുറിച്ചുള്ള സകല ആവലാതികളോടും ഇരിക്കുമ്പോള്‍ പരിശീലനത്തിന്റെ സൈദ്ധാന്തിക വിവരണങ്ങളില്‍ ശ്രദ്ധയുണ്ടാകാറേയില്ല. വേണുഗോപാലക്കുറുപ്പും പി.രാജനും സെബാസ്റ്റ്യന്‍ പോളും കെ.ജി. ജ്യോതിര്‍ഘോഷും അടക്കമുള്ള പ്രഗല്‍ഭരുടെ ക്ലാസുകളില്‍ പോലും പലപ്പോഴും വ്യക്തിത്വവുമായി ബന്ധപ്പെട്ട ആത്മസംഘര്‍ഷങ്ങളാണ് എന്നെ നയിച്ചിരുന്നത്. തലേന്നാള്‍ വരെ പത്രവിതരണം നടത്തിയിരുന്ന ഒരു പയ്യന് പത്രപ്രവര്‍ത്തനം പഠിക്കാന്‍ അര്‍ഹതയുണ്ടോ എന്ന വിചാരം പോലും വല്ലാത്ത ആശങ്കയുണ്ടാക്കിയിരുന്നു. അതൊക്കെ സ്വാഭാവികമായ പൊരുത്തപ്പെടലിന്റെ പ്രശ്‌നങ്ങളാണെന്ന് അന്ന് അറിയാന്‍ കഴിഞ്ഞിരുന്നില്ല. ബാഹ്യലോകത്തെ കുറിച്ചുള്ള അറിവിന്റെ അഭാവം, കാലത്തിന്റെ മാറ്റം ഉണ്ടാക്കിയ പുതുസാധ്യകളെക്കുറിച്ചുള്ള അജ്ഞത, പത്രപ്രവര്‍ത്തനം എന്ന ലോകത്ത് എനിക്കെന്താകാന്‍ കഴിയുമെന്ന സ്ഥിരമായ ആശങ്ക... അങ്ങനെ പലതും തുടര്‍ച്ചയായി എന്നെ അലോസരപ്പെടുത്തിക്കൊണ്ടിരുന്നു. ക്യാമ്പസിലും ക്ലാസിലും ഹോസ്റ്റലിലും ഒക്കെ. എന്നാല്‍ എല്ലാത്തിനും ഒരു പരിഹാരമെന്ന പോലെയായിരുന്നു സത്യന്‍ സാറിന്റെ ക്ലാസ്. പാട്ടുപാടുന്നവനോടും കഥയെഴുതുന്നവനോടും കലാകാരന്മാരോടും അദ്ദേഹം പറയുമായിരുന്നു. ഇതല്ല, ജേര്‍ണലിസം എന്ന്.
ഇന്റര്‍വ്യൂവിന് എത്തിയപ്പോഴാണ് ആദ്യമായി അദ്ദേഹത്തെ കാണുന്നത്. കുറേ വിദ്യാര്‍ത്ഥികളുടെ കൂടെ ആശങ്കയോടെയാണ് അന്ന് അക്കാദമിയുടെ മുറ്റത്ത് എത്തിയത്. കൂട്ടുകാരന്‍ സുരേശനാണ് നാട്ടില്‍ നിന്ന് കൂടെയുണ്ടായിരുന്നത്. അടയക്കേണ്ട ഫീസും കെട്ടും ഭാണ്ഡവും എല്ലാമായി കാസര്‍കോട്ടെ ക്ലായിക്കോട് ഗ്രാമത്തില്‍ നിന്ന് വൈകുന്നേരം മലബാര്‍ എക്‌സ്‌പ്രസിന് പുറപ്പെടുമ്പോള്‍ മനസ്സ് നിറയെ സങ്കടമായിരുന്നു. അമ്മയെയും അച്ഛനെയും അനിയത്തിയെയും നാടിനെയും വിട്ട് പഠനത്തിനാണെങ്കിലും, പ്രായവും പക്വതയും എത്താത്തതിനാലാകും, ഒരുവല്ലാത്ത സങ്കടം, മനസ്സില്‍.
പിന്നീട് കൊച്ചിയിലെത്തിയപ്പോള്‍ വിശാലമായ ലോകത്ത് തനിച്ചായതുപോലെ. സുരേശന്‍ സമാധാനിപ്പിച്ചു. ഉണ്ടാകാനിടയില്ലാത്ത ഒരു ലോകത്തെകുറിച്ച് സ്വപ്‌നം കാണാന്‍ അവന്‍ നിര്‍ബന്ധിച്ചുകൊണ്ടേയിരുന്നു. അങ്ങനെ ഇന്റര്‍വ്യൂ ബോര്‍ഡിന് മുന്നിലേക്ക് അവന്‍ തള്ളിവിടുകയായിരുന്നു. മനസ്സില്‍ അഡ്‌മിഷന്‍ കിട്ടേണ്ടെന്ന ആഗ്രഹം ഇടയ്‌ക്ക് വച്ച് കടുന്നുകൂടി. അങ്ങനെയാണെങ്കില്‍ നാട്ടിലേക്ക് തിരിച്ചുപോകാമല്ലോ.
ഇന്റര്‍വ്യൂ സമയത്താണ് എന്‍.എന്‍.സത്യവ്രവതനെ നേരിട്ട് കാണുന്നത്. പത്രപ്രവര്‍ത്തകന്‍ പി.രാജനെയും എനിക്കന്ന് തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നു. പണ്ടൊരിക്കല്‍ ഒളിവ്‌ജീവിതകാലത്ത് നക്‌സല്‍ വേണുവിനെ ഇന്റര്‍വ്യൂ ചെയ്‌ത, അടിയന്തിരാവസ്ഥക്കാലത്ത് അറസ്റ്റിലായ പത്രപ്രവര്‍ത്തകന്‍... അങ്ങനെ ആവേശമുണര്‍ത്തുന്ന ചില ഓര്‍മകള്‍ എവിടെയോ വായിച്ച, കേട്ട ഓര്‍മകള്‍. അതില്‍കൂടുതലൊന്നും ഉണ്ടായിരുന്നില്ല. കൂടെയുണ്ടായിരുന്നത് മറ്റാരൊക്കെയാണെന്ന് അറിയില്ല.
സത്യന്‍ സാറാണ് ആദ്യം ആ ചോദ്യം ചോദിച്ചത്.
"സ്ഥലം എവിടെയാണ്?" മുഖത്ത് ഒളിപ്പിച്ച് വച്ച ഒരുചിരിയോടെയുള്ള ചോദ്യം
ഇന്‍ഫീരിയോറിറ്റി കോംപ്ലക്‌സുകളുടെ ഹിമാലയത്തില്‍ നില്‍ക്കുന്ന കാലമാണല്ലോ, ഞാന്‍. എന്റെ പ്രതികരണം ഇഷ്‌ടപ്പെടുമോ എന്ന ആശങ്കയോടെ മറുപടി
-"കാസര്‍കോട് ജില്ലയിലാണ്, ക്ലായിക്കോട് എന്നാണ് സ്ഥലത്തിന്റെ പേര്, കയ്യൂര്‍ ഗ്രാമത്തിലെ..."
"എന്താടോ കയ്യൂര്‍ എന്ന് പറഞ്ഞാ പോരേ?"-പി.രാജന്‍
ശരിയായിരുന്നു. പലപ്പോഴും എന്റെ ഗ്രാമത്തിന്റെ പേര് പറയുന്നതിന് മുന്നേ ഈ വിശദീകരണങ്ങള്‍ എനിക്ക് പതിവാണ്. ചെലപ്പോള്‍ ആളുകള്‍ക്ക് അറിയണമെന്നില്ലല്ലോ. അവര്‍ ഞാന്‍ അഹങ്കാരിയാണെന്ന് കരുതിയാലോ. അതുകൊണ്ട് ഒന്നുമല്ലാത്ത ഒരുഗ്രാമത്തില്‍ നിന്ന് വരികയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ മനസ്സിന്റെ ഒരുക്കമാകും എന്നൊക്കെ പീന്നീട് മനശാസ്‌ത്രജ്ഞന്‍മാരുടെ പുസ്‌തകങ്ങളില്‍ നിന്ന് ഇതൊക്കെ മനസ്സിലാക്കിയിട്ടുണ്ട്.
മറുപടിയായി ഞാന്‍ ചിരിച്ചു.
"ഊം... അവിടെയല്ലേ ആ പോലീസുകാരനെ കല്ലെറിഞ്ഞ് കൊന്നത്."-പി.രാജന്‍.
എന്തോ എന്നെ ദേഷ്യം പിടിപ്പിക്കാനോ പരീക്ഷിക്കാനോ എന്തിനായിരുന്നു ആ ചോദ്യം എന്ന് അപ്പോള്‍ മനസ്സിലായിരുന്നില്ല. എന്റെ രക്തം തിളച്ചു.
"സര്‍...."
അദ്ദേഹം എന്നെയൊന്ന് നോക്കി. സത്യന്‍ സാര്‍ അരികിലിരുന്ന് ചിരിക്കുന്നത് എനിക്ക് നന്നായി ഓര്‍മയുണ്ട്
-"സര്‍ ഇന്ത്യയിലാദ്യമായി കര്‍ഷകര്‍ സംഘടിച്ചത് കയ്യൂരിലായിരുന്നു. അതിന്റെ തുടര്‍ച്ചയായി ഫ്യൂഡല്‍ പ്രഭുക്കന്മാരും ബ്രിട്ടീഷുകാരും കൂടി നാട്ടുകാരെ ദ്രോഹിച്ചിരുന്നു. അവിടെ തൊഴിലാളികള്‍ സംഘടിക്കുകയും സമരത്തിലേര്‍പ്പെടുകയും ചെയ്‌തിരുന്നു. അതിന്റെ തുടര്‍ച്ചയായുണ്ടായ സംഘര്‍ഷത്തിനിടെയാണ് സുബ്ബരായന്‍ എന്ന പോലീസുകാരന്‍ പുഴയില്‍ ചാടുകയും നീന്താനറിയാത്തിനാല്‍ മുങ്ങിമരിക്കുകയും ചെയ്‌തത്. പിന്നീടാണ് പോലീസുകാര്‍ കയ്യൂരും ക്ലായിക്കോടും ചെറിയാക്കരയിലും അഴിഞ്ഞാടിയത്. അഞ്ച് പേരെ തൂക്കിക്കൊന്നത്..... അന്ന് ഒളിവിലുണ്ടായിരുന്ന നിരവധി പേര്‍ ക്ലായിക്കോട്ടും കയ്യൂരും ചെറിയാക്കരയിലും ഒക്കെ ആയിരുന്നു ജീവിച്ചത്. ആ ക്ലായിക്കോടാണ് സാര്‍ എന്റെ വീട്."
എന്തൊക്കെയോ ഞാന്‍ പറഞ്ഞു.
"ശരി, ശരി ഇനി ബേക്കല്‍ കോട്ടയെക്കുറിച്ച് എന്തറിയാം?"-സത്യന്‍ സാര്‍ ഇടപെട്ടു.
"സര്‍, അത് ഇക്കേരി നായ്‌ക്കന്മാര്‍ പണ്ട് ഉണ്ടാക്കിയ കോട്ടയാണ്."
"ടിപ്പുസുല്‍ത്താനല്ലേ ഉണ്ടാക്കിയത്?"-പിരാജന്
"അല്ല, സര്‍ ടിപ്പു അവരില്‍ നിന്ന് പിടിച്ചെടുക്കുകയായിരുന്നു."
അവര്‍ തമ്മില്‍ നോക്കി. എന്തോ ആശയം കൈമാറിയെന്ന് തോന്നി.
"ശരി. എന്നാ പിന്നെ ആയ്‌ക്കോട്ടെ.."-സത്യന്‍ സാറിന്റെ ചിരിയില്‍ എന്തൊക്കെയോ ഉണ്ടായിരുന്നു.
അങ്ങനെയാണ് അന്ന് പിരിഞ്ഞത്.
ആദ്യക്ലാസില്‍ പതിവ് പോലെ ഒളിപ്പിച്ച് വച്ച ചിരിയുമായി കയറി വന്നപ്പോള്‍ ഇന്റര്‍വ്യൂ ദിവസത്തെ സംഭവങ്ങള്‍ മുഴുവനും ഓര്‍ത്തു. പിന്നീട് പലപ്പോഴും ക്ലാസെടുക്കാന്‍ ആളില്ലാത്ത ഇടവേളകളില്‍ അനുഭവങ്ങള്‍ പങ്കുവയ്‌ക്കാനും പരിചയമില്ലാത്തവര്‍ ക്ലാസെടുക്കാന്‍ വരുമ്പോള്‍ പരിചയപ്പെടുത്താനും സത്യന്‍ സര്‍ വരാറുണ്ടായിരുന്നു. ഒരു കോഴ്‌സ് ഡയരക്‌ടര്‍ എന്നതില്‍ കവിഞ്ഞ സ്വാതന്ത്ര്യം കുട്ടികള്‍ എടുക്കുന്നത് കാണുമ്പോള്‍ മാറിനില്‍ക്കുന്ന എന്നെപോലുള്ള ചിലര്‍ക്ക് ചെറിയ സങ്കടം തോന്നും.
പഠനകാലത്താണ് അദ്ദേഹത്തിന്റെ പത്രപ്രവര്‍ത്തനജീവിതത്തെക്കുറിച്ച് കൂടുതലായി അറിയായനിടയായത്. അത് ബഹുസ്വരമായ ഒരു കാലഘട്ടത്തിന്റെ നേരടയാളമായിരുന്നു. എപ്പോഴും ക്ലാസില്‍ ഒരകലത്തില്‍ ഇരുന്നതിനാലാവണം അദ്ദേഹവുമായി മറ്റ് പലര്‍ക്കും ഉള്ളതുപോലെ വ്യക്തിബന്ധം ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെയാകണം പ്രധാന ആനുകാലികങ്ങളില്‍ എന്റെ ഫീച്ചറുകള്‍ വരുമ്പോള്‍ സഹപാഠികള്‍ അഭിനന്ദിക്കുമ്പോഴൊന്നും അദ്ദേഹം ഒന്നും അറിയാതെ ഇരിക്കുമായിരുന്നു. ചിലപ്പോഴൊക്കെ ആഗ്രഹിച്ചിരുന്നു, ഒന്ന് അഭിനന്ദിക്കുമായിരിക്കും എന്ന്. അന്ന് പക്ഷേ ചെറിയ മനസ്സിന്റെ അത്യാഗ്രഹങ്ങള്‍ ആണെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല.
കുറച്ചേ സംസാരിക്കുകയുള്ളൂവെങ്കിലും രസകരമായ പ്രയോഗങ്ങളും മറ്റും ഞങ്ങളുടെയിടയില്‍ പ്രസിദ്ധമാണ്. പെണ്‍കുട്ടികളെയടക്കം മിസ്റ്റര്‍ ചെര്‍ത്ത് വിളിക്കുന്നത് കേള്‍ക്കുമ്പോള്‍ ക്ലാസ് മുഴുന്‍ ചിരിയില്‍ മുഴുകും. ഒരിക്കല്‍ അനിയത്തിയുടെ കല്യാണനിശ്ചയത്തിന് അക്കാഡമിയില്‍ എല്ലാവരെയും ഞാന്‍ ക്ഷണിച്ചിരുന്നു. യാദൃച്ഛികമായി നിശ്ചയം മാറ്റിവയ്‌ക്കേണ്ടിവന്നു. ഒരാഴ്‌ചത്തെ അവധി കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ അദ്ദേഹം എന്നെ വിളിപ്പിച്ചു. എന്നിട്ട് ചോദിച്ചത് രസകരമായ ഒരു ചോദ്യമാണ്.
"എല്ലാവരും നിശ്ചയത്തിന് വരാനിരുന്നതാണ്. താനെന്താടോ അവിടത്തെ രാജാവാണോ?"
അന്ന് തോന്നിയത് സങ്കടവും ദേഷ്യവും ഒക്കെയായിരുന്നു. പിന്നീട് അദ്ദേഹത്തിന് പ്രൊഫഷനോടുളള താല്‍പര്യം മനസ്സിലാക്കിയപ്പോഴാണ് വ്യത്യസ്‌തമായ ആ കാഴ്‌ചപ്പാട് മനസ്സിലായത്. കൊച്ചി 2000 എന്ന കൊച്ചിന്‍ കോര്‍പറേഷന്റെ മെഗാ പ്രൊജക്‌ടിലേക്ക് ഞങ്ങളെ പറഞ്ഞയക്കുമ്പോഴാണ് വിദ്യാര്‍ത്ഥികളെ തിരിച്ചറിയുന്നതില്‍ അദ്ദേഹത്തിനുള്ള കൂര്‍മബുദ്ധി വ്യക്തമായത്. എഴുതേണ്ടവരെയും ഓരോരുത്തര്‍ക്കും എഴുതാനുള്ള മേഖലയും തിരിച്ചറിഞ്ഞ് വ്യക്തമായ ഉദ്ദേശത്തോടെയാണ് ഞങ്ങളെ കോര്‍പറേഷന്‍ വര്‍ക്കിനായി പറഞ്ഞയച്ചത്. മാതൃഭൂമിയിലും കേരളകൗമുദിയിലും 35 വര്‍ഷം നീണ്ട പത്രപ്രവര്‍ത്തനം കൃത്യമായ ലക്ഷ്യബോധമുള്ളതായിരുന്നു, അദ്ദേഹത്തിന്. പിന്നീട് പത്രപ്രവര്‍ത്തകവിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കുന്ന കേരള പ്രസ് അക്കാഡമിയുടെ കോഴ്‌സ് ഡയരക്‌ടറായപ്പോഴും തന്റെ ലക്ഷ്യബോധം അദ്ദേഹം മറന്നില്ല.
എന്തുകൊണ്ടോ പഠനത്തിന്റെ അവസാനകാലത്തും ഞങ്ങള്‍ കുറച്ച് വിദ്യാര്‍ത്ഥികള്‍ക്ക് അദ്ദേഹത്തോട് അടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ഞാനും അസീം മുസ്‌തഫയും പ്രദീപ് ജോസഫുമൊക്കെ ആ സങ്കടം പങ്കിടാറുമുണ്ടായിരുന്നു. കോഴ്‌സ് കഴിഞ്ഞിറങ്ങിയതിന് ശേഷം പിന്നീടൊരിക്കലും അദ്ദേഹത്തെ കണ്ടിട്ടില്ല. പലപ്പോഴും എന്റെ ചെറിയ ലോകത്ത് അങ്ങനെയൊരു ഇടപെടലിന്റെ സാഹചര്യവും വന്നിരുന്നില്ല.
അടുത്ത കാലത്ത് ഒന്ന് കാണാന്‍ പോകണമെന്ന ആഗ്രഹം ഉണ്ടായിരുന്നു. ഒ.വിസുരേഷിനോടും സിജി ഉലഹന്നാനോടും ജുവിനോടും ഒക്കെ സംസാരിച്ച് പോകാന്‍ പദ്ധതിയിട്ടതുമാണ്. അദ്ദേഹത്തിന്റെ അടുത്തെത്തി വീണ്ടും പഴയ കാലം ഓര്‍മിപ്പിക്കാനുള്ള ഒരാഗ്രഹം. ഭൂതകാലം ഇല്ലാതെ ഒരു മനുഷ്യനും നിലനില്‍ക്കുന്നില്ലല്ലോ, അത് സന്തോഷിപ്പിക്കുന്നതായാലും ദു:ഖിപ്പിക്കുന്നതായാലും. അദ്ദേഹത്തെ കാണുക എന്ന ആഗ്രഹം ഇനി നടക്കില്ലല്ലോ എന്ന അറിവ് വല്ലാതെ അലോസരപ്പെടുത്തുന്നുണ്ട്. ഇപ്പോള്‍ ആ യാഥാര്‍ത്ഥ്യം ഉണ്ടാക്കുന്ന സങ്കടം വെറുമൊരു വിദ്യാര്‍ത്ഥിയുടേതല്ല, നഷ്‌ടപ്പെട്ട് പോയ ഒരു കാലത്തെക്കുറിച്ച് ഉള്ളതാണ്. തിരിച്ചുപിടിക്കാന്‍ കഴിയാത്ത ഒരു കാലത്തെക്കുറിച്ചുള്ള നിസ്സഹായനായ സാധാരണ മനുഷ്യന്റെ സങ്കടം...