ഹാഷ്‌മി പൂഞ്ച് മഴമേഘങ്ങള്‍ക്കൊപ്പം മരണത്തിലേക്ക് പോയി
പിംഗള കേശിനിയായ മരണത്തിന്റെ കടന്നുവരവിനെ കുറിച്ച് പറയുമ്പോള്‍ ആരോഗ്യ നികേതനത്തിന്റെ എഴുത്തുകാരന്‍ താരാശങ്കര്‍ ബാനര്‍ജി ബന്ദ്യോപാധ്യായ കരുതിയിരിക്കുമോ പിടികിട്ടാത്ത ചോദ്യമായി തനിക്ക് പിമ്പേ വരുന്നവരും ഈ ആശങ്കയില്‍ പെട്ട് ഉഴലേണ്ടി വരുമെന്ന്?മംഗലാപുരത്ത് എയര്‍ ഇന്ത്യ എക്‌സ്‌പ്രസ് വിമാനം കത്തിയമരുമ്പോള്‍ സ്വീകരിക്കാനെത്തിയ യാത്രക്കാരുടെ ബന്ധുക്കളെ നോക്കി നില്‍ക്കേ പൊലിഞ്ഞുപോയവരുടെ ഓര്‍മകള്‍ ഇപ്പോഴും വേട്ടയാടുന്നുണ്ടാകണം. അതൊരു വിമാനത്തിന്റെ രൂപത്തിലാകും, അല്ലെങ്കില്‍ തീയുടെ രൂപത്തിലാകും, അതുമല്ലെങ്കില്‍ ബജ്‌പെ വിമാനത്താവളത്തിനരികില്‍ മരണത്തിന്റെ ഗുഹാമുഖം തുറന്ന് കാത്തിരുന്ന കാടിന്റെ രൂപത്തിലാകും....
എന്നാല്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ വേദനിപ്പിക്കുന്നത് ട്വിറ്ററില്‍ മെസേജുകള്‍ അപ്പപ്പോള്‍ നല്‍കി നോക്കിനില്‍ക്കെ ആ വിമാനത്തില്‍ പൊലിഞ്ഞുപോയ ഹാഷ്‌മി പൂഞ്ച എന്ന പതിനേഴുകാരിയുടെ പ്രസന്നവും അരൂപവുമായ ആ മുഖമാണ്. ആ കുട്ടി കാട്ടില്‍ പൊലിഞ്ഞുപോയ തന്റെ ജീവന്‍ ബാക്കിയാക്കിയ, കല്യാണത്തിന്റെ ഓര്‍മകളില്‍ അദൃശ്യസാന്നിധ്യമായി എത്തുമോ? ട്വിറ്ററിലെ പ്രസന്നമായ സൗഹൃദഭാവവുമായി വളരെ കുറച്ച് മാത്രമുള്ള സുഹൃത്തുക്കളെ അഭിസംബോധന ചെയ്യുന്ന ഒരു കമ്യൂണിക്കേഷന്‍ വിദ്യാര്‍ത്ഥിയായിരുന്നു ഹാഷ്‌മി പൂഞ്ച.
കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന് പുറത്തുള്ള മില്‍മയില്‍ ചായ കുടിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഫോട്ടോഗ്രാഫര്‍ ഷെമീര്‍ അബ്‌ദുള്ള ആകുലതകള്‍ പങ്കുവച്ചത്. പത്രത്തിന് വേണ്ടി ഫോട്ടോയെടുക്കന്‍ പോയ ഷെമീറിന് ചായ കുടിക്കാന്‍ കഴിഞ്ഞില്ല. അവന്‍ കത്തിക്കരിഞ്ഞ മരണത്തിന്റെ മണം ചായയില്‍ കണ്ടു.
ഷെമീറിനോട് പറഞ്ഞു അക്കൂട്ടത്തില്‍ ഒരു ട്വിറ്റര്‍ സുഹൃത്തുണ്ടായിരുന്നു. കവിത പോലെ ആ വിമാനത്തില്‍ പൊലിഞ്ഞുപോയ ഹാഷ്‌മി പൂഞ്ച്.അപ്പോഴാണ് അവിടെക്ക് കയറി വന്ന മറ്റൊരാള്‍ പറഞ്ഞത് ഞാനിന്നലെ വൈകീട്ടാണ് നാട്ടിലെത്തിയത്. ഇന്നലെ എനിക്ക് ഫ്‌ളൈറ്റിന് ടിക്കറ്റ് കിട്ടില്ലെന്നുറപ്പിച്ചതാണ്. ഇന്ന് ഈ തകര്‍ന്നടിഞ്ഞ വിമാനത്തില്‍ വരാനായിരുന്നു തീരുമാനിച്ചത്.
തികച്ചും യാജൃച്ഛികമായാണ് എനിക്ക് രണ്ടാമത് ടിക്കറ്റ് ആദ്യവിമാനത്തില്‍ തന്നെ ശരിയായത്. അല്ലെങ്കില്‍ ഇപ്പോള്‍....അയാളും ചായ മുഴുവന്‍ കുടിച്ചില്ല. അര്‍ദ്ധരാത്രി ഉണര്‍ത്തി വിട്ട ആകുലതയിലായിരുന്നു അയാള്‍ പെട്ടെന്ന് ചായക്കാശും കൊടുത്ത് അയാള്‍ കാറെടുത്ത് പോയി. വേഗം വീട്ടിലേക്ക്....ഞങ്ങള്‍ അപ്പോഴും ദുരന്തത്തെകുറിച്ച് തന്നെ സംസാരിക്കുകയായിരുന്നു. യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചിട്ടുണ്ടാകുക. വിമാനത്തില്‍ കയറിയിട്ടില്ലാത്തതിനാല്‍ അതിനകത്തെ ആശങ്കകള്‍ ഊഹിക്കുക മാത്രമേ നിവൃത്തിയുണ്ടായുള്ളൂ. ജീവന്‍ നഷ്‌ടപ്പെട്ട 159 പേരുടെയും ബന്ധുക്കള്‍ അവര്‍ ആകാശത്തുനിന്ന് പറന്നിറങ്ങുന്നത് കണ്ടുകൊണ്ടിരിക്കുകയായിരുന്നില്ലേ.. പ്രിയപ്പെട്ട വര്‍ കാണെ കാണെ ഇല്ലാതാകുകയായിരുന്നു അവര്‍...
ഷെമീര്‍, ഞാന്‍ ആലോചിക്കുകയായിരുന്നു ഹാഷ്‌മി പൂഞ്ചിനെ കുറിച്ച്. ആ കുട്ടി കഴിഞ്ഞ ദിവസം കൂടി ട്വീറ്റ് ചെയ്‌തതിനെ കുറിച്ച്..വിമാനത്താവളത്തില്‍ ഇരിക്കുമ്പോള്‍ മഴമേഘം മൂടിയ ആകാശം മാത്രം കാണാന്‍ കഴിയുന്നുള്ളൂ എന്ന ആവളുടെ സന്ദേശം ഇപ്പോഴും കണ്ണ് നിറയ്‌ക്കുകയാണ്. മരണത്തില്‍ അലിഞ്ഞുപോയ ആ കുട്ടിയെ കുറിച്ച് എഴുതിയ സ്റ്റോറിയെ കുറിച്ച്... അത് വെറും വാര്‍ത്തയായിരുന്നെങ്കിലും ഓര്‍മയില്‍ വല്ലാത്തൊരു വേദന ബാക്കികിടപ്പുണ്ടായിരുന്നു.
ദിവസങ്ങളായി ട്വിറ്ററില്‍ കാണുന്ന ചെറിയ സന്ദേശങ്ങളില്‍ മംഗലാപുരത്തെ ബന്ധുവിന്റെ കല്യാണത്തിന് പോകേണ്ടതിന്റെ വേവലാതികളാണ് ഹാഷ്‌മി പങ്കുവച്ചിരുന്നത്. അവളുടെ സുഹൃത്തുക്കളുടെ രസകരമായ പ്രതികരണങ്ങളും നന്നായി അവള്‍ ആസ്വദിച്ചിരുന്നു. ഏറ്റവും ഒടുവില്‍ കല്യാണത്തിന് പോകാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ആ യാത്ര അവസാനത്തെ യാത്രയുമായിരുന്നു. ഒരു ട്വിറ്റര്‍ സുഹൃത്താണ് ഹാഷ്‌മി അപകടത്തില്‍ പെട്ടത് ആദ്യം തിരിച്ചറിഞ്ഞത്.
ഏറ്റവും ഒടുവില്‍ വൈറ്റ് ക്രയോണ്‍ എന്ന ഹാഷ്‌മിയുടെ സുഹൃത്ത് ഞെട്ടലോടെ പറഞ്ഞു. `അതെ അത് അവള്‍ തന്നെ. അവള്‍ക്ക് ആ ദുരന്തത്തെ തരണം ചെയ്യാനായില്ല.' പിന്നീട് ഹാഷ്‌മിയുടെ അമ്മജോലി ചെയ്യുന്ന ഗള്‍ഫ് ന്യൂസ് എന്ന മാധ്യമ സ്ഥാപനവും മരണവാര്‍ത്ത സ്ഥിരീകരിച്ചു. ബന്ധുവിന്റെ കല്യാണത്തില്‍ പങ്കെടുക്കാന്‍ പോയ തങ്ങളുടെ ജീവനക്കാരി മണിരേഖാ പൂഞ്ചയും 17 വയസ്സ് പ്രായമായ മകളും ഭര്‍ത്താവും വിമാനാപകടത്തില്‍ മരിച്ചതായി ഗള്‍ഫ് ന്യൂസിന്റെ വെബ് സൈറ്റ് സ്ഥിരീകരിച്ചതോടെ ഉറപ്പായി. പിന്നീട് വിമാനാപകടത്തില്‍ മരിച്ചവരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോള്‍ അതില്‍ ആദ്യത്തെ പേരായി ഹാഷ്‌മി പൂഞ്ചയുടെ പേരുണ്ടായിരുന്നു.
ഗള്‍ഫ് ന്യൂസില്‍ ഫിനാന്‍സ് വിഭാഗത്തില്‍ ജോലി ചെയ്‌തിരുന്ന മണിരേഖയും കുടുംബവും കല്യാണത്തില്‍ പങ്കെടുക്കാന്‍ വേണ്ടി ചുരുങ്ങിയ ദിവസത്തേക്ക് അവധിയെടുത്താണ് നാട്ടിലേക്ക് പുറപ്പെട്ടതെന്നും ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്‌തു. എന്നാല്‍ ഹാഷ്‌മി പൂഞ്ച് യാത്രയായത് വിവാഹച്ചടങ്ങിലേക്കല്ല. അതിദാരുണമായ ഒരു അപകടത്തിന്റെ കൈപിടിച്ച് മരണത്തിന്റെ ഗുഹാമുഖത്തേക്കാണ്. നെയ്‌റ്റിസെന്റു എന്ന പേരില്‍ ട്വീറ്ററില്‍ അക്കൗണ്ടുള്ള ഹാഷ്‌മിയുടെ കൂട്ടുകാരുടെ തേങ്ങള്‍ അവരുടെ ട്വറ്റര്‍ അക്കൈണ്ടുകളില്‍ നിന്ന് കേള്‍ക്കാം.
ഇപ്പോഴും ഹാഷ്‌മിയുടെ ഏറ്റവും ഒടുവിലത്തെ ട്വീറ്റ് സുഹൃത്തുക്കളെ നോക്കി പ്രസന്നതയോടെ ചിരിക്കുകയാണ്. `ഞാന്‍ എയര്‍പോര്‍ട്ടിലാണ്. മുന്നില്‍ ഒന്ന് മാത്രമാണ് കാണുന്നത്. അത് മഴയാണ്.' അതെ ഒടുവില്‍ മരണം മഴയുടെ രൂപത്തില്‍ അച്ഛനമ്മമാരോടൊപ്പം ഹാഷ്‌മിയെയും സഹയാത്രികരെയും കൊണ്ടുപോയി. മില്‍മയില്‍ ചായ കുടിക്കുമ്പോള്‍ കണ്ട ചേട്ടനെ പോലെ മരണത്തിന്റെ തുറമുഖത്ത് നിന്ന് ടിക്കറ്റ് കിട്ടാതെ രക്ഷപ്പെട്ടവര്‍ ആശ്വസിക്കുന്നത് കാണാം. അതേസമയം മരണത്തിലേക്ക് കവിത പോലെ എഴുതിയൊഴുകിയ ഹാഷ്‌മി പൂഞ്ചിന്റെ ചിരിയും കേള്‍ക്കുന്നു. ആരുടെ കൂടെയാണ് നാം ചേരുക... ?