Friday, May 14, 2010

സ്‌നേഹം നിറച്ച ഇന്‍സ്‌ട്രുമെന്റ്‌ ബോക്‌സ്‌

ഒരാള്‍ കള്ളനാകുന്നതെപ്പോഴാണ്‌.

സാഹചര്യമാണ്‌ കള്ളനാക്കിയത്‌, ജീവിക്കാന്‍ വേണ്ടി കള്ളനായി... എന്നൊക്കെയുള്ള നിരവധി വ്യാഖ്യാനങ്ങള്‍ കേട്ടിട്ടുണ്ട്‌. പക്ഷേ, ഒരു പാവം സ്‌കൂള്‍ വിദ്യാര്‍ത്ഥി രണ്ടുദിവസത്തേക്ക്‌ കള്ളനായ കഥ ഓര്‍ത്തപ്പോള്‍ പതിവിന്‌ വിപരീതമായി കഴിഞ്ഞ ദിവസം മുമ്പില്ലാത്ത സങ്കടം വന്നു. എപ്പോഴും രസത്തോടെ മാത്രം ഓര്‍ക്കാറുള്ള കഥ എന്തിനാണ്‌ വികാരാധീനനാക്കിയത്‌ എന്നറിയില്ല.

അധ്യാപകരാണ്‌ ജീവിതത്തില്‍ വഴിവിളക്കുകളാകുകയെന്നത്‌ പലപ്പോഴും ഒരു സാധാരണ വാചകമായി പലരും പറയാറുണ്ട്‌. അന്നൊരിക്കല്‍ ഒരു ഇന്‍സ്‌ട്രുമെന്റ്‌ ബോക്‌സ്‌ മോഷണക്കുറ്റത്തിന്‌ ഹെഡ്‌മാസ്റ്ററുടെ കൈയില്‍ നിന്ന്‌ അടിവാങ്ങിയ, സ്‌കൂള്‍ മുഴുവന്‍ കളിയാക്കല്‍ ഏറ്റുവാങ്ങിയ വിദ്യാര്‍ത്ഥിയുടെ കഥയാണ്‌ അത്‌.

അത്‌ ഞാനായിരുന്നു. പതിവ്‌ പോലെ അന്നും ഞങ്ങള്‍ ക്ലായിക്കോട്ട്‌ നിന്ന്‌ മുഴക്കോത്ത്‌ സ്‌കൂളിലേക്ക്‌ യാത്ര തുടര്‍ന്നു. രാവിലെ 8.21ന്‌ റേഡിയോവില്‍ ഇംഗ്ലീഷ്‌ വാര്‍ത്ത കഴിയുമ്പോള്‍ ഞങ്ങള്‍ വീടുകളില്‍ നിന്നിറങ്ങും. ഞാന്‍ സുരേശന്‍, രജനി എന്നിവരാണ്‌ മുഴക്കോത്ത്‌ സ്‌കൂളിലേക്ക്‌ യാത്രയാകുക. ഞങ്ങള്‍ തമ്മില്‍ ഉടക്കാത്ത ദിവസങ്ങളുണ്ടാകാറില്ല. പലപ്പോഴും ദിവസങ്ങളോളം മിണ്ടാതിരിക്കാറുപോലുമുണ്ട്‌. അപ്പോഴും പരസ്‌പരം സ്‌നേഹമായിരുന്നു.
അത്‌ ആറാംക്ലാസില്‍ വച്ചാണെന്നാണ്‌ ഓര്‍മ. പതിവ്‌ പോലെ തന്നെ പഠനത്തില്‍ ആരുടെയും ഇഷ്‌ടക്കേട്‌ നേടാത്ത വിദ്യാര്‍ത്ഥികളായിരുന്നു ഞാനും സുരേശനുമൊക്കെ. എപ്പോഴും ശരാശരിക്ക്‌ മുകളില്‍ പ്രകടനം നടത്തുമ്പോഴും ഒന്നാമന്മാരായാരുന്നില്ല. ഞങ്ങളെ ഇഷ്‌ടപ്പെട്ടിരുന്ന അധ്യാപകര്‍ അധികം ഉണ്ടായിരുന്നില്ല. കൂലിപ്പണിക്കാരുടെ മക്കളായതുകൊണ്ടോ അധ്യാപകരുടെ വീട്ടില്‍ തന്നെ പണിക്ക്‌ പോകുന്ന രക്ഷിതാക്കളോടുള്ള മനോഭാവം കൊണ്ടോ എന്നൊക്കെ ബാലസഹജമായ കോംപ്ലക്‌സുകള്‍ ഉള്ളില്‍ തിരുകി ഞങ്ങള്‍ പരസ്‌പരം പറഞ്ഞ്‌ സമാധാനിപ്പിച്ചിരുന്നു. അര്‍ഹിക്കുന്നതാണ്‌ നേടിക്കൊണ്ടിരിക്കുന്നത്‌ എന്നായിരുന്നു സ്വയം വിശ്വസിപ്പിച്ചിരുന്നത്‌.

സുരേശന്‍ പഠിക്കാന്‍ എന്നെക്കാള്‍ മിടുക്കനായിരുന്നു. പക്ഷേ എന്നിട്ടും അവനെപോലും ഏതെങ്കിലും മാഷ്‌ പേരെടുത്ത്‌ വിളിക്കുന്നത്‌ പോലും കേട്ടിരുന്നില്ല. അപ്പോ പിന്നെ എന്റെ കാര്യം പറയാനില്ലല്ലോ എന്നു ഞാന്‍ സമാധാനിക്കും. എസ്‌.എസ്‌.എല്‍സിക്ക്‌ ഫസ്റ്റ്‌ ക്ലാസ്‌ വാങ്ങിയപ്പോള്‍ മറ്റ്‌ ചിലരെ താരതമ്യപ്പെടുത്തി മില്ല്‌ നടത്തുന്ന ഭാസ്‌കരേട്ടന്‍ എന്നെയും സുരേശനെയും പറ്റി പറഞ്ഞ ആ അഭിപ്രായമാണ്‌ എന്നത്തെയും വലിയ അഭിനന്ദനമായി മനസ്സില്‍ സൂക്ഷിക്കുന്നുണ്ട്‌ ഇപ്പോഴും.

`നിങ്ങള്‌ വെറുതെ പട്ട്‌ണി പാക്കും (പരിഷത്തുകാര്‍ എടുക്കുന്ന ബാഗാണ്‌ അന്നുണ്ടായിരന്നത്‌. അതിനെ പട്ട്‌ണി പാക്ക്‌ എന്നാണ്‌ നാട്ടില്‍ വിളിച്ചിരുന്നത്‌.) ചുമലിലിട്ട്‌ പോകുന്നത്‌ കണ്ട്‌ ഇത്രക്കങ്ങ്‌ വിചാരിച്ചില്ല ട്ടാ. ഉഷാറാക്കി മക്കളേ. അങ്ങന്നെ വേണം... '

ചെലപ്പോ പിന്നീട്‌ തോന്നിയിട്ടുണ്ട്‌ ആ അഭിനന്ദനത്തിന്‌ വേണ്ടിയാകും ഇത്രയും കാലം കാത്തിരുത്തിയതെന്ന്‌. പറഞ്ഞ്‌ വന്നത്‌ ഒരു മോഷണക്കഥയാണ്‌.

ഉച്ചയ്‌ക്ക്‌സ്‌കൂളിലെ കഞ്ഞിയും പയറും കഴിച്ച്‌ ബാക്കിയുള്ള സമയത്ത്‌ വെറുതെ മറ്റ്‌ ക്ലാസുകളുടെ മുറ്റത്തുകൂടി നടക്കുക എന്ന ചടങ്ങുണ്ടായിരുന്നു. അന്ന്‌ അഞ്ചാംക്ലാസിനുള്ളില്‍ ഞങ്ങള്‍ കയറി. കുറേ പേരുണ്ടായിരുന്നു. ചരിത്രത്തിലാദ്യമായി എസ്‌.എഫ്‌.ഐയുടെ മെമ്പര്‍ഷിപ്പ്‌ മുറിക്കാന്‍.. മുഴക്കോത്ത്‌ യു.പി.സ്‌കൂളാണെങ്കിലും എസ്‌.എഫ്‌.ഐ ഉണ്ടായിരുന്നു.

എസ്‌.എഫ്‌.ഐക്കാര്‍ മെമ്പര്‍ഷിപ്പ്‌ മുറിച്ചു. ഞാനും മറ്റ്‌ ചിലരും പതിവ്‌ പോലെ അവിടെ വെറുതെ ഇരുന്ന്‌ തിരിച്ചുവന്നു.
പിന്നീട്‌ ഉച്ചയ്‌ക്ക്‌ ശേഷമുള്ള ക്ലാസ്‌ തുടങ്ങി. ഉച്ചഭക്ഷണത്തിന്റെ ആലസ്യത്തില്‍ ഉറക്കത്തിലും ക്ഷീണത്തിലും ക്ലാസ്‌ വിരസമായി മുന്നോട്ട്‌ പോകുമ്പോഴാണ്‌ പ്യൂണ്‍ വന്ന്‌ മാഷിനെ വിളിപ്പിച്ചത്‌. കുറച്ച്‌ ആശ്വാസമാണെന്ന്‌ കരുതിയിരിക്കവേ മാഷ്‌ തിരിച്ചുവന്നു. പിന്നീട്‌ പറഞ്ഞു. അപ്പുറത്തെ ക്ലാസിലെ ഒരുകുട്ടിയുടെ ഇന്‍സ്‌ടുമെന്റ്‌ ബോക്‌സ്‌ കാണുന്നില്ല. അത്‌ കേട്ടപ്പോള്‍ ഒന്നും തോന്നിയില്ല. കുറച്ച്‌ കഴിഞ്ഞ്‌ പ്യൂണ്‍ വീണ്ടും വന്നു. മാഷിനോട്‌ എന്തോ സംസാരിച്ചു. മാഷിന്റെ മുഖം മാറുന്നത്‌ ഞാന്‍ കണ്ടു. കുറച്ച്‌ നേരം ക്ലാസില്‍ വെറുതെ നിന്ന്‌ ചെറിയ വിഷമത്തോടെ മാഷ്‌ പറഞ്ഞു. മധുവിനെ റൂമിലേക്ക്‌ വിളിക്കുന്നു.

ലോകത്തിലെ ഏറ്റവും അരക്ഷിതമായ ഭൂപ്രദേശം ഏതെന്ന്‌ ചോദിച്ചാല്‍ അന്ന്‌ ഉത്തരം പറയുക സ്റ്റാഫ്‌ റൂം എന്നാണ്‌ എന്തോ അവിടെ നില്‍ക്കുമ്പോള്‍ വല്ലാത്തൊരുഭയമായിരുന്നു. അകാരണമായി അങ്ങോട്ട്‌ പോകേണ്ടി വന്ന എന്റെ ഭീതി വര്‍ണിച്ചാല്‍ തീരുന്നതായിരുന്നില്ല. സ്റ്റാഫ്‌ റൂമില്‍ ചില അധ്യാപകര്‍ എന്റെ അടുത്തെത്തി.

"മധു ആ കുട്ടിയുടെ ഇന്‍സ്‌ടുമെന്റ്‌സ്‌ ബോക്‌സ്‌ എടുത്തോ.?"

"ഇല്ല മാഷെ.. ഭയം നെഞ്ചിടിപ്പും കടന്ന്‌ ഉള്ളില്‍ നിര്‍ജലീകരണം ഉണ്ടാക്കുന്ന അവസ്ഥയിലെത്തിച്ചു."

"പിന്നെ....?"

"എനിക്കറിയില്ല മാഷെ."

"സത്യം പറഞ്ഞോ. ഇപ്പോ പറഞ്ഞാ രക്ഷപ്പെടാം."

"ഇല്ല മാഷേ.. പിന്നെ പിന്നെ എനിക്ക്‌ ഉത്തരം മുഴുമിപ്പിക്കാന്‍ കഴിയാത്ത വിധമായിപ്പോയി."

മാഷ്‌ പിന്നെ പറഞ്ഞു. "ഒരു കാര്യം ചെയ്യൂ. വരൂ.."

മാഷ്‌ എന്നെയും കൂട്ടി ഹെഡ്‌മാസ്റ്ററായ ഉണിത്തിരമാഷിന്റെ മുറിയിലേക്ക്‌ പോയി. മരണത്തിനപ്പുറം വലിയ ഭീതി ഇല്ലെന്നാണ്‌ അന്ന്‌ വരെ കരുതിയിരുന്നത്‌. എന്നാല്‍ അതിനപ്പുറം പേടിപ്പിക്കുന്ന ലോകം ഉണ്ടെന്ന്‌ എനിക്ക്‌ മനസ്സിലായി. ഉണിത്തിരിമാഷിനെ എല്ലാവര്‍ക്കും പേടിയായിരുന്നു. വല്ലാതെ ശാരീരികമായി ഉപദ്രവിക്കുന്ന ഉണിത്തിരമാഷ്‌ ഹെഡ്‌മാസ്റ്ററായി മുഴക്കോത്ത്‌ സ്‌കൂളിലേക്ക്‌ വന്നപ്പോള്‍ തന്നെ ഞങ്ങള്‍ക്ക്‌ ഭയമായിരുന്നു. ഉണിത്തിരി മാഷ്‌ നുള്ളി വേദനിപ്പിക്കുമായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ നുള്ളല്‍ വേദന ഉണിത്തിരമാഷിന്റെതായിരുന്നു.
മാഷ്‌ എന്നെയൊന്ന്‌ നോക്കി.

"എന്താ മധുവേ..?"

ഇല്ല പേടിക്കാനില്ല. മാഷിനോട്‌ പറഞ്ഞാ വിശ്വസിക്കുമായിരിക്കും എന്ന്‌ എന്തിനോ പ്രത്യാശിച്ചു.

"നീ ആകുട്ടിയുടെ ബോക്‌സെടുത്തോ.?"

"ഇല്ല മാഷേ.."

"സത്യം പറയേടാ നീ എടുത്തില്ലേ.."

"ഇല്ല മാഷേഞാനെടുത്തില്ല.."

"നീ ഉച്ചക്ക്‌ അഞ്ചാം ക്ലാസില്‍ പോയില്ലേ.."

ശരിയായിരുന്നു. ഞങ്ങള്‍ അവിടെ പോയിരുന്നു. കൂടെയുള്ള ചിലര്‍ മെമ്പര്‍ഷിപ്പ്‌ മുറിക്കുന്ന സമയത്ത്‌ ഞാനും സുരേശനും ഡസ്‌കിലുണ്ടായിരുന്ന ആധുനിക തരത്തിലുള്ള ഒരുബാഗ്‌ എടുത്തുനോക്കിയതോര്‍മയുണ്ട്‌. ഞങ്ങളുടെ പട്ട്‌ണിപാക്കിനെ കുറിച്ച്‌ ഓര്‍ത്തതും സുരേശനോട്‌ എന്ത്‌ നല്ല ബാഗാണെന്ന്‌ പറഞ്ഞതും ഒക്കെ ഓര്‍മയുണ്ട്‌. പക്ഷേ..

"അഞ്ചാംക്ലാസില്‍ പോയിരുന്നു മാഷേ.."

ഉണിത്തിരിമാഷ്‌ അടുത്തേക്ക്‌ വരാന്‍ പറഞ്ഞു.

"എന്തിനാ പോയത്‌.?"

"എല്ലാരുടെയും കൂടെ"

"എന്നിട്ട്‌?"

"എന്നിട്ട്‌ തിരിച്ചുവന്നു."

മുറിയിലുണ്ടായിരുന്ന മാഷിനോട്‌ ഉണിത്തിരി മാഷ്‌ പറഞ്ഞു.

"അഞ്ചാംക്ലാസിലെ ആ കുട്ടികളെ കൂട്ടിക്കൊണ്ട്‌ വാ"

മാഷ്‌ പോയി മൂന്ന്‌ നാല്‌ കുട്ടികളെ കൂട്ടിക്കൊണ്ട്‌ വന്നു. എന്നിട്ട്‌ ഉണിത്തിരിമാഷ്‌ ചോദിച്ചു.
"ഇവന്‍ ബാഗ്‌ തുറക്കുന്നത്‌ നിങ്ങള്‍ കണ്ടോ?"

"കണ്ടുമാഷേ!!!!"

അവരുടെ മറുപടി എന്നെ ശരിക്കും തളര്‍ത്തി. കാലുകള്‍ ഉറക്കാത്തപോലെ. കൈകള്‍ വിറയ്‌ക്കന്ന പോലെ..
എന്നിട്ട്‌ മാഷെന്നെ നോക്കി.

"മാഷേ ഞാന്‍ ബാഗ്‌ നോക്കിയതേ ഉള്ളൂ. അതില്‍ നിന്ന്‌ ഒന്നും എടുത്തിരുന്നില്ല."

"പിന്നെന്തിനാടാ ബാഗ്‌ തുറക്കുന്നത്‌.?"

ഉടനെ കൈകൊണ്ട്‌ ചെവി പിടിച്ച്‌ തിരക്കുകയായിരുന്നു. ലോകത്തില്‍ ഒരുകുട്ടിയും അനുഭവിച്ചുണ്ടാവില്ല. അത്രയും വേദന. മാനസികമായും ശാരീരികമായും.

ഞാന്‍ കരയുകയായിരുന്നു. ഒച്ചയില്ലാതെ 'ഇല്ല മാഷേ ഞാനെടുത്തിട്ടില്ല. മാഷേ..'

പിന്നെ അവര്‍ എന്റെ ബാഗ്‌ പരിശോധിച്ചു. അതില്‍ കുറേ പൊട്ടിയ പ്രൊട്ടാക്‌ടറുകള്‍, പെന്‍സില്‍, നീളമില്ലാത്ത സ്‌കെയിലുകള്‍...

മാഷ്‌ കുറേ അടിച്ചതോര്‍മയുണ്ട്‌. പിന്നെ വല്ലാത്തൊരു അബോധാവസ്ഥ എന്നെ പൊതിഞ്ഞു. കുറെ കരഞ്ഞു. എല്ലാ കുട്ടികളെയും മാഷ്‌ പറഞ്ഞയച്ചു. എന്നെ പുറത്തുനിര്‍ത്തി. സത്യം പറയാതെ നിന്നെ വിടില്ല എന്ന്‌ പറഞ്ഞ്‌ ഉണിത്തിരിമാഷും പോയി. ആരോട്‌ പറയാന്‍... അവര്‍ ആവശ്യപ്പെട്ടത്‌ സത്യം പറയാനല്ല. ഞാന്‍ ബോക്‌സെടുത്തു. എന്ന്‌ പറയാനാണ്‌. പക്ഷേ..

വൈകുന്നേരം ജനഗണമന ചൊല്ലി, ക്ലാസ്‌വിട്ടു. എല്ലാവരും എന്നെ പ്രദര്‍ശന വസ്‌തുപോലെ നോക്കിനിന്നു. ഞാന്‍ വെറുതെവറ്റിയില്ലാതായ കണ്ണീരുമായി കരഞ്ഞുകൊണ്ടിരുന്നു. ഒടുവില്‍ കുറേ കഴിഞ്ഞ്‌ എന്നെയും വിട്ടു. സുരേശനും രജനിയുഎ ന്നെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. നാളെ സത്യം സമ്മതിച്ചിട്ട്‌ ക്ലാസില്‍ കയറിയാല്‍ മതിയെന്ന്‌ ഉത്തരവിട്ട്‌ അധ്യാപകരും പിരിഞ്ഞ്‌ പോയി.

രാത്രി ആരും കാണാതെ കരഞ്ഞു. വീട്ടില്‍ അധികം സംസാരിക്കാതെ വേഗം ഉറങ്ങി. നാളത്തെ ദിനം അന്ത്യദിനമാകുമെന്നുറപ്പുണ്ടായിരുന്നു. ബോക്‌സ്‌ ഞാന്‍ കട്ടതാണ്‌ എന്ന്‌ സമ്മതിക്കുന്നതനെ കുറിച്ചാണ്‌ ആലോചിച്ചത്‌. പക്ഷേ എന്ത്‌ പകരം കൊടുക്കും. എന്റെ ബോക്‌സ്‌ മതിയാകുമോ? ഉത്തരം കിട്ടാത്ത അലച്ചിലിനിടക്കെപ്പോഴോ ഉറങ്ങി. രാവ്‌ മറയും മുമ്പേ ഉറക്കമുണര്‍ന്നു. പിന്നെ എങ്ങനെയോ നേരം പുലര്‍ത്തി. രാവിലെ സ്‌കൂളിലെത്തി. ക്ലാസില്‍ കയറാതെ പുറത്തുനിന്നു. ഉണിത്തിരിമാഷ്‌ വരുന്നതുവരെ കാഴ്‌ചവസ്‌തുവായി. പിന്നെ മാഷ്‌ മുറിയിലേക്ക്‌ വിളിപ്പിച്ചു. പതിവ്‌ പോലെ അടികുറേ അടിച്ചു. ഞാന്‍ കരഞ്ഞു. എടുത്തിട്ടില്ലമാഷേ ഞാന്‌ എന്ന ഇന്നലത്തെ പല്ലവി ആവര്‍ത്തിച്ചില്ല. അടിമൗനമായി കൊള്ളുക മാത്രം ചെയ്‌തു.

കുറേ കഴിഞ്ഞപ്പോള്‍ ഒരു ടീച്ചര്‍ കടന്നുവന്നു. അവര്‍ ഞാന്‍ പഠിച്ച വെള്ളാട്ട്‌ എല്‍.പി.സ്‌കൂളില്‍ അവര്‍ പുതിയതായി വന്നിരുന്നതാണ്‌. എന്നെ പഠിപ്പിച്ചില്ല. പക്ഷേ എന്നോട്‌ വല്ലാത്ത സ്‌നേഹമായിരുന്നു. ഉണിത്തിരിമാഷ്‌ ടീച്ചറിനോട്‌ കയറിയിരിക്കാന്‍ പറഞ്ഞു.

എന്നെ കണ്ട ഉടനെ ടീച്ചര്‍ ചോദിച്ചു.

"മധുവെന്താ ഇവിടെ?"

"അവനാണ്‌ പ്രതി..."

ടീച്ചറിന്റെ മകന്റെയാണ്‌ ബോക്‌സ്‌ കാണാതായത്‌. ടീച്ചറിന്റെ മകള്‍ ഏഴാംക്ലാസില്‍ എന്റെ സീനിയറായി അതേ സ്‌കൂളിലുണ്ടത്രെ. അവള്‍ ടീച്ചറോട്‌ പറഞ്ഞുകാണും.

"മോള്‌ പറഞ്ഞിട്ടാണ്‌ ഞാന്‍ അറിഞ്ഞത്‌. എവിടെ അവന്‍ എവനെ വിളിക്ക്‌..."

ഉണിത്തിരിമാഷ്‌ മോനെ വിളിപ്പിച്ചു.

അവന്‍ എന്തിനോ കുറ്റവാളിയെ പോലെ നില്‍ക്കുന്നു.

ഉണിത്തിരിമാഷ്‌ പറഞ്ഞു. "ഇവനെ കൊണ്ട്‌ സത്യം പറയിക്കാതെ ഇനി ക്ലാസില്‍ ഞാന്‍ കയറ്റില്ല. ഇവനെ പണ്ടേ എനിക്കിഷ്‌ടമല്ല."

ടീച്ചര്‍ എന്നെ നോക്കിക്കൊണ്ട്‌ പറഞ്ഞു. "അല്ല മാഷേ മധു നല്ല കുട്ടിയാണ്‌ എനിക്കറിയാം. ഇവന്‍ ഒരിക്കലും അങ്ങനൊന്നും ചെയ്യില്ല. മാത്രമല്ല, എന്റെ മോന്റെ ഇന്‍സ്‌ട്രുമെന്റ്‌ ബോക്‌സ്‌ കാണാതായിട്ടില്ല. അത്‌ എന്റെ വീട്ടിലണ്ടായിരന്നു. ഇവന്‍ ഇന്നലെ എടുക്കാന്‍ മറന്നതാണ്‌."

എന്നിട്ട്‌ ടീച്ചര്‍ മകനെക്കൊണ്ട്‌ ബാഗ്‌ തുറന്ന്‌ ബോക്‌സ്‌ എടുപ്പിച്ചു. പിന്നെയാണ്‌ ഞാന്‍ ശരിക്കും ഞെട്ടിയത്‌. ടീച്ചര്‍ വലതുകൈകൊണ്ട്‌ മകന്റെ മുഖത്ത്‌ ഒരറ്റ അടി.

ഞാന്‍ ശരിക്കും ഞെട്ടിപ്പോയി. അയ്യോ ടീച്ചറെ അവനെ തല്ലണ്ടെന്ന്‌ ഹെഡ്‌ മാസ്റ്റര്‍.

ഉണിത്തിരിമാഷ്‌ മുഖത്തെ ജാള്യത മറക്കാന്‍ ഉടനെ എന്നോട്‌ ക്ലാസില്‍ പോകാന്‍ പറഞ്ഞു. പോകുന്നതിന്‌ മുമ്പേ ടീച്ചര്‍ എന്റെ കൈയില്‍ ഒന്നുതൊട്ടത്‌ എനിക്കോര്‍മയുണ്ട്‌. നിര്‍വികാരനായി ക്ലാസിലെത്തിയ എന്നോട്‌ ആരും ഒന്നും ചോദിച്ചിരുന്നില്ല. ഉച്ചയൊക്കെ ആയപ്പോഴാണ്‌ എല്ലാവരും സത്യം അറിഞ്ഞത്‌.

ഉച്ചയ്‌ക്ക്‌ കഞ്ഞികുടിച്ച്‌ പാത്രം കഴുകി ക്ലാസിലേക്ക്‌ തിരിച്ചുനടക്കുമ്പോള്‍ ഉണിത്തിരിമാഷ്‌ പറയന്നത്‌ കേട്ടു. മധുവിന്‌ കുറേ തല്ലുകൊണ്ടത്‌ ബാക്കി. അതുവരെയില്ലാതിരുന്ന ഒരു കരച്ചില്‍ എന്റെയുള്ളില്‍. തേങ്ങിവന്നു. ആരുംകാണാതെ ക്ലാസിന്‌ പുറത്ത്‌ ചുമരിന്റെ മറവില്‍ കരഞ്ഞുതീര്‍ത്തതോര്‍മയുണ്ട്‌.

ആ ടീച്ചര്‍ ഇപ്പോള്‍ എവിടെയാണെന്ന്‌ എനിക്കറിയില്ല. അവരുടെ പേര്‌ പോലും എനിക്കിപ്പോള്‍ അറിയില്ല. അവരുടെ മകനും മകളും ഏത്‌ അവസ്ഥയിലാണെന്നും അറിയില്ല. എന്തായാലും അവര്‍ അന്ന്‌ എന്റെയും ഉണിത്തിരമാഷിന്റെയും മുമ്പില്‍ തുറന്നുകാണിച്ചത്‌ സ്‌നേഹം നിറച്ച ഒരു ഇന്‍സ്‌ട്രുമെന്റ്‌ ബോക്‌സായിരുന്നു. അതിനകത്ത്‌ പ്രൊട്ടാക്‌ടറും സ്‌കെയിലും ഒന്നും ഉണ്ടായിരുന്നില്ല. ഓര്‍മയില്‍ സ്‌നഹത്തിന്റെ നിറം നല്‍കിയാണ്‌ അവരുടെ മുഖം പ്രതിഷ്‌ഠിച്ചിട്ടുള്ളത്‌.
എല്ലാവരും എല്ലാം മറന്നു. മുഴക്കോത്ത്‌ സ്‌കൂള്‍ ഒരുപാട്‌മാറി. എല്ലാവരും മാറി. എന്നാലും ഇപ്പോഴും ചില നേരങ്ങളില്‍ ഉള്ളില്‍ ആ വേദന രസകരമായ നോവായി കയറിവരും.

31 comments:

ശ്രീ May 14, 2010 at 8:55 PM  

നൊമ്പരപ്പെടുത്തുന്ന ഒരു അനുഭവം തന്നെ മാഷേ...

ശരിയ്ക്കു മനസ്സില്‍ തൊട്ടു. അത്ര മാത്രം പറയട്ടേ.

കണ്ണനുണ്ണി May 15, 2010 at 12:12 PM  

ആ നിസ്സഹായത കണ്ടുവേദന തോന്നി... ശരിക്കും

Naushu May 15, 2010 at 3:08 PM  

ശരിക്കും നൊമ്പരപ്പെടുത്തി ട്ടോ...

Rare Rose May 15, 2010 at 3:33 PM  

ശരിക്കും ആ സങ്കടം വല്ലാതെ മനസ്സ് തൊട്ടു..ഒപ്പം ആ ടീച്ചറും..

മൈലാഞ്ചി May 15, 2010 at 8:14 PM  

കരഞ്ഞു...ശരിക്കും...........

അലി May 17, 2010 at 6:18 AM  

മനസ്സിലൊരു നൊമ്പരപ്പാടുണർത്തിയ ഓർമ്മക്കുറിപ്പ്!

sy@m May 17, 2010 at 6:26 PM  
This comment has been removed by the author.
sy@m May 17, 2010 at 6:27 PM  

അക്ഷരങ്ങള്‍ വായിക്കാനായില്ല മധുവേട്ടാ... കണ്ണുകളില്‍ എന്തോ നിറഞ്ഞ് ഒരു മൂടല്‍ പോലെ...

kiran gb May 17, 2010 at 6:50 PM  

abhivadyagalll........

radhika nair May 18, 2010 at 1:07 AM  

madhuuuu! nomparappetuthi serikkum.kannil neeru potinju

kuzhimattom May 18, 2010 at 12:38 PM  

touching madhu
ingane ethrayethra anubhavangal

ANITHA HARISH May 18, 2010 at 1:39 PM  

vedanikkunna anubhavangalude mukham moodiyaanu oro mandahaasavam ... alle?

ഒരു യാത്രികന്‍ May 18, 2010 at 3:58 PM  

എങ്ങിനെ മറക്കും അല്ലെ??.....സസ്നേഹം

vinus May 18, 2010 at 8:50 PM  

വളരെ വളരെ ടച്ചിംഗ് ആയി എഴുതി.ഒരു കാലത്ത് മനസ്സിനെ വല്ലാതെ സ്പർശിച്ച ഓർമ്മയായതു കൊണ്ടാവും അല്ലേ .ഏതായാലും നല്ല മനസ്സുള്ള ടീച്ചർ .

Unknown May 19, 2010 at 9:07 AM  

കൊള്ളാം പറഞ്ഞാലും പറഞ്ഞാലും മതിവരില്ല....

ശ്രീജിത്ത് May 19, 2010 at 11:46 AM  

വായിക്കുന്നവന് വെറുതെ വായിച്ചു പോകാന്‍ പറ്റുന്ന ഒന്നല്ല താങ്കളുടെ ഒരനുഭവവും
സര്‍ഗവസനയും അനുഭവവും സമം ചേര്‍ത് എഴുതുന്ന ഈ ശൈലി ഒരേ ഒരാളെ മാത്രമേ ഒര്മിപ്പിക്കൂ അത് മറ്റാരുമല്ല സാക്ഷാല്‍ സുല്‍ത്താനെ

Rejesh Paul May 19, 2010 at 3:32 PM  

താങ്കള്‍ എന്നെ ഒരു കുട്ടിയാകീ
മനസിന്‍റെ വിങ്ങല്‍
തൊണ്ടയില്‍ നൊമ്പരമാകുന്നു.

കുറ്റവാളികളെ സൃഷ്ടിക്കുന്ന സ്ഥലം മാത്രമാകുന്നു ഇന്ന് കലാലയങ്ങള്‍,
ധരിക്കുന്ന വസ്ത്രമാണ്, രക്ഷിതാകാളുടെ ഭാഷയാണ് ,പോക്കറ്റിന്റെ കനമാണ് വിദ്യാര്‍ഥികളെ അധ്യാപകര്‍ക്ക് പ്രിയപെട്ടവര്‍ ആക്കുന്നത്.

K V Madhu May 21, 2010 at 3:33 AM  

എല്ലാവരുടെ സ്‌നേഹത്തിനും നന്ദി. ശ്രീ, കണ്ണനുണ്ണി, നാഷു, റെയര്‍ റോസ്‌, കിരണ്‍, മൈലാഞ്ചി, അലി, കുഴിമറ്റം, യാത്രികന്‍, വിനൂസ്‌, അനൂപ്‌, ശ്രീജിത്ത്‌, രാജേഷ്‌ പോള്‍, എന്‍.സ്‌..
പിന്നെ രാധിക ചേച്ചി, അനിതേച്ചി, ശ്യാം...
സ്‌നേഹത്തിന്‌ നന്ദിപറയുന്നത്‌ ശരിയല്ലായിരിക്കും അല്ലേ... എന്നാലും ഒരു സന്തോഷത്തിന്‌.

anju minesh May 30, 2010 at 10:19 AM  

manoharam...........orupadu vedanippichu

K V Madhu June 1, 2010 at 6:59 PM  

nanni aslam, ov, anju, prasannan mash...

Anonymous,  June 27, 2010 at 2:29 PM  

നല്ല പോസ്റ്റ്‌...
മലയാളിത്തമുള്ള മനോഹരമായ പോസ്റ്റുകള്‍.
ഇനിയും ഇതു പോലുള്ള കഥകളും, പോസ്റ്റുകളും പ്രതീക്ഷിക്കുന്നു...
ആശംസകള്‍ നേര്‍ന്നുകൊണ്ട്...
സസ്നേഹം...
അനിത
JunctionKerala.com

K V Madhu May 29, 2011 at 8:35 PM  
This comment has been removed by the author.
hannah May 29, 2011 at 9:07 PM  

ee officil vilichaal kelkkunna akalathil neeyundu..ee bloginekkurichulla abhipraayam enikku nerittu parayaam..pakshe vallaatha oru sankadam nilaviliyaayi puratheykku varaan koottaakkaathe thondayil kurungikkidakkunnu...onnum parayunnilla....

Fin June 8, 2011 at 3:18 AM  

കുറച്ചു ദിവസം മുന്‍പ് എന്റെ പത്തു വയസ്സുകാരന്‍ മകന്‍ പറഞ്ഞു - സ്കൂള്‍ ഓഫീസു റൂം ആണ് സ്കൂളിലെ ഏറ്റവും പേടിപ്പെടുത്തുന്ന സ്ഥലം എന്ന്. (ഇന്നത്തെ കാലത്ത് അടി നുള്ള് ഒന്നും ഇല്ല, എങ്കിലും)... എനിക്ക് അവന്റെ മനസ്സ് നന്നായി വായിക്കാന്‍ കഴിഞ്ഞു...ഞാന്‍ ഒരു പത്തു വയസ്സുകാരന്‍ ആയി മാറി...

ഇപ്പോള്‍ ഇത് വായിച്ചപ്പോള്‍ ഞാന്‍ വീണ്ടും ഒരു പത്തു വയസ്സുകാരന്‍ ആയി...മനോഹരമായി വര്‍ണിച്ചിട്ടുണ്ട്..അഭിനന്ദനങ്ങള്‍...

Unknown May 31, 2013 at 2:32 AM  

eda madhuuuu.......thakarppan anubhavakurippu..

Related Posts with Thumbnails

  © K.V.MADHU 2009 Blogger Theme by Ourblogtemplates.com 2008

Back to TOP