യഥാര്‍ത്ഥത്തില്‍ ആരായിരുന്നു കെ.സി.കുഞ്ഞി രാമേട്ടന്‍ ?
ഒറ്റപ്പെടലിന്റെ ശംഖു മുഖത്തി രുന്നാണ് അയാള്‍ ആ പാട്ടുപാടി യതെന്ന് എനിക്ക് തോന്നി. ആത്മാവ് എന്ന വിചിത്ര മായ സാധനത്തെ കുറിച്ചാ യിരുന്നു ആ പാട്ട്.
പയ്യന്നൂരില്‍ നിന്ന് കണ്ണൂരിലേക്കുള്ള യാത്രയായിരുന്നു. മംഗലാപുരം-തിരുവനന്തപുരം എക്‌സ്‌പ്രസിന് വൈകുന്നേരം സ്റ്റേഷനില്‍ നിന്ന് കയറുമ്പോള്‍ മനസ്സ് വല്ലാതെ അസ്വസ്ഥമായിരുന്നു. കോറോത്ത് എഞ്ചിനീയറിംഗ് കോളേജിലെ കുട്ടികളെ കൊണ്ട് നിറഞ്ഞ വണ്ടിയിലെ ബഹളങ്ങ ള്‍ക്കിടയിലും മനസ്സ് തനിയെയെന്ന പോലെയായിരുന്നു. ഇടയ്‌ക്ക് ഒരു ബര്‍ത്തിലെ ഒഴിഞ്ഞ സ്ഥലത്ത് കയറിയിരുന്നു. കുറച്ചൊന്ന് കണ്ണടയ്‌ക്കുന്ന സമയമാണ്.
കണ്ണൂര്‍ എത്തുന്നതുവരെയുള്ള ഒരുമണിക്കൂര്‍ നേരത്തെ വിശ്രമം. ശരീരത്തിനും മനസ്സിനും നല്ല ക്ഷീണമുണ്ടായിരുന്നു. രാവിലെ മുതല്‍ നാട്ടില്‍ ശ്‌മശാനത്തില്‍ കെ.സി.കുഞ്ഞിരാ മേട്ടന്റെ മൃതദേഹം ദഹിപ്പിക്കുന്നതിനായുള്ള ജോലികളിലായിരുന്നു. നാട്ടുകാരോടൊപ്പം. ഇന്നലെയാണ് കെ.സി കുഞ്ഞിരാമേട്ടന്‍ മരിച്ചത്. അറുപത് വയസ്സ് തികയുമ്പോള്‍ ഒരാള്‍ മരിക്കുന്നത് അത്ര പുതുമയുള്ള കാര്യമല്ലെങ്കിലും മനസ്സ് വല്ലാതെ അസ്വസ്ഥമായിരുന്നു. മംഗലാപുരം മെഡിക്കല്‍ കോളേജില്‍ വച്ച് മരിച്ചുവെന്ന കാര്യം വൈകുന്നേരം തന്നെ അറിഞ്ഞിരുന്നു.
എന്നാല്‍ മൃതദേഹം ഇന്നലെയെത്തില്ലെന്നുള്ളതുകൊണ്ടും ഓഫീസില്‍ ആളു കുറവായതുകാരണം ലീവെടുക്കാന്‍ പ്രയാസമുള്ളതുകൊണ്ടും രാത്രി നാട്ടിലേക്ക് പോയില്ല. രാത്രി ചരമപേജിലേക്കുള്ള വാര്‍ത്ത ഞങ്ങളുടെ ചെറുവത്തൂര്‍ ലേഖകന്‍ അയച്ചുതന്നത് വായിച്ചപ്പോള്‍ കുഞ്ഞിരാമേട്ടനെയും ക്ലായിക്കോട് ഗ്രാമത്തെയും കുറിച്ച് അഭിമാനം തോന്നി. ആദ്യകാല വോളിബോള്‍ കളിക്കാരന്‍ കെ.സികുഞ്ഞിരാമന്‍ നിര്യാതനായി എന്നായിരുന്നു വാര്‍ത്തയുടെ തുടക്കം.
രാത്രി വൈകി ട്രെയിന്‍ കയറി വീട്ടിലെത്തി. രണ്ടുമണിക്കൂര്‍ ഉറങ്ങി. രാവിലെ ആറ് മണിക്ക് തന്നെ നാട്ടിലേക്ക് പുറപ്പെട്ടു. രാവിലെ എട്ട് മണിക്കാണ് മൃതദേഹം എത്തുക. ക്ലായിക്കോട് പാര്‍ട്ടി ഓഫീസില്‍ പൊതുദര്‍ശനത്തിന് വയ്‌ക്കും. പിന്നെ കുറച്ച് നേരം വീട്ടില്‍. പയ്യന്നൂരില്‍ നിന്ന് ക്ലായിക്കോട്ടേക്ക് ഒരുമണിക്കൂര്‍ ബൈക്കില്‍ യാത്ര ചെയ്യണം.
നാട്ടിലെത്തി സ്വാമിമഠത്തിന്റെ വരാന്തയില്‍ ബൈക്ക് വച്ച് പാര്‍ട്ടി ഓഫീസിന്റെ മുറ്റത്ത് കാത്ത് നിന്നു, അമ്പതോളം വരുന്ന നാട്ടുകാര്‍ക്കൊപ്പം ഞാനും. അപ്പോള്‍ എല്ലാവരും വിങ്ങുന്ന മുഖത്തോടെയിരിക്കുന്നത് കണ്ടപ്പോള്‍ ഓര്‍മയിലേക്ക് വന്നത് കുഞ്ഞിരാമേട്ടന്‍ ഞങ്ങളുടെ ചെറിയപ്രായത്തില്‍ ഉയര്‍ത്തിയ മല്‍സരബുദ്ധിയായിരുന്നു. വൈകുന്നേരം സ്‌കൂള്‍ വിട്ട് വന്നാല്‍ വായനശാല ഗ്രൗണ്ടില്‍ വോളിബോള്‍ കളിക്കാന്‍ പോകും. കുഞ്ഞിരാമേട്ടനാണ് പരിശീലകന്‍. തീരെ സ്‌പോര്‍ട്‌സ് മാന്‍സ്‌പിരിറ്റില്ലാത്ത എന്നെ പോലുളളവരെ മുന്നില്‍ നിര്‍ത്തി ആവേശം ഉണ്ടാക്കിയെടുക്കാന്‍ കുഞ്ഞിരാമേട്ടന് പ്രത്യേകം കഴിവുണ്ടായിരുന്നു.
അവിടെ നാട്ടിലെ ആദ്യത്തെ പോലീസുകാരന്‍ ആയ വി.കെ.കുഞ്ഞിരാമേട്ടനുമായാണ് കെ.സികുഞ്ഞിരാമേട്ടന്റെ കൂട്ട്. അവര്‍ നമ്മുടെ നാട്ടിലെ ഏറ്റവും വലിയ ദോസ്‌തുക്കളായിരുന്നു. രണ്ടാളും നായന്മാരാണ്. രണ്ടാളും ഉറക്കെ സംസാരിക്കും. രണ്ടാള്‍ക്കും കുട്ടികളെ സ്‌നേഹമാണ്. രണ്ടാള്‍ക്കും സങ്കുചിതമായ വ്യക്തിതാല്‍പര്യങ്ങളില്ല തുടങ്ങിയ കണ്ടെത്തലുകളാണ് അന്ന് ഞങ്ങള്‍ നടത്തിയിരുന്നത്. മൃതദേഹം കാത്തുനില്‍ക്കുമ്പോള്‍ വി.കെ. കുഞ്ഞിരാമേട്ടന്റെ മുഖം വിങ്ങിപ്പൊട്ടിനില്‍ക്കുന്നത് കണ്ടു.
കല്യാണ വീടുകളിലും ശ്‌മശാനപ്പറമ്പില്‍ മരിച്ചവരുടെ മൃതദേഹം ദഹിപ്പിക്കുന്ന നേരങ്ങളിലും രംഗം സജീവമാക്കാന്‍ കൂട്ടിന് ഇനി കൂട്ടുകാരനില്ലല്ലോയെന്ന സങ്കടമാകും. സൗഹൃദത്തിന്റെ ആഘോഷങ്ങള്‍ക്കൊടുവില്‍ ഒരാള്‍ പിരിയുമ്പോള്‍ അനുഭവിക്കേണ്ടി വരുന്ന ഒറ്റപ്പെടലിനെ കുറിച്ച് ഏതോ കവി എഴുതിയതാണ് ഓര്‍മ വന്നത്. മൃതദേഹം എത്തി. മക്കളായ സുനിലും സനിലും അവരുടെ യുവത്വം മറന്ന് കരയുന്നുണ്ടായിരുന്നു. എന്റെ ഓര്‍മയില്‍ ഇന്നലത്തെ ചരമ വാര്‍ത്തയിലെ വരികളായിരുന്നു.
ഈ മരിച്ചുകിടക്കുന്ന ആദ്യകാല വോളിവോള്‍ താരത്തെ പുതിയ കുട്ടികള്‍ക്കറിയു മായിരിക്കുമോ.. അപ്പോഴാണ് അടുത്തു നിന്ന് രാമചന്ദ്രേട്ടന്‍ പറഞ്ഞത്. `എന്ത് പരിപാടിയും ഉഷാറാക്കാന്‍ കുഞ്ഞിരാമേട്ടന്‍ വേണം. ഇനിപ്പോ അതൊരു വല്യ കുറവായിരിക്കും.' ശരിയായിരുന്നു. ഉത്രാടം നാളില്‍ നടക്കാറുള്ള ഓണപ്പരിപാടികള്‍ക്ക് കുഞ്ഞിരാമേട്ടനാണ് എല്ലാകുട്ടികളെയും സ്റ്റേജില്‍ കയറ്റുക. പരിപാടി നടക്കുന്ന സ്ഥലത്ത് രാവിലെ തന്നെ വന്നിരിക്കും. വലിയ മീശ പിരിച്ച് ഒരു കുടയും കൈയിലെടുത്ത് ഒരു കസേരയില്‍ ഇരിക്കും.
പൊതുവേ കോംപ്ലക്‌സുകാരായ ക്ലായിക്കോട്ടെ കുട്ടികള്‍ മൈക്ക് കണ്ടാല്‍ തന്നെ ഓടിയൊളി ക്കുന്നവരാണ്. എന്നാല്‍ പരിപാടികള്‍ തുടങ്ങിക്കഴിഞ്ഞാല്‍ വായനശാലയ്‌ക്കുള്ളിലിരിക്കുന്ന ഓരോകുട്ടിയെയും അവരവരുടെ മല്‍സരം വരുമ്പോള്‍ കുഞ്ഞിരാ മേട്ടന്‍ പേടിപ്പിച്ചും സ്‌നേഹിച്ചും സ്റ്റേജിലേക്ക് പറഞ്ഞയക്കും.
എല്ലാ വര്‍ഷവും ഞങ്ങളുടെ തേജസ്വിനി പുഴക്കരയിലെ കുഞ്ഞുഗ്രൗണ്ടില്‍ നടക്കാറുള്ള മല്‍സരങ്ങളില്‍ പ്രോല്‍സാഹനവുമായി കുഞ്ഞിരാമേട്ടനുണ്ടാകും. അതുകൊണ്ട് ഞങ്ങള്‍ സംഘാടകര്‍ക്കും നാണക്കേട് കുറഞ്ഞ് കിട്ടും...അതെ ഇത്രയും നല്ലൊരു സംഘാടനകന്‍ വേറെയാരാണ്...
`കല്യാണവീട്ടിലൊക്കെയാണ് ഇനി ബഹളം വയ്‌ക്കാനാളില്ലാതാകും.' ഒരു മൗനത്തിന് ശേഷം രാമചന്ദ്രേട്ടന്റെ വാക്കുകളാണ് ഉണര്‍ത്തിയത്.അതെ, കല്യാണ വീടുകളില്‍ തലേന്നാള്‍ രാത്രി പാചകസമയത്ത് ഏറ്റവും ഒടുവില്‍ പപ്പടം വറുക്കുന്നതുവരെ ഒച്ചയും ബഹളവുമായി കുഞ്ഞിരാമേട്ടന്‍ ഇനി ഉണ്ടാകില്ല. അത്തരം ഓര്‍മകളില്‍ മനസ്സ് പാഞ്ഞുപോകുമ്പോള്‍ മൃതദേഹം കിടക്കുന്ന പാര്‍ട്ടി ഓഫീസിന്റെ ഒരൊഴിഞ്ഞ മൂലയില്‍ നില്‍ക്കുന്ന വി.കെ.കുഞ്ഞിരാമേട്ടന്‍ വീണ്ടും കണ്ണില്‍ പെട്ടു.
ആരും കാണാതെ ആരെയും കാണാതെ വി.കെ.കുഞ്ഞിരാമേട്ടന്‍ അവിടെയിരുന്ന് കണ്ണുതുടക്കുകയാണോ...? ഒടുവില്‍ മൃതദേഹം പാര്‍ട്ടി ഓഫീസില്‍ നിന്നെടുത്ത് വീട്ടിലേക്ക് കൊണ്ടുപോയി. ഇനിയിപ്പോ വീട്ടിലേക്ക് പോകണ്ടല്ലോ. ഞങ്ങള്‍ പൊതുശ്‌മശാനത്തിലേക്ക് പോയി. ഞങ്ങളുടെ നാട്ടില്‍ ആര് മരിച്ചാലും (അത് ഏത് ജാതിക്കാര നായാലും) ഈ പൊതുശ്‌മശാനത്തിലാണ് സംസ്‌കരിക്കുക.
ക്ലായിക്കോട്ടേക്ക് പ്രവേശിക്കുമ്പോഴും ക്ലായിക്കോട്ടിന് പുറത്തേക്ക് പോകുമ്പോഴും അതിര്‍ത്തിയില്‍ കിടപ്പാണ്, ശ്‌മശാനം... കൂട്ടുകാരന്‍ സുരേശന്‍ പറയുമ്പോലെ രാവിലെ നാട്ടില്‍ നിന്ന് പോകുമ്പോഴും തിരിച്ച് വരുമ്പോഴും ജീവിതത്തിന്റെ വ്യര്‍ത്ഥതകളെ ഓര്‍മിപ്പിക്കാന്‍ ഇവിടെ ഉണ്ട് ഈ ശ്‌മശാനം. അവിടെ ക്ലായിക്കോട്ടെ നിരവധി ആത്മാക്കള്‍ കിടക്കുന്നുറങ്ങുന്നു. വീട്ടിലെത്തിച്ച് മൃതദേഹം ശ്‌മശാനത്തിലേക്ക് കൊണ്ടുവന്നു. ഒടുവില്‍ ചിത കൊളുത്തുമ്പോള്‍ സനിലും സുനിലും വീണ്ടും കരയുന്നതുകണ്ടു.
സൗഹൃദത്തിന്റെ ഊഷ്‌മളമായ അടയാളമായി ഒരുമൂലയില്‍ ഒന്നും മിണ്ടാനാകാതെ വി.കെ.കുഞ്ഞിരാമേട്ടന്‍ നില്‍ക്കുന്നു. ചിത കത്തിയടങ്ങുമ്പോള്‍ ഉച്ചയായി. ഇടയ്‌ക്ക് പെയ്‌ത മഴ തടയാന്‍ ചിതയ്‌ക്ക് മുകളില്‍ കെട്ടിയ പായ അഴിക്കുന്നതിന് മുമ്പേ തന്നെ തിരിച്ചുപോന്നു. പോരുമ്പോള്‍ വി.കെ.കുഞ്ഞിരാമേട്ടന്‍ ചോദിച്ചു. ഇന്ന് ജോലിക്ക് പോണ്ടേടാന്ന്. പോണം കുഞ്ഞിരാമേട്ടാ എന്ന് മാത്രം മറുപടി പറഞ്ഞു.
ഓഫീസിലേക്ക് പോണം കുഞ്ഞിരാമേട്ടാ.. ഒറ്റപ്പെടലിന്റെ രാത്രിയിലേക്ക്. ആഹ്ലാദവും അപകടവും മരണവും അപകടവും എല്ലാം നിറഞ്ഞ വാര്‍ത്തകളുടെ വിഹ്വലമായ ലോകത്തേക്ക്, കണക്കില്ലാത്ത അക്ഷരക്കൂട്ടങ്ങള്‍ പെരുകുന്ന ചരമപ്പേജിലേക്ക്... ഇതൊന്നും പക്ഷേ പറയാവുന്ന കാര്യങ്ങളല്ലല്ലോ.കൂട്ടുകാരന്‍ പിരിഞ്ഞുപോയതിന്റെ ഏകാന്തതാബോധം കുഞ്ഞിരാമേട്ടനെ ശല്യപ്പെടുത്തുന്നുണ്ടായിരുന്നു. ഒന്നുതലയാട്ടി ബൈക്കെടുത്തു മടങ്ങി.
കണ്ണൂരെത്തിയെന്ന് പറഞ്ഞ് താഴത്തെ സീറ്റില്‍ ഇരുന്ന ആളാണ് വിളിച്ചത്. പാതിയുറക്ക ത്തില്‍ നിന്ന് ഞെട്ടിയെഴുന്നേറ്റ് സ്റ്റേഷനില്‍ ചാടിയിറങ്ങി. മരണം ഒന്നിനും അവസാന വാക്കല്ലെന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ എന്ന് എനിക്കറിയില്ല. എന്നാലും അത് അങ്ങനെയാണ്.
മരണം സൗഹൃദത്തിനും സ്‌നേഹത്തിനും ഒറ്റപ്പെടലിനും ഇടയില്‍ ചില ചോദ്യങ്ങള്‍ അവശേഷിപ്പിക്കുന്നു...യഥാര്‍ത്ഥത്തില്‍ ഈ മരിച്ചുപോയ കുഞ്ഞിരാമേട്ടന്‍ ആരാണ്? ആദ്യകാല വോളിബോള്‍ താരം? കുട്ടികളുടെ പ്രോല്‍സാഹകന്‍? സംഘാടകന്‍? വി.കെ.കുഞ്ഞിരാമേട്ടന്റെ സുഹൃത്ത്? യഥാര്‍ത്ഥത്തില്‍ മരിച്ചുപോയതാരാണ്?
3 comments:
List your Blog for free in Malayalam Blog Directory Powered By Malayalam Songs
നമ്മുടെ ഫുട്ബോള്‍ മേളകളിലും മറ്റും ആ ശ്മശാന ഭൂമിക്കടുത്ത മൈതാനത് ഇനി ആ സംഘാടകന്‍ ഇല്ല എന്നത് ശരിക്കും ഒരു നഷ്ടം തന്നെ ആയി നാം അനുഭവിച് അറിയും നല്ല കലാമേളകള്‍ പോലും സംഘടിപ്പിക്കാന്‍ മടിക്കുന്ന നമ്മുടെ തലമുറയ്ക്ക് ഒരു കൈപുസ്തകം തന്നെയാണ് ഇത്തരം മുങ്ങമികളുടെജീവിതം
nayanmar urakke samsarikkum..entha dhwani?
Post a Comment