Wednesday, August 6, 2014

ഓര്‍മയില്‍ ഒഴുകുന്ന മുരളീരവം; മുരളി ഒരു സാധാരണ മനുഷ്യനാകുന്നതെന്തുകൊണ്ട്‌?

അഭിനയത്തിന്റെ മൂര്‍ത്തഭാവങ്ങളില്‍ സ്വയം മറന്ന്‌ അപരനായി അവതരിക്കുന്ന അഭിനേതാക്കള്‍,
ജന്മപൂണ്യവും വാസനാഗുണങ്ങളും അക്ഷീണപ്രയത്‌നവും ബലമാക്കി വളരുന്ന താരങ്ങള്‍,
പ്രതിബദ്ധതയും പച്ചയായ ആവിഷ്‌കാരവും മാനുഷിക ദൗര്‍ബ്ബല്യവും എല്ലാമുള്‍ച്ചേര്‍ന്ന പ്രതിഭകള്‍..
ചലചിത്രതാരങ്ങളെ വിവിധ തലങ്ങളില്‍ ഇങ്ങനെ അളന്നുമുറിച്ച്‌ വിലയിരുത്താറുണ്ട്‌. ചരമവാര്‍ഷിക ദിനത്തില്‍ നടന്‍ മുരളിയെ കുറിച്ച്‌ ഓര്‍ത്തപ്പോഴാണ്‌ ഈ ആലോചനകളെല്ലാം കടന്നുപോയത്‌. മുരളിയുമായി ഒരുവിധ അടുപ്പവുമില്ലെങ്കിലും ചിലപ്പോഴെല്ലാം അടുത്തു നിന്ന്‌ കണ്ടപ്പോള്‍ അവിസ്‌മരണീയമായ ഓര്‍മകയായി അതു അതുമാറിയിട്ടുണ്ട്‌.

അക്കാദമി പഠനത്തിനൊടുവില്‍ ഇന്റേണ്‍ഷിപ്പുമായി കണ്ണൂര്‍ ദേശാഭിമാനിയില്‍ പ്രവര്‍ത്തിക്കുന്ന 2001. ഒരു ദിവസം രാവിലെ അനിയേട്ടനാണ്‌ (എവി അനില്‍കുമാര്‍) പറഞ്ഞത്‌ ഒരു സിനിമയുടെ ഷൂട്ടിംഗുണ്ട്‌ കണ്ണപുരത്ത്‌, ശശി മാഷോട്‌ ഞാന്‍ വിളിച്ചുപറയാം. നീപോയ്‌ക്കോ..
അങ്ങനെയാണ്‌ എന്‍ശശിധരന്‍ മാഷിനൊപ്പം ഞാന്‍ കാറില്‍ കയറുന്നത്‌. അന്ന്‌ കൈരളി ചാനലിലെ എന്‍കെ ഭൂപേഷ്‌, ക്യാമറാമാന്‍ തുടങ്ങിയവരും ഉണ്ട്‌ വണ്ടിയില്‍. കണ്ണപുരത്തേക്കുള്ള യാത്രയ്‌ക്കിടെ മാഷിനോട്‌ ചില കാര്യങ്ങള്‍ സംസാരിച്ചതൊഴിച്ചാല്‍ സ്വാഭാവികമായ ഉള്‍വലിവ്‌ എന്നെ പിടിച്ച്‌ വിന്‍ഡോസൈഡില്‍ പുറത്തേക്ക്‌ നോക്കിയിരുത്തി.

യാത്രയ്‌ക്കൊടുവില്‍ കണ്ണപുരത്ത്‌ ഒരു ചെറുതടാകത്തിന്റെ കരയിലെ വീട്ടിലാണ്‌ വണ്ടി നിര്‍ത്തിയത്‌. അവിടെ വലിയ ആള്‍ക്കൂട്ടത്തിനിടെ വീടിന്റെ മുറ്റത്ത്‌ കസേരയിട്ട്‌ ഒരാളിരിക്കുന്നു. മുരളി. നടന്ന്‌ അടുത്തേക്കെത്തുന്തോറും അല്‍ഭുതം വര്‍ദ്ധിച്ചുവന്നു. ശശിമാഷ്‌ സംസാരിച്ചു ഞാന്‍ മാറി നിന്നു. ഒടുവില്‍ മാഷ്‌ പരിചയപ്പെടുത്തി.
ചിരിച്ചുകൊണ്ട്‌ എനിക്ക്‌ കൈ തന്നു. എന്റെ ഉള്ളിലേക്ക്‌ ചുരുങ്ങിയ കൈ വിലിച്ചുപുറത്തിടാനുള്ള ശ്രമത്തിനിടെ മുരളി ചോദിച്ചു, എവിടെയാ സ്ഥലം
ഞാന്‍ പറഞ്ഞു, കയ്യൂരിന്റെ അയല്‍ഗ്രാമമാണ്‌, ക്ലായിക്കോട്‌..
ഓ.. അവിടെയൊക്കെ ഞാന്‍ വന്നിട്ടുണ്ട്‌. മീനമാസത്തിലെ സൂര്യന്‍ മുഴുവന്‍ അവിടെയായിയിരുന്നു ഷൂട്ട്‌ ചെയ്‌തത്‌.
ആ സിനിമ കാണാന്‍ മൂന്നാംക്ലാസില്‍ പഠിക്കുമ്പോള്‍ സ്‌കൂളില്‍ നിന്ന്‌ പോയതടക്കം ഞാനും ഓര്‍ത്തുപറഞ്ഞു.
ഇങ്ങനെ സംസാരിച്ചുകൊണ്ടിരിക്കെ, പ്രിയനന്ദനന്‍ അടുത്തേക്ക്‌ വന്നു.
എന്നിട്ട്‌ വിനയത്തോടെ പറഞ്ഞു.
മുരളിയേട്ടാ, ഇനി കഥാപാത്രത്തിന്റെ ചെറുപ്പകാലമാണ്‌. ഷൂട്ട്‌ ചെയ്യേണ്ടത്‌.
മുരളി-അതിനെന്താ
പ്രിയനന്ദനന്‍-പ്രായംകുറയ്‌ക്കാന്‍..
മുരളി-ഓഹോ മീശവടിക്കണോ?
ആ ഉത്തരത്തിനായി കാത്തിരുന്നതുപോലെ പ്രിയേട്ടന്‍ സന്തോഷിച്ച്‌ ചിരിച്ചു.
ഇതൊക്കെ ഇത്ര വളച്ചുകെട്ടണോടോ എന്നും പറഞ്ഞ്‌ കണ്ണാടിയും ഉപകരണങ്ങളും കൊണ്ടുവരാന്‍ പറഞ്ഞു. മിനിറ്റുകള്‍ക്കുള്ളില്‍ എല്ലാം റെഡി. രണ്ട്‌ സിനിമയില്‍ മുഖം കാണിക്കുമ്പോള്‍ തന്നെ സ്വയം നക്ഷത്രമായി സങ്കല്‍പ്പിക്കുകയും ചെരിപ്പുവരെ ജോലിക്കാരെ കൊണ്ട്‌ ധരിപ്പിക്കുകയും ചെയ്യുന്നവരുടെ നാട്ടില്‍ സ്വയം ഷെയ്‌വ്‌ ചെയ്യുന്ന മുരളിയെ കണ്ട്‌ ഞാന്‍ അന്തിച്ചുപോയി. അതെല്ലാം കഴിഞ്ഞ്‌ വീണ്ടും പ്രിയേട്ടന്‍ വന്നു.
മുരളിയേട്ടാ, എകെജിയെ ചുമലിലെടുത്ത്‌ ഈ വെള്ളക്കെട്ട്‌ കടത്തണം എന്ന വിനയപൂര്‍വ്വമുള്ള അപേക്ഷയോടെ ബാക്കി സ്‌ക്രിപ്‌റ്റ്‌ പറഞ്ഞുകൊടുത്തു. ആ കഥാപാത്രത്തെയുമെടുത്ത്‌ കായല്‍ വെള്ളത്തിലേക്കിറങ്ങുന്ന മുരളി...
എല്ലാം നോക്കിക്കൊണ്ട്‌ ചുറ്റുവട്ടത്തും നില്‍ക്കുന്ന കണ്ണപുരത്തെ നാട്ടുകാര്‍...
മുരളിയെന്ന നടന്‍ എന്നെപ്പോലൊരു വിദ്യാര്‍ത്ഥിയെ അതിശയിപ്പിക്കാന്‍ ഇതില്‍ കൂടുതല്‍ എന്ത്‌ വേണം...
പിന്നീട്‌ ആ കഥാപാത്രത്തിന്‌ ദേശീയ പുരസ്‌കാരം ലഭിച്ചപ്പോഴും ആ രംഗങ്ങളാണ്‌ ഓര്‍മയിലേക്ക്‌ ആദ്യം എത്തിയത്‌.
മാസങ്ങള്‍ക്ക്‌ ശേഷം ക്ലായിക്കോട്ടെ ഒരു പരിപാടിക്ക്‌ ക്ഷണിക്കാന്‍ ഞാന്‍ ഫോണില്‍ വിളിച്ചു.
അപ്പോള്‍ അദ്ദേഹം എല്ലാം ഓര്‍ത്തെടുത്തു. മറ്റൊരു സിനിമയുടെ ഷൂട്ടിംഗുള്ളതിനാല്‍ പങ്കെടുക്കാന്‍ കഴിയാത്തതിലെ നിസ്സഹായതയും പ്രകടിപ്പിച്ചു. ഇപ്പോള്‍ മുരളിയുടെ ഓര്‍മകള്‍ വരുമ്പോഴെല്ലാം ആ നഷ്ടബോധം എന്റെയുള്ളിലും നിറഞ്ഞുകയറും... 

0 comments:

Related Posts with Thumbnails

  © K.V.MADHU 2009 Blogger Theme by Ourblogtemplates.com 2008

Back to TOP