Wednesday, December 9, 2009

മേലേരിപ്പിലെ കടന്നല്‍ കൂടും കോപ്പന്‍ഹേഗന്‍ ഉച്ചകോടിയും


"ആരിവിടെ കൂരിരുളില്‍
മടകള്‍ തീര്‍ത്തു
ആരിവിടെ
തേന്‍കടന്നല്‍ കൂടുതകര്‍ത്തു
"

വരികള്‍ നല്ലതാണോ അല്ലയോ എന്ന്‌ ഇളയരാജയും മലയാളചലചിത്രപ്രേമികളും തര്‍ക്കം കനക്കുമ്പോള്‍ എന്റെ ഓര്‍മ നിറയെ ക്ലായിക്കോട്‌ ഗ്രാമമാണ്‌. കടന്നല്‍ കൂടിളകി ക്ലായിക്കോട്‌ എന്ന കുഞ്ഞുഗ്രാമത്തെ മുഴുവന്‍ പേടിപ്പിച്ച ആ ദിനം.


കഥയിങ്ങനെ-

ഡിസംബര്‍ മാസത്തെ കുളിര്‍ വന്നുതുടങ്ങിയിരുന്നു. ആളുകള്‍ മേലേരിപ്പമ്പലത്തിലേക്ക്‌ രാവിലെ മുതല്‍ തന്നെ എത്തിയിരുന്നു. കാസര്‍കോട്‌ ജില്ലയിലെ ചെറുവത്തൂരിനടുത്തുള്ള ക്ലായിക്കോട്‌ ഗ്രാമത്തിലെ മേലേരിപ്പ്‌ വീരഭദ്രക്ഷേത്രത്തില്‍ ദേവപ്രശ്‌നമായിരുന്നു. നാട്ടുകാര്‍ പലരും രാവിലെ തന്നെ എത്തിയിരുന്നു. കവടി നിരയത്തിയപ്പോള്‍ പ്രശ്‌നമൊന്നുമുണ്ടായിരുന്നില്ല. `പ്രശ്‌നം' വച്ചുതുടങ്ങി ഏറെ വൈകും മുമ്പ്‌ പ്രശ്‌നമുണ്ടായി.

ക്ഷേത്രത്തിന്‌ താഴെയുള്ള നൂറ്റാണ്ട്‌ പഴക്കമുള്ള അരയാലില്‍ ദിവസങ്ങളായി കിടക്കുന്ന കടന്നല്‍ കൂടിളകി. കടന്നലുകള്‍ പരക്കം പാഞ്ഞു. കിട്ടിയവരെയൊക്കെ കുത്തിപരിക്കേല്‍പ്പിച്ചു. പ്രശ്‌നം പറയുന്നതുകേട്ടുകൊണ്ടിരിക്കുകയായിരുന്ന നാട്ടുകാരും പരക്കം പാഞ്ഞു. കണ്ണേട്ടനും അമ്പാടിയേട്ടനും അമ്പുവേട്ടനും ചെറിയേട്ടിയും(ചേച്ചി വടക്കേ മലബാറില്‍ ഏട്ടിയാണ്‌) അടക്കം സ്‌ത്രീകളും പുരുഷന്മാരും പ്രായവ്യത്യാസമില്ലാതെ ഓടിയൊളിക്കാന്‍ ശ്രമിച്ചു. പ്രശ്‌നക്കാരനും പ്രശ്‌നത്തിന്‌ മേല്‍നോട്ടത്തിനെത്തിയ ദേവസ്വം ഓഫീസറും സ്ഥലമറിയില്ലെങ്കിലും അറിയുന്ന വഴിയിലൂടെയെല്ലാം ഓടിപ്പോയി.ചിലര്‍ അടുത്തുള്ള നാരായണന്റെ കടമുറിയില്‍ കയറി ഷട്ടര്‍ താഴ്‌ത്തിയിട്ടു, ചിലര്‍ മേലേരിപ്പ്‌ ദേവസ്വം കുളത്തില്‍ ചാടി. ചില നീന്താനറിയുന്നവരും അറിയാത്തവരുമെല്ലാം അടുത്തുള്ള തേജസ്വിനി പുഴയില്‍ എടുത്തുചാടി. ചരിത്രമുറങ്ങുന്ന തേജസ്വിനി തന്റെ അടുത്തുവന്നവരെയെല്ലാം കടന്നലില്‍ നിന്ന്‌ രക്ഷിച്ചു.

ആകെ 15 പേര്‍ ആശുപത്രിയിലായി.

സാമുവല്‍ ബക്കറ്റ്‌ പറഞ്ഞതുപോലെ അന്യന്റെ ദുരന്തം തമാശയായി അനുഭവപ്പെടുന്ന നിമിഷങ്ങളാണവ. അനുഭവിച്ചവരും പിന്നീട്‌ ഓര്‍ക്കുമ്പോള്‍ ചിരിക്കാന്‍ വക നല്‍കുന്ന സംഭവം.

ദിവസങ്ങള്‍ കഴിഞ്ഞിട്ടാണ്‌ ഞാന്‍ അവിടെയെത്തിയത്‌. ബാല്യവും കൗമാരവുമെല്ലാം ചിലവഴിച്ച ക്ഷേത്രപരിസരം. ഓര്‍മ നിറയെ പഴയ കാലമായിരുന്നു. ബാലസംഘത്തിന്റെ കലാജാഥയ്‌ക്ക്‌ വേണ്ടി

പട്ടിണിയായ മനുഷ്യാ നീ
പുസ്‌തകം കൈയിലെടുത്തോളൂ,
പുത്തനൊരായുധമാണു നിനക്കതു
പുസ്‌തകം കൈയിലെടുത്തോളൂ...


ബ്രഹ്‌തിന്റെ വരികള്‍ ചൊല്ലി നാടകം കളിച്ചത്‌ തെക്കേ പഠിപ്പുരയിലും ചേര്‍ന്ന്‌ കിടക്കുന്ന സ്വാമിമഠത്തിലുമാണ്‌. അച്ഛനറിയാതെ നീന്തിക്കുളിക്കാന്‍ എത്തിയിരുന്നത്‌ ക്ഷേത്രത്തില്‍ നിന്ന്‌ ശബരിമലയേക്കാള്‍ എണ്ണക്കൂടുതലുള്ള പടികളിറങ്ങി ഈ കുളത്തിലേക്കാണ്‌. അന്നും ഇന്നും ദരിദ്രമാണ്‌ മേലേരിപ്പ്‌ ക്ഷേത്രം. എങ്കിലും എന്തൊക്കേയോ നന്മകള്‍ അവിടത്തെ പ്രകൃതിയില്‍ ഖനീഭവിച്ച്‌ കിടപ്പുണ്ടായിരുന്നു. വിശ്വാസിയല്ലാതിരുന്നിട്ടും വൈകുന്നേരങ്ങളില്‍ സുരേശനോടൊപ്പം ക്ഷേത്രത്തിന്റെ പഠിപ്പുരയിലിരുന്ന്‌ ലോകകാര്യങ്ങള്‍ പറയുമ്പോള്‍ സംഘര്‍ഷങ്ങള്‍ക്കിടയിലും ഒരു ആശ്വാസമുണ്ടായിരുന്നു. പിന്നീട്‌ കൃത്രിമസൗന്ദര്യങ്ങളുടെ മുഖ്യധാരാലോകത്ത്‌ എവിടെയും അതൊന്നും മറന്നുവച്ചിട്ടില്ല.

എന്നാലും ആ കടന്നലുകള്‍.

യഥാര്‍ത്ഥത്തില്‍ എന്താണ്‌ സംഭവിച്ചത്‌.? രാവും പകലും യാത്രയിലും നടത്തത്തിലും എത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ല. എന്നാലും കടന്നലുകള്‍ വന്നവഴികള്‍ പിന്നോട്ട്‌ നടന്നുനോക്കുകയായിരുന്നു, ഞാന്‍. അത്‌ ക്ഷേത്രക്കാവിലേക്കും കോപ്പന്‍ഹേഗനിലേക്കും നീളുന്ന വഴികളായിരുന്നു.

ക്ഷേത്രങ്ങളിലും കാവുകളിലും പുനരുദ്ധാരണത്തിന്റെ പേരില്‍ നടക്കുന്ന ദേവപ്രശ്‌നങ്ങള്‍ക്കും ഉദ്ധാരണങ്ങള്‍ക്കും ശേഷം നശിപ്പിക്കപ്പെടുന്ന ചെറുതാണെങ്കിലും വര്‍ഷങ്ങള്‍ പഴക്കമുള്ള കാവുകളില്‍ നിന്ന്‌ പാമ്പുകള്‍ ഇഴഞ്ഞുവരുന്നത്‌ കണ്ടു. കിളികള്‍ കൂടുണ്ടാക്കാന്‍ വഴിയില്ലാതെ അലയുന്നത്‌ കണ്ടു. അമ്പലക്കുളത്തിലെ വെള്ളം വറ്റുന്നത്‌ കണ്ടു. ക്ലായിക്കോട്‌ മുച്ചിലോട്ട്‌ കാവിലെ മരങ്ങള്‍ മുറിച്ച്‌ ചുറ്റും മതില്‍ കെട്ടി നാഗവിഗ്രഹം മാത്രം അവശേഷിക്കുന്നത്‌ കണ്ടു. നാഗം എന്ന്‌ വിളിക്കപ്പെടുന്ന കാവുകളില്‍ ഇപ്പോള്‍ മരങ്ങളില്ലാതാകുന്നു. വെറും നാഗവിഗ്രങ്ങള്‍ മാത്രം. ദൈവത്തിന്റെ പരിശുദ്ധിയുണ്ടെന്ന്‌ കരുതുന്ന ക്ഷേത്രക്കുളങ്ങളില്‍ വെള്ളമില്ലാത്തതെന്ത്‌ കൊണ്ടാണ്‌? വടക്കേ മലബാറിലെ മിക്ക ക്ഷേത്രങ്ങളിലും പുന:പ്രതിഷ്‌ഠാ ബ്രഹ്മകലശ മഹോല്‍സവങ്ങള്‍ പൊടിപൊടിക്കുന്നതാണ്‌ കഴിഞ്ഞ വര്‍ഷങ്ങളില്‍ കണ്ടത്‌. മിക്ക പുനപ്രതിഷ്‌ഠകള്‍ക്കും ശേഷം കാവുകള്‍ വെട്ടി നാഗപ്രതിഷ്‌ഠയും നടത്തും. യഥാര്‍ത്ഥ നാഗങ്ങള്‍ക്ക്‌ അലയുന്ന അത്മാവുകളായി.

വീണ്ടും ഞാന്‍ എത്തുന്നത്‌ ക്ലായിക്കോട്ടേക്കും മേലേരിപ്പിലേക്കും തന്നെ. മലബാറിലെ അത്യാവശ്യം വലിപ്പമുള്ളൊരു വനമായിരുന്നു നക്രാവനം. അത്‌ ക്ലായിക്കോടിന്റെ ഒരുഭാഗത്താണ്‌. എന്നാല്‍ ഇന്നത്‌ ചുരുങ്ങിച്ചുരുങ്ങി വന്നിരിക്കുന്നു. നക്രാവനം ചെറുപ്പത്തില്‍ തന്നെ എന്നോട്‌ പറഞ്ഞത്‌ ലോകത്തിന്റെ ആകെ കഥയാണ്‌. അത്‌ പിന്നീടൊരിക്കല്‍ വിശദമായി പറയേണ്ടിയിരിക്കുന്നു. മേലേരിപ്പിനോട്‌ ചേര്‍ന്ന്‌ കിടക്കുന്ന നക്രാവനം കാവിന്റെ സ്ഥിതിയും വ്യത്യസ്‌തമല്ല. അതിനകത്ത്‌ വടക്കോട്ട്‌ അഭിമുഖമായുള്ള കാളിപ്രതിഷ്‌ഠ പ്രസിദ്ധമാണ്‌. കേരളത്തില്‍ വടക്കോട്ട്‌ അഭിമുഖമായി നില്‍ക്കുന്ന കാളിപ്രതിഷ്‌ഠയുള്ളത്‌ അവിടെയും പിലിക്കോടും കൊടുങ്ങല്ലൂരിലും മാത്രമാണ്‌ എന്ന്‌ കേട്ടിട്ടുണ്ട്‌. കാവിനെയും ദൈവത്തെയും കുറിച്ചുള്ള ചിന്തകള്‍ എന്നെ എത്തിച്ചത്‌ കോപ്പന്‍ ഹേഗിലേക്കാണ്‌. കോപ്പന്‍ഹേഗനും മേലേരിപ്പ്‌ ക്ഷേത്രവും തമ്മിലെന്ത്‌ ബന്ധം. കോപ്പന്‍ ഹേഗനില്‍ ഉച്ചകോടി നടക്കുന്നത്‌ കാലാവസ്ഥാവ്യതിയാനത്തിന്റെ കാരണങ്ങളും പരിഹാരങ്ങളും തേടിയാണ്‌. ഒരുതാരതമ്യം നടത്തിയാലോ.

കോപ്പന്‍ഹേഗന്‍

1.കോപ്പന്‍ ഹേഗന്‍ ഉച്ചകോടി കാലാവസ്ഥാവ്യതിയാനത്തിന്റെ കാരണങ്ങളും പരിഹാരങ്ങളും ചര്‍ച്ച ചെയ്യാനാണ്‌.

2. വികസിത രാജ്യങ്ങളാകെ പണ്ട്‌ ജപ്പാനിലെ ക്യോട്ടോയില്‍ വച്ച്‌ ഒപ്പിട്ട ഉടമ്പടി(ക്യോട്ടോ പ്രോട്ടോക്കോള്‍) ലംഘിക്കുന്നതിന്റെ ഫലമായി പ്രകൃതി മലീമസമാകുകയും കാലാവസ്ഥ പ്രവചനാതീതമാകുകയും ചെയ്‌തു.

3. മനുഷ്യന്റെ ജീവന്‌ തന്നെ ഭീഷണിയായേക്കാം പുതിയ മാലിന്യങ്ങളും പ്രകൃതിയോടുള്ള ആക്രമണവും.

മേലേരിപ്പ്‌ വീരഭദ്രക്ഷേത്രം

1. ക്ഷേത്രങ്ങളില്‍ ദേവപ്രശ്‌നങ്ങള്‍ കഴിയുമ്പോള്‍ ഉടനെ നാഗപ്രതിഷ്‌ഠകള്‍ക്കടക്കം തന്ത്രിമാരെ തേടുക പതിവാണ്‌. ഇത്‌ പ്രകൃതിയിലെ ജീവികള്‍ക്കെല്ലാം അറിയാം.

2.കാവുകളും ക്ഷേത്രങ്ങളും ആവാസവ്യവസ്ഥ നിലനിര്‍ത്താന്‍ കൂടിയുണ്ടാക്കിയതാണ്‌. എഴുതപ്പെടാത്ത ഒരു പ്രകൃതി നിയമം അന്നുണ്ടായിരുന്നു. ആ പ്രോട്ടോക്കോള്‍ വ്യാപകമായി ലംഘിക്കപ്പെടുന്നു.

3. മനുഷ്യന്‌ മാത്രമല്ല, ജീവികള്‍ക്ക്‌ എല്ലാം ഭീഷണിയായേക്കാവുന്ന വിധത്തിലുള്ള വികസനപ്രവര്‍ത്തനങ്ങളാണ്‌ ക്ഷേത്രങ്ങളിലടക്കം നടക്കുന്നത്‌.

സ്വാഭാവികമായും കടന്നലുകള്‍ പേടിക്കുകയും കൂടിളക്കി പുറത്തുവരികയും ചെയ്‌തു. കണ്ണില്‍ കണ്ടതിനെയെല്ലാം കുത്തിപ്പരിക്കേല്‍പ്പിച്ചു. എവിടെയോ ദൈവം ഇതെല്ലാം കണ്ട്‌ നിസ്സഹായമായി കണ്ണീര്‍ വാര്‍ത്തു. അപ്പോള്‍ എല്ലാ കാഴ്‌ചകള്‍ക്കും അര്‍ത്ഥമുണ്ടെന്നാരാണ്‌ പറഞ്ഞത്‌ എന്നതിന്റെ ഉത്തരം തേടുകയായിരുന്നു ഞാന്‍.

വാല്‍ക്കഷ്‌ണം: കടന്നലിനെ പേടിച്ച്‌ കടന്നല്‍ കൂട്‌ തകര്‍ക്കരുത്‌.

3 comments:

RAMDAS December 9, 2009 at 6:28 PM  

ബാല്യവും കൗമാരവുമെല്ലാം ചിലവഴിച്ച ക്ഷേത്രപരിസരം. ഓര്‍മ നിറയെ പഴയ കാലമായിരുന്നു. ബാലസംഘത്തിന്റെ കലാജാഥയ്‌ക്ക്‌ വേണ്ടി

പട്ടിണിയായ മനുഷ്യാ നീ
പുസ്‌തകം കൈയിലെടുത്തോളൂ,
പുത്തനൊരായുധമാണു നിനക്കതു
പുസ്‌തകം കൈയിലെടുത്തോളൂ...

ബ്രഹ്‌തിന്റെ വരികള്‍ ചൊല്ലി നാടകം കളിച്ചത്‌ തെക്കേ പഠിപ്പുരയിലും ചേര്‍ന്ന്‌ കിടക്കുന്ന സ്വാമിമഠത്തിലുമാണ്‌. അച്ഛനറിയാതെ നീന്തിക്കുളിക്കാന്‍ എത്തിയിരുന്നത്‌ ക്ഷേത്രത്തില്‍ നിന്ന്‌ ശബരിമലയേക്കാള്‍ എണ്ണക്കൂടുതലുള്ള പടികളിറങ്ങി ഈ കുളത്തിലേക്കാണ്‌. അന്നും ഇന്നും ദരിദ്രമാണ്‌ മേലേരിപ്പ്‌ ക്ഷേത്രം. എങ്കിലും എന്തൊക്കേയോ നന്മകള്‍ അവിടത്തെ പ്രകൃതിയില്‍ ഖനീഭവിച്ച്‌ കിടപ്പുണ്ടായിരുന്നു. വിശ്വാസിയല്ലാതിരുന്നിട്ടും വൈകുന്നേരങ്ങളില്‍ സുരേശനോടൊപ്പം ക്ഷേത്രത്തിന്റെ പഠിപ്പുരയിലിരുന്ന്‌ ലോകകാര്യങ്ങള്‍ പറയുമ്പോള്‍ സംഘര്‍ഷങ്ങള്‍ക്കിടയിലും ഒരു ആശ്വാസമുണ്ടായിരുന്നു. പിന്നീട്‌ കൃത്രിമസൗന്ദര്യങ്ങളുടെ മുഖ്യധാരാലോകത്ത്‌ എവിടെയും അതൊന്നും മറന്നുവച്ചിട്ടില്ല.
feel sooooooo nostalgic..... wishes.........

കണ്ണനുണ്ണി December 12, 2009 at 12:58 PM  

ചെറുതല്ലാത്ത ഒരു ചിന്തയ്ക്ക് തീ കൊളുത്തി വിടുന്നുണ്ട് മാഷിന്റെ ഈ പോസ്റ്റ്‌

ഭൂതത്താന്‍ December 12, 2009 at 10:18 PM  

സത്യം ...പഴയ കാവുകള്‍ എല്ലാം എന്ന് ഉദ്ദരിച്ച്‌ കോണ്‍ക്രീറ്റ് കാവുകള്‍ ആക്കിയിരിക്കുന്നു ....


SAVE mullaperiyaar....
SAVE lifes of morethan 40 lakhs of people .....
SAVE kerala state....

Dear TAMILS give us our LIFES
And take WATER from us....
WE will not survive...YOU can"t also survive...

Related Posts with Thumbnails

  © K.V.MADHU 2009 Blogger Theme by Ourblogtemplates.com 2008

Back to TOP