ട്രെയിനില്‍ കയറുമ്പോള്‍ ബോര്‍ഡ് വായിക്കണം
തീവണ്ടിയോര്‍മകള്‍ പലപ്പോഴും രസകരമായിരുന്നു. ജീവിതത്തെ മാറ്റിമറിച്ച സംഭവങ്ങള്‍, സൗഹൃദത്തിന്റെ ഊഷ്‌മളനിമിഷങ്ങള്‍, പ്രണയത്തിന്റെ ആര്‍ദ്രമാം സന്ധ്യകള്‍...
സാധാരണ ട്രെയിന്‍ യാത്രകളില്‍ നിന്ന് വ്യത്യസ്‌തമായി നിത്യജീവിതത്തിലെ തീവണ്ടിയുടെ ഇടപെടല്‍ രസകരവും ദാര്‍ശനികവും താത്വികവും വേദനാജനകവും എന്നൊക്കെ ഒരു ബുദ്ധിജീവിമട്ടില്‍ പറയാവുന്നതാണ്. കണ്ണൂര്‍ ജീവിതകാലം. ചെറുവത്തൂരില്‍ നിന്ന് കണ്ണൂരിലേക്കും അവിടെ നിന്ന് തിരിച്ചുമുള്ള യാത്രകള്‍. ട്രെയിനില്‍ ആസ്വദിച്ചു തീര്‍ത്ത പ്രഭാതവും സന്ധ്യകളും നട്ടുച്ചകളും...
അത് വൈശാഖന്റെ കഥകളിലോ, പഥേര്‍പാഞ്ചാലിയിലോ നീലക്കുയിലിലോ ഒന്നും കണ്ടിട്ടില്ല. ചെറുവത്തൂര്‍-കണ്ണൂര്‍ യാത്രയ്‌ക്കിടയില്‍ മാത്രം അറിഞ്ഞ വേദനകള്‍, ആഹ്ലാദങ്ങള്‍, ചിരിക്കിലുക്കങ്ങള്‍...
യാദൃച്ഛികമായി കടന്നുവന്ന ഒരു യുവാവിന്റെ ആകുലതകളാണ് ചെറിയ ഒരു സങ്കടത്തോടെ ഓര്‍മയിലെത്തുന്നത്.
രണ്ട് വര്‍ഷം മുമ്പ് വരെ ചെറുവത്തൂര്‍-കണ്ണൂര്‍ പാസഞ്ചറിലെ സ്ഥിരം യാത്രക്കാരനായിരുന്നു ഈ ഞാന്‍.കണ്ണൂരില്‍ പത്രപ്രവര്‍ത്തകനായി ജീവിതം സൗഹൃദത്തിന്റെ എല്ലാ പൊലിമയോടെയും ജീവിച്ചുതീര്‍ക്കുന്ന കാലം. ഒരു ശനിയാഴ്‌ച വൈകുന്നേരമാണ്. ഏഴുമണിയായി. ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് നേരത്തെയെത്തണം. പിറ്റേന്നാള്‍ പൂരാഘോഷമാണ്. വടക്കേ മലബാറില്‍ പൂരം വലിയ ആഘോഷമാണ്. മീനമാസത്തിലെ പെണ്‍കുട്ടികളുടെ പൂരം. കാമദേവനെ തപസ്സിരിക്കുന്ന ഋതുമതിയാകാത്ത പെണ്‍കുട്ടികളുടെ ആഘോഷം. പൂരത്തിന് തലേന്നാളാണ് വീട്ടില്‍ ആഘോഷത്തിന്റെ കാര്യങ്ങളെല്ലാം ചെയ്യേണ്ടത്. നേരം വൈകിയ വേവലാതിയില്‍ കണ്ണൂര്‍ റെയില്‍വേസ്റ്റേഷനില്‍ എത്തുമ്പോള്‍ പതിവ് പോലെ മംഗലാപുരത്തേക്കുള്ള ട്രെയിന്‍ മെല്ലെ നിങ്ങിത്തുടങ്ങിയിരുന്നു. ലിങ്ക് എക്‌സ്‌പ്രസല്ലാതെ വേറെ വണ്ടിയൊന്നും ആ സമയത്തില്ല. അത് ലിങ്ക് ആണെന്ന് ഉറപ്പിച്ചുകൊണ്ട് ചാടിക്കയറി. കയറിയപ്പോള്‍ തന്നെ വണ്ടി നല്ല വേഗത്തിലായി. പതിവിന് വിപരീതമായി ഇരിക്കാന്‍ ഒരു പാട് സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നു. യാത്രക്കാരൊക്കെ ഏതോ ദീര്‍ഘയാത്രയ്‌ക്കൊരുങ്ങിയ പോലെ, അപരിചിതമായ ഒരു ചുറ്റുപാടിലെത്തിയപോലെ.
അടുത്തിരിക്കുന്ന ഒരാളോട് ചോദിച്ചു. അയാളുടെ മറുപടി എന്റെ നാഡികള്‍ പോലും തളര്‍ത്തി.
"ഇത് ലിങ്ക് എക്‌സ്‌പ്രസല്ല മോനേ, സമ്പര്‍ക്കക്രാന്തിയാണ്. ഇന്ന് ശനിയാഴ്‌ചയല്ലേ എല്ലാ ശനിയാഴ്‌ചയും കൊച്ചുവേളിയില്‍ നിന്ന് സമ്പര്‍ക്രാന്തിയിലേക്ക് ആ ട്രെയിന്‍ മലയാളികളെയും കൊണ്ട് പോകുന്നുണ്ടല്ലോ!!!"
സമ്പര്‍ക്കക്രാന്തിയുടെ അടുത്ത സ്റ്റോപ്പ് മംഗലാപുരത്ത് പോലുമല്ല, കങ്കനാടിയിലാണ്. അവിടെയെത്തി തിരിച്ചുപോരുമ്പോള്‍ നാളെ ഉച്ചയെങ്കിലുമാകും. പൂരം വെള്ളത്തിലായി. വീട്ടില്‍ മരുമകനും അനിയത്തിയും അമ്മയും അച്ഛനും എല്ലാം കാത്തിരിക്കുകയാണ്. ഒരുപാട് സാധനങ്ങള്‍ വാങ്ങാന്‍ ഏറ്റിരിക്കുന്ന അവിവാഹിതനായ ഒരു പാതി കുടുംബനാഥന്റെ വേവലാതി ലാലുപ്രസാദ് യാദവിനറിയില്ലല്ലോ. അന്ന് അദ്ദേഹമാണ് റെയില്‍ മന്ത്രി.
ആരെയെങ്കിലും വിളിക്കാന്‍ മൊബൈലിലാണെങ്കില്‍ ചാര്‍ജ്ജുമില്ല. ബാറ്റി ലോ എന്ന മുന്നറിയിപ്പാണ് ഡയല്‍ ചെയ്യുമ്പോള്‍ വരുന്നത്. ഞാനും ലോ ആയി ഒരു സീറ്റിലിരുന്നു.
അങ്ങനെ വേവലാതിയെ തിരിച്ചും മറിച്ചും എങ്ങനെ മറികടക്കാം എന്നാലോചിക്കുമ്പോഴാണ് ഒരു യുവാവ് വിയര്‍ത്ത് കൊണ്ട് അടുത്തേക്കുവന്നത്. അവന്റെ മുഖത്ത് ആധുനികലോകത്തിന്റെ എല്ലാ സങ്കടവുമുണ്ടായിരുന്നു. ഒരു എക്‌സിക്യൂട്ടീവ്... ബാഗുമായി ഊരിപ്പിടിച്ച ടൈയുമായി അവന്‍ എന്നോട് ചോദിച്ചു.
"ചേട്ടാ ഇത് ലിങ്ക് എക്‌സ്‌പ്രസ്സല്ലേ?"
"അല്ലല്ലോ?"
എന്റെ മറുപടി കേട്ടപ്പോള്‍ തന്നെ അവന്റെ എല്ലാ നിരാശകളും കണ്ണില്‍ കടല്‍ പോലെ ഇരച്ചുവന്നത് കണ്ടു.
"അയ്യോ ഞാന്‍ ലിങ്കാണെന്ന് വിചാരിച്ചാണ് ചാടിക്കയറിയത്."
അപ്പോഴാണ് എനിക്ക് കൂട്ടായല്ലോ എന്ന സമാധാനമായത്. "ഞാനുമങ്ങനെ തന്നെ ഹതഭാഗ്യവാനായ യുവാവേ.."
"ചേട്ടനെവിടെയാ ഇറങ്ങണ്ടേ?"
"ചെറുവത്തൂര്‍, നിങ്ങള്‍ക്കോ?"
"എനിക്ക് കണ്ണപുരത്തായിരുന്നു" (കണ്ണൂരില്‍ നിന്ന് ബസിന് 5 രൂപയ്‌ക്ക് കണ്ണപുരത്തെത്താം. അക്ഷരാര്‍ത്ഥത്തില്‍ ഹതഭാഗ്യവാന്‍.) "നാളെ പൂരത്തിന് മാടായിക്കാവില്‍ പോണം എന്ന് വിചാരിച്ചതാ രാവിലെ തന്നെ.. നടക്കില്ലല്ലോ. അച്ഛന്‍ ഇല്ലത്താണ്. വീട്ടിലെന്തൊക്കെയോ വാങ്ങാന്‍ പറഞ്ഞിരുന്നു. എന്റെ കൈയിലാണെങ്കില്‍ ടൈറ്റാ. ഈ പണിയൊന്നും ശരിയാകുന്നില്ലാന്ന്."
അവന്‍ വേവലാതികള്‍ കെട്ടഴിക്കുമ്പോള്‍ എന്റെ ചിന്തയും മാറിത്തുടങ്ങി. അല്‌പം അയവുവന്നു.
"എന്താ ജോലി?"
"ഒരു കാര്‍ കമ്പനിയിലാണ്. സെയില്‍സ് എക്‌സിക്യൂട്ടീവ്. കണ്ണൂരില്‍ തന്നെ. ആരെങ്കിലും കാര്‍ വാങ്ങണ്ടേ. അതിനും മാത്രം ബന്ധങ്ങളൊന്നും എനിക്കില്ല ചേട്ടാ. ചേട്ടനെന്താ ജോലി."
"ഞാന്‍ ഒരു പത്രത്തിലാ."
"അപ്പോ എന്തായാലും ചേട്ടന്‍ ഒരു കാര്‍ വാങ്ങാതിരിക്കില്ല.!!!"
ഞാന്‍ വെറുതെ ചിരിച്ചു. അവന്റെ നിഷ്‌കളങ്കമായി പൊടിഞ്ഞുതിരുന്ന വാക്കുകളില്‍ എന്തോ സങ്കടങ്ങള്‍ ഒളിച്ചിരിപ്പുണ്ടായിരുന്നു.
"ഇനിയിപ്പോ വീട്ടിലേക്ക് സാധനങ്ങള്‍ വാങ്ങലൊന്നും നടക്കില്ലല്ലോ."
"അതേ നമുക്കിനി കങ്കനാടിയൊക്കെ കണ്ടിട്ട് വരാം. എന്നാലും നിങ്ങള്‍ക്കെങ്ങനെ ഈ അബദ്ധം പറ്റി."
"വണ്ടി മൂവ് ചെയ്‌തപ്പോള്‍ ഞാന്‍ ഓടി വരികയായിരുന്നു. അപ്പോള്‍ ഒരാള്‍ പറഞ്ഞതാ ലിങ്കിനാണെങ്കില്‍ ഓടേണ്ടെന്ന്. ഓടിയിട്ട് കാര്യമില്ല, കിട്ടില്ലാ എന്നാണ് അയാള്‍ ഉദ്ദേശിച്ചതെന്ന ധാരണയില്‍ അഭിമാനപ്രശ്‌നമായെടുത്ത് അതിവേഗം ഓടിപ്പിടിക്കുകയായിരുന്നു ഞാന്‍. ഹൊ, അയാള്‍ പറഞ്ഞത് കേട്ടാമതിയായിരുന്നു."
നന്നായി എല്ലാത്തിനും ഒരു വാശി നല്ലതാ. എന്നാലും ഇത് കടന്ന വാശിയായിപ്പോയി മോനേ.. ചങ്ങല വലിച്ച് നിര്‍ത്തുന്നത് നിയമലംഘനമാണ്. ട്രെയിന്‍ വേഗം കുറയ്‌ക്കുമ്പോള്‍ ചാടിയിറങ്ങുന്നത് അപകടമാണ്. ആകുലതകളോടെ ട്രെയിനില്‍ അങ്ങോട്ടുമിങ്ങോട്ടും നടന്നു. ഇടയ്‌ക്ക് അവന്റെ ജീവിതത്തെക്കുറിച്ചുള്ള നിഷ്‌കളങ്കമായ ആവലാതികള്‍ക്ക് ചെവികൊടുത്തു. കണ്ണപുരം, പയ്യന്നൂര്‍, ചെറുവത്തൂര്‍, കാഞ്ഞങ്ങാട്...വണ്ടിയിങ്ങനെ പോയിക്കൊണ്ടേയിരുന്നു.
കങ്കനാടിക്ക് ഇനിയും എത്ര പോണം. പിന്നെ അവിടെ നിന്ന് തിരിച്ചും...
വ്യര്‍ത്ഥമാകാന്‍ പോകുന്ന യാത്ര....
ബ്രഹ്മാനന്ദന്റെ സിനിമാപാട്ടാണോര്‍മ വന്നത്. ക്ഷേത്രമേതെന്നറിയാത്ര തീര്‍ത്ഥയാത്ര എന്നുതുടങ്ങുന്ന പാട്ട് ശോകമൂകമായി ഇപ്പോഴാണ് കേള്‍ക്കേണ്ടത്.
കാസര്‍കോടെത്തിയപ്പോള്‍ ഭാഗ്യം ഞങ്ങളോടൊപ്പമായി. വണ്ടി എന്തിനോ നിര്‍ത്തി. ചാടിയിറങ്ങി. ഹൊ!!!! അവനും ഞാനും ആസ്വാസ നിശ്വാസം ഉതിര്‍ത്തു. ഒരു തെറ്റായ യാത്രയെ ക്യാന്‍സല്‍ ചെയ്യാനായല്ലോ. സമയം രാത്രി പത്ത് മണിയാകാറായി. ഇനി കണ്ണൂര്‍ ഭാഗത്തേക്ക് കാസര്‍കോട്ട് നിന്ന് ബസുണ്ടാകില്ല. ട്രെയിന്‍ വല്ലതുമുണ്ടോ എന്നന്വേഷിച്ചു. ഒരു വെസ്റ്റ് കോസ്റ്റുണ്ട്. സമാധാനം. പുലര്‍ച്ചെ വീട്ടിലെത്താം. പക്ഷേ ഒരു പ്രശ്‌നം, കണ്ണപുരത്ത് വെസ്റ്റ്‌കോസ്റ്റിന് സ്റ്റോപ്പില്ല. എന്തുചെയ്യും.
"ചേട്ടന്‍ പോയ്‌ക്കോ. കണ്ണൂരിലിറങ്ങിയാല്‍ എനിക്ക് രാവിലെയെ പോകാന്‍ കഴിയൂ എന്റെ നാട്ടിലേക്ക് ബസൊന്നും കിട്ടില്ല. രാവിലെ പരശുറാം എക്‌സ്‌പ്രസിന് പോകാം. രാത്രി സ്റ്റേഷനില്‍ കിടന്നോളാം."
"എന്നാലും വെറുതെ"
"അത് സാരമില്ലെന്നേ"
"നീയെന്റെ വീട്ടിലേക്ക് വാ. നാളെ രാവിലെ ഞാന്‍ ചെറുവത്തൂര്‍ സ്റ്റേഷനില്‍ കൊണ്ടുവിടാം."
"വേണ്ട ചേട്ടാ. രാവിലെയാകാന്‍ അത്രയൊന്നും നേരമില്ലല്ലോ."
"ഞാന്‍ വിളിക്കാം."
"ചേട്ടന്‍ ഒരു കാര്‍ വാങ്ങണം.ആ ഫോണ്‍ നമ്പര്‍ തരുമോ?"
ഞാന്‍ കൊടുത്തു. അവന്റെ പേര് ചോദിച്ചു. പറഞ്ഞു. പക്ഷേ മറന്നുപോയി. അവനെ പോലെ ഒരുപാട് മുഖങ്ങളില്‍ ആ പേരിന് പ്രസക്തിയില്ലാത്തതുപോലെയെന്ന് കുറച്ച് ദാര്‍ശനിക കാഴ്‌ചപ്പാടോടെ വേണമെങ്കില്‍ വിശദീകരിക്കാം.
ചെറിയൊരു വിഷമത്തോടെ ഞാന്‍ വെസ്റ്റ് കോസ്റ്റില്‍ കയറി അര്‍ദ്ധരാത്രിയോടെ വീട്ടിലെത്തി. വീട്ടില്‍ പൂരത്തിന്റെ ഒരുക്കങ്ങളില്‍ രാവിലെ ഞാനും സജീവമായി. അപ്പോഴും ഓര്‍മയില്‍ അവനായിരുന്നു. അവന്റെ പൂരം എങ്ങനെയായിരുന്നിരിക്കും. പിന്നീട് പലദിവസവും ഞാന്‍ അവനെ പ്രതീക്ഷിച്ചു. കണ്ടില്ല. ഒരിക്കല്‍ എന്നെ കാറ് വാങ്ങാന്‍ നിര്‍ബന്ധിച്ചുകൊണ്ട് അവന്‍ വരുമായിരിക്കും എന്ന് ഞാന്‍ പ്രതീക്ഷിച്ചു. പള്ളിക്കുന്നിലെ ദീപിക പത്രത്തിന്റെ ഓഫീസില്‍ റിസപ്‌ഷനിലെ കുട്ടിയോട് ഞാന്‍ പറഞ്ഞിരുന്നു, അങ്ങനെയൊരാള്‍ വന്നാല്‍ എന്നെ വിളിക്കണമെന്ന്.
തീവണ്ടിയിലെ പാഠം: ബോര്‍ഡ് വായിക്കാതെ ട്രെയിനില്‍ കയറരുത്....
9 comments:
This is a nice post and it touches somewhere....
മാഷേ ഇതു പോലൊരു സീൻ പാസഞ്ചർ സിനിമയിലുണ്ട്.പെട്ടെന്നതോർത്തു പോയി.നന്നായി എഴുതിയിരിക്കുന്നു.
വായിക്കാന്‍ നല്ല രസം
simple and touching
രസകരം
നല്ല പോസ്റ്റ്, അവതരണം മനോഹരം.
nannayirikunnu madhu.. keep it up.
ഒരൊണക്കാലത്ത് ഇതേ കൊചുവേളി, ഇതേ അബദ്ധം എനിക്കും പറ്റിയിരുന്നു, ഇപ്പോ സമാധാനമായി; :)
കണ്ണൂരില്‍ നിന്നും വൈകീട്ടത്തെ ലിങ്കിനോ, എഗ്‌മോറിനോ പഴയങ്ങാടിക്കു തിരിക്കുന്നതാണ് സ്ഥിരം പതിവ്; ധൃതിയില്‍ നെക്സ്റ്റ് ട്രാക്കില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ലിങ്കിനെ കാണാതെ മൂവ്‌ചെയ്യാന്‍ തുടങ്ങിയ കൊച്ചുവേളി-ലോകമാന്യതിലകില്‍ കയറി അബദ്ധം തിരിച്ചറിയുമ്പോഴേക്കും ചാടാന്‍ പറ്റുന്നതിലധികം വേഗതയിലായി. പാലത്തിനടുത്തെത്തുമ്പോള്‍ ഒന്നു ശ്വാസം വിടും എന്നല്ലാതെ, ഒരു മനുഷ്യപറ്റും കാണിക്കാതെ ചൂളമടിച്ചു മരണ സ്പീഡില്‍ പായുന്ന വണ്ടി, പഴയങ്ങാടി സ്റ്റേഷനൊന്നും കണ്ട ഭാവം നടിച്ചില്ല.
കങ്കനാടി എത്തുന്നതിന് മുന്നെ ടി,ടി. വരാതിരുന്നാല്‍ മതി എന്ന പ്രാര്‍ത്ഥനയോടെ ഡോറിനടുത്ത് തന്നെ ഒരേ നില്പ്. നല്ല തണുത്ത കാറ്റ്; നല്ല വിശപ്പ്.
ഏഴിമല. പയ്യന്നൂര്‍, ചെറുവത്തൂര്‍, കാഞ്ഞങ്ങാട്....ഒരു പ്രതീക്ഷയുമില്ല.
ഇടക്കിടെ നല്ലപാതിയുടെ വിളി; ‘എവിടെ ?‘
കണ്ണൂരില്‍ നിന്നും വണ്ടി വിട്ടു.
‘എത്താറായോ ?‘
ഇപ്പോ എത്തും.
കങ്കനാടിയില്‍ നിന്നും എങ്ങിനെ മംഗലാപുരം ജങഷനില്‍ വന്നു വെസ്റ്റ്കോസ്റ്റ് കിട്ടിയാല്‍ ഒരു ഒന്നരമണിയാവുമ്പോഴേക്കും വീടണയാം.
ഏട്ടേമുക്കാലാവുമ്പോഴേക്കും വണ്ടി കാസര്‍ഗോട് എത്തുകയും അവിടെ നിര്‍ത്തുകയും ചെയ്തു. പിന്നെയെല്ലാം ഒരു സ്വപ്നം.
ഒന്‍പതേ കാലിനു തന്നെ തെക്കെഭാഗത്തേക്ക് ഓണം സ്പെഷല്‍ എക്സ്പ്രസ്സ് ഉണ്ടായിരുന്നു.
ഒരു ചായ കഴിച്ചു. പത്തേമുക്കാലാവുമ്പോഴേക്കുംവീട്ടിലെത്തി. ഉറങ്ങാന്നേരം ‘ ഞാനിപ്പോള്‍ കാസര്‍ഗോഡ് പോയിട്ടാ വരുന്നതെന്ന് നല്ലപാതിയോട് ഒരു തമാശപോലെ പറഞ്ഞെങ്കിലും അവള്‍ കൂടുതലൊന്നും ചോദിച്ചില്ല. നമ്മുടെ അബദ്ധങ്ങള്‍ നമ്മുടേത് മാത്രമായിരിക്കട്ടെ.
ഓ: ടോ : വെസ്റ്റ് കൊസ്റ്റ് ഇപ്പോള്‍ കണ്ണപുരം നിര്‍ത്തുന്നുണ്ട്. 11: 20 ആവും.
pandaroo paranjittundallo anubhavikkan budhimuttulla karyangal orthedukkan sukhamanennu. namukk athokke alle ulloo. thanks for all to hear me...
Post a Comment