Sunday, February 14, 2010

എനി സ്‌പെല്ലിംഗ്‌ മിസ്റ്റേക്ക്‌ ഇന്‍ ദാറ്റ്‌ വേര്‍ഡ്‌സ്‌ ???

ഒറ്റയ്‌ക്കാകുന്നതിനെ കുറിച്ച്‌ ആലോചിക്കുമ്പോള്‍ ആദ്യമൊക്കെ പേടിയായിരുന്നു.

കാരണം ഒറ്റപ്പെടലിന്റെ കൂട്ടുകാരന്‍ ആത്മഹത്യയാണ്‌. ആത്മഹത്യ ഒരു രോഗമല്ലാത്തതുകൊണ്ട്‌ അത്‌ ചില പ്രതിസന്ധികളുടെ അര്‍ത്ഥമാണെന്ന്‌ എപ്പോഴൊക്കെയോ തോന്നിയിട്ടുണ്ട്‌. ഒറ്റപ്പെടുമ്പോള്‍ ആരെയെങ്കിലും ഫോണ്‍ചെയ്‌ത്‌ ലോകോത്തരകാര്യങ്ങള്‍ സംസാരിച്ച്‌ മനസ്സിനെ റിലാക്‌സ്‌ ചെയ്യിക്കുന്ന ചികില്‍സ സ്വയം കണ്ടെത്തിയതിന്‌ ആരോടാണ്‌ നന്ദി പറയുക. ചിലപ്പോള്‍ സൈക്കോളജി ക്ലാസുകളില്‍ കടന്നുവരാറുള്ള അനില്‍സാറിന്റെ വാക്കുകളാണ്‌ ഓര്‍മ വരിക. ഡിഫന്‍സ്‌ മെക്കാനിസം സ്വയം ഒരു ചികില്‍സയാണെന്ന്‌. സ്വാതന്ത്ര്യത്തിന്റെ പരമോന്നത നിമിഷത്തില്‍ ഒരാള്‍ വീണ്ടും തടവിലാകുമെന്ന്‌ ആനന്ദ്‌ ആള്‍ക്കൂട്ടത്തിലെവിടേയോ എഴുതി വച്ചിട്ടുണ്ട്‌.

ആത്മഹത്യയെ കുറിച്ചുള്ള വിശദാംശങ്ങളിലേക്ക്‌ പലപ്പോഴും എത്തിക്കുന്നത്‌ ചിലമുഖങ്ങളാണ്‌ അതിലേക്ക്‌ പരുക്കന്‍ ജീവിത ഭാവവുമായി കടന്നുവരിക ബാലേട്ടനാണ്‌. ഒരര്‍ത്ഥത്തില്‍ ബാലേട്ടന്‍ ഗുരുവായിരുന്നു. അന്നൊരിക്കല്‍ നാട്ടില്‍ പതിവുള്ളതില്‍ നിന്ന്‌ വ്യത്യസ്‌തമായി പടന്നക്കാട്‌ നെഹ്‌റുകോളേജില്‍ പ്രീഡിഗ്രിക്ക്‌ ചേര്‍ന്നപ്പോള്‍ ബാലേട്ടന്‍ പറഞ്ഞു. ഞാന്‍ പഠിച്ച കോളേജാണ്‌. നിനക്ക്‌ നിന്റെ ഭാവി അവിടെ നിന്ന്‌ കണ്ടെത്താം എന്ന്‌. കള്ളുകുടിയന്‍ എന്ന്‌ പറഞ്ഞ്‌ നാട്ടുകാര്‍ മുഴുന്‍ അരികിലേക്ക്‌ മാറ്റിനിര്‍ത്തിയിരുന്ന ബാലേട്ടന്റെ വാക്കുകള്‍ ഉള്ളിലെവിടെയോ തറഞ്ഞുകയറി. പലപ്പോഴും ആലോചിച്ചിട്ടുണ്ട്‌, വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ പ്രീഡിഗ്രിയടക്കം ഉന്നതനിലയില്‍ പൂര്‍ത്തിയാക്കിയിട്ടും ഈ മനുഷ്യന്‍ എന്തിനാണ്‌ നിര്‍മാണത്തൊഴില്‍ തെരഞ്ഞെടുത്തത്‌ എന്ന്‌. ഒരിക്കല്‍ അത്‌ ചോദിച്ചതുമാണ്‌.

"അതിലൊന്നും കാര്യമില്ലടാ. ജീവിതത്തില്‍ എല്ലാവര്‍ക്കും വഴി തിരഞ്ഞെടുക്കാന്‍ ഒരു സമയമുണ്ട്‌. എന്റെ തെരഞ്ഞെടുപ്പില്‍ എവിടെയോ ചില പിഴകള്‍."

അതെ പിഴ എന്ന്‌ തന്നെയാണ്‌ ബാലേട്ടന്‍ പ്രയോഗിച്ചത്‌. എന്നിട്ട്‌ എന്നും പ്രയോഗിക്കുന്ന ആ ഇംഗ്ലീഷ്‌ വാചകം.

"എനി സ്‌പെല്ലിംഗ്‌ മിസ്റ്റേക്ക്‌ ഇന്‍ ദാറ്റ്‌ വേര്‍ഡ്‌സ്‌?"

എനിക്കറിയില്ലായിരുന്നു അതില്‍ തെറ്റുണ്ടോ. ഉള്ളില്‍ വല്ലാത്തൊരിഷ്‌ടത്തോടെയാണ്‌ ബാലേട്ടനെ കണ്ടിരുന്നത്‌. എന്ത്‌ പിഴയാകും എന്ന്‌ പലതവണ ആലോചിച്ചുനോക്കി. പിന്നെ ആ ആശങ്ക മനസ്സില്‍ നിന്ന്‌ ഒഴിവാക്കാന്‍ ശ്രമിച്ചു.

പ്രീഡിഗ്രി കഴിഞ്ഞപ്പോള്‍ പതിവ്‌ പോലെ മുന്നില്‍ രണ്ട്‌ റോഡുകള്‍ക്ക്‌ മുന്നില്‍ ഞാനും പകച്ചുനിന്നു. തെരഞ്ഞെടുപ്പുകളില്‍ പലതും കൃത്യമായ ലക്ഷ്യത്തിലെത്തിയതുമില്ല. അതിലുപരിയായി വീട്‌, അച്ഛന്‍, അമ്മ, പെങ്ങള്‍, സാമ്പത്തിക പ്രാരാബ്‌ധങ്ങള്‍ എന്നൊക്കെ പറയാവുന്ന പ്രതിസന്ധികള്‍ക്ക്‌ മുന്നില്‍ നിന്ന്‌ കൊണ്ടാണ്‌ ബാലേട്ടന്റെ തൊഴില്‍ സ്വീകിരിക്കാന്‍ തീരുമാനിച്ചത്‌.

നിനക്കെന്തിന്റെ കേടാണ്‌ എന്ന്‌ പലപ്പോഴും ബാലേട്ടന്‍ ചോദിച്ചു. ബാലേട്ടന്റെ കൂടെ പോയില്ല. ഒരു തമിഴ്‌ സംഘത്തിന്റെ കൂടെയായിരുന്നു. സിമന്റ്‌ കൊണ്ടുള്ള അഭ്യാസങ്ങളില്‍ ശരിക്കും വിജയിച്ചു. അല്‍പം കലാപരമായി തന്നെ മട്ടപ്പലകയും തേപ്പുകത്തിയും സിമന്റും ഒക്കെ ഉപയോഗിക്കാന്‍ കഴിഞ്ഞിരുന്നു. ഇടയ്‌ക്ക്‌ ബാലേട്ടനെ കാണുമ്പോള്‍ പറയുമായിരുന്നു. നീ പഠിക്കാന്‍ നോക്ക്‌ ട്ടാ. നിന്റെ വഴി ഇതല്ലെന്ന്‌. എന്നാലും നിര്‍മാണത്തൊഴില്‍ എന്നെ ചതിച്ചില്ല.

പെങ്ങള്‍ക്ക്‌ ആദ്യമായി ഒരു മാല വാങ്ങിക്കൊടുത്തതും അമ്മയ്‌ക്ക്‌ സാരി വാങ്ങിക്കൊടുത്തതും അച്ഛന്‌ ഷര്‍ട്ട്‌ വാങ്ങിക്കൊടുത്തും ആ തൊഴില്‍ തന്ന പണം കൊണ്ടാണ്‌. പതിവ്‌ പോലെ അച്ഛന്റെ അതൃപ്‌തിക്കിടയില്‍ ഒറ്റപ്പെട്ട്‌ പോകുമ്പോള്‍ സിനിമ കാണാന്‍ പണം തന്നതും ആ തൊഴില്‍ തന്നെയാണ്‌. ബാധ്യതകളില്‍ ഒരു പരിധിവരെ തീര്‍ക്കാന്‍ സഹായിച്ചതും അതുതന്നെ. ബാലേട്ടനാണ്‌ പറഞ്ഞത്‌ നീ ഡിഗ്രിക്ക്‌ ചേരുക, ഇടയ്‌ക്ക്‌ എന്റെ കൂടെ വരാല്ലോ.

അങ്ങനെ പിന്നീട്‌ ബാലേട്ടന്റെ ശിഷ്യത്വത്തിലായി. പഠനവും തൊഴിലും... രസകരമായിരുന്നു...രാവിലെയും ഉച്ചയ്‌ക്കും വൈകുന്നേരവും ഭക്ഷണം കഴിക്കുന്നതുപോലെ ബാലേട്ടന്‍ കള്ളുകുടിച്ചു. വൈകുന്നേരം നേരത്തെ പണി മതിയാക്കി നല്ല മധുരമുള്ള അന്തിക്കള്ള്‌ കുടിക്കാന്‍ ചാത്തോത്തെ വീട്ടിലേക്ക്‌ പോകുമ്പോള്‍ പറയും.

`നീ ഈ പണി തീര്‍ത്തിട്ട്‌ പോയാമതി. കേട്ടോ.'

ഞാന്‍ അനുസരിക്കും. ഇടയ്‌ക്ക്‌ ഒരിക്കല്‍ ജീവിതത്തിന്റെ ദുരനുഭവങ്ങള്‍ പറഞ്ഞ ബാലേട്ടന്റെ കണ്ണ്‌ നിറഞ്ഞത്‌ കണ്ടു.

`നീ കാണാന്‍ കിടക്കുന്നതല്ലേയുള്ളൂ. മനുഷന്‍ അത്ര എളുപ്പത്തില്‍ പിടിതരുന്ന ജീവിയല്ല. കാണുമ്പോഴും കേള്‍ക്കുമ്പോഴും വിശ്വസിപ്പിച്ച്‌ കൂടെ നിര്‍ത്തി അവര്‍ നമ്മെ വഞ്ചിക്കും. അച്ഛനും പെങ്ങളും ബന്ധങ്ങളൊന്നും അവിടെ പ്രശ്‌നമല്ല. ലോകത്ത്‌ അമ്മ മാത്രമാണ്‌ സത്യം.'

എന്നിട്ട്‌ എന്നെ നോക്കി.

`നീ പേടിക്കണ്ട എല്ലാവരും അങ്ങനൊന്നുമല്ല.'

പിന്നെ പതിവ്‌ പോലെ ചിരിച്ച്‌ കൊണ്ട്‌ ആ ചോദ്യം 'എനി സ്‌പെല്ലിംഗ്‌ മിസ്റ്റേക്ക്‌ ഇന്‍ ദാറ്റ്‌ വേര്‍ഡ്‌സ്‌.'

ഒരു ചിരിയില്‍ പൊതിഞ്ഞ്‌ ആ തത്വചിന്ത മനസ്സിലാക്കാന്‍ ശ്രമിക്കുമ്പോള്‍ ബാലേട്ടന്‍ പറയും.

`നിന്റെ എം ടി പറയുന്നതിലൊക്കെ വലിയ കാര്യമുണ്ട്‌.`

-എംടി എന്റെ പ്രിയപ്പെട്ട എഴുത്തുകാരനായിരുന്നു. എംടിയെ ഒരു അഡിക്ഷനായി കൊണ്ടുനടക്കുന്നകാലം. അതുകൊണ്ട്‌ തന്നെ ഇടയ്‌ക്ക്‌ ഇടയ്‌ക്ക്‌ എംടിയെക്കുറിച്ച്‌ എന്നോട്‌ പറയും ബാലേട്ടന്‍ പ്രധാനപ്പെട്ട കൃതികളെല്ലാം വായിച്ചിട്ടുണ്ട്‌.

80 കളുടെ ഒടുക്കം ക്യാമ്പസില്‍ കൂട്ടുകാര്‍ പ്രണയത്തിന്റെ വഴികളില്‍ കാല്‍പനിക ജീവിതം രചിച്ചപ്പോള്‍ പരുക്കന്‍ വഴികളിലൂടെ നടന്ന മനുഷ്യന്‍. അന്നൊക്കെ ക്ലാസില്‍ ഒന്നാമതെത്തിയിട്ടും ഇടയ്‌ക്കെവിടെയോ ഒരു പിഴ. ബാലേട്ടന്റെ ഭാഷയില്‍ ഒരു സ്‌പെല്ലിംഗ്‌ മിസ്റ്റേക്ക്‌. പിന്നെ ഡിഗ്രി രണ്ടാം വര്‍ഷപരീക്ഷയുടെ അവസനാന കാലത്തൊരു ദിനത്തിലാണ്‌ ആ ദുരന്തം.

പരീക്ഷ തുടങ്ങാറായിരുന്നു. അധ്യാപകരുടെ കരുണയില്‍ മുടങ്ങുന്ന ക്ലാസുകള്‍ തിരിച്ചുപിടിക്കാന്‍ പുസ്‌തകമായ പുസ്‌തകമൊക്കെ സംഘടിപ്പിക്കുന്ന തിരക്ക്‌. പരീക്ഷയ്‌ക്ക്‌ മൂന്നാഴ്‌ച മാത്രം ബാക്കി. ക്ലായിക്കോട്ട്‌ നിന്ന്‌ ചെറുവത്തൂരില്‍ ബസിറങ്ങി പയ്യന്നൂരിലേക്കുള്ള യാത്രയാണ്‌. ബസില്‍ നാട്ടുകാരനൊരാളാണ്‌ ചോദിച്ചത്‌. `ബാലേട്ടന്‍ മരിച്ചതറിഞ്ഞില്ലേ' എന്ന്‌

`ഏത്‌ ബാലേട്ടന്‍..' എന്ന്‌ വെറുതെ ഒരു ആശ കൊണ്ട്‌ ചോദിച്ചതാണ്‌.

എനിക്കറിയാമായിരുന്നു ബാലേട്ടന്‍ ഇങ്ങനെയായിത്തീരുമെന്ന്‌. പ്രതിസന്ധികളില്‍ പകച്ചുനിന്നിട്ടില്ലാത്ത മനുഷ്യനാണ്‌. മദ്യം കഴിക്കുമ്പോഴും ആര്‍ക്കെങ്കിലും ബാധ്യത ബാക്കിവയ്‌ക്കാത്ത മനുഷ്യനാണ്‌ കള്ളുകുടിക്കാന്‍ കടം ചോദിക്കാത്ത മനുഷ്യനാണ്‌.

`എന്ത്‌ പറ്റി?'

'ഇന്ന്‌ രാവിലെ. ബാലേട്ടന്റെ അമ്മ കുളിമുറിയില്‍ ചെന്ന്‌ നോക്കിയപ്പോഴാണ്‌ കണ്ടത്‌. ക്യാന്‍സറിന്റെ ലക്ഷണം ഉണ്ടായിരുന്നു. പിന്നെ കൂട്ടിനാരുമില്ലല്ലോ. ഭാര്യയൊക്കെ വേറെയല്ലേ. അമ്മ മാത്രം പാവം.'

`അതേ.'

ആ വാര്‍ത്തയില്‍ നിന്ന്‌ മുക്തനാകാന്‍ കഴിഞ്ഞില്ല. എവിടെയോ കണ്ടുമറന്ന മുഖമല്ലല്ലോ ബാലേട്ടന്റെത്‌.

`നീ ക്ലാസിന്‌ പോകുകയായിരിക്കും അല്ലേ..' നാട്ടുകാരന്റെ ചോദ്യം ഉള്ളില്‍ എവിടെയും കയറിയില്ല. കോളേജില്‍ പോയി ലീവ്‌ പറഞ്ഞ്‌ തിരിച്ചുപോരുമ്പോള്‍ കരഞ്ഞു.

പണിക്ക്‌ പോയാല്‍ ചോറിന്‌ കറിവിളമ്പുമ്പോള്‍ എരുവ്‌ കൂടിപ്പോയാല്‍ വഴക്കുണ്ടാക്കുന്ന ബാലേട്ടന്‍, എല്ലാത്തിനും ഒടുവില്‍ സ്‌പെല്ലിംഗ്‌ മിസ്റ്റേക്കിന്റെ കാര്യം പറയുന്ന ബാലേട്ടന്‍ ഇനി ഇല്ലല്ലോ എന്ന്‌ ഓര്‍ത്തപ്പോള്‍ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. ഒറ്റപ്പെടലിന്റെ പരമോന്നത നിമിഷത്തില്‍ ബാലേട്ടന്‍ അത്‌ തീരുമാനിച്ചതാകണം. പിന്നീട്‌ ഡിഗ്രി പരീക്ഷയില്‍ നല്ലമാര്‍ക്ക്‌ വാങ്ങിയപ്പോള്‍ എന്നെ അഭിനന്ദിക്കാന്‍ ഒരാളില്ലല്ലോ എന്ന സങ്കടത്തില്‍ കണ്ണുനിറയെ ബാലേട്ടനായിരുന്നു, കണ്ണീരിന്റെ രൂപത്തില്‍.

കഷ്‌ടപ്പെട്ടുണ്ടാക്കുന്ന നേട്ടങ്ങള്‍ക്ക്‌ പൊന്നും വിലയാണ്‌ എന്ന്‌ പറഞ്ഞ്‌ തരാനും ബാലേട്ടനുണ്ടായിരുന്നില്ല. പിന്നീട്‌ പ്രതിസന്ധിഘട്ടങ്ങളില്‍ പിടിച്ചുനില്‍ക്കാനുള്ള ഓര്‍മയായി ബാലേട്ടന്‍. പ്രയത്‌നങ്ങളൊക്കെ മറ്റുള്ളവരുടെ ലാഭമായി മാത്രം തിരിച്ചറിയുമ്പോള്‍ അകറ്റിനിര്‍ത്തപ്പെട്ടവരുടെ പട്ടികയിലേക്ക്‌ നാം എത്തപ്പെടും. അവിടെ ഉപയോഗത്തിനുശേഷം വലിച്ചറിയുന്ന പൊള്ളയായ പാത്രം പോലെ നാം നില്‍ക്കും. അപ്പോള്‍ നിങ്ങള്‍ ഒറ്റയ്‌ക്കായിരിക്കും. അവിടെ സ്‌നേഹത്തിന്റെ അര്‍ത്ഥം നാം നിര്‍വചിച്ചതും കരുതുന്നതും ഒന്നും ആയിരിക്കില്ല. അതിന്‌ ലാഭത്തിന്റെ ഭാഷയായിരിക്കും. എനിക്കും നിനക്കും കിട്ടിയ ലാഭത്തിന്റെ ഭാഷ.

അത്‌ തന്നെയായിരുന്നു, ആത്മഹത്യയുടെ വഴിയില്‍ ബാലേട്ടനെ ചിന്തിപ്പിച്ചതും. ജീവിതത്തിന്റെ സൗകുമാര്യവും സൗന്ദര്യവും പാടിപ്പുകഴ്‌ത്തിയ കവികള്‍ക്കിടയില്‍ നിന്ന്‌ തന്നെയാണല്ലോ ആരോ പറഞ്ഞത്‌. ഞാന്‍ ജീവിതത്തിലേക്ക്‌ ശിക്ഷിക്കപ്പെട്ടവന്‍ എന്ന്‌.

9 comments:

Unknown February 15, 2010 at 1:49 AM  

മധൂ,

ബാലേട്ടെനെ പോലുള്ളവരുടെ വാക്കുകള്‍ നേര്‍ വഴിയുടെ വാക്കുകളാണ്‌. അവ എന്നും പാഴാവാതെ കാലമേറെയായാലും നിലനില്‍ക്കുക തന്നെ ചെയ്യും.

Sriletha Pillai February 15, 2010 at 12:27 PM  

പ്രിയ ചങ്ങാതീ. ഇതു സ്വന്തം കാര്യമെന്നു ധരിക്കട്ടെ. കല്ലും മുള്ളും നിറഞ്ഞ ജീവിതപ്പാതയിലൂടെ ഉയരങ്ങളിലെത്തിയ താങ്കളെ ഞാന്‍ അളവറ്റു ബഹുമാനിക്കുന്നു. ജീവിതം എന്തെന്നറിയാത്ത ചോക്ലേറ്റു ബേബികള്‍ ഇതു വായിച്ച്‌ അവരുടെ കണ്ണു തുറക്കട്ടെ. ഇതാണു ശരിയായ തുറന്നെഴുത്ത്‌. സത്യത്തിന്റെ ഊര്‍ജ്ജം നിറച്ച, ജീവിതയാഥാര്‍ത്ഥ്യം നിറച്ച എഴുത്ത്‌. എഴുതാന്‍ വാക്കൊന്നും കിട്ടുന്നില്ല ചങ്ങാതീ. പിന്നെ ബാലേട്ടനേയും പെരുത്തിഷ്ടപ്പെട്ടു, അദ്ദേഹത്തന്റെ 'ജലസേചനം '(കടപ്പാട്‌:മലയാറ്റൂര്‍) ഒഴികെ. കുടുംബം കലക്കിയായ മദ്യസേവ ,വിലകൊടുത്തു വാങ്ങുന്ന ആ അനാരോഗ്യം, എനിക്കു വെറുപ്പാണ്‌. പക്ഷേ ഓരോരുത്തരെയും അവരവരായി കണ്ടല്ലേ മതിയാകൂ..... "മദ്യം കഴിക്കുമ്പോഴും ആര്‍ക്കെങ്കിലും ബാധ്യത ബാക്കിവയ്‌ക്കാത്ത മനുഷ്യനാണ്‌ കള്ളുകുടിക്കാന്‍ കടം ചോദിക്കാത്ത മനുഷ്യനാണ്‌".ബാലേട്ടനെ തീര്‍ച്ചയായും ബഹുമാനിക്കുന്നു. ചെറിയ ഒരു ചുവടു പിഴ നമ്മെ എവിടെയാണെത്തിക്കുക!

"കഷ്‌ടപ്പെട്ടുണ്ടാക്കുന്ന നേട്ടങ്ങള്‍ക്ക്‌ പൊന്നും വിലയാണ്‌....... പ്രയത്‌നങ്ങളൊക്കെ മറ്റുള്ളവരുടെ ലാഭമായി മാത്രം തിരിച്ചറിയുമ്പോള്‍ അകറ്റിനിര്‍ത്തപ്പെട്ടവരുടെ പട്ടികയിലേക്ക്‌ നാം എത്തപ്പെടും."
അതെ ,ഇതു ഭീകര സത്യം. പലഘട്ടങ്ങളിലും ഇതേ തോന്നല്‍ അനുഭവിച്ചിട്ടുണ്ട്‌. നമ്മള്‍ കഷ്ടപ്പെട്ടുണ്ടാക്കുന്ന നേട്ടങ്ങള്‍ തന്നെ നമ്മെ തോല്‍പ്പിക്കും പലപ്പോഴും......

തീയില്‍ കുരുത്തത്‌ വെയിലത്തു വാടില്ലല്ലോ.ആ കരുത്ത്‌ , ആര്‍ജ്ജവം ഒരിക്കലും കൈവിട്ടു പോകാതെ സൂക്ഷിക്കാന്‍ താങ്കള്‍ക്ക്‌ കഴിയട്ടെ.
ജലസേചനത്തെക്കുറിച്ച്‌ ഒരു പോസ്‌റ്റ്‌ മനസ്സിലുണ്ട്‌....
സസ്‌നേഹം
മൈത്രേയി.

Anonymous,  February 15, 2010 at 1:58 PM  

രക്തസാക്ഷി മരിക്കുന്നില്ല
സൗഹൃദത്തിന്റെ ഒലിവിലകളുമായി പറന്നുയരവേ
തലയില്‍ മുറിവേററ്‌ വീണ ഞങ്ങളുടെ പ്രിയപ്പെട്ടവര്‍....

ഇവരുടെ രക്തസാക്ഷിത്വം
നീതി നിഷേധിക്കപ്പെട്ട നമുക്ക്‌ വേണ്ടിയായിരുന്നു.
മനുഷ്യ മോചനത്തിനായി
മണല്‍ത്തരികളിലിറ്റ്‌ വീണ
ഒരു തുള്ളി ചോര പോലും പാഴായിക്കൂടാ...

അവരുടെ അമ്മമാരുടെ നിശ്വാസങ്ങള്‍
അധര്‍മത്തിന്റെ അസ്ഥിവാരങ്ങളെ കടപുഴക്കുന്ന
ചുഴലികളായിത്തീരുക തന്നെ ചെയ്യും
കുഞ്ഞനിയത്തിമാരുടെ കണ്ണുനീര്‍ത്തുള്ളികള്‍
കൊടുംപാതകങ്ങളുടെ കരിമ്പനകളെ പിഴുത്‌ മാറ്റുന്ന
മഹാപ്രവാഹമായി ഒഴുകും...

എപ്പോഴും ഓര്‍ത്തിരിക്കുക;

ഇത്‌ അകലങ്ങളിലെവിടെയോ മറഞ്ഞിരിക്കുന്ന
നമ്മുടെ സ്വപ്‌നങ്ങളെ വീണ്ടെടുക്കാനുള്ള
വലിയ യാത്രയിലെ ചെറിയ കാല്‍വെയ്‌പ്പ്‌...


ചൂടലചാരം പൂശി ഉറഞ്ഞ്‌ തുള്ളുന്ന വര്‍ഗീയ ഫാസിസ്റ്റുകള്‍
ഒരു ദു:സ്വപ്‌നത്തിന്റെ രൌദ്ര ഭാവങ്ങളുമായി
നമുക്ക്‌ നേരെ പാഞ്ഞടുക്കുമ്പോള്‍,
നീതിയുടെ അംപ്‌ ഒടുങ്ങാത്ത ആവനാഴിയുമായി
നമുക്ക്‌ ചരിത്രത്തിന്റെ കടമകള്‍ ഏറെറടുക്കാം...

രക്തസാക്ഷി മരിക്കുന്നില്ല
ജീവിക്കുന്നു നമ്മളിലൂടെ
നമ്മളിലൊഴുകും ചോരയിലൂടെ

റോസാപ്പൂക്കള്‍ February 15, 2010 at 4:50 PM  

“സ്‌നേഹത്തിന്റെ അര്‍ത്ഥം നാം നിര്‍വചിച്ചതും കരുതുന്നതും ഒന്നും ആയിരിക്കില്ല. അതിന്‌ ലാഭത്തിന്റെ ഭാഷയായിരിക്കും. എനിക്കും നിനക്കും കിട്ടിയ ലാഭത്തിന്റെ ഭാഷ.“

താങ്കളുടെ എഴുത്ത് മനസ്സിനെ പോറിച്ചു

താരകൻ February 15, 2010 at 5:09 PM  

സുഹൃത്തെ ഇരുട്ടു മുറിയിൽ നിന്ന് വെളിച്ചത്തിലേക്ക് ഒരു ജാലകം തുറന്ന അനുഭവം..
പെട്ടെന്ന് ഗിരീഷ് പുത്തഞ്ചേരിയുടെ തനിച്ചല്ല
എന്ന കവിതയാണ് ഓർമ്മവന്നത്..
തനിച്ചല്ല കൂടെയുണ്ടിരുളും വെളിച്ചവും
താന്തമാം വേനലും തകർക്കുന്നവർഷവും...

Anonymous,  February 23, 2010 at 10:27 AM  

NJAN ARIYUNNU E BALETTANE. MANASIL ANUBAVANGALUDE KUTHI OLIKKALIL MARANJU POYA 'BALETANMAR'madhuvinte E CHIKACHILIL MAYATHA PORALUKAL BAKKI VEKKUNNU.
SATHYATHINTE KOODARATHIL CHEKKERAN KILIKAL KURAVAYIRIKUM. ORU THAZHUKALIL AVASAANIKKUMAAYIRUNNA ANYATHA BODHAM, SANDWANATHINAYI KOOTI KETTI UNDAKKUNNA BANDANGAL, PUTHIYA KURUKKUKAL, ONNAZHIKKAN MATTONNU AVASAANAM baalettaN
SURA KLD

ശ്രീജിത്ത് October 28, 2010 at 5:03 PM  

ബാലേട്ടന്റെ കോല്‍ക്കളി പാട്ടുകള്‍ ഇവിടെ പറയേണ്ട ഒന്നായിരുന്നു

ശ്രീജിത്ത് October 28, 2010 at 5:03 PM  
This comment has been removed by the author.
Related Posts with Thumbnails

  © K.V.MADHU 2009 Blogger Theme by Ourblogtemplates.com 2008

Back to TOP