ലാല്‍ ജോസിന്റെ ചായക്കടയില്‍ നിന്ന് ചായച്ചേട്ടനിലേക്ക്
ഒരു ചായക്കടക്കാരന് ജീവിതത്തില്‍ എന്തുസ്വാധീനം ചെലുത്താനാണ് കഴിയുക. പലപ്പോഴും ആലോചിച്ചിട്ടുള്ളതാണ് ഇക്കാര്യം. സുഹൃദ് സംഭാഷണങ്ങളില്‍ ഇക്കാര്യം ചര്‍ച്ച ചെയ്‌തിട്ടുമുണ്ട്. എംടിയുടെ കഥകളിലോ ലാല്‍ജോസിന്റെ സിനിമകളിലോ കാണുന്ന ചായക്കടകള്‍ വളരെ രസകരമായിരുന്നു. ലാല്‍ ജോസിന്റെ സിനിമകളിലെ ചായക്കടകളെ കുറിച്ച് എഴുതി പൂര്‍ത്തിയാക്കാത്ത ഒരു ലേഖനം ഇപ്പോഴും കൈയിലുണ്ട്. ലാല്‍ ജോസിന്റെ ചലചിത്രം കാണുമ്പോള്‍ ഒരിക്കലെങ്കിലും ക്ലായിക്കോട്ടെ ചായക്കടയെ കുറിച്ച് ഓര്‍മവരാറുണ്ട്. അപ്പോഴൊക്കെ തോന്നിയിട്ടുണ്ട് ചായക്കടക്കാരന്റെ ജീവിതം എന്തുമാത്രം അനുഭവസമ്പന്നമാണ് എന്ന്.
ഒരിക്കലെങ്കിലും ചായക്കടയില്‍ കയറാത്ത മലയാളികള്‍ ഉണ്ടാകില്ല. ചായക്കടകള്‍ ആധുനിക സൗകര്യങ്ങളുള്ള ഹോട്ടലുകളില്‍ നിന്ന് സംസ്‌കാരത്തിലും രീതിയിലും വ്യത്യസ്‌തമാകുന്നത്, ചായക്കടകളില്‍ ജീവിക്കുന്ന മനുഷ്യരുടെ പ്രത്യേകതകള്‍കൊണ്ടാണ്.
എന്റെ ക്ലായിക്കോട് ഗ്രാമത്തില്‍ ചായക്കട തുടങ്ങിയവരൊക്കെ ഉടന്‍ തന്നെ പൂട്ടിപ്പോകുകയാണ് പതിവ്. ആവശ്യത്തിന് കച്ചവടം നടക്കില്ല എന്നതുകൊണ്ട് തന്നെ. ഒരു ചായക്കടയില്‍ നിന്ന് ചായ കുടിക്കുന്ന സംസ്‌കാരം ആദ്യകാലത്തൊന്നും ക്ലായിക്കോട്ടുകാര്‍ക്ക് ഉണ്ടായിരുന്നില്ല. ചെറുപ്പത്തിന്റെ ഓര്‍മയിലുള്ളത്, തേജസ്വിനി പുഴക്കരയില്‍ രാമഞ്ചിറ അതിര്‍ത്തിയില്‍ സുന്ദരേട്ടന്‍ തുടങ്ങിയ ചായക്കടയാണ്. അച്ഛനറിയാതെ കശുവണ്ടി പൊതിഞ്ഞ് സുന്ദരേട്ടന്റെ ചായക്കടയില്‍ കൊണ്ട് കൊടുത്താണ് ജീവിതത്തില്‍ ആദ്യമായി പൊറോട്ട കഴിച്ചിരുന്നത്. ഞായറാഴ്‌ച അവിടെ ബീഫും കിട്ടും. ചില ഞായറാഴ്‌ചകളില്‍ ഉണിത്തിരി മാഷിന്റെ വീട്ടില്‍ ദൂരദര്‍ശനില്‍ രാമായണം കാണാന്‍ പോയി തിരിച്ചുവരുമ്പോള്‍ പൊറോട്ടയും ബീഫും കഴിച്ചിരുന്നു. ഒരിക്കല്‍ കാര്യമറിഞ്ഞ് അച്ഛന്റെ വായില്‍ നിന്ന് ചീത്തവാങ്ങിക്കൂട്ടിയത് ഇപ്പോഴും മറന്നിട്ടില്ല.
പിന്നീട് മുഴക്കോത്ത് യുപിസ്‌കൂളില്‍ പഠിക്കുമ്പോള്‍ പടച്ചോന്‍ കുഞ്ഞമ്പുവേട്ടന്റെ കടയാണ് ഒരു നല്ല ഓര്‍മ. കുഞ്ഞമ്പുവേട്ടനെ എന്തുകൊണ്ടോ ആളുകള്‍ പടച്ചോന്‍ എന്ന കുറ്റപ്പേര്(ഇരട്ടപ്പേര്) ഇട്ടാണ് വിളിക്കുക. ആ പേര് വിളിച്ച് തെറികേട്ടവരുടെ കഥയും നിരവധിയുണ്ട്. ഒരിക്കല്‍ കുഞ്ഞമ്പുവേട്ടന്റെ വീട് തപ്പി എങ്ങുനിന്നോ വന്ന ഒരാളോട് ഏതോ കുരുത്തംകെട്ട യുവാവ് പറഞ്ഞുകൊടുത്തു. ആ കടയില്‍ പോയി പടച്ചോന്റെ വീട് അന്വേഷിച്ചാല്‍ മതിയെന്ന്. കുഞ്ഞമ്പുവേട്ടനോട് പടച്ചോന്റെ വീട് ഏതാണ് എന്ന് ചോദിച്ച ഹതഭാഗ്യവാന്റെ അനുഭവം പറഞ്ഞ് കേട്ടിട്ടുണ്ട്. പടച്ചോന്‍ കുഞ്ഞമ്പുവേട്ടന്‍ ഞങ്ങളുടെ ഓര്‍മയില്‍ വരുന്നത് മറ്റൊരു രൂപത്തിലാണ്. ഒരിക്കല്‍ ആറാംക്ലാസില്‍ പഠിക്കുമ്പോള്‍ 11 മണിക്ക് ഇന്റര്‍വെല്ലിന് സ്‌കൂള്‍ വിട്ടതാണ്. വെള്ളം കുടിക്കാന്‍ കടയില്‍ പോയതാണ് ഞങ്ങള്‍. ഞാനും മനുവും സുരേശനും സുരേഷ്‌ബാബുവും....
കുഞ്ഞമ്പുവേട്ടന്റെ കട തന്നെയാണ് വീടും. അവിടെ ഒരു വലിയ കിണറുണ്ട്. ആഴം കാണാന്‍ പറ്റാത്തത്ര വലിയ കിണര്‍ എന്നാണ് പറയാറ്. വെള്ളം കുടിച്ചിട്ട് കിണറ്റിലേക്ക് നോക്കിയ മനു ആഴം കണ്ട് പറഞ്ഞു. എന്റെ പടച്ചോനേ എന്ന്. ആര്‍ക്കോ തൂക്കിക്കൊടുക്കുകയായിരുന്ന ചായപ്പോടിപാക്കറ്റും വലിച്ചെറിഞ്ഞ് പടച്ചോന്‍കുഞ്ഞമ്പുവേട്ടന്‍ ഞങ്ങളുടെ നേരെ അലറിക്കൊണ്ട് ഓടിയെത്തി. ഞങ്ങള്‍ നാലുപേരും ഓടിയ വഴി തന്നെ ഓര്‍മകിട്ടുന്നില്ല. പിന്നെ മാസങ്ങളോളം അതുവഴി പോകാന്‍ തന്നെ പേടിയായിരുന്നു. കുഞ്ഞമ്പുവേട്ടന്‍ ഞങ്ങളുടെ എല്ലാവരുടെയും വീട്ടുകാരോട് കാര്യം പറഞ്ഞ് ചീത്ത വാങ്ങിത്തന്നിരുന്നു.
പിന്നീട് കുട്ടമത്ത് ഹൈസ്‌കൂളിലെത്തിയപ്പോള്‍ അവിടെയും ഒരു ചായക്കടയുണ്ടായിരുന്നു. പാറക്ക് മുകളില്‍ സ്‌കൂളിനടുത്ത് ഒരേയൊരു ചായക്കടയാണ് ഉള്ളത്. പിന്നെ പൊന്മാലത്തേക്ക് പോണം. അമ്മിഞ്ഞിക്കോട്ടേക്ക് പോകുന്ന റോട്ടില്‍ ഒരു ചായക്കടയുണ്ടായിരുന്നു. അവിടെയാണ് വണ്‍ മാന്‍ ചായക്കട. അയാളുടെ ചായകൊടുക്കല്‍ രസകരമായിരുന്നു. ആവശ്യക്കാരനോട് എന്താണ് വേണ്ടത് എന്ന് മര്യാദയോടെ അന്വേഷിക്കും. ചായ, കടി.. ഇത് അയാള്‍ ഉറക്കെ അടുക്കള നോക്കി വിളിച്ചുപറയും. കേള്‍ക്കുന്ന ആള്‍ വിചാരിക്കും അകത്താരോ ഉണ്ടെന്ന്. എന്നാല്‍ ഇതേ ആള്‍ തന്നെ അകത്ത് പോയി ചായയും കൂട്ടി എടുത്ത് വരും. അതാണ് പതിവ്. അക്കാര്യം ചോദിച്ചാല്‍ അയാള്‍ പറയുക ഒരു പ്രൊഫഷണലിസമൊക്കെ വേണ്ടേ എന്നാണ്.
പിന്നീട് ചായക്കടയും ഹോട്ടലുകളും കടന്ന് ജീവിതം രസകരവും അല്ലാത്തതുമായ വഴികളിലൂടെ പോയപ്പോള്‍ നാട്ടിന്‍ പുറങ്ങളില്‍ എവിടെയെത്തിയാലും ഒരു ചായകുടിക്കുക എന്നഒരു ആഗ്രഹം നടപ്പാക്കാറുണ്ട്. വെറുതെ ഒരു ചായയും പഴം പൊരിയും അത് ഒരു വീക്ക്‌നെസ്സാണ്.
അങ്ങനെയൊരു ചായക്കടയില്‍ അടുത്ത കാലത്താണ് പോയത്. കണ്ണൂരിലാണ്. ബോയിംഗ് ബോയിംഗ് എന്ന ചിത്രത്തിലെ ജഗതിയെ പോലെ ചിരിക്കുന്ന ചായച്ചേട്ടന്‍. എന്ത് ചോദിച്ചാലും ആധികാരികമായി മറുപടി പറയുന്ന ഒരാള്‍. ഒരിക്കല്‍ ചായകുടിക്കുകയായിരുന്നു.
നാലഞ്ച് പേര്‍ വന്നു. എന്താണ് വേണ്ടത് ചായച്ചേട്ടന്റെ ചോദ്യം. ഓരോരുത്തരും സ്വന്തംലേഖകന്‍ സിനിമയില്‍ ജഗതിയോട് പറഞ്ഞത് പോലെ വിശദീകരിച്ചു. ഒരു പൊടിച്ചായ, ഒരു സ്‌ട്രോങ്ങ്, ഒരു മീഡിയം, ഒരു അടിക്കാത്തത്.....
എന്തെങ്കിലും ഒന്ന് പറയടോ..ചായച്ചേട്ടന്‍ ചൂടായിത്തുടങ്ങി. അവര്‍ മാറ്റാന്‍ തയാറായില്ല. എന്നാശരിയെന്ന് പറഞ്ഞ് അടുക്കളയില്‍ പോയി അടുപ്പില്‍ വെള്ളമൊഴിച്ച് തിരിച്ച് വന്ന് ചായച്ചേട്ടന്റെ ഡയലോഗ്
ഇവിടെ ചായയില്ല
എല്ലാവരും തുറിച്ചുനോക്കി
ഇവിടെ ചായയില്ല. ദാറ്റീസ് മലയാളം. വേറെ ഹോട്ടലില്‍ പോയ്‌ക്കോ.
അപ്പോഴാണ് കൂടെയുള്ള ജിജോ ചേട്ടന്‍(ജിജോ കദളിക്കാട്) പറഞ്ഞത്. മൂന്നില്‍ കൂടുതല്‍ ആളുകള്‍ വന്നാല്‍ ഉടന്‍ അടുപ്പില്‍ വെള്ളമൊഴിക്കുന്ന ചായച്ചേട്ടനെ കുറിച്ച്. മൂന്നില്‍ കൂടുതല്‍ ആളുകള്‍ വന്നാല്‍ ചായച്ചേട്ടന് ഭ്രാന്ത് പിടിച്ചപോലെയാകുമത്രെ. ആകെ കണ്‍ഫ്യൂഷന്‍ ഉടന്‍ ചായച്ചേട്ടന്‍ ചെയ്യുക അടുപ്പില്‍ വെള്ളമൊഴിക്കല്‍ എന്ന കര്‍ത്തവ്യമാണ്. എന്നിട്ട് ഒരു ഡയലോഗ്, ഇവിടെ ചായയില്ല. എന്തായാലും ഓര്‍മയില്‍ സൂക്ഷിക്കേണ്ട ഒരു കഥാപാത്രം. അത്രമതി കച്ചോടം എന്നാണ് അയാള്‍ ഭാര്യയോടെ പറയുക.
എന്തായാലും ലാല്‍ ജോസിന്റെ ചായക്കടകളെ സ്‌നേഹിക്കുന്ന മലയാളികള്‍ക്കോരുരുത്തര്‍ക്കും ചായക്കട ഒരു നൊസ്റ്റാള്‍ജിയയാണ്. അതുപോലെ എനിക്കും.
15 comments:
ശരിക്കും ചെറുപ്പ കാലത്തേക്ക് പോയി.
ചായക്കട എന്നു പറയുമ്പോള്‍ ഇപ്പോഴൊന്നും അത് കാണാനും രുചിക്കാനും കഴിയില്ലെന്നതാണ് സത്യം.
ചായച്ചേട്ടനെപ്പോലെ ഒരാളെ എനിക്കും അറിയാം. അയാള്‍ പലചരക്ക് കട നടത്തുന്ന ആളാണ്. കഴിവ് കുറഞ്ഞവര്‍ വന്നാല്‍ തേയിലയൊക്കെ പത്ത് പൈസക്കേ കൊടുക്കു. കൂടുതല്‍ കൊടുക്കില്ല.
മലബാറു ഭാഗത്തു ഈ ചായക്കടകളെ “മക്കാനി” എന്ന പേരിൽ വിളിക്കപ്പെടുന്നു. നാട്ടിലെ സാമൂഹിക സാംസ്കാരിക കാര്യങ്ങളിൽ കാര്യമായി ഇടപെടലുകൾ ആരംഭിച്ചിരുന്നത് ഇവിടെ നടന്ന ചർച്ചകളുടെ തുടർച്ചയായായിരുന്നു.
നാട്ടിന്‍ പുറത്തെ അനുഭവങ്ങള്‍,നന്നായി അവതരിപ്പിച്ചു കേട്ടോ....
മാഷിന് നാളെ വയറിളക്കം ഉറപ്പാ, അത്ര നേരം നോക്കി നിന്നു ഞാനാ പഴംപൊരി
മാഷ് അപ്പിയിട്ട് പണ്ടാറമടങ്ങ്.. :)
ചായക്കടയെ പറ്റി പറഞ്ഞപ്പോ തന്നെ നൊസ്റ്റാള്‍ജിയ കൊണ്ട് വിഷമിച്ചു...
പോരത്തെനു താഴെ പഴം പോരിടെ ക്ലോസ് അപ്പ് ഫോട്ടോയും...
ദൈവം പൊറുക്കുല മാഷെ.. ഇതൊന്നും... :)
ചെറിയ നര്‍മ്മത്തിന്റെ നുറുങ്ങുകള്‍ കൂടി ആയപ്പോ ആസ്വദിച്ചു വായിച്ചു
ചായക്കടയില്‍ കയറി പഴംപോരീം പരിപ്പുവടേം തിന്നണം........
കള്ളുഷാപ്പിലെ മീന്‍കറി കഴിക്കണം .......
പെങ്കുട്ടിയായോണ്ട് മാത്രം നടക്കാതെ പോയ ever green ആഗ്രഹങ്ങളാണ്......
:(
ചുമ്മാ ഇതൊക്കെ വായിച്ചു കൊതിപിടിക്കാം എന്ന് മാത്രം... :( :(
ആ വിവരണത്തിനു പൊൻപണം നൽകണമെന്ന് ആഗ്രഹമുണ്ട്...തരാട്ടോ....നോസ്റ്റാൾജിക്
ഒരു ചായക്കടയെ ചുറ്റിപ്പറ്റി ഇത്രേം രസമുള്ള ഓര്‍മ്മകളോ.നന്നായി ആസ്വദിച്ചു വായിച്ചു..
പഴമ്പൊരിയേക്കാളേറെ ചില്ലരമാലയിലെ പരിപ്പുവടയോടാണു പണ്ടേ ഇഷ്ടക്കൂടുതലെങ്കിലും ഈ സുന്ദരന്‍ പഴമ്പൊരി കാണുമ്പോള്‍ വെറുതേ ഒരു കൊതി.:)
ekathara has told what i felt like commenting...ofcourse except meenkari...but kappa will b ok!
chaaya kadyil ninne cha(ra)ya kadyilekke ethra KM dooram kanum ennathu koodi ezhuthamayirunnu..
nannayittundu.
political aayirunnenkil kurachu koodi effective ayen..
wishes....
ഇ ഭൂമിയില്‍ എനിക്കേറ്റവും ഇഷ്ടമുള്ള പലഹാരമാണ് പഴംപൊരി. ആ പടം നോക്കി ശരിക്കും വെള്ളമിറക്കി ഇരുന്നു പോയി മാഷേ.
'പടച്ചോനെ' പ്പോലെ ഒരാള്‍ ഞങ്ങളുടെ നാട്ടിലും ഉണ്ടായിരുന്നു. 'പ്യാശ്' എന്നാണു പുള്ളിയുടെ വട്ടപ്പേര്, പിശാച് എന്നത് ചുരുങ്ങി പ്യാശ് ആയതാണ്. കണ്ടാലും ഏതാണ്ട് അതുപോലൊക്കെയിരിക്കും. ഞാനന്ന് രണ്ടിലോ മൂന്നിലോ മറ്റോ പഠിക്കുന്നു. അടുക്കളയിലെന്തോ സാധനം തീര്‍ന്നിട്ട് വാങ്ങിക്കൊണ്ടു വരാന്‍ അമ്മ എന്നെ പ്യാശിന്റെ കടയില്‍ പറഞ്ഞു വിട്ടതായിരുന്നു. സാധനം വാങ്ങി തിരിച്ചിറങ്ങുമ്പോള്‍ ആ കടയുടെ മുന്‍പില്‍ വച്ച് എന്നോടാരോ 'മോളെവിടെ പോയതാ' എന്ന് കുശലം ചോദിച്ചു. നമ്മള്‍ ഉടനെ മറുപടി പറഞ്ഞു ' ദേണ്ട് ഈ പ്യാശിന്റെ കടേല്‍ വന്നതാ". പിന്നവിടെ നടന്നത് ഒരു പൂരമായിരുന്നു. എന്നെ പറയാന്‍ പറ്റാത്തത് കൊണ്ട് എനിക്കുള്ളതും കൂടി കുശലം ചോദിച്ച അങ്കിളിനു കിട്ടി. പിറ്റേന്ന് അമ്മയോടും പ്യാശ് കംപ്ലൈന്റ്റ് പറഞ്ഞു. ഇപ്പോഴും ആ നാട്ടില്‍ പോവുമ്പോള്‍ പുള്ളിയെ കാണുമ്പൊള്‍ ചിരി വരും.
എന്റെ നാട്ടിലും ഉണ്ടായിരുന്നു ഒരു ചായക്കട, പൂട്ടിപ്പോയി ഹോട്ടല്‍ ദാരിദ്ര്യ വിലാസം എന്നാണ് എന്റെ ഫ്രണ്ട് saiju പറയാറ് . അവിടെ ഒരു കുറ്റി പുട്ട് മാത്രമേ എന്നും കാണൂ . വൈകുന്നേരം ആയാലും ഒരു കഷ്ണം പുട്ട് അവിടെ ബാക്കി കാണും .അത് പോലെ ബേബി ഏട്ടന്റെ ചായക്കട എന്റെ പ്രധാന ഹോട്ടല്‍ പുട്ട് ,മീന്‍കറി ,മീന്‍ പൊരിച്ചത്,ബോണ്ട ,പഴം പൊരി , ബീഫ് ഫ്രൈ പിന്നെ കഞ്ഞി ,കപ്പ .economical,healthy, and of course tasty (ഇതിനെ പറ്റി ഒരു ലേഖനം ഉടന്‍ പ്രതീക്ഷിപ്പിന്‍ ) . പിന്നെ 'ഏകാതാരയോടു' പെണ്ണുങ്ങള്‍ക്ക്ഹോട്ടലില്‍ കേറാന്‍ എന്താ പറ്റാത്തത് (സാഗര്‍ ല് കേറുമ്പോ മാത്രം സൂക്ഷിച്ചാല്‍ മതി). പിന്നെ കള്ള് ഷാപ്പിലെ കറി കൂട്ടാന്‍ ഷാപ്പില്‍ പോണമെന്നില്ല പാര്‍സല്‍ ആയും കിട്ടും.എന്തായാലും ചായ ചേട്ടന് പ്രണാമം , അടുപ്പില്‍ വെള്ളം ഒഴിക്കുന്നതിനു മുന്‍പ് ഒരു സ്ട്രോങ്ങ് ചായ വെള്ളം കമ്മി അടിക്കണ്ട.
വല്ലാത്ത കടും കയ്യായിപ്പോയി.ഈ പഴമ്പൊരി കാണിച്ച് കൊതിപ്പിച്ചത്. ഇനി നാട്ടില്‍ ചെല്ലുന്നതുവരെ സഹിച്ചു നില്‍ക്കണമല്ലോ ദൈവമേ
കുഞ്ഞമ്പു ഏട്ടനെ കുറിച്ച് പറയുമ്പോഴാണ് ഇരട്ടപ്പെരുകളുടെ ഒരു രസകരമായ പട്ടു ഓര്മ വരുന്നത്
പടച്ചോന്‍ കുഞ്ഞമ്പു , കൊമ്പത്ത് രാമന്‍ (എന്റെ അച്ഛന്റെ അച്ഛന്‍ ) കേനീസ് അമ്പാടി (പേര് അറിയില്ല ശരിയാണെന്ന് തോന്നുന്നു ) കാക്ക (പേര് അറിയില്ല)
ഇവരെ ചേര്‍ത് ഒരു രസികന്റെ കവിത ഇങ്ങനെ (കുടുംബക്കാര്‍ തന്നെയാണ് സൃഷ്ടാക്കള്‍ എന്നാണ് അറിവ്
കാക്ക പാറി കൊമ്പത്തിരുന്നു
ഇത് എന്ത് കെണി എന്റെ പടച്ചോനെ
Post a Comment