Sunday, March 28, 2010

ഇനിയത്തെ കൊല്ലോം വരണേ കാമാ...

വടക്കേ മലബാറില്‍ നാളെ പൂരങ്കുളിയാണ്‌. മീനമാസത്തിലെ പൂരോല്‍സവത്തിന്റെ അവസാനദിനം.

"ഇനിയത്തെ കൊല്ലോം വരണേ കാമാ,
കുഞ്ഞിമംഗലത്താറാട്ടിന്‌ പോലേ കാമാ..."

കാമദേവനെ യാത്രയാക്കുമ്പോല്‍ അമ്മയുടെ പാട്ട്‌ കേട്ട്‌ എത്ര കരഞ്ഞിരിക്കുന്നു. അമ്മ ഇപ്പോഴും അത്‌ ഓര്‍മിപ്പിച്ച്‌ കളിയാക്കാറുണ്ട്‌. ചെറുപ്പകാലത്ത്‌ ആഹ്ലാദങ്ങളുടെ കാലമായിരുന്നു പൂരോല്‍സവകാലം.

ഓ ഞാന്‍ മറന്നു. ഇത്‌ വായിക്കുന്ന എല്ലാവര്‍ക്കും പൂരോല്‍സത്തെ കുറിച്ച്‌ ധാരണയുണ്ടാവില്ലല്ലോ. അതെ ഒരിക്കല്‍ സുകുമാര്‍ അഴീക്കോട്‌ ലേഖനമെഴുതിയ ആ പൂരം തന്നെ. ലോകം മുഴുവന്‍ വാലന്റൈന്‍സ്‌ ഡേ ആഘോഷിക്കുന്നത്‌ അതിന്റെ ആദ്യരൂപം മലബാറിലെ പൂരമാണെന്നറിയാതെയാണ്‌ എന്ന്‌ പറഞ്ഞില്ലേ. അഴീക്കോട്‌ വാലന്റൈന്‍സ്‌ ഡേയോട്‌ ഉപമിച്ച ആപൂരം തന്നെ. നല്ല ഭാവി ലഭിക്കുന്നതിന്‌ വേണ്ടി ഋതുമതിയാകാത്ത കുട്ടികള്‍ക്കായി കാലം കണ്ടുപിടിച്ച ഉല്‍സവം.

പൂരം ഞങ്ങള്‍, വടക്കേ മലബാറുകാരുടെ ദേശീയോല്‍സവമാണ്‌. മീനമാസത്തിലെ കാര്‍ത്തിക നാള്‍ മുതല്‍ പൂരം നാള്‍വരെ ആഘോഷിക്കുന്ന ഉല്‍സവമാണ്‌ പൂരം.അത്‌ രസകരമായൊരു ഉല്‍സവമാണ്‌. ഋതുമതിയാകാത്ത പെണ്‍കുട്ടികളുടെ ഉള്‍സവമാണ്‌. അവരാണ്‌ കഥാപാത്രം. കാര്‍ത്തികനാളിന്‌ തലേദിനവസം തന്നെ അമ്മ എല്ലായിടത്തും ചാണകം മെഴുകി വൃത്തിയാക്കും. മുറ്റവും ചുറ്റുപാടും എല്ലാം ശുദ്ധിയാക്കും. ചെമ്പകപ്പൂവിന്റെയും നരയന്‍ പൂവിന്റെയും ഉല്‍സവത്തിന്‌ കാര്‍ത്തികനാള്‍ മുതല്‍വീട്ടില്‍ പൂവിടും.

എനിക്ക്‌ എന്റെ അനിയത്തിയുണ്ടായിരുന്നു. പെണ്‍കുട്ടികളില്ലാത്ത വീട്ടുകാര്‍ക്ക്‌ ഒരര്‍ത്ഥത്തില്‍ നഷ്‌ടബോധത്തിന്റെ നാളുകളാണ്‌. പത്ത്‌ ദിവസം ഋതുമതിയാകാത്ത പെണ്‍കുട്ടികള്‍ കാമദേവനെ പൂജിക്കുമ്പോള്‍ അവരുടെ വീടുകളില്‍ ആഘോഷത്തിന്റെ ആരവമുണ്ടാകില്ല. വീടുകളില്‍ രാവിലെയും വൈകീട്ടും പെണ്‍കുട്ടികള്‍ പൂവിടും. രണ്ടിടത്താണ്‌ പൂവിടേണ്ടത്‌. പടിഞ്ഞാറ്റിനിയില്‍ വിളക്കിന്‌ താഴെ. പിന്നെ വീട്ടിനടുത്ത്‌ കിണറ്റിന്‍കരയില്‍. ഓലകൊണ്ട്‌ മടഞ്ഞുണ്ടാക്കിയ പൂക്കൂടയില്‍ നിറയെ വീട്ടിലെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും പെണ്‍കുട്ടികളില്ലാത്ത വീട്ടിലെ കൂട്ടുകാരും എല്ലാം ചേര്‍ന്ന്‌ പൂ ഇറുത്ത്‌ കൊണ്ടുവരും. കൂട്ട നിറയ ചെമ്പകപ്പൂക്കള്‍. രാവിലെ സ്‌കൂളില്‍ പോകുന്നതിന്‌ മുമ്പായി ഞങ്ങള്‍ ആര്‍ഭാടത്തോടെ പൂ പറിക്കാന്‍ പോകും.

വീട്ടിന്‌ മുന്നിലെ മുച്ചിലോട്ട്‌ നടയില്‍ ഒരു ചെമ്പക മരമുണ്ടായിരുന്നു അന്ന്‌. അതില്‍ കയറി കൊമ്പ്‌ കുലുക്കി ചെമ്പകപൂക്കള്‍ താഴെയിടും. കൂട്ട നിറയുന്നതുവരെ. സ്‌കൂളില്‍ മാഷ്‌ ക്ലാസെടുക്കുമ്പോളൊക്കെ മനസ്സുനിറയെ ആഹ്ലാദമാകും. വൈകുന്നേരമാകാന്‍. വീട്ടിലെത്തിയിട്ട്‌ വൈകുന്നേരം പൂവിന്‌ വെള്ളം കൊടുക്കണം. വെള്ളം കൊടുക്കുമ്പോ ഉറക്കെ കൂവണം. അതിനായി അടുത്ത വീട്ടിലെ കുട്ടികളെല്ലാം വരും. മുതിര്‍ന്ന പെണ്‍കുട്ടികളുളള വീടുകളിലെ ആണ്‍കുട്ടികള്‍(അവിടെ പൂവിടില്ല.), പെണ്‍കുട്ടികളില്ലാത്ത വീടുകളിലെ ആണ്‍കുട്ടികള്‍ ഒക്കെ വരും. മഠത്തിലെ സന്തോഷും ദിവാകരനും ഗോപാലകൃഷ്‌ണും മിക്കവാറും വീട്ടിലുണ്ടാകും. അവരുടെ വീട്ടില്‍ ആറ്‌ ആണുങ്ങളാണ്‌. സന്തോഷ്‌ പലതവണ പൂരക്കാലത്ത്‌ പറഞ്ഞിട്ടുണ്ട്‌. നീ ഭാഗ്യവാനാടാ നിനക്ക്‌ അനിയത്തിയില്ലേ, എനിക്കില്ലല്ലോ... എന്ന്‌. അന്നൊക്കെ എന്നെക്കാള്‍ സ്ഥാനം വീട്ടില്‍ അവനായിരുന്നു. അവരൊക്കെ രാവിലെ വന്ന്‌ പൂ പറിച്ചുതരും.

ഞങ്ങളുടെ നാട്ടിലെ എല്ലാ അമ്പലങ്ങളിലും രാവിലെ പൂവിടും. വൈകീട്ട്‌ പൂവിന്‌ വെള്ളം കൊടുക്കും. അന്നൊരിക്കല്‍ പൂ പറിക്കാന്‍ പോയപ്പോള്‍ ചെമ്പകത്തില്‍ നിന്ന്‌ വീണ്‌ കൈയൊടിഞ്ഞതിന്‌ ശേഷം അച്ഛന്റെ കര്‍ക്കശമായ നിബന്ധനയുണ്ടായിരുന്നു പൂ പറിക്കാന്‍ മരത്തില്‍ കയറരുതെന്ന്‌. തേജസ്വിനി പുഴയുടെ അക്കരെ ചാത്തമത്ത്‌ അമ്പലത്തില്‍ നിന്ന്‌ ചെണ്ടയും പൂരക്കളിയുടെ ബഹളവും ഒക്കെയുണ്ടാകും. ഞങ്ങളുടെ ദരിദ്രമായ മുച്ചിലോടായതുകാരണം അന്ന്‌ വെറുതെ പൂവിടലും രാത്രി കോമരങ്ങള്‍ അരങ്ങില്‍ ഇറങ്ങലും മാത്രമേ ഉണ്ടായിരുന്നുള്ളൂ.. ചില വര്‍ഷം ഒമ്പതു പൂവായിരിക്കും. ചില വര്‍ഷം പത്ത്‌.. ഈ വര്‍ഷം പത്ത്‌ പൂവായിരിക്കണേ എന്നാണ്‌ ഞങ്ങളുടെ എന്നത്തേയും പ്രാര്‍ത്ഥന. എന്നാല്‍ പത്ത്‌ ദിവസവും ആഘോഷമാണ്‌. പത്ത്‌ രാത്രികളും വീട്ടില്‍ വെളിച്ചവും ഒച്ചയും ബഹളവുമായി കഴിയാം. പൂരക്കാലത്തേക്ക്‌ വേണ്ടി ഒരു പെട്രോമാക്‌സ്‌ വാങ്ങിവയ്‌ക്കും. കരണ്ട്‌ കിട്ടിയിരുന്നില്ല അന്നൊന്നും. പിന്നെയും വര്‍ഷങ്ങള്‍ കഴിഞ്ഞാണ്‌ ക്ലായിക്കോട്ടേക്ക്‌ വൈദ്യുതിയെത്തുന്നത്‌.

മാസങ്ങള്‍ക്ക്‌ മുമ്പേ ഞങ്ങള്‍ കലണ്ടറില്‍ കാര്‍ത്തിക അടയാളപ്പെടുത്തി കൗണ്ട്‌ ഡൗണ്‍ തുടങ്ങും. പത്താം നാള്‍ പൂരങ്കുളി. പൂരങ്കുളിയുടെ തലേ രാത്രിയാണ്‌ ശരിക്കും ആസ്വദിക്കുക. അന്ന്‌ എല്ലാ വീട്ടിലും കാമദേവനെയുണ്ടാക്കും. നരയന്‍ പൂവ്‌ പറിച്ചുകൊണ്ട്‌ വന്ന്‌ കൂട്ടി വയ്‌ക്കും. കാമദേവനെയുണ്ടാക്കി ഏറ്റവും നല്ലത്‌ ആരുടെ വീട്ടിലേതാണ്‌ എന്ന്‌ പിറ്റേന്നാള്‍ കാണാന്‍ പോകും. ആദ്യം ചേടിമണ്ണ്‌ കൊണ്ട്‌ ചിത്രം വരയ്‌ക്കും. പിന്നെ അതിന്‌ കണക്കായി കാമനെയുണ്ടാക്കും. അതില്‍ കൈയും കാലും കണ്ണും മൂക്കും ഒക്കെ പൂവുകൊണ്ട്‌ നിറയ്‌ക്കും. കാമനെയുണ്ടാക്കുന്നതില്‍ വിദഗ്‌ദരായ ചിലരൊക്കെയുണ്ടായിരുന്നു. പൂരങ്കുളിക്ക്‌ പുലര്‍ച്ചെ എല്ലാ അമ്പലങ്ങളിലും വിഗ്രഹങ്ങളെ പൂരങ്കുളിപ്പിക്കും. അമ്പലങ്ങളിലെ എല്ലാഉപകരണങ്ങളും ദൈവത്തിന്റെ കുളത്തില്‍ കൊണ്ടുപോയി മുക്കിയെടുത്ത്‌ കുടയും ചൂടി വിളക്കെടുത്ത്‌ അന്തിത്തിരിയന്റെ അകമ്പടിയോടെ തിരിച്ച്‌ കൊണ്ടുവയ്‌ക്കും. അന്ന്‌ അമ്പലത്തിനകത്തെ എല്ലാ വിഗ്രഹങ്ങളും വാളും പരിചയുമൊക്കെ കൈ കൊണ്ട്‌ തൊടാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. വാളൊക്കെ കഴുകിയെടുക്കുമ്പോള്‍ ഉണ്ടാകുന്ന ചിലമ്പല്‍ ഞങ്ങള്‍ ശരിക്കും ആസ്വദിക്കുമായിരുന്നു.

എന്റെ മുച്ചിലോട്ട്‌ ക്ഷേത്രത്തില്‍ അധികമാളുകളില്ലാത്തതു കൊണ്ട്‌ തന്നെ ഞാനും സുരേശനും സന്തോഷും ഒക്കെ മാത്രമേ ഉണ്ടാകൂ കുളിപ്പിക്കാന്‍. ഞങ്ങള്‍ വാളൊക്കെയെടുത്ത്‌ ചെറുതായി വിറപ്പിക്കുമ്പോള്‍ കോമരവും അന്തിത്തിരിയനും ഒക്കെ ചീത്ത പറയും. എന്നാലും ഞങ്ങള്‍ ആഗ്രഹങ്ങളെല്ലാം നിവൃത്തിക്കും. പിന്നീട്‌ മറ്റ്‌ ആഘോഷസമയങ്ങളില്‍ പുറത്ത്‌ നിന്ന്‌ പലരും തൊഴുത്‌ നില്‍ക്കുമ്പോള്‍ ഞങ്ങള്‍ അഹങ്കാരത്തോടെ ഓര്‍ക്കാറുണ്ട്‌ പള്ളിയറയിലെ ആ വിഗ്രഹവും വാളുമെല്ലാം ഞങ്ങള്‍ കഴുകി വച്ചതല്ലേ എന്ന്‌. പൂരങ്കുളിപ്പിച്ചുകഴിഞ്ഞാല്‍ കോമരങ്ങള്‍ അരങ്ങിലിറങ്ങും. അവരും പൂരങ്കുളിച്ച്‌ എല്ലാ വിഗ്രഹങ്ങളും വാളും പരിചയുമെല്ലാം പുണ്യാഹം തളിച്ച്‌ ശുദ്ധീകരിക്കും. ഉച്ചയോടെ പകുതി ഉല്‍സവം കഴിയും.

പിന്നെ ഞങ്ങള്‍ മറ്റിടങ്ങളില്‍ വൈകുന്നേരത്തെ പൂരങ്കുളി കാണാന്‍ യാത്രയാകും. മാടായി പാറയില്‍ വടുകുന്ദശിവക്ഷേത്രത്തിലും മറ്റും വലിയ ജനങ്ങള്‍ കൂടുന്ന പൂരങ്കുളിയാണ്‌. നീലേശ്വരത്തും പിലിക്കോടും ശാല്യപൊറാട്ടുണ്ട്‌. തെറിവിളിയുടെ കേന്ദ്രമാണ്‌. പൊറാട്ട്‌ കാണാനും ആളുകള്‍ കൂടും. ചാത്തമത്തും ചാലക്കാട്ടും പൂരക്കളിയുണ്ടാകും. മറത്തുകളിയുടെ ലഹരി അറിയുന്നത്‌ പൂരക്കാലത്താണ്‌. പൂരപ്പറമ്പില്‍ ഐസും കഴിച്ച്‌ മണല്‍ പുരണ്ട്‌ തിരിച്ച്‌ വീട്ടിലെത്തുമ്പോള്‍ രാത്രിയാകും. അച്ഛന്റെ ചീത്തയും വാങ്ങിയതിന്‌ ശേഷം പിന്നെ വീട്ടിലെ പരിപാടിയായി. രാത്രി ക്ഷേത്രങ്ങളിലും വീടുകളിലും കാമനെ യാത്രയാക്കലാണ്‌.

കാമനെയുണ്ടാക്കിയ പൂവകള്‍ കാമനെ വേദനിപ്പിക്കാതെ വാരിയെടുത്ത്‌ കൂട്ടയിലിട്ട്‌ യാത്രയാക്കുന്ന നേരം. ഇനി അടുത്ത വര്‍ഷം മാത്രം തിരിച്ചുകിട്ടുന്ന ആഹ്ലാദത്തിന്റെ പൂരക്കാലം തിരിച്ചുപിടിക്കാനാകില്ലല്ലോ എന്ന സങ്കടം. കൊഞ്ഞാറ്‌ എന്ന്‌ ഞങ്ങള്‍ പറയും. കാമനെ യാത്രയാക്കുമ്പോള്‍ അമ്മ സങ്കടത്തോടെ പാട്ട്‌ പാടും.

"ഇനിയത്തെ കൊല്ലോം വരണേ കാമാ,
കുഞ്ഞിമംഗലത്താറാട്ടിന്‌ പോലേ കാമാ,,.."

പൂരങ്കുളി കഴിഞ്ഞുള്ള ദിവസങ്ങളിലൊന്നാണ്‌ കണ്ണൂര്‍ ജില്ലയിലെ കുഞ്ഞിമംഗലം എന്ന സ്ഥലത്തുള്ള ഒരു അമ്പലത്തില്‍ ആറാട്ട്‌. അവിടെ കാമദേവന്റെ ശത്രുക്കളാണ്‌. അവര്‍ കാമനെ കല്ലെറിയും. കാമന്‍ തിരിച്ചുപോകുമ്പോള്‍ അതുവഴി പോകരുതേ എന്നാണ്‌ പാട്ട്‌. ഞങ്ങളുടെ മനസ്സില്‍ സങ്കടത്തിന്റെ തിരകള്‍ തള്ളിക്കയറും. അതുവഴിയെങ്ങാനും കാമന്‍ പോകുമോ, കല്ലേറ്‌ കൊള്ളുമോ തുടങ്ങിയ ബാല്യസഹജമായ ആശങ്കകള്‍... പലപ്പോഴും സങ്കടം കൊണ്ട്‌ കരഞ്ഞുപോയ നിമിഷങ്ങള്‍, ഇപ്പോള്‍ തമാശയോടെയാണ്‌ ഓര്‍മയില്‍ വരുന്നത്‌. രാത്രി വീട്ടിലെ കാമനെ വാരി കൂട്ടയിലിട്ട്‌ വിളക്കിന്റെ അകമ്പടിയോടെ വീട്ടുമുറ്റത്തെ പ്ലാവിന്റെ ചുവട്ടില്‍ കൊണ്ടിടുമ്പോള്‍ അടുത്ത വര്‍ഷത്തെ പൂരം വേഗം വന്നിരുന്നെങ്കില്‍ എന്ന അത്യാഗ്രമാകും മനസ്സുനിറയെ. ഒടുവില്‍ കാമന്‌ നല്‍കിയ അപ്പം പൂക്കള്‍ക്കിടയില്‍ നിന്നെടുത്തുകഴിക്കുമ്പോള്‍ എന്തൊരു സന്തോഷമായിരുന്നു. ഉപ്പില്ലാത്ത ആ അപ്പത്തിന്‌ സ്‌നേഹത്തിന്റെ രുചിയായിരുന്നു.
ഇന്ന്‌ എന്റെ മരുമകള്‍ നിരഞ്‌ജനയുടെ രണ്ടാമത്തെ പൂരമാണ്‌. കൈയില്‍ ചെമ്പകപ്പൂക്കള്‍ അനുഗ്രവുമായി കടന്നെത്തുമ്പോള്‍ അവളുടെ ഏട്ടന്‍ ജ്യോതിര്‍ഘോഷിന്‌ അറിയില്ല, അവന്റെ അമ്മയ്‌ക്ക്‌ വേണ്ടി ഇതുപോലെ പൂവിടാനും പൂവിന്‌ വെള്ളം കൊടുക്കാനും കാമന്‌ വേണ്ടി പാട്ടുപാടി കരയാനും മറ്റൊരുകുട്ടി അതേ വീട്ടില്‍ പണ്ട്‌ ഉണ്ടായിരുന്നുവെന്ന്‌.
ഇന്നിപ്പോ ജീവിതം പൂരോല്‍സവം പോലെ, കാമനെ പോലെ ഒന്നും തരാതെ മോഹിപ്പിക്കുമ്പോള്‍, ആഹ്ലാദങ്ങള്‍ വരും എന്ന്‌ പറഞ്ഞ്‌ മോഹിപ്പിക്കുമ്പോള്‍ അമ്മ പാടിയ ആപാട്ടാണ്‌ ഓര്‍മയില്‍ വരിക.

ഇനിയത്തെ കൊല്ലോം വരണേ കാമാ.....

9 comments:

mini//മിനി March 28, 2010 at 4:05 PM  

ഓർമ്മകൾ എത്രയോ പിറകോട്ട് പോയി.

Anonymous,  March 28, 2010 at 8:05 PM  

coming to knw of this for the 1st time.It seems it's similar to onam!good post!

ദീപു March 28, 2010 at 8:45 PM  

മധു.. ആ പൂരനാളുകളെ ഓർമ്മിപ്പിച്ചതിന്‌ നന്ദി..
ചെംബകമരത്തിൽ കയറി പൂവ്‌ കുലുക്കിയിടുന്നതും, ചാണകം ഉരുട്ടിയുണ്ടാക്കുന്ന കാമനു മുകളിൽ പൂക്കൾ കുത്തി നിർത്തുന്നതും,പൂരം നാളിൽ കത്തികൊണ്ട്‌ അട കുത്തുന്നതും, ഒടുവിൽ കാമനെയുമെടുത്ത്‌ പ്ലാവിന്റെ ചുവട്ടിൽ കൊണ്ട്‌ വെച്ച്‌ കൂവുന്നതും, പാട്ട്‌ പാടുന്നതും....

ചിപ്പുവിനെ കൊണ്ട്‌ ഒരു പൂരത്തിന്‌ പൂവിടീക്കാനുള്ള ഭാഗ്യം എന്നാണാവോ...

abhi March 29, 2010 at 5:44 PM  
This comment has been removed by the author.
harish.u March 30, 2010 at 3:50 PM  

kaman ella kollavum varum...
oppam ormakalum varanemeyennnu kothikkunnu....

റോസാപ്പൂക്കള്‍ March 31, 2010 at 6:39 PM  

നന്നായി ഈ പോസ്റ്റ്.ഇങ്ങനെ ഒരു ആഘോഷത്തെപ്പറ്റി മധ്യകേരളക്കാരിയായ ഞാന്‍ ആദ്യമായാണ് കേള്‍ക്കുന്നത്.

...: അപ്പുക്കിളി :... April 13, 2010 at 12:15 AM  

ശരിക്കും ആസ്വദിച്ചു... വല്ലാത്തൊരു വിഷമം... ഒറോന് കുളത്തിന്റെ അരികിലാണ് ഏറ്റവും അധികം നാരായണ്‍ പൂവുണ്ടായിരുന്നത്... കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പോ അവിടെ ഒരു രണ്ട് നില വീടാണ്... പിന്നെ ഉണ്ടായിരുന്നത് പൊതു ശ്മശാനത്തിന്റെ അടുത്തായിരുന്നു.. കൂട്ടമായി മാത്രം പോകാവുന്ന സ്ഥലം. എല്ലാ തവണയും ഒരിക്കലെങ്കിലും ശ്മശാനത്തില്‍ പോയി ഇരിക്കാരുന്ടെങ്കിലും ഇത്തവണ അതിനടുത്തൊരു ഒഴിഞ്ഞ വീട്ടിലിരുന്നു കമ്പനി കൂടിയകാരണം അതും നടന്നില്ല... കാമന്‍ വിട പറയുന്ന ഭാഗം നിങ്ങള്‍ പറഞ്ഞു കണ്ടില്ല... അട ഉണ്ടാക്കി, പത്ത് ദിവസത്തെ പൂവും വാരി അതിനുള്ളില്‍ ഉപ്പില്ലാത്ത അപ്പം പൂഴ്ത് വെച്ച് പ്ളാവിന്റെ ചോട്ടില്‍ കൊണ്ട് വയ്ക്കും... അവസാനയിനം ആ അപ്പം തിരഞ്ഞു പിടിക്കലാണ്... അല്ലെ...? നന്നായിരിക്കുന്നു സഖാവേ...

...: അപ്പുക്കിളി :... April 13, 2010 at 12:16 AM  

അല്ല.. ഇപ്പൊ നാട്ടില്‍ പൂരമൊക്കെ ആഘോഷിക്കുന്നുണ്ടോ...? എട്ടു വര്‍ഷമായി എനിക്ക് പൂരംകുളി നഷ്ടമാകാന്‍ തുടങ്ങിയിട്ട്...

Related Posts with Thumbnails

  © K.V.MADHU 2009 Blogger Theme by Ourblogtemplates.com 2008

Back to TOP