ജീവിതത്തിന്റെ നിറമുള്ള തമാശക്കഥകള്‍....
ചില തമാശകള്‍ എത്രകാലം കഴിഞ്ഞാലും മറക്കില്ല. ജീവിതത്തിലെ ഏത് ദുരിതങ്ങളിലും പിടിച്ചുനില്‍ക്കാന്‍ ശക്തി നല്‍കുന്നവയാണ് അവ. സാധാരണക്കാരന്റെ ജീവിതത്തില്‍ നിത്യവും ഇങ്ങനെ എത്രയെത്ര നിമിഷങ്ങള്‍ കടന്നുപോകുന്നു. പക്ഷേ നാം അവ ഓര്‍ത്തുവയ്‌ക്കുന്നത് അപൂര്‍വ്വമായി മാത്രമായിരിക്കും. ചിലവയിതാ...
അത് എന്റെ ശവമല്ല
ക്ലായിക്കോട് തേജസ്വിനീ പുഴയിലൂടെ ഒരു ശവം ഒഴുകിപ്പോകുന്നു. കരയ്‌ക്കടുക്കുമ്പോള്‍ കടവത്തെ വീട്ടുകാരെല്ലാം തള്ളിത്തള്ളി വിടുന്നു, പുലിവാല് വയ്യ എന്ന് പറഞ്ഞ്. ക്ലായിക്കോട്ടെ കൊപ്രക്കളത്തിനടുത്ത് ചില നാട്ടുകാര്‍ ശവത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍...
അപ്പോഴാണ് അതുവഴി പൊക്കേട്ടന്‍ വന്നത്. പൊക്കേട്ടനോട് നാരായണേട്ടന്‍ ചോദിച്ചു. പൊക്കാ നീയെങ്ങാനും അതിലേ പോയിനാ, നിന്റെയോ മറ്റോ ആന്നോടാ ആ ശവം.?പൊക്കേട്ടന്‍: ഏയ് ഞാനതുവഴിയൊന്നും പോയിറ്റില്ല. എന്റ്യൊന്ന്വല്ല.!!!
താന്‍ പാതി ദൈവം പാതി
ദൈവത്തിന് കൊടുക്കുന്നത് എല്ലാവരും അവര്‍ക്ക് ലഭിക്കുന്നതിന്റെ പാതിയാണ് എന്നാണ് സങ്കല്‍പം. ലോട്ടറിയടിച്ചാല്‍ അതില്‍ നിന്ന് ഒരുപങ്ക്, പണം ലഭിച്ചാല്‍ ഒരു പങ്ക്. ആരും മുഴുവന്‍ കൊടുക്കാറില്ല. എന്നാല്‍ പൊക്കേട്ടന്‍ മുഴുവന്‍ കൊടുക്കും. ഒരു ഓണത്തിന് നടന്ന സംഭവമാണ്. ഓണത്തിന് ഞങ്ങളുടെ വടക്കേ മലബാറില്‍ കോഴിക്കറി മസ്റ്റാണ്. ആകെ ഇറച്ചിക്കറി വര്‍ഷത്തില്‍ കഴിക്കുന്നത്. ഓണത്തിനും വിഷുവിനുമാണ്. കുറേ നാള്‍ മുമ്പ് തന്നെ ഒരു കോഴിയെ വീട്ടില്‍ ഓണത്തിന് കൊല്ലാന്‍ തയാറാക്കി വയ്‌ക്കും. ആ ഓണത്തിന് രാവിലെ തന്നെ പൊക്കേട്ടന്റെ കോഴിക്കൂട്ടില്‍ നിന്ന് കോഴിയെ പിടിക്കുമ്പോള്‍ കോഴി ഓടിപ്പോയി. പിന്നെ ഭാര്യും മറ്റ് എല്ലാവരും കൂടി കോഴിയെ പിടിക്കാനുള്ള നെട്ടോട്ടമായിരുന്നു.കുറേ കഴിഞ്ഞ് 12 മണിയോടെ കോഴിയെ കിട്ടി. അതിനെ കറിവയ്‌ക്കാന്‍ ഒരുങ്ങുമ്പോഴാണ് പൊക്കേട്ടന്‍ വന്ന് ഭാര്യയോട് പറഞ്ഞത്. അയിനെ കൊല്ലല്ലേ. ഭാര്യ: പിന്നെപൊക്കേട്ടന്‍: കോഴീനെ കിട്ട്യാ പൊട്ടന്‍(പൊട്ടന്‍ ദൈവത്തിന് പ്രാര്‍ത്ഥന കൊടുക്കുക പതിവാണ്) തെയ്യത്തിന് കൊടുക്കാന്ന് ഞാന്‍ പ്രാര്‍ത്ഥിച്ചിട്ടുണ്ട്.കേട്ടുനിന്നവരെല്ലാം തലയില്‍ കൈവച്ചു.
നഷ്‌ടപ്പെട്ടത് കിട്ടിയാ മുഴുവനും ദൈവത്തിന് കൊടുക്കാമെന്ന് പ്രാര്‍ത്ഥിച്ച ലോകത്തിലെ ആദ്യത്തെ ഭക്തന്‍ പൊക്കേട്ടനായിരിക്കും. സാധാരണ കുറച്ചെന്തെങ്കിലുമാണല്ലോ ദൈവത്തിന് കൊടുക്കു. താന്‍ പാതി ദൈവം പാതി. മുഴുവും താന്‍ തന്നെയായാലോ!!!
ബാക്കിലെല്ലാം നായക്കളാ
ജനകന് സിനിമ പയ്യന്നൂര്‍ ശാന്തി തിയേറ്ററില്‍. പണിമുടക്ക് ദിവസം വിരുന്ന് വന്ന രാംദാസിനെയും കൂട്ടി 7.30യ്‌ക്കത്തെ ഷോ കാണാന്‍ പോയതാണ്. അന്ന് ആകെയുള്ള ഷോയാണ്. പടം തുടങ്ങി കുറെ കഴിഞ്ഞപ്പോള്‍ നായ്‌ക്കളുടെ കുര, സിനിമയില്‍. ഡി.ടി.എസായതുകാരണം തിയേറ്ററിന്റെ പിന്നില്‍ നിന്ന് സ്‌ക്രീനിലില്ലാത്ത നായ്‌ക്കള്‍ കുരക്കുന്നു.
ചിലര്‍ അബദ്ധത്തില്‍ തിരിഞ്ഞുനോക്കി. അപ്പോള്‍ ഒരാളുടെ കമന്റ്. പിന്നില്‍ മുഴുവന്‍ നായക്കളാ...!!!ഒരു വയസ്സായവരെ സ്‌ത്രീ എന്ന് വിളിക്കണോ?
സേതു എന്ന എന്റെ സുഹൃത്ത് ഡിഗ്രിക്ക് കൂടെ പഠിച്ചതാണ്. സാന്ദര്‍ഭികമായി നല്ല തമാശകള്‍ പറയുന്ന സേതുവിന്റെ കൂടെ കഴിഞ്ഞാല്‍ സമയം പോകുന്നതേ അറിയില്ല. ചില അധ്യാപകര്‍ അവനെ കൊണ്ട്‌തുലഞ്ഞിരുന്നു. സുമിത്രന്‍ മാഷ് മലയാളം പഠിപ്പിക്കുക നോട്ട് വായിച്ചുകൊണ്ടാണ്. ഞങ്ങള്‍ ബോറടിച്ചിരിക്കുമ്പോള്‍ ചിലപ്പോള്‍ സേതുവിന്റെ കമന്റുകള്‍ ഉണര്‍ത്തും. ഒരിക്കല്‍ മാഷ് നോട്ട് വായിക്കുകയായിരുന്നു.`അപ്പോള്‍ അതുവഴി ഒരു വയസ്സായ സ്‌ത്രീ നടന്നുപോകുകയായിരുന്നു. 'സേതുവിന്റെ കമന്റ്‌സര്‍, ഒരു വയസ്സായ ആളെ സ്‌ത്രീ എന്ന് വിളിക്കണോ?`മാഷ് പല്ലും കടിച്ച് നില്‍ക്കടോ അവിടെ നിന്നിട്ട് എഴുതിയാ മതി.'വര്‍ഷങ്ങളിത്ര കഴിഞ്ഞിട്ടും ഇപ്പോഴും ആ രംഗം ഓര്‍ത്താ ചിരിക്കാതെ നിര്‍വാഹമില്ല.
0 comments:
Post a Comment